ചെറുപ്പത്തിൽ എവിടെ വിരുന്ന് പോയാലും തിരിച്ചു വരുമ്പോൾ എന്റെ രണ്ടു കയ്യും നിറഞ്ഞിരിക്കും.
ഒരു കയ്യിൽ ചെടികളും മറ്റേ കയ്യിൽ പത്രങ്ങളും.
പത്രമുള്ള ഏത് കുടുംബവീട്ടിൽ പോയാലും ആഴ്ചപ്പതിപ്പുകളും പഠിപ്പുര, യുറീക്കാ, കുട്ടി.കോം അങ്ങനെ പലതും കയ്യിലെടുത്താണ് വീട്ടിൽ തിരിച്ചെത്തുക.
വീട്ടിൽ അധിക ചെലവുണ്ടാക്കുന്ന പത്രമിടാനുള്ള സാമ്പത്തികം ഒന്നും വല്ലിപ്പക്ക് ഇല്ലായിരുന്നു.
ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചു തീർന്നാൽ പിന്നെ ശേഖരിച്ച ഓരോ പഴയ പേപ്പറും എടുത്ത് വായിക്കാൻ തുടങ്ങും.
ചെറുകഥകളും കാരിക്കേച്ചറുകളും കഴിഞ്ഞാൽ പിന്നെ
ഫീച്ചറുകൾ വായിക്കാനാണ് ഏറെ ഇഷ്ടം.
കഥകളെക്കാൾ ആഴത്തിൽ പതിയുന്ന യഥാർത്ഥ കഥാപാത്രങ്ങൾ, അഭിമുഖങ്ങൾ, പുതിയ അറിവുകൾ അങ്ങനെ അങ്ങനെ പലതും.
അന്നൊന്നും ഇന്നത്തെ പോലെ ഫോൺ നമ്പറോ മെയിലോ ഒന്നും കൂടെ കൊടുക്കില്ലല്ലോ.
ഉണ്ടെങ്കിൽ പലരെയും തേടി ഞാൻ അന്നേ ഇറങ്ങുമായിരുന്നു.
ഒരിക്കൽ ഒരു ചെറുപ്പക്കാരനായ കർഷകനെ കുറിച്ച് വായിച്ചു.
മലപ്പുറം ഊരകത്ത് തരിശുഭൂമി പൊന്നാക്കി മാറ്റിയ ഒരാളെ കുറിച്ച്.
കൂൺ, തേൻ, കോഴി, പച്ചക്കറി തുടങ്ങിയ കൃഷികൾ ചെയ്തു മുന്നേറുന്ന ഒരു യുവാവ്.
അത് വായിച്ചു തീർന്നപ്പോൾ മനസ്സിലുറപ്പിച്ചു ഇത് പോലെ ഒരാളെ കെട്ടണം, സ്വന്തമായി ഒരു തരി ഭൂമി കിട്ടിയാൽ കൃഷി ചെയ്യണം, ഞാൻ വളർത്തിയ മരത്തിലെ കായ് കനികൾ ഭക്ഷിക്കാൻ വരുന്ന പക്ഷി മൃഗാതികളോട് കൂട്ട് കൂടണം, സ്വന്തമായൊരു കുളം വേണം എന്നൊക്കെ.
അത്രമേൽ ആ കുറിപ്പ് എന്നെ സ്വാധീനിച്ചിരുന്നു.
അത്തരത്തിൽ ഒരുപാട് കുറിപ്പുകൾ.
'പഠിപ്പുരയിലെ' ഗോള നിരീക്ഷണം വായിക്കുമ്പോൾ വലിയ ശമ്പളമുള്ള ജോലിയൊക്കെ നേടി വീട്ടുകാർക്കും പാവപ്പെട്ടവർക്കുമൊക്കെ ആവശ്യമുള്ളത് നൽകി ബാക്കി തുക കൊണ്ട് സ്വന്തമായൊരു ടെലിസ്കോപ്പ് കരസ്ഥമാക്കുന്ന എന്നെ ഞാൻ സ്വപ്നം കണ്ടു.
ആരുടെയും പ്രേരണയോ സമ്മർദ്ദമോ കൂടാതെ 'ചാന്ദ്രയാന്റെ' തുടക്കം തൊട്ടുള്ള എല്ലാ വാർത്തകളും ശേഖരിച്ചു ഒരു ഡയറിക്കുറിപ്പു പുസ്തകം വരെ ഉണ്ടാക്കി.
ഓഗസ്റ്റ് 15 ന് 'വെളിച്ചം' വായിക്കുമ്പോൾ എന്നിലെ നവോത്ഥാന നായിക ഘോരഘോരം പ്രസംഗിക്കുന്നത് ഞാൻ കണ്ണടച്ച് കണ്ടു.
ബഷീറിന്റെയും മാധാവിക്കുട്ടിയെയും കുറിച്ചുള്ള ജനന മരണ വാര്ഷികപ്പതിപ്പുകൾ വായിക്കുമ്പോൾ എന്നിലെ എഴുത്തുകാരി അവാർഡുകളൊക്കെ കരസ്ഥമാക്കി ,അതിൽ കിട്ടുന്ന തുക ഉമ്മാക്ക് പ്രാരാബ്ധങ്ങൾ നികത്താൻ കൊടുക്കുന്നത് ഞാൻ സ്വപ്നം കണ്ടു.
പക്ഷികളെയും ശലഭങ്ങളെയും കുറിച്ചുള്ള എഴുത്തുകൾ വായിക്കുമ്പോൾ ബൈനോക്കുലറുമായി കാട്ടിലൂടെ നടക്കുന്ന ഒരു സഞ്ചാരിയെ ഞാൻ സ്വപ്നം കണ്ടു.
അങ്ങനെ അങ്ങനെ...
ആഴ്ചപ്പതിപ്പുകൾ എന്റെ രക്തത്തിലേക്ക് കയറിക്കൂടി.
വളർച്ചയുടെ ഒരു ഘട്ടത്തിൽ പഴയ ആ തറവാട് വീട്ടിൽ നിന്നും ഫ്ലാറ്റിലേക്ക് മാറിയപ്പോൾ പിന്നെ പുസ്തകങ്ങളും സുഹൃത്തുക്കളുമായി കൂട്ട്.
ടെറസിൽ റോസാച്ചെടി വച്ചപ്പോൾ അത് ബില്ഡിങ്ങിന്ന് കേടുണ്ടാക്കുമെന്നു പറഞ്ഞു മുതലാളി അത് ദൂരെ കളഞ്ഞു.
മണ്ണുമായും മരവുമായും ബന്ധമില്ലാതെ 10 വര്ഷങ്ങള്.
പിന്നെയാണ് വാടാനംകുറിശ്ശിയിലേക്ക്
താമസം മാറുന്നത്.
വീട് അന്വേഷിക്കുമ്പോൾ മുറ്റമുള്ള വീട് തിരയുകയായിരുന്നു.
അവസാനം ആഗ്രഹിച്ചതിനേക്കാൾ ഇരട്ടി മധുരം തരുന്ന നല്ലൊരു വാടകവീട് തന്നെ കിട്ടി.
ചുറ്റും മരവും മാലയും പാടവും അണ്ണാനും മയിലും കിളികളും പൂമ്പാറ്റകളും ചീവിടുകളും മിന്നാമിനുങ്ങുകളും പൂച്ചകളും ചക്കയും വാഴപ്പഴവും എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളുമായി നല്ലൊരു വീട്.
തക്കം കിട്ടിയാൽ ഊര് ചുറ്റാൻ ഇറങ്ങിയിരുന്ന ഞാനിപ്പോൾ വീട്ടിൽ നിന്ന് അര മണിക്കൂറിനു പോലും ഇറങ്ങാൻ മടിക്കുന്നവളായി.
വാടകവീടിനെ ഇത്രയേറെ സ്നേഹിക്കാൻ ഭയമാണ്.
ഒരിക്കൽ തിരിച്ചിറങ്ങേണ്ടി വരുമല്ലോ എന്ന ഭയം.
എന്നിട്ടും സ്നേഹിച്ചു കൊണ്ടേക്കുകയാണ്.
ഇവിടുന്ന് കിട്ടുന്ന ഓരോ ശ്വാസത്തെയും ഓരോ കാറ്റിനെയും ഓരോ തണുപ്പിനെയും ഓരോ ശബ്ദങ്ങളെയും,നിറങ്ങളേയും, മണങ്ങളെയും...
ഇടക്കൊക്കെ പ്രാർത്ഥിക്കും ഈ മണ്ണ് ഞങ്ങൾക്ക് ചേർത്ത് തന്നൂടെ എന്ന്.
ഭൂമിയിലെ എന്റെ സ്വർഗം തറവാട് ആയാണ് ഞാൻ സ്വപ്നത്തിൽ കാണാറ്.
എന്നാലിപ്പോ തോന്നുന്നു ഇതാണെന്റെ സ്വർഗ്ഗമെന്നു.
വാടകക്കെടുത്ത മനോഹരമായൊരു സ്വപ്നം, ഉമ്മയുടെയും.
സുഹ്റ
No comments:
Post a Comment