ബസ് സ്റ്റാൻഡിൽ ബസിലിങ്ങനെ വണ്ടി പുറപ്പെടുന്നതും കാത്തിരിക്കുമ്പോൾ തേടിയെത്തുന്ന ചില നിസഹായാവസ്ഥകളുണ്ട്.
ബസിലേക്ക് അരിച്ചെത്തുന്ന കച്ചവടക്കാരും സഹായം ചോദിച്ചു വരുന്ന ചില മനുഷ്യന്മാരുമാണ് ഇത്രമാത്രം നിസഹായരാക്കുന്നത്.
വിശന്നിരിക്കുന്ന സമയത്തു തക്കമായത് വിൽക്കാൻ വരുന്നവര് പിന്നെയും ഒരിത്തിരി ആശ്വാസമാണ്.
അല്ലാത്തവർ...!
വില്പനക്കെത്തുന്ന മൊട്ടു സൂചി വിൽപ്പനക്കാരൻ തൊട്ട് ഭാഗ്യം പരീക്ഷിക്കണ ലോട്ടറിക്കാരൻ വരെ.
അവർ വിൽക്കുന്നതൊന്നും അത്യാവശ്യമല്ലാത്തത് കൊണ്ട് ഒന്നും മേടിക്കാനും തോന്നൂല്ല.
മുഖത്ത് നോക്കി എങ്ങനാ വേണ്ടാ എന്ന് പറയാ..
അല്ല മുഖത്ത് പോലും നോക്കാൻ തോന്നില്ല.
നോക്കി കഴിഞ്ഞാലോ എങ്ങനെ എങ്കിലും അവര് നമ്മളെ കൊണ്ട് മേടിപ്പിക്കും.
അല്ലെങ്കിൽ ആ നോക്കിയതിന്റെ പേരിൽ നമ്മള് ഒന്നും മേടിച്ചില്ലെങ്കിലും ആ ഉത്പന്നത്തെ കുറിച്ച് നമ്മളോട് പറഞ്ഞു അവരുടെ വിലപ്പെട്ട കച്ചവട സമയം നമുക്കായി നഷ്ടപ്പെടുത്തും.
ഇനി ഇപ്പൊ അവരെ നോക്കാതെ തന്നെ നമ്മള് ഇതൊന്നും എനിക്ക് കേൾക്കാൻ പോലും പറ്റുന്നില്ലെന്ന ഭാവത്തിൽ ഫോണിൽ തോണ്ടിയിരിക്കും.
കാതടഞ്ഞവരെപ്പോലെ.
ചിലപ്പോ നേർത്തൊരു പ്രതീക്ഷയോടെ, ലോട്ടറിക്കാരൻ ലോട്ടറി നമ്മുടെ മടിയിലൊക്കെ വയ്ച്ചു നോക്കും.
നമ്മള് നോ അനക്കം.
ഏതാനും നിമിഷങ്ങളാണെങ്കിൽ പോലും
നമ്മെ പോലെ അവരും നിസഹായരാകുന്ന ഒരു നിമിഷമുണ്ട്.
അത് പോലെ നമ്മളുടെ ആ നിമിഷ നേരത്തെ അവഗണന അവരെ എത്ര മാത്രം വേദനിപ്പിച്ചിരിക്കും?
എന്തോ...
ഇതെല്ലം മേടിച്ചാൽ പ്രശ്നം തീരുമോ..
എനിക്ക് ഉപയോഗമില്ലാത്ത ഒരു വസ്തുവിന്റെ ഭാരം ഞാനെന്തിന് ആവശ്യമില്ലാതെ പേറണം?
പലപ്പോഴും ഈ കാര്യത്തിൽ എന്റെ ഉപ്പ എന്നെ ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്.
ഉപ്പയുടെ കൂടെയുള്ള ഓരോ യാത്രയിലും ഇത് പോലുള്ള ആളുകൾ വരുമ്പോൾ ചിലതൊക്കെ ഉപ്പ മേടിച്ചു കയ്യിൽ തരും.
ഞാൻ നെറ്റി ചുളിച്ചു കൊണ്ട്
"എന്തിനാ ഉപ്പ ഇത്, ഇനിക്ക് ഇഞ്ചി മിഠായി തീരെ ഇഷ്ടല്ല, പേൻ ചീർപ്പ് വീട്ടിൽ ആവശ്യം പോലുമില്ല, ഈ പാൽക്കായം ഒക്കെ എന്തിനാ, എഞ്ചുവടി മേടിക്കാൻ ഞാൻ lkgൽ ഒന്നുമല്ല...."
തുടങ്ങി പലതും പറയും.
അപ്പോൾ ഉപ്പ പറയുന്ന ചില മറുപടികളുണ്ട്.
എല്ലാം കൂടെ ചേര്ത്തു കുറിക്കാം.
"തസ്ലീനാ,
ഇനിക്ക് അറിയാ ഇതൊന്നും എനിക്കോ നിനക്കോ അത്യാവശ്യള്ള സാധനല്ലാന്നു.
നിനക്ക് ഇപ്പൊ ഇത് അവശ്യല്ലേലും അർഹതപ്പെട്ടവർക്ക് സ്വദഖ(ദാനം) ആയി കൊടുത്തോ.
ഉപ്പാക്ക് സന്തോഷേ ഉള്ളൂ.
ഞാനും ഒരു കച്ചവടക്കാരനാണ്.
വർഷങ്ങളോളം തോളിൽ ഏറ്റി വെയിലത്ത് വിയർത്തൊലിച്ചു നടന്നാണ് ഞാൻ വസ്ത്രങ്ങൾ വിറ്റിരുന്നത്.
ഇങ്ങനെ നടന്നു വിൽക്കുന്ന ഓരോ കച്ചവടക്കാരന്റെയും പ്രയാസം എനിക്ക് നന്നായറിയാം.
സ്വന്തം കുടുംബത്തെ പട്ടിണിക്കിടാതെ നോക്കാൻ ചില ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ മറക്കാറുണ്ട് ഞങ്ങൾ. പലപ്പോഴും രാവിലെ തന്നെ പൊറോട്ട കഴിക്കും.
പൊറോട്ട കഴിച്ചാൽ പിന്നെ കുറെ നേരത്തിനു വിശക്കൂല്ല.
ന്റെ മോള് ഇങ്ങനെ ഉള്ളവരെ ഒക്കെ നന്നായി പ്രോത്സാഹിപ്പിക്കണംട്ടാ..
പ്രത്യേകിച്ച് സ്ത്രീകൾ വന്നാൽ, അത്രക്ക് ജീവിതം നിസഹായതയിലാവുമ്പോഴാണ് ഏതൊരു സ്ത്രീയും ഇത്തരമൊരു തൊഴിൽ മേഖല തിരഞ്ഞെടുക്കുക.
പറ്റുമെങ്കിൽ സാധനം മേടിച്ചു ക്യാഷ് കൊടുക്കുന്ന സമയത്തു അവരോട് പുഞ്ചിരിച്ചു കൊണ്ട് കച്ചവടമൊക്കെ എങ്ങനെ പോകുന്നു എന്ന് കൂടെ ചോദിക്കണം.
അവര് പറയുന്ന മറുപടി നീ ശ്രദ്ധിക്കണമെന്നില്ല, പക്ഷെ ആ ചോദ്യം അവരുടെ ജീവിതത്തെ ധന്യമാക്കും."
ഉപ്പയുടെ കീശ കാലിയാവുന്നതിന്റെ തൊട്ടു മുന്നേ വരെ ഉപ്പ ഇങ്ങനൊക്കെ ചെയ്യും.
ആവുന്നിടത്തോളം, അര്ഹതപ്പെട്ടവരെ അവരുടെ വേദനയും പ്രയാസവും മനസ്സിലാക്കി കൊണ്ട് പെരുമാറാനാണ് ഉപ്പ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഇടക്കൊക്കെ ഉപ്പ വിൽക്കുന്ന വസ്ത്രങ്ങൾ എനിക്കും കൊണ്ട് തരാറുണ്ട്.
ചിലതൊന്നും മോഡൽ കൊണ്ടോ മറ്റോ എനിക്ക് ഇഷ്ടപ്പെടാറില്ല.
ഞാനന്നേരം ഇത് ഇപ്പൊ എനിക്ക് ആവശ്യല്ല.ഉപ്പ ഇത് തിരിച്ചു കൊണ്ട് പോയി വിറ്റോളൂ എന്ന് ഞാൻ പറയും.
അന്നേരം ഉപ്പ ഇങ്ങനെ പറയും,
"എന്റെ മോൾക്ക് കൊടുന്ന സമ്മാനം മറിച്ചു വിൽക്കാൻ എനിക്ക് തോന്നുന്നില്ല. ഇയ്യു ഒരു കാര്യം ചെയ്യ്..അടുത്ത വീട്ടിലെ ആ കുട്ടി ഇല്ലേ അവൾക്ക് കൊടുത്തോ.
അയൽവാസികളുമായി നന്നായി ബന്ധം ചേർക്കണം.(ചിലപ്പോ ഉപ്പ പറഞ്ഞ അയൽവാസിക്കുട്ടി എന്നേക്കാൾ മികച്ച ഡ്രസ്സ് ഉള്ളവരായിരിക്കും.എന്നിട്ടും)"
ശേഷം എന്നെ ഒറ്റക്ക് വിളിക്കും.
എന്നിട്ട് പറയും.
"ഒരാൾ സ്നേഹത്തോടെ തരുന്നത് അയാളുടെ മുഖത്ത് നോക്കി വേണ്ട എന്ന് പറയരുത്.
അത് മേടിച്ചിട്ട് ആർക്കാ വച്ചാ നീ കൊടുത്തോ.മനസ്സറിഞ്ഞു തന്ന സമ്മാനം തിരിച്ചു ചോദിക്കാനോ അന്വേഷിക്കാനോ ആരും വരൂല്ല.സ്നേഹം തന്നതിന്റെ പേരിൽ ഒരു ഹൃദയത്തെയും വേദനിപ്പിക്കാൻ പാടില്ല."
എന്തോ
ഉപ്പ ഇങ്ങനാണ്.
ഉപ്പയെപോലെ നല്ല മൂല്യങ്ങൾ പകർന്നു തരുന്ന ഒത്തിരി പേര് ചുറ്റുമുണ്ട് എന്നതാണ് ജീവിതത്തിൽ ലഭിച്ച നല്ലൊരു സൗഭാഗ്യം.
നന്മ,പുഞ്ചിരി,സമാധാനം❤️
സുഹറ
No comments:
Post a Comment