Saturday, 29 December 2018

സമാധാനം

ഒരാഴ്ചത്തെ കറങ്ങി തിരിയലുകൾക്ക് ശേഷം ഇന്നലെ വൈകുന്നേരമാണ് വീടെത്തിയത്.
എന്തോ വല്ലാത്ത സമാധാനമായിരുന്നു ഈ ഗേറ്റ് തുറക്കുമ്പോളും,
എന്നെ കണ്ടതും 'ന്റെ മോള് നെയ്‌ച്ചോറും ബീഫും ഒക്കെ കഴിച്ചു തടിച്ചല്ലോ' എന്ന് അസ്‌ലു കളിയാക്കി പറയുമ്പോഴും ,
ഉമ്മാനെ അടുക്കളയിൽ ചെന്ന് 'മ്മാ' എന്ന് നീട്ടി വിളിച്ചപ്പോൾ ഇച്ചിരി പരിഭവത്തോടെ
'അതിന് അനക്ക് ഉമ്മ ഇല്ലല്ലോ , ഇത്രേം ദിവസത്തിനിടയിൽ ഒരു നേരമെങ്കിലും എനിക്കൊന്നു ഫോൺ ചെയ്തോ' എന്ന് ഉമ്മച്ചി പരാതിപ്പെട്ടപ്പോഴും,
എല്ലാം കഴിഞ്ഞു പുസ്തകം,ലാപ്ടോപ്പ്,ചാർജറുകൾ, ഡ്രെസ്സുകൾ, തുടങ്ങി പലവകകളാൽ കുമിഞ്ഞു കൂടിയ എന്റെ ബെഡിൽ മലർന്ന് കിടന്ന് ഉറങ്ങുമ്പോഴും എന്തോ എന്തോ വല്ലാത്തൊരു സമാധാനം.
സമാധാനം എന്ന് തന്നെ അല്ലെ പറയേണ്ടത്?
അതെ സമാധാനം തന്നെ,
സമാധാനം മാത്രം തന്നെ!

മുൾവേലിയിലും പൂമെത്ത കാണുന്ന പോലൊരു സമാധാനമാണ് എനിക്ക് വീടെന്ന , ഭൂമിയിലെ ഏറ്റവും പൊരുത്തപ്പെട്ടയിടം.
അറിവും തെളിവും കാംക്ഷിച്ചും സ്നേഹബന്ധങ്ങൾ പുതുക്കാനുമെല്ലാമായി ഹൃദയങ്ങൾ തേടിയുള്ള കൊച്ചു കൊച്ചു യാത്രകൾ തുടങ്ങുന്നതും അവസാനിക്കുന്നതും വീട്ടിൽ നിന്നാണ്.
ഓരോ യാത്രയിലും
എത്ര എത്ര പുതിയ മുഖങ്ങൾ,
പരിചിത മുഖങ്ങൾ, പൊടിത്തട്ടിയെടുക്കേണ്ടി വന്ന മുഖങ്ങൾ...
ഉള്ള് തുറന്ന് സംസാരിച്ചു വരുമ്പോൾ ജീവിതത്തിൽ സമാധാനമില്ലെന്നു പരാതിപ്പെടുന്ന ഒരുപാട് മുഖങ്ങളെയാണ് ഏറെയും കാണാറുള്ളത്.
എന്തുകൊണ്ടാണ് ആർക്കും സമാധാനമില്ലാത്തത്?
അതോ സമാധാനമെന്നത് വെള്ളത്തിൽ വരച്ച വര പോലെയാണോ?
വരക്കുമ്പോൾ കാണുകയും വരച്ചു കഴിയുന്ന നിമിഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന പോലെ.
എല്ലാവർകളും പ്രതീക്ഷകളാണ്.
ഭൂമി സ്വർഗമാണെന്ന തെറ്റിദ്ധാരണയാണ്.
നിന്നെക്കാളും എനിക്ക് കൂടുതൽ വേണമെന്നും, എന്നാലോ അധികമായി  ലഭിക്കുമ്പോൾ പഴയതിനെ വിട്ടുകൊടുക്കാൻ വല്ലാത്ത വിമുഖതയും കാണിക്കുകയും ചെയ്യുന്ന മനോഭാവമാണ് പലർക്കും.
ഒരു തരം പിടിവാശിക്കാർ.
പലരും സ്വത്വത്തെ ഇകഴ്ത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.
ആളുകൾ തമ്മിലുള്ള കലഹങ്ങളെക്കാൾ ഏറ്റവും വിഷമിപ്പിക്കുന്നത് സ്വയം ശപിക്കുന്നവരെയും,  ഉരുകി ഉരുകി ഇല്ലാതാവുന്നവരെയും, ആവശ്യമില്ലാതെ താഴ്ന്നു കൊടുക്കുന്നവരെയും കാണുമ്പോഴാണ്.
സ്വഭിമാനം പണയം വച്ച് അവശ്യ സമയത്ത് സഹായിച്ചവനെ ദൈവതുല്യമായി കണ്ട് തല കുനിക്കുന്നവരെ കാണുമ്പോഴും
അത് പോലെ തന്നെ സഹായിച്ചതിന്റെ പേരിൽ കൊട്ടിഘോഷിക്കുകയും ആത്മപുളകിതരാകുകയും ആരാധന കാംക്ഷിക്കുന്നവരെയും കാണുമ്പോൾ അസ്വസ്ഥമാവാറുണ്ട്.
ഇപ്പറഞ്ഞ കൂട്ടരോടൊത്ത് സമയം ചിലവഴിക്കുമ്പോൾ പഞ്ഞിയിലൂടെ മുള്ള് വലിക്കുമ്പോഴുണ്ടാകുന്ന വേദന പോലൊരു സമാധാനക്കേടാണ് മനസ്സിൽ അനുഭവപ്പെടാറുള്ളത്.
ഓരോ മനുഷ്യന്റെയും മൂലധർമം ഭൂമിയിൽ സമാധാനം ഒരുക്കലാണ് എന്നിരിക്കെ എന്തിനാണ് ധർമത്തെ കുടഞ്ഞു കളയാൻ നമ്മൾ മത്സരിക്കുന്നത്?

എങ്ങിനെയാണ്,എപ്പോഴാണ് സമാധാനം ഉണ്ടാകുന്നത്?
എല്ലാവരും അടങ്ങിയൊതുങ്ങിയിരുന്നാൽ, അല്ലെങ്കിൽ അക്രമം പ്രവർത്തിക്കാതിരുന്നാൽ സമാധാനം ഉണ്ടാകുമോ , എന്ന് ഒരിക്കൽ ഞാനൊരു സുഹൃത്തിനോട് ചോദിച്ചപ്പോൾ
മറുപടി നൽകിയതിങ്ങനെയാണ്,

'നമ്മുടെ അമ്മമാരെ ശ്രദ്ധിച്ചിട്ടുണ്ടോ?
അവരിങ്ങനെ പെട്ടെന്നൊരു ദിവസം മുതൽ വീടിന്റെ ഒരു ഭാഗത്ത് ആരോടും മിണ്ടാതെ അടങ്ങിയിരിക്കാൻ തുടങ്ങുന്നു.
അല്ലെങ്കിൽ വളരെ മിതമായി മാത്രം സംസാരിച്ചു കൊണ്ട് ഒതുങ്ങിയിരിക്കുന്നു.
എന്താണ് പിന്നെ ആ വീട്ടിൽ സംഭവിക്കുക?
എല്ലാവരും അസ്വസ്ഥരാകില്ലേ?
കുടുംബ വ്യവസ്ഥ ആകെ താളം മറിയില്ലേ?
വീട്ടിലെ സമാധാനം പാടെ നഷ്ടപ്പെടില്ലേ?
അപ്പോൾ അടങ്ങിയിരിക്കുമ്പോഴും മിണ്ടാതിരിക്കുമ്പോഴുമൊക്കെയാണോ സമാധാനം ലഭിക്കുന്നത് ?, അല്ല,
മറിച്ചു ആ വീട്ടിലെ ഓരോരുത്തരും അവരുടേതായ കടമകൾ സമയാനുസൃതമായും ഫലവത്തായും നിറവേറ്റുമ്പോഴല്ലേ അവിടെ സമാധാനമുണ്ടാകുന്നത്.
അമ്മയുടെ ഈ മാറ്റത്തിന്റെ കാരണം അന്വേഷിച്ചു കൊണ്ടോ ചോദ്യം  ചെയ്തുകൊണ്ടോ (സഹചര്യത്തിനനുസരിച്ചു) അതിനു പരിഹാരം കണ്ടെത്തി അവരെ തിരിച്ചു പഴയ പോലെ ഉത്സാഹിതരാക്കുമ്പോഴല്ലേ അവിടെ വീണ്ടും സമാധാനമുണ്ടാകുന്നത്.
അത് പോലെ തന്നെയാണ് അക്രമങ്ങൾ തടയലും ചോദ്യം ചെയ്യലും നിയമാനുസൃതമായി ശിക്ഷിക്കലുമെല്ലാം.'

എന്റെ ഉള്ളിലേക്ക് ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും നൽകിയ കൊച്ചു സംസാരമായിരുന്നു അത്.

എന്തിനാണ് ഭൂമിയിൽ രാജ്യങ്ങളും മറ്റു ഘടകങ്ങളും വേർത്തിരിച്ചത്?
എന്തിനാണ് ഓരോ കൂട്ടായ്മകൾക്കും കൂട്ടങ്ങൾക്കും പൊതുനിയമങ്ങളും അവ ലംഘിക്കുന്നവർക്ക് ശിക്ഷയും, അംഗീകരിച്ചു മുന്നോട്ട് പോകുന്നവർക്ക് സ്ഥാനക്കയറ്റവും പ്രോത്സാഹനവുമെല്ലാം നൽകുന്നത്?
അതെ,നീതി വ്യവസ്ഥകളും പൊതു നിയമവും എല്ലാം ഭൂമിയിൽ  സമാധാനം നിലനിർത്താൻ വേണ്ടി മാത്രമാണ്.
എന്നിട്ടും നമ്മളതിൽ അവസരവാദവും കൃത്രിമത്വവും കാപട്യവും കാണിക്കുന്നു.
ഇരുട്ടത്ത് നീതികേട് പ്രവർത്തിക്കുകയും വെളിച്ചത്ത് കണ്ണടക്കുകയും പിടിക്കപ്പെട്ടാൽ ഉറഞ്ഞു തുള്ളുകയോ സ്വന്തത്തിനു വേണ്ടി അന്യായമായി വാദിക്കുകയോ ചെയ്യുന്നു.
പിന്നെ എങ്ങിനെയാണ് സമാധാനമുണ്ടാകുക?
ഞാൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് മാത്രമാണ് ശെരിയെന്നു വാദിക്കുമ്പോഴാണോ അതോ തന്റെ വിശ്വാസത്തോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ കൂടി ആദരിക്കുമ്പോഴാണോ നമുക്കിടയിൽ സമാധാനമുണ്ടാകുക?

മനുഷ്യന്റെ മൂല്യ സ്വഭാവം അക്രമമവും വിഷാദവുമാണോ?
ഒരിക്കൽ മെന്റൽ ഹെൽത്ത് കെയറിന്റെ ഭാഗമായി നടന്ന തിയേറ്റർ വർക് ഷോപ്പിൽ ഒരു കൊച്ചു ആക്ടിവിറ്റി ചെയ്യുകയായിരുന്നു.
ആക്ടിവിറ്റി ഇതായിരുന്നു, അവിടുള്ള എല്ലാവരും നിശ്ചയിച്ച സ്പേസിന്റെ പുറത്തു കടക്കാതെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കണം.
ട്രെയ്നർ സ്റ്റോപ്പ് എന്ന് പറയുമ്പോൾ എന്തെങ്കിലും ഒരു ആക്ഷനോടെ പ്രതിമ പോലെ അനങ്ങാതെ നിൽക്കണം.
ചുറ്റുമുള്ളവരുടെ വിവിധ ഭാവങ്ങൾ കാണാനുള്ള ആകാംഷയോടെ സ്റ്റോപ്പ് എന്ന വാക്ക് കേൾക്കാൻ പ്രതീക്ഷിച്ചു ഞങ്ങൾ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി.
ട്രെയ്നർ സ്റ്റോപ്പ് പറഞ്ഞു.
ഞങ്ങളെല്ലാവരും പ്രതിമ കണക്കെ അനങ്ങാതിരുന്നു, എന്നിട്ട് കണ്ണുകൾ ചുറ്റുമോടിച്ചു.
എല്ലാവരുടെയും ഭാവങ്ങളും നാട്യങ്ങളും അക്രമത്തിന്റെ സ്വഭാവം കാണിക്കുന്നവയായിരുന്നു.ആക്സിഡന്റ് സ്ഥലത്തെ സെൽഫി,
വെടി വയ്ക്കൽ, നെഞ്ചിൽ കുത്തേറ്റ് വീഴാൻ പോവാൻ, മാന്താനും പിടിക്കാനും ഒരുങ്ങൽ, പല്ലുകളും നഖങ്ങളും മൃഗീയമാക്കൽ,നെറ്റിചുളിക്കൽ, വിഷാദിച്ചു നിൽക്കൽ ഒക്കെ.
ചുരുക്കം ചിലർ മാത്രം പ്രണയം, പ്രാർത്ഥന തുടങ്ങിയ ഭാവങ്ങൾ അവതരിപ്പിച്ചു.
പിന്നീട് പലയിടത്തും ഈ ആക്ടിവിറ്റി പരീക്ഷിച്ചപ്പോളും അനുഭവം ഇത് തന്നെയാണുണ്ടായത്.

സമാധാനം തേടി കാടുകളിലേക്കും പൂന്തോട്ടങ്ങളിലേക്കും നമ്മൾ പോകാറുണ്ടല്ലോ? എന്തുകൊണ്ടാണത്?
അവിടെ അക്രമവും കാപട്യവും കൃത്രിമത്തത്വവും ഇല്ല എന്നത് കൊണ്ട് തന്നെ. കൂടാതെ
മനുഷ്യരുടെ അത്രക്ക് കലഹവും അക്രമവും മൃഗങ്ങളിൽ ഇല്ല എന്നതും.
അതിലുപരി ഹൃദയത്തെയും തലച്ചോറിനെയും ഉദ്ദീപിപ്പിപ്പിക്കുന്ന പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന വിഭിന്നമായ ശബ്ദ മധുരിമകളും കുളിർ കാഴ്ചകളും നറുമണങ്ങളുമെല്ലാം ഹൃദയത്തിൽ കൂടുതൽ സമാധാനവും കുളിർമയും നിറയ്ക്കുന്നു .

അപ്പോൾ അക്രമവും വിഷാദവുമെല്ലാം മൂല്യ സ്വഭാവമായുള്ള നമ്മിൽ സമാധാനം ഉണ്ടാകുക, പരസ്പരം സമാധാനം ഒരുക്കുക എന്നത് ചെറിയ കാര്യമല്ല.
എന്നാലോ വളരെ കഠിനമായ ശ്രമവുമാണത്.
മാനവ ഗുണകാംഷയ്ക്ക് വേണ്ടി
പൊതു നിയമങ്ങൾ അനുസരിക്കുകയും പരസ്പരം അംഗീകരിക്കലും അർഹതപ്പെട്ടവരെയും അക്രമിക്കപ്പെട്ടവരെയും അവശ്യ സമയത്ത് ചേർത്ത് പിടിക്കലുമെല്ലാമാണ് ഭൂമിയിൽ സമാധാനമുണ്ടാക്കുന്നത്.
മത്സരങ്ങളേക്കാൾ കൂടെയുള്ളവനെയും പരിഗണിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് നമ്മളിൽ ഒരുമയുണ്ടാക്കുന്നത്.
ഒരുമയിലൂടെ സ്നേഹവും സമാധാനവും.
സമാധാനം നിലനിർത്താൻ നമുക്കിനിയും ആവട്ടെ.

സുഹ്റ
💚

പൊതു നിയമങ്ങൾ അനുസരിക്കുകയും പരസ്പരം അംഗീകരിക്കലും അവശ്യ സമയത്തെ ചേർത്ത് പിടിക്കലുമെല്ലാമാണ് ഭൂമിയിൽ സമാധാനമുണ്ടാക്കുന്നത്.
മത്സരങ്ങളേക്കാൾ കൂടെയുള്ളവനെയും പരിഗണിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് നമ്മളിൽ ഒരുമയുണ്ടാക്കുന്നത്.
ഒരുമയിലൂടെ സ്നേഹവും സമാധാനവും.
സമാധാനം നിലനിർത്താൻ നമുക്കിനിയും ആവട്ടെ.

സുഹ്റ

Sunday, 23 December 2018

തോട്ടുപാലം

ഓരോ തവണ പുതുക്കോട് തോട്ടുപാലം കാണുമ്പോഴും പ്രിയ സുഹൃത്ത് നാജിയെ ഓർമ വരും.

ഒരുപാട് കാലം ഈ കുഞ്ഞു പാലത്തിൽ കേറാനുള്ള പൂതി കൊണ്ടും പല കാരണങ്ങൾ പറഞ്ഞു നാട്ടുകാരും കൂട്ടുകാരും അവിടെ പോവാൻ സമ്മതിക്കാത്തത് കൊണ്ടും അത് വഴി പോവുമ്പോഴൊക്കെ ബസിലിരുന്നു കൊണ്ട് ഞാൻ സങ്കടത്തോടെ എത്തി എത്തി നോക്കുമായിരുന്നു.

എന്റെ പൂതി കണ്ടു ഒന്ന് രണ്ടു തവണ ഉപ്പ എന്നെയും അനിയന്മാരെയും കൊണ്ട് തോട്ടുപാലത്തിൽ കൊണ്ട് പോയിട്ടുണ്ട്.
എന്നാൽ വൈകുന്നേരങ്ങളിൽ ഒറ്റക്ക് അതിന്റെ മോളിൽ കയറി താഴെയുള്ള തോട്ടിലേക്കും പാടത്തേക്കും നോക്കി കാറ്റേറ്റ് ഇരിക്കാൻ ഞാൻ ആഗ്രഹിച്ചു.
പക്ഷെ അവിടെ കള്ള് കുടിയന്മാരും മറ്റും സെറ്റ് കൂടി ഇരിക്കുകയാണ് പെൺകുട്ടികൾ അവിടെ പോവുന്നത് ശെരിയല്ല എന്നും പറഞ്ഞു പലരും എതിർത്തു.
2 വർഷം മുൻപാണ് സുഹൃത്ത് നാജിയോട് ഞാനീ ആഗ്രഹം സാധിക്കാത്തതിന്റെ സങ്കടം പങ്കു വയ്ച്ചത്.
അന്നേരം അവനെന്നോട് ചോദിച്ചു,
"ശെരിക്കും നിനക്ക് അവിടെ പോയിരിക്കാൻ ആഗ്രഹമുണ്ടോ?

"പിന്നല്ലാതെ,അതോണ്ടല്ലേ പറഞ്ഞത്"

"പിന്നെ എന്താ പോയാൽ ?"

"അവിടെ ഉള്ള ആളുകൾ ശെരിയല്ല, പാലത്തിന്റെ സ്ലാബിൽ കുപ്പിച്ചില്ലുകൾ ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് ഒറ്റക്ക് വിടുന്നില്ല"

"നീ മുന്നേ ഉപ്പടെ കൂടെ പോയപ്പോൾ ആരേലും ഉണ്ടായിരുന്നോ?"

"ഇല്ല"

"എന്നാ ഞാൻ ഒരു കാര്യം പറയട്ടെ..
നീ ശെരിക്കും പോവാൻ ആഗ്രഹിച്ചിട്ടുണ്ടെൽ, നിന്റെ നിയ്യത്ത് നല്ലതാണേൽ നീയവിടെ പോയിരിക്കും, ഒരു കാരണവും ഒഴികഴിവും പറയാതെ തന്നെ."

"ഉം..ഇൻ ഷാ അല്ലാഹ്.. ഇപ്പൊ പോവാൻ തോന്നുന്നുണ്ട്.ആരേലും കൂടെ വരൊ എന്നൂടെ അന്വേഷിച്ചു നോക്കട്ടെ."

"സുഹറ, കഴിയുന്നതും നീ ഒറ്റക്ക് തന്നെ പോവണം.
You know,there are no accidents. everything happens for a reason.
All the best for your journey."
നാജി ഇത്ര കൂടെ കൂട്ടിച്ചേർത്തു.

സാധാരണ ഒരു പെൺകുട്ടി ആൺ കുട്ടികളോട് ഇത്തരം ആഗ്രഹങ്ങൾ പങ്ക് വയ്ക്കുമ്പോൾ
2 തരം മറുപടികളാണ് കിട്ടുക.
1) നീ ഒറ്റക്ക് പോവേണ്ട, നമുക്ക് ഒരൂസം ഒരുമിച്ചു പോവാം/ നിന്നെ ഞാൻ കൊണ്ടോവാം
2) ആണുങ്ങൾ മാത്രം ഉള്ളൊടത്താക്ക് തനിച്ചു പോവുന്നത് ശെരിയല്ല.അങ്ങനെ ഉള്ള സ്വപ്‌നങ്ങൾ കാണാനും നിക്കണ്ട.ഒതുങ്ങി ഒരോടുത്ത് ഇരുന്നാൽ മതി.

ഇവിടെയാണ് നാജി വ്യത്യസ്തനായത്.
എന്റെ ഒരുപാട് നാൾ മൂടി വച്ച പല സ്വപ്നങ്ങളും ഇത്തരത്തിൽ തുറന്നു വിടാൻ, അതിനനുസരിച്ചു ചിന്തിക്കാൻ നാജിയുടെ ചില വാക്കുകൾക്ക് ആയിട്ടുണ്ട്.
നാജിയെ പോലെ വേറെയും ഒരുപാട് സുഹൃത്തുക്കൾ.

അങ്ങനെ അന്ന് താമസിച്ചിരുന്ന വീടിന്റെ 2 km അപ്പുറത്തുള്ള ഈ പാലം കേറാൻ അന്നേ ദിവസം വൈകുന്നേരം ഞാൻ പുറപ്പെട്ടു.
ഇറങ്ങിയപ്പോൾ അസ്ലുവും കൂടെ വന്നു. നടന്നിട്ടാണ് പോയത്.വളരെ രസകരമായിരുന്നു.
നാട്ടുകാരൊക്കെ നല്ല സഹകരണം.
പാലത്തെ കുറിച്ചും അത് നിർമിച്ച കാലത്തേ കുറിച്ചും അവിടെ പാടത്ത് പണി ചെയ്തു കൊണ്ടിരിക്കുന്ന  അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞു തന്നു.
അവർ ഞങ്ങളെ അവരുടെ വീടുകളിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.
നാട്ടുകാർ ഞങ്ങൾക്ക് കൂടുതൽ പറഞ്ഞു തരാൻ വേണ്ടി ആ ചുറ്റുവട്ടത്തെ ഏറ്റവും പ്രായമായവരെ കുറിച്ചും മറ്റും പറഞ്ഞു തന്നു.
മംഗലം ഡാമിലെ വെള്ളമാണ് തോട്ടുപാലത്തിലൂടെ കനാലുകൾ വഴി കൃഷി സ്ഥലങ്ങളിലേക്കെത്തുന്നത്.
ബ്രിട്ടീഷുകാർ നിർമിച്ച പാലം എന്നായിരുന്നു ഞാൻ മുൻപ് കേട്ടിരുന്നത്. എന്നാൽ സ്വാതന്ത്ര്യം കിട്ടിയ ശേഷമാണു ഈ പാലം ജലസേചനത്തിനായി പണിതതത്രെ.
പിന്നെ അതിനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഉമ്മയെയും ഉപ്പയെയും കൂട്ടി ഞാൻ മംഗലം ഡാമിൽ എത്തി.
എനിക്ക് തോന്നുന്നു ഹൃദയങ്ങളെ തേടിയുള്ള യാത്രയ്ക്ക് വഴിത്തിരിവായത്, അല്ലെങ്കിൽ തുടക്കം കുറിച്ചത് ഈ കൊച്ചു യാത്രയാണ്.
അന്ന് ആ കർഷകരോട് സംസാരിച്ചപ്പോൾ കിട്ടിയ സ്നേഹവും സമാധാനവും ആകാംഷയുമൊക്കെയാണ് ഇന്നും എന്നെ യാത്രകൾ ചെയ്യാൻ കൂടുതൽ പ്രേരിപ്പിക്കുന്നത്.അതിലുപരി വിശാലമായ ലോകവും കാഴ്ചപ്പാടും കാണിച്ചു തന്ന, ഭൂമിയിലൂടെ സഞ്ചരിച്ചു ദൃഷ്ടാന്തങ്ങൾ കണ്ടെത്താൻ പറഞ്ഞ ഖുർആനും, സ്വാതന്ത്ര്യവും അവകാശങ്ങളും ഇളവുകളോട് കൂടിയ കടമകളും ഒരു സ്ത്രീയായ എനിക്ക് കൂടെ ബാധകമാണെന്ന് പഠിപ്പിച്ചു തന്ന പ്രവാചകനും.
കൂടെ കൂടെ സമാധാനം തരുന്ന ഈ യാത്രകൾ തുടരാൻ ഇനിയും ആവട്ടെ എന്ന് ആഗ്രഹിക്കുന്നു...

Thursday, 20 December 2018

ഉപ്പ

ബസ് സ്റ്റാൻഡിൽ ബസിലിങ്ങനെ വണ്ടി പുറപ്പെടുന്നതും കാത്തിരിക്കുമ്പോൾ  തേടിയെത്തുന്ന ചില നിസഹായാവസ്ഥകളുണ്ട്.

ബസിലേക്ക് അരിച്ചെത്തുന്ന കച്ചവടക്കാരും സഹായം ചോദിച്ചു വരുന്ന ചില മനുഷ്യന്മാരുമാണ്  ഇത്രമാത്രം നിസഹായരാക്കുന്നത്.
വിശന്നിരിക്കുന്ന സമയത്തു തക്കമായത് വിൽക്കാൻ വരുന്നവര് പിന്നെയും ഒരിത്തിരി ആശ്വാസമാണ്.
അല്ലാത്തവർ...!
വില്പനക്കെത്തുന്ന മൊട്ടു സൂചി വിൽപ്പനക്കാരൻ തൊട്ട് ഭാഗ്യം പരീക്ഷിക്കണ ലോട്ടറിക്കാരൻ വരെ.
അവർ വിൽക്കുന്നതൊന്നും അത്യാവശ്യമല്ലാത്തത് കൊണ്ട് ഒന്നും മേടിക്കാനും തോന്നൂല്ല.
മുഖത്ത് നോക്കി എങ്ങനാ വേണ്ടാ എന്ന് പറയാ..

അല്ല മുഖത്ത് പോലും നോക്കാൻ തോന്നില്ല.
നോക്കി കഴിഞ്ഞാലോ എങ്ങനെ എങ്കിലും അവര് നമ്മളെ കൊണ്ട് മേടിപ്പിക്കും.
അല്ലെങ്കിൽ ആ നോക്കിയതിന്റെ പേരിൽ നമ്മള് ഒന്നും മേടിച്ചില്ലെങ്കിലും ആ ഉത്പന്നത്തെ കുറിച്ച് നമ്മളോട് പറഞ്ഞു അവരുടെ വിലപ്പെട്ട കച്ചവട സമയം നമുക്കായി നഷ്ടപ്പെടുത്തും.
ഇനി ഇപ്പൊ അവരെ നോക്കാതെ തന്നെ നമ്മള് ഇതൊന്നും എനിക്ക് കേൾക്കാൻ പോലും പറ്റുന്നില്ലെന്ന ഭാവത്തിൽ ഫോണിൽ തോണ്ടിയിരിക്കും.
കാതടഞ്ഞവരെപ്പോലെ.

ചിലപ്പോ നേർത്തൊരു പ്രതീക്ഷയോടെ, ലോട്ടറിക്കാരൻ ലോട്ടറി നമ്മുടെ മടിയിലൊക്കെ  വയ്ച്ചു നോക്കും.
നമ്മള് നോ അനക്കം.
ഏതാനും നിമിഷങ്ങളാണെങ്കിൽ പോലും
നമ്മെ പോലെ അവരും നിസഹായരാകുന്ന ഒരു നിമിഷമുണ്ട്.

അത് പോലെ നമ്മളുടെ ആ നിമിഷ നേരത്തെ അവഗണന അവരെ എത്ര മാത്രം വേദനിപ്പിച്ചിരിക്കും?
എന്തോ...
ഇതെല്ലം മേടിച്ചാൽ പ്രശ്നം തീരുമോ..
എനിക്ക് ഉപയോഗമില്ലാത്ത ഒരു വസ്തുവിന്റെ ഭാരം ഞാനെന്തിന് ആവശ്യമില്ലാതെ പേറണം?

പലപ്പോഴും ഈ കാര്യത്തിൽ എന്റെ ഉപ്പ എന്നെ ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്.
ഉപ്പയുടെ കൂടെയുള്ള ഓരോ യാത്രയിലും ഇത് പോലുള്ള ആളുകൾ വരുമ്പോൾ ചിലതൊക്കെ ഉപ്പ മേടിച്ചു കയ്യിൽ തരും.
ഞാൻ നെറ്റി ചുളിച്ചു കൊണ്ട്‌
"എന്തിനാ ഉപ്പ ഇത്, ഇനിക്ക് ഇഞ്ചി മിഠായി തീരെ ഇഷ്ടല്ല, പേൻ ചീർപ്പ് വീട്ടിൽ ആവശ്യം പോലുമില്ല, ഈ പാൽക്കായം ഒക്കെ എന്തിനാ, എഞ്ചുവടി മേടിക്കാൻ ഞാൻ lkgൽ ഒന്നുമല്ല...."
തുടങ്ങി പലതും പറയും.

അപ്പോൾ ഉപ്പ പറയുന്ന ചില മറുപടികളുണ്ട്.
എല്ലാം കൂടെ ചേര്ത്തു കുറിക്കാം.
"തസ്ലീനാ,
ഇനിക്ക് അറിയാ ഇതൊന്നും എനിക്കോ നിനക്കോ അത്യാവശ്യള്ള സാധനല്ലാന്നു.
നിനക്ക് ഇപ്പൊ ഇത് അവശ്യല്ലേലും അർഹതപ്പെട്ടവർക്ക് സ്വദഖ(ദാനം) ആയി കൊടുത്തോ.
ഉപ്പാക്ക് സന്തോഷേ ഉള്ളൂ.

ഞാനും ഒരു കച്ചവടക്കാരനാണ്.
വർഷങ്ങളോളം തോളിൽ ഏറ്റി വെയിലത്ത് വിയർത്തൊലിച്ചു നടന്നാണ് ഞാൻ വസ്ത്രങ്ങൾ വിറ്റിരുന്നത്.
ഇങ്ങനെ നടന്നു വിൽക്കുന്ന ഓരോ കച്ചവടക്കാരന്റെയും പ്രയാസം എനിക്ക് നന്നായറിയാം.
സ്വന്തം കുടുംബത്തെ പട്ടിണിക്കിടാതെ നോക്കാൻ ചില ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ മറക്കാറുണ്ട് ഞങ്ങൾ. പലപ്പോഴും രാവിലെ തന്നെ പൊറോട്ട കഴിക്കും.
പൊറോട്ട കഴിച്ചാൽ പിന്നെ കുറെ നേരത്തിനു വിശക്കൂല്ല.

ന്റെ മോള് ഇങ്ങനെ ഉള്ളവരെ ഒക്കെ നന്നായി പ്രോത്സാഹിപ്പിക്കണംട്ടാ..
പ്രത്യേകിച്ച് സ്ത്രീകൾ വന്നാൽ, അത്രക്ക് ജീവിതം നിസഹായതയിലാവുമ്പോഴാണ് ഏതൊരു സ്ത്രീയും ഇത്തരമൊരു തൊഴിൽ മേഖല തിരഞ്ഞെടുക്കുക.
പറ്റുമെങ്കിൽ സാധനം മേടിച്ചു ക്യാഷ് കൊടുക്കുന്ന സമയത്തു അവരോട് പുഞ്ചിരിച്ചു കൊണ്ട് കച്ചവടമൊക്കെ എങ്ങനെ പോകുന്നു എന്ന് കൂടെ ചോദിക്കണം.
അവര് പറയുന്ന മറുപടി നീ ശ്രദ്ധിക്കണമെന്നില്ല, പക്ഷെ ആ ചോദ്യം അവരുടെ ജീവിതത്തെ ധന്യമാക്കും."

ഉപ്പയുടെ കീശ കാലിയാവുന്നതിന്റെ തൊട്ടു മുന്നേ വരെ ഉപ്പ ഇങ്ങനൊക്കെ ചെയ്യും.
ആവുന്നിടത്തോളം, അര്ഹതപ്പെട്ടവരെ അവരുടെ വേദനയും പ്രയാസവും മനസ്സിലാക്കി കൊണ്ട് പെരുമാറാനാണ് ഉപ്പ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഇടക്കൊക്കെ ഉപ്പ വിൽക്കുന്ന വസ്ത്രങ്ങൾ എനിക്കും കൊണ്ട് തരാറുണ്ട്.
ചിലതൊന്നും മോഡൽ കൊണ്ടോ മറ്റോ എനിക്ക് ഇഷ്ടപ്പെടാറില്ല.
ഞാനന്നേരം ഇത് ഇപ്പൊ എനിക്ക് ആവശ്യല്ല.ഉപ്പ ഇത് തിരിച്ചു കൊണ്ട് പോയി വിറ്റോളൂ എന്ന് ഞാൻ പറയും.
അന്നേരം ഉപ്പ ഇങ്ങനെ പറയും,
"എന്റെ മോൾക്ക് കൊടുന്ന സമ്മാനം മറിച്ചു വിൽക്കാൻ എനിക്ക് തോന്നുന്നില്ല. ഇയ്യു ഒരു കാര്യം ചെയ്യ്..അടുത്ത വീട്ടിലെ ആ കുട്ടി ഇല്ലേ അവൾക്ക് കൊടുത്തോ.
അയൽവാസികളുമായി നന്നായി ബന്ധം ചേർക്കണം.(ചിലപ്പോ ഉപ്പ പറഞ്ഞ അയൽവാസിക്കുട്ടി എന്നേക്കാൾ മികച്ച ഡ്രസ്സ് ഉള്ളവരായിരിക്കും.എന്നിട്ടും)"

ശേഷം എന്നെ ഒറ്റക്ക് വിളിക്കും.
എന്നിട്ട് പറയും.
"ഒരാൾ സ്നേഹത്തോടെ തരുന്നത് അയാളുടെ മുഖത്ത് നോക്കി വേണ്ട എന്ന് പറയരുത്.
അത് മേടിച്ചിട്ട് ആർക്കാ വച്ചാ നീ കൊടുത്തോ.മനസ്സറിഞ്ഞു തന്ന സമ്മാനം തിരിച്ചു ചോദിക്കാനോ അന്വേഷിക്കാനോ ആരും വരൂല്ല.സ്നേഹം തന്നതിന്റെ പേരിൽ ഒരു ഹൃദയത്തെയും വേദനിപ്പിക്കാൻ പാടില്ല."

എന്തോ
ഉപ്പ ഇങ്ങനാണ്.
ഉപ്പയെപോലെ നല്ല മൂല്യങ്ങൾ പകർന്നു തരുന്ന ഒത്തിരി പേര് ചുറ്റുമുണ്ട് എന്നതാണ് ജീവിതത്തിൽ ലഭിച്ച നല്ലൊരു സൗഭാഗ്യം.
നന്മ,പുഞ്ചിരി,സമാധാനം❤️

സുഹറ