Monday, 18 June 2018

Sadharanakkari

സാധാരണക്കാരിൽ സാധാരണക്കാരി.. അല്ലെങ്കിൽ അതിനേക്കാൾ താഴെയുള്ളവൾ, അങ്ങനെയാണ് എനിക്ക് എന്നെ വിശേഷിപ്പിക്കാനുള്ളത്..
എന്നിരുന്നാലും എനിക്ക് കൊക്കിലൊതുങ്ങാവുന്ന സഹായങ്ങൾ എന്നിൽ നിന്ന് ചോദിക്കുന്നവരെ എനിക്കേറ്റവും പ്രിയമാണ്.
ഈ വലിയ ലോകത്ത് ഞാനും അംഗീകരിക്കപ്പെട്ട പോലെ എനിക്കപ്പോൾ അനുഭവപ്പെടും.
ഒരു വിഭാഗത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടുപോയ എന്നോട് മറ്റൊരു വിഭാഗം  പുഞ്ചിരിക്കാനുള്ള സന്മനസ്സ് കാണിക്കുമ്പോൾ അല്ലെങ്കിൽ എന്റെ പുഞ്ചിരിക്കോ വാക്കിനോ അവഹേളിക്കാത്ത രീതിയിൽ മറുപടി തരുമ്പോൾ എനിക്ക് അതിയായി അനുഗ്രഹിക്കപ്പെട്ടവളായി തോന്നും.ഞാനൊരുപാട് ധന്യയാവും അപ്പോൾ.

ഒരിക്കൽ ഒരു വൈകുന്നേര സമയത്തു ഞാനൊരു ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുകയായിരുന്നു.ചുറ്റും സ്കൂൾ കുട്ടികളാണ്.
'അയ്യോ ഇവരുടെ ഈ തിരക്കിൽ പെട്ട് ഈ പെട്ടീം ഭാണ്ഡവും തൂക്കി ഞാനെങ്ങനെ വീടെത്തും' എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ തൊട്ടടുത്ത് കടത്തിണ്ണയിൽ ഇരിക്കുന്ന 2 ചെറിയ സ്കൂൾ കുട്ടികളിൽ ഒരു മോൾ എന്നെ 'ചേച്ചീ…..' എന്ന് നീട്ടി വിളിക്കുന്നത്..
'ഓയ് എന്തോ..'
'ചേച്ചീ ഒരു ഒരു രൂപ തരോ?'
'തരാല്ലോ, ചില്ലറ ഇല്ലേ?'
'പൈസ ഇല്ല!'
'അതെയോ...'
ഞാൻ ബാഗിനിടയിൽ ചില്ലറ തപ്പി..
എന്തോ ഒരു രൂപ മാത്രമായി കൊടുക്കാൻ തോന്നിയില്ല.സാധാരണ എപ്പോഴും ബാഗിൽ കുട്ടികൾക്ക് സമ്മാനിക്കാൻ എന്തെങ്കിലും കരുതാറുള്ളതാണ്.ഇന്നാണെങ്കിൽ ഒന്നുമില്ല താനും.
ഞാൻ ബാഗിൽ ബാക്കിയുള്ള ചില്ലറ പൈസകളും കൊടുത്തു.
തിളങ്ങുന്ന കണ്ണുകളുമായി അതിലേറെ അമ്പരപ്പോടെ അവളെന്നെ നോക്കി
'ചേച്ചിക്കും മിടായി വേടിച്ചു കൊടുത്തോ 'എന്ന് പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ഞാൻ തല പെട്ടെന്ന് വെട്ടിത്തിരിച്ചു.

അത്രക്ക് ദയനീയമായിരുന്നു , നന്ദിയോടെ ഉള്ള നോട്ടമായിരുന്നു അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആ കുഞ്ഞു വിദ്യാർത്ഥിയുടെ മുഖത്ത്.
ആ നോട്ടത്തിന്റെ തീവ്രത ആഴത്തിൽ അനുഭവിച്ചവൾ തന്നെയാണ് ഞാൻ.
അത് കൊണ്ട് തന്നെ എന്റെ മനസ്സിൽ ഒരു തരം അഭിമാനം ചാലിച്ച അനുഗ്രഹീതമായ സംതൃപ്തി നിറഞ്ഞു.
മറ്റൊന്നും കൊണ്ടല്ല, ആ ഒരു രൂപ ചോദിക്കാനാണെങ്കിലും അവളെന്നെ തന്നെ തിരഞ്ഞെടുത്തല്ലോ..അല്ലെങ്കിൽ അത്രയും ജനക്കൂട്ടത്തിനിടയിൽ ആ നിഷ്കളങ്ക നോട്ടം ദർശിക്കാൻ ദൈവം എന്നെ അവിടെ എത്തിച്ചല്ലോ, അതെ ഞാൻ അനുഗ്രഹിക്കപ്പെട്ടവൾ തന്നെ.❤

സുഹറ

No comments:

Post a Comment