ഹൃദയങ്ങളെ തേടിയുള്ള യാത്രകൾ...
അതിനെല്ലാം ധൈര്യം തന്ന വഴികാട്ടിയായ ആ ആദ്യ യാത്രയെ കുറിച്ച് ഒന്ന് പറഞ്ഞാലോ...
കുറെ പേർ ഇൻബോക്സിൽ അന്വേഷിച്ചിട്ടുണ്ട്, പാലക്കാട് ആണ് താമസിക്കുന്നത് എന്നാൽ കാലിക്കറ്റ് ഉള്ള ഒരുപാട് സുഹൃത്തുക്കളുണ്ടല്ലോ ഫ്രണ്ട് ലിസ്റ്റിൽ ഇതെന്താ സംഗതി, എന്താ കാലിക്കറ്റ്മായി ബന്ധം എന്നൊക്കെ...
എടുത്തു പറയാൻ പറ്റുന്ന ഒരു ബന്ധത്തെ കുറിച്ച് എടുത്തു പറയാൻ മാത്രം ഒന്നുമില്ല.എങ്കിലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കാലിക്കറ്റ് എത്തി ചേർന്ന കഥ പറയാം.
ജനിച്ചു വളർന്നത് മലപ്പുറത്താണ്.പിന്നീട് ഉപ്പയുടെ ജോലിയുടെ ഭാഗമായി പാലക്കാടിലേക്ക് മാറി.
ഉപ്പ മലപ്പുറത്തുള്ളപ്പോൾ കുഞ്ഞു പ്രായത്തിൽ വരാന്ത്യങ്ങളിൽ ഞങ്ങളുടെ പ്രധാന വിനോദ ഇടമായിരുന്നു കോഴിക്കോട് ബീച്ചും മാനഞ്ചിറയും എല്ലാം..
എന്നാൽ അധിക കാലം അവയൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല.
പിന്നീട് ഏകദേശം 15 വര്ഷങ്ങള്ക്ക് ശേഷമാണു കാലിക്കറ്റ് എത്തുന്നത്.
ഉല്ലുവിന്റെ കുടുംബത്തിന് വേണ്ടി ആദ്യമായി പുറപ്പെട്ട യാത്ര.
അന്ന് ഉല്ലു വരയ്ക്കാൻ തുടങ്ങിയിട്ടില്ല.
ഞാനും ജൂബുതാത്തയും (ഉല്ലുവിന്റെ സഹോദരി)തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായ കാലം.
സമൂഹ വിവാഹം വഴി താത്തയെ തിരുച്ചിയിലേക്ക് കല്യാണം കഴിച്ചു വിട്ട് ഏതാനും മാസങ്ങൾക്ക് ശേഷമാണു ഭർത്താവ് മാനസിക രോഗിയാണെന്നു ജൂബു അറിയുന്നത്, ഭർത്താവിന്റെ വീട്ടുകാരുടെ ചതിയിലും ഉപദ്രവത്തിലും പെരുമാറ്റത്തിലും എല്ലാം ജൂബു മനം നൊന്ത് അവിടെ കഴിച്ചു കൂട്ടുകയാണ്. ഫോണിൽ നാട്ടിലേക്ക് വിളിക്കാൻ പോലും അമ്മായിയമ്മയുടെ വിലക്ക്. പെട്ടെന്നുണ്ടായ വിവാഹം ആയത് കൊണ്ടും ആ കുടുംബത്തിന് ജൂബുവിന്റെ വിവാഹം നടത്താൻ ഉള്ള സാമ്പത്തിക ശേഷി ഇല്ലാത്തതു കൊണ്ടുമാണ് വരനെ കുറിച്ച് കൂടുതൽ അന്വേഷിക്കാതെ സമൂഹ വിവാഹം വഴി കല്യാണം നടത്തിയത്.
അങ്ങെനെ ജൂബുവിനെ ഫോണിൽ കിട്ടതായപ്പോഴാണ് വിവരങ്ങൾ അന്വേഷിക്കാൻ ഞാൻ ഉല്ലുവിന്റെ വീട്ടിൽ പോയത്. അപ്പോഴാണ് അറിയുന്നത് തമിഴ് നാട് വരെ പോയി വിളിച്ചു കൊണ്ട് വരാൻ വീട്ടിൽ പണം ഇല്ലാത്തത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായിട്ടും ജൂബു അവിടെ തന്നെ നിൽക്കുന്നത് എന്ന്.
കേട്ടപ്പോൾ ഞാൻ ആകെ സ്തബ്ധയായി. എന്നെ കൊണ്ട് സാമ്പത്തികമായി സഹായിക്കാൻ കഴിയാത്ത അവസ്ഥ. കൂടാതെ എന്റെ സുഹൃത് വലയവും ഇന്നത്തേക്കാൾ വളരെ തുച്ഛം.
അന്നത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തു(ഇപ്പോഴും) നാജി ആയിരുന്നു.നാജിയോട് ഞാൻ വിവരം അറിയിച്ചു.
എത്രയും പെട്ടെന്ന് ജൂബുവിനെ നാട്ടിൽ എത്തിക്കണം.
നാജി ഉടനെ തന്നെ പണം സ്വരൂപിച്ചു.
പക്ഷെ എനിക്ക് എങ്ങനെ കൈമാറും.
അന്ന് ഇന്നത്തെ അത്രയും ബാങ്കിങ് സിസ്റ്റം കൈകാര്യം ചെയ്യാൻഎനിക്ക് അറിയില്ലായിരുന്നു.കാലിക്കറ്റ് നേരിട്ട് പോയി തന്നെ വാങ്ങണം.
എത്ര ദൂരമുണ്ടെന്നോ എങ്ങനെ പോകണമെന്നോ അറിയില്ല.ഇന്ന് പുറപ്പെട്ടാൽ ഇന്നെന്നെ തിരിച്ചെത്താനാവുമോ ,പറ്റിയില്ലെങ്കിൽ എവിടെ തങ്ങും എന്നൊക്കെയുള്ള ആശങ്ക.
അപ്പോഴാണ് ഉമ്മ പറയുന്നത്, 'thawakkalthu alallah, ഞാനും ഉണ്ട് നിന്റെ കൂടെ, നമുക്ക് ളുഹർ നിസ്കരിച്ചു പുറപ്പെടാം. ഒറ്റപാലത്തു നിന്നും ട്രെയിൻ കിട്ടുമോ എന്ന് നോക്കാം.പക്ഷെ കയ്യിൽ ആകെ 200 രൂപ ഉള്ളു.ലോക്കൽ ട്രെയിൻ കിട്ടിയാൽ മതിയായിരുന്നു.'
ഉമ്മയുണ്ടെങ്കിൽ പിന്നെന്ത് ടെൻഷൻ, ഞങ്ങൾ പുറപ്പെട്ടു.
ഒറ്റപ്പാലത്ത് എത്തിയപ്പോൾ അസർ ജംഹ് ആക്കാൻ ഉദ്ദേശിച്ചു അടുത്ത് കണ്ട പള്ളിയിൽ കയറി .
അന്ന് കാലിക്കറ്റ് മുജാഹിദ് ലയന സമ്മേളനം നടക്കുകയാണ്.
കാര്യം ഞങ്ങൾ മുജാഹിദ് സംഘടനയിൽപെട്ട (ഏതിലും ഇല്ല, മുസ്ലിം ആണ്)ആളുകൾ അല്ലെങ്കിലും ആ സമ്മേളനത്തെ ഹൃദയം കൊണ്ട് ഞങ്ങൾ സ്വാഗതം ചെയ്തിരുന്നു.
പള്ളിയിൽ വേറെയും കുറെ സ്ത്രീകൾ നിസ്കരിക്കുന്നു.
നിസ്കാരത്തിനു ശേഷം അവരുടെ അടുത്ത് കാര്യം അന്വേഷിച്ചു.
ഒറ്റപാലത്തു നിന്നും ഒരു ബസ് സമ്മേളനത്തിന് പോകുന്നുണ്ടെന്നും ഇവരെല്ലാം അതിൽ പോകുന്നവരാണെന്നും അറിയാൻ കഴിഞ്ഞു.
ഞങ്ങൾ ഞങ്ങളുടെ യാത്രാ ഉദ്ദേശം അവരെ അറിയിച്ചു.
അവരോടൊപ്പം വരാൻ അവർ ഞങ്ങളെ ക്ഷണിച്ചു. അങ്ങനെ അൽഹംദുലില്ലാഹ്. സുഖയാത്ര.ഒരുപാട് പേരെ പരിചയപ്പെടാനും കഴിഞ്ഞു.
കാലിക്കറ്റ് എത്തിയപ്പോൾ കയ്യിലുള്ള 200 രൂപ ഉമ്മ അവർക്ക് നീട്ടി.
'ഏയ് നിങ്ങൾ ഞങ്ങളുടെ അതിഥികളാണ്.ഇതൊന്നും വേണ്ട.
അല്ല ,നിങ്ങൾ ഞങ്ങളുടെ കൂടെ തിരിച്ചു വരുന്നോ? ഒറ്റപാലത്തു നിന്നും വീണ്ടും ഒരുപാട് ഉള്ളിലേക്ക് പോകാൻ ഉള്ളതല്ലേ. വിരോധം ഇല്ലെങ്കിൽ നമ്മൾ എത്താൻ ഒത്തിരി വൈകുമെങ്കിൽ ഞങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ തങ്ങാം, രാവിലെ തിരിച്ചു പോകാമല്ലോ.'
അതിലെ മുതിർന്ന സ്ത്രീ ഇത്രയും ഞങ്ങളോട് വളരെ സ്നേഹത്തോടെ പറഞ്ഞു.
ആദ്യം ഞങ്ങൾ നിരസിച്ചെങ്കിലും, ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച ഉമ്മാമ്മയുടെ സ്നേഹത്തിൽ ഞങ്ങൾക്ക് അവരുടെ കൂടെ പോകാം എന്ന് സമ്മതിക്കേണ്ടി വന്നു.
അങ്ങനെ കാലിക്കറ്റ് കടൽ തീരത്തു ഞങ്ങളിറങ്ങി.നേരം മഗ്‌രിബ് ആയിരുന്നു.നാജിക്ക് വിളിച്ചിട്ട് കിട്ടുന്നില്ല.
ഇത്രയും വലിയ ജനസാഗരം ഞാൻ ആദ്യമായാണ് കാണുന്നത്.കടലിരമ്പത്തെ മറികടക്കുന്ന ജനമിരമ്പം. പ്രകാശ പൂരിതമായ കാൽവിളക്കുകളോട് കൂടിയ നീണ്ട നടവഴി. ആളുകളും കച്ചവടക്കാരും കുട്ടികളും കളിയും ചിരിയും എല്ലാം..
തീരത്തിന്റെ ഒരറ്റത്ത് നിന്നും ഞാൻ സമ്മേളന വേദിയിലേക്ക് ഉറ്റു നോക്കി.മനുഷ്യരെല്ലാം കുഞ്ഞുറുമ്പുകളെ പോലെ എനിക്ക് കാണപ്പെട്ടു.
ഇത്രയധികം സ്ത്രീകൾ ദുനിയാവിലുണ്ടോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു.നിസ്കാരത്തിനു എവിടെ വുളു എടുക്കണം എന്ന് അറിയില്ല.എവിടെ നിസ്കരിക്കണം എന്നറിയില്ല.ഒരുപാട് പേർ കടലിൽ നിന്നും വുളു എടുക്കുന്നത് കണ്ടു.എന്നിട്ട് മണൽത്തരിയിൽ നിസ്കരിക്കുന്നത് കണ്ടു.എന്റെ രോമ കൂപങ്ങൾ എഴുന്നേറ്റു നിന്നു. മാ ഷാ അല്ലാഹ്..
അങ്ങനെ ഞങ്ങളും നിസ്കരിച്ചു.
ഇനി നാജിയെ കണ്ടെത്തണം.ഉമ്മാനെ കൂടെ വന്നവർക്കൊപ്പമിരുത്തി വമ്പിച്ച ജനസാഗരങ്ങൾക്കിടയിലൂടെ പ്രധാന വേദി ലക്ഷ്യമാക്കി ഞാൻ നടന്നു. പെട്ടെന്ന് ഞാനൊരാളെ കൂട്ടി ഇടിച്ചു.
നോക്കുമ്പോൾ എന്റെ കസിൻ ഇക്ക.
അവിടെ എന്നെ കണ്ടു കാക്കയും അമ്പരന്നു എന്ന് തന്നെ പറയാം..
മൂത്തമ്മയും ഇത്തമാരും ഒക്കെ വന്നിട്ടുണ്ടെന്ന്. പിന്നെ എങ്ങിനൊക്കെയോ അവരെ കണ്ടു മുട്ടി.അവസാനം നാജിയെയും.
ഒരു കുഞ്ഞു പുസ്തകത്തിൽ ക്യാഷ് വച്ച് നാജി ചിരിച്ചു.തിരക്കിനിടയിൽ
അധികം സംസാരിക്കാനായില്ല.
തിരിച്ചു ബസിൽ കേറി. രാത്രി 3 മണി ആയി ഒറ്റപ്പാലത്ത് എത്തുമ്പോൾ.പനമണ്ണ ഉള്ള
ഒരു വല്ലിപ്പയും വല്ലിമ്മയും ആണ് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്.ഒരു കൊച്ചു വീട്.വല്ലിപ്പ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ ബസുകളിൽ കയറി കടലമിട്ടായി വിൽക്കുന്നു.
അവരോടൊപ്പം കുറച്ചു നേരം സംസാരിച്ചു,ശേഷം ചെറുതായി വിശ്രമിച്ചു. പുലർച്ചെ ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു.
അൽഹംദുലില്ലാഹ്.
തക്ക സമയത്തു തന്നെ പണം ഉല്ലുവിന്റെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞു.
നാഥന്റെ അനുഗ്രഹം കൊണ്ട് മാത്രം കയ്യിൽ മതിയായ തുക ഇല്ലാഞ്ഞിട്ടും ഇത്രയും ഹൃദ്യമായ യാത്രയും ഓർമകളും ദൈവമെനിക്കു സമ്മാനിച്ചു.
ഇത്തരത്തിലുള്ള അനുഭവത്തിൽ ഒന്നാമത്തേത് മാത്രം.
പിന്നീട് എപ്പോഴും നാഥനെ ഭരമേല്പിച്ചു പുറപ്പെടും.എല്ലായിടത്തും അവൻ മാർഗവും സംരക്ഷണവും നൽകും.അനുഗ്രഹിക്കപ്പെട്ടവളാണെന്നു ആ നിമിഷങ്ങളിലെല്ലാം തിരിച്ചറിയും.
ഇനിയും നന്മയ്ക്ക് വേണ്ടി സഞ്ചരിക്കാൻ ഇത് പോലുള്ള അനുഭവങ്ങൾ പ്രചോദനം നൽകി കൊണ്ടേ ഇരിക്കുന്നു.നാഥൻ കനിഞ്ഞാൽ ഇനിയും ഇത് പോലുള്ള അനുഗ്രഹിക്കപ്പെട്ട ഓർമ്മകൾ പങ്കു വയ്ക്കാം.ഇൻ ഷാ അല്ലാഹ്.
No comments:
Post a Comment