ഹൃദയം നിറഞ്ഞൊരു പകലിന്റെ ഓർമ്മ Green Palliative വളണ്ടിയർ സു സു സുഹറ എഴുതുന്നു.
നിഷ്കളങ്കതയുടെ പൂന്തോട്ടത്തിൽ മിണ്ടീം പറഞ്ഞും ഒരു പകൽ...
"ന്റെ പെങ്ങള് വന്നിട്ടുണ്ടായിരുന്നു..കുഞ്ഞാവയും ഉണ്ടായിരുന്നു കൂടെ..അമ്മ നിക്ക് മിഠായി തന്നു..ചേച്ചി ന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു.."
ഇത് പറയുമ്പോൾ ആ നിഷ്കളങ്ക ബാലന്റെ കണ്ണിലുള്ള തിളക്കം കാണേണ്ടത് തന്നെയായിരുന്നു..
"എനിക്ക് അമ്മയെ കാണണം..എപ്പോഴാ അമ്മ വരാ...അമ്മ വന്നു വാരിത്തരണം" എന്നൊക്കെ പറഞ്ഞു വാശി പിടിച്ച് വിതുമ്പി കരയുന്ന മറ്റൊരു മുത്തശ്ശൻ... അമ്മയെ പെട്ടന്ന് കാണാൻ നെറ്റിയിൽ തൊട്ട് പനിയുള്ളത് പോലെ കാണിച്ച് കഴിച്ച ഭക്ഷണം ഓക്കാനിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം..
നീ പോടാ പുല്ലേ...എന്നും മറ്റുമൊക്കെ പറഞ്ഞു സുരേഷ് ഗോപിയേം മോഹൻലാലിനെയുമൊക്കെ അനുകരിച്ച് സദസ്സിനെ ഉഷാറാക്കി കാണികളുടെ കയ്യടി നേടിയ തുളുമ്പിയ മറ്റൊരു മനസ്സ്..
വൈകുന്നേരം മര തണലിലിരുന്ന് ഞങ്ങളെല്ലാം ഇന്നത്തെ ദിവസം അവലോകനം ചെയ്യുമ്പോൾ പോളി ഗാർഡനിലെ ആസ്ഥാന ഡാൻസ് മാസ്റ്റർ പോളേട്ടൻ ഇടയിൽ കയറി വന്നു..എന്നിട്ട് മണ്ണിൽ കിടന്നു..ഞങ്ങളോടെല്ലാം ചുറ്റുമിരുന്നു കരയാൻ പറഞ്ഞു..ആദ്യം തമാശയായാണ് തോന്നിയത്..പിന്നെ അതിന്റെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹം വിതുമ്പി കരയാൻ തുടങ്ങി.
അൽപ നേരം മുൻപ് അടിപൊളി ഡിസ്കോ ഡാൻസ് ഒക്കെ കളിച്ചു ഞങ്ങളെയൊക്കെ മനസ്സ് നിറച്ച് ചിരിപ്പിച്ച പോളേട്ടനാണോ ഇങ്ങനെ കരയുന്നതെന്നു ഒരു നിമിഷം സംശയിച്ചു പോയി..പിന്നീടാണ് സ്വന്തം അപ്പൻ മരിച്ചു കിടക്കുന്ന ഫോട്ടോ അദ്ദേഹം ഞങ്ങൾക്ക് നേരെ കാണിച്ചു തരുന്നത്..
വല്ലാത്തൊരു നൊമ്പരമായിരുന്നു അപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത്..
അങ്ങനെ അങ്ങനെ ഒരുപാട് ആളുകൾ...
അവരുടെ കൂടെയായിരുന്നു ഗ്രീൻ പാലിയേറ്റീവ് വളണ്ടിയേഴ്സിന്റെ ഈ കഴിഞ്ഞ വാരാന്ത്യം...
അതെ, ഞങ്ങൾ അവരുടെ ലോകത്തായിരുന്നു..പലനിറത്തിലും തരത്തിലുമുള്ള പൂക്കളും പൂമ്പാറ്റകളുമുള്ള വലിയൊരു പൂന്തോട്ടത്തിൽ.. വലിയ ശരീരവും കുഞ്ഞു മനസ്സുമുള്ള 'പോളി ഗാർഡനിലെ' 100 ൽ അധികം വരുന്ന നിഷ്കളങ്കരായ mentally handicaped people എന്ന് ഇംഗ്ലീഷിൽ നമ്മൾ പലരും ഓമനപ്പേരിട്ടു വിളിക്കുന്ന വർണപൂക്കൾക്കൊപ്പം..
കൂടെ കൈകൊട്ടിയും ആടിപ്പാടിയും തുള്ളിച്ചാടിയും പൊട്ടിച്ചിരിച്ചും ഇണങ്ങിയും കുണുങ്ങിയും ബലൂൺ പൊട്ടിച്ചും വടം വലിച്ചും ഒക്കെ കളിച്ചും ഗ്രീൻ പാലിയേറ്റീവ്ന്റെ സ്നേഹസ്പര്ശനത്തിലൂടെ അവർ അവരുടെ കൊച്ചുലോകം കൂടുതൽ വർണാഭമാക്കുകയായിരുന്നു..
കൂടാതെ ഓരോ അമോറിയൻസിനും ഓർമകളിലൊരിക്കലും മറക്കാത്ത സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും ഒരുപാട് നല്ല പാഠങ്ങൾ അവർ പകർന്നു തരികയും ചെയ്തു....
അങ്ങനെ അങ്ങനെ ആ പൂന്തോട്ടത്തിൽ മിണ്ടിയും പറഞ്ഞും ഒരു പകൽ കടന്ന് പോയത് അറിഞ്ഞില്ല...
പാലക്കാട് മണ്ണിലെ വലിയൊരു ലക്ഷ്യത്തോടെയുള്ള ഈ ചെറിയൊരു ഒത്തുകൂടൽ ഒരുപാട് സുമനസ്സുകൾക്ക് തീർച്ചയായും പ്രചോദനമേകും എന്ന് ഉറച്ചു വിശ്വസിക്കുന്നു...
മിണ്ടീം പറഞ്ഞും മുഹബ്ബത്ത് ണ്ടാക്കുക എന്ന് കേട്ടിട്ടേ ഉള്ളൂ..ആദ്യമായി അനുഭവിച്ചറിഞ്ഞത് ഇന്നായിരുന്നു...
ഒരുപാട് സ്നേഹം സന്തോഷം നന്ദി..ഓരോരുത്തരോടും...സഹകരണത്തിനും പ്രോത്സാഹനത്തിനും..
____________
പാലക്കാട് ലക്കിടി പോളി ഗാർഡനിൽ green palliative ❤amor❤ 'മിണ്ടീം പറഞ്ഞും' പ്രോഗ്രാമിനെ കുറിച്ച്.
No comments:
Post a Comment