എയ്ഡ്സ് രോഗികൾക്കും കുടുംബത്തിനും മറ്റു നിലാരംബരായ ആളുകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയുടെ വാർഷിക പൊതുയോഗത്തിനിടക്കാണ് ഞാൻ ഹരിദാസ് എന്ന മെലിഞ്ഞു ഇരു നിറത്തിലുള്ള 7 വയസ്സുകാരനെ കാണുന്നത്. പിന്നിയതും ഇത്തിരി പഴകിയതുമായ
ക്രീം കളർ ഷാർവാണിയും ചുവപ്പ് പൈജാമയുമാണ് അവന്റെ വേഷം.കണ്ടാൽ തന്നെ അറിയാം ആവശ്യത്തിനു കുസൃതിയും വികൃതിയും നിറഞ്ഞ സ്വഭാവമുള്ള കുട്ടിയാണെന്നു.പരിപാടി തുടങ്ങിയിട്ടില്ല. അത് കൊണ്ട് തന്നെ കുറച്ചു പേരെ പരിചയപ്പെടാം എന്ന് കരുതിയാണ് nokia ഫോണും പിടിച്ചു എന്തൊക്കെയോ അമർത്തികൊണ്ടിരിക്കുന്ന അവന്റെ അരികിൽ എത്തുന്നത്..
"ചേച്ചി ഇരിക്ക്"
"അയ്യോടാ..ഇരിക്കാനുള്ള നേരല്ലല്ലോ..നിന്നെ പരിചയപ്പെടാൻ വന്നതല്ലേ.."ഞാൻ കുശലം കൂടി.
അപ്പോഴേക്കും അവൻ എന്റെ കയ്യിലെ സ്മാർട്ട് ഫോൺ കണ്ടിരുന്നു..
"ചേച്ചി ഇവിടിരുന്നേ"
ഇത്തിരി ഗൗരവത്തിൽ അവനത് പറഞ്ഞത് കൊണ്ട് തൊട്ടടുത്ത കസേരയിൽ ഞാനിരുന്നു.
"ആ ഫോൺ തന്നെ.."
സാധാരണ എല്ലാ കുട്ടികൾക്കും ഞാൻ ഫോൺ കൊടുക്കാറുണ്ട്..പക്ഷെ ഇവന്റെ മുഖം കണ്ടാലറിയാം വാശിയും വികൃതിയും കൂടുതലാണെന്ന്.കൂടുതൽ അടുപ്പം കാണിച്ചാൽ പിന്നെ എല്ലാവര്ക്കും പ്രയാസം ഉണ്ടാക്കുമെന്നു.അത് കൊണ്ട് തന്നെ ഞാൻ വേഗം ഫോൺ ഒളിപ്പിച്ചു.പക്ഷെ അവൻ കുറെ നേരം അത് പിടിച്ചെടുക്കാൻ ശ്രമിച്ചു.
അപ്പോൾ ഒരു 45 ൽ കൂടുതൽ പ്രായം തോന്നിക്കുന്ന തൊട്ടു മുന്നിലിരിക്കുന്ന സ്ത്രീയെ വിളിച്ചു അവൻ നിലവിളിക്കാൻ തുടങ്ങി.
"അമ്മെ ഈ ചേച്ചി ഫോൺ തരുന്നില്ല.തരാൻ പറ അമ്മെ.."
അത് കേട്ടപ്പോൾ അമ്മ ദേഷ്യത്തോടെ "നിന്റെ കയ്യിൽ ഫോണില്ലേ..അതിൽ കളിക്ക്..അതിൽ വല്യച്ഛനെ ചേച്ചിക്ക് കാണിച്ചു കൊടുത്തെ.. "
എന്ന് പറഞ്ഞു.
ആഹാ അമ്മ psychologically മൂവ് ചെയ്യണല്ലോ..ഞാനും പിന്നെ അതിൽ തൂങ്ങി.
"ആഹാ മോന്റെ ഫോണിൽ ഫോട്ടോ ഒക്കെ ഉണ്ടോ..എവിടെ വല്യച്ഛൻ.. ചേച്ചി നോക്കട്ടെ.."
ഞാൻ മെല്ലെ വിഷയം മാറ്റി..
അവൻ അവന്റെ ഫോണിൽ കുറെ തപ്പി..കിട്ടിയില്ല.
"ചേച്ചിക്ക് എടുക്കാൻ അറിയോ.. എനിക്ക് കിട്ടുന്നില്ല"
"ഉവ്വല്ലോ..തായോ.."
ഞാൻ തപ്പി നോക്കിയപ്പോൾ ഗാലറി empty ആയിരുന്നു..
ഫോൺ തിരിച്ചു പിടിച്ചു ഞങ്ങൾ ഒരു സെൽഫി എടുത്തു.
എന്തോ അത് കണ്ടപ്പോൾ അവനു വലിയ സന്തോഷായി. തിരിച്ചു പിടിച്ചു ഫോട്ടോ എടുക്കാൻ പഠിച്ച സന്തോഷത്തിൽ അവൻ അവന്റെ കുറെ ഫോട്ടോ എടുത്തു.
ഓരോന്നും അവന്റെ അമ്മയ്ക്ക് കാണിച്ചു കൊടുത്തു.
അപ്പോൾ ഞാനിങ്ങനെ ആലോചിച്ചു.ഈ പ്രായമായ സ്ത്രീയെ ഇവനെന്താ അമ്മ എന്ന് വിളിക്കുന്നത്.
എന്നെ പരിപാടിയിലേക്ക് ക്ലാസ് എടുക്കാൻ ക്ഷണിച്ച ശ്രീദേവി ചേച്ചിയോട് ഞാൻ കാര്യം അന്വേഷിച്ചു...
"ആഹ്..മെന്റലി retarded ആയ ഹരിയുടെ കാര്യമാണോ സുഹറ നീ അന്വേഷിച്ചേ?"
"അതെ ചേച്ചീ..."
"അവന്റെ കൂടെ ഉള്ള ആ സ്ത്രീ ഇല്ലേ.. അവർക്ക് മക്കളില്ല.അങ്ങനെ ഇവനെ വളരെ ചെറുപ്പത്തിൽ ബന്ധുക്കളിൽ നിന്ന് ആരുടെന്നോ ദത്തെടുത്തതാണ്.ഇവരുടെ ഭർത്താവ് hiv പോസറ്റീവ് ആണ്.ഇവനെ ദത്തെടുത്തു കുറച്ചു കഴിഞ്ഞതും അദ്ദേഹം മരണപ്പെട്ടു. അതിനു ശേഷം ഇവർക്കും hiv സ്ഥിതീകരിച്ചു. ഇവന് ഒരു വയസ്സ് കഴിഞ്ഞ ശേഷമാണു അറിയുന്നത് മെന്റലി retarded ആണെന്ന്..ആ ചേച്ചിയുടെ ഒരു അവസ്ഥ ആലോചിച്ചു നോക്കിയേ..എന്നിട്ടും അവർ ഇവനെ എവിടെയും കൊണ്ട് dump ചെയ്യാതെ പൊന്നു പോലെ നോക്കാ..നീ തന്നെ കണ്ടില്ലേ ഇവന്റെ വാശി..ഇതൊന്നുമല്ല ഞാനിത് വരെ കണ്ട എല്ലാ കേസിനെക്കാളും വൈലെന്റ് ആണിവൻ. ഹൈപ്പർ ആണ്.."
"അതെയോ.."
എനിക്ക് ആകെ ആ അമ്മയുടെ മുഖത്തു നോക്കാൻ വിഷമമായി.
പിന്നീട് ഞാൻ ഇവർക്ക് ആശംസ പറയാൻ സദസിൽ കേറി.ആപ്പോഴുണ്ട് ഈ മോൻ എന്നെ പുറകിൽ നിന്നും അവന്റെ അടുത്ത് ഇരിക്കാൻ മാടി വിളിക്കുന്നു.
ഇപ്പോ വരാം എന്ന് ഞാൻ ആംഗ്യം കാണിച്ചു .
പിന്നീട് എനിക്ക് ഇവർക്ക് ഒരു ക്ലാസ് എടുത്തു കൊടുക്കേണ്ടതുണ്ടായിരുന്നു. സ്വയം പര്യാപ്തതയെ കുറിച്ചാണ് ഞാനവരോട് കൂടുതലായും സംവദിച്ചത്.
ഞാൻ പറഞ്ഞ ഓരോ കാര്യങ്ങളും ഓരോ അമ്മമാരും സശ്രദ്ധം ചെവിയോർക്കുന്നുണ്ടായിരുന്നു.
അങ്ങനെ എന്റെ സെഷൻ കഴിഞ്ഞു അവരോട് യാത്ര പറഞ്ഞു അവിടെ നിന്ന് ഞാനിറങ്ങി.അപ്പോഴതാ ഓരോ അമ്മമാരും വന്നു എന്റെ കൈ പിടിക്കുന്നു.
ഇനി എന്നും ഈ കുടുംബത്തിലുണ്ടാകണം , ഞങ്ങളെ സഹായിക്കണം എന്നൊക്കെ ഓരോ ആവശ്യങ്ങളുമായി.
കൂട്ടത്തിൽ ഹരിയുടെ അമ്മയുമുണ്ടായിരുന്നു.
അവർ എന്റെ കൈ പിടിച്ചു..
"മോൾടെ.നമ്പർ താരൊ.. ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ വരൊ" എന്നൊക്കെ ചോദിച്ചു.
ഞാൻ ചിരിച്ചു.
"മോൾ ഞങളെ ഒക്കെ സഹായിക്കണം ട്ടൊ "എന്ന് പറഞ്ഞപ്പോൾ എനിക്കാകെ ഇടങ്ങാറായി..
എങ്ങനെയാ ഞാനിവരെ സഹായിക്കാ..
ഞാനവരുടെ കൈ പിടിച്ചു പറഞ്ഞു.
"നിങ്ങളെ സഹായിക്കുന്നവൻ തീർച്ചയായും ദൈവമാണ്.എനിക്ക് നിങ്ങളുമായി സഹകരിക്കാനും ഏകോപിപ്പിക്കാനും മാത്രമേ കഴിയൂ.അത് എന്നാൽ ആവുന്ന വിധം ഞാൻ ചെയ്യാം."
എന്റെ ആശ്വാസ വാക്ക് അവർക്കൊരിക്കലും തൃപ്തമാകില്ലെന്നറിയാം. എന്നാലും എന്റെ സമാധാനത്തിനു ഞാനങ്ങനെ പറഞ്ഞു.
അവിടെ നിന്നിറങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ എന്റെ കവിളിൽ ഉമ്മ തന്ന ഹരിയും ഇല്ലായ്മയിലും വല്ലായ്മയിലും അവഹേളങ്ങൾക്കിടയിലും അവനെ ചേർത്ത് പിടിച്ച ആ അമ്മയും മനസ്സിൽ ഒരു വിങ്ങലായി അവശേഷിച്ചു.
എല്ലാ ഭാഗ്യങ്ങളുമുണ്ടായിട്ടും ബുദ്ധി മാന്ദ്യം വന്ന കുട്ടികളെ എവിടെയെങ്കിലുമൊക്കെ പറഞ്ഞു വിടാൻ സഹായം ചോദിച്ചു എനിക്ക് മുൻപേ വിളിച്ച പല രക്ഷിതാക്കളുടെയും മുഖം എനിക്ക് ഓര്മ വന്നു...ആ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാ ഇവരെ ദൂരെ കളയുന്നത്.തനിക്ക് കിട്ടിയ അനുഗ്രഹത്തെ കുറിച്ച് ബോധമില്ലാത്തവർ.ഞാനവരെ മനസ്സിൽ ശപിച്ചു.
ഈ അമ്മയും മോനും എന്നും നമുക്ക് വെളിച്ചമാണ്. ഈ ലോകത്തു ഇനിയും നന്മ മരിച്ചിട്ടില്ല എന്ന യാഥാർഥ്യം നമുക്ക് മുന്നിൽ മായാജാലം പോലെ കാണിച്ചു തരുന്നവർ..അമ്മ മാലാഖമാർ..
കറപുരാളാത്ത ഒരായിരം സ്നേഹങ്ങളും ചുംബനങ്ങളും❤❤❤
No comments:
Post a Comment