Thursday, 31 May 2018

വിധി

എന്റെ കുഞ്ഞു നാളിലും വളർച്ചാ ഘട്ടത്തിലും അത്ര മധുരമുള്ള ഓർമ്മകൾ നുണഞ്ഞ ഒരാളല്ല ഞാൻ..
എന്നാലും ഞാൻ വലിയ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും നെയ്തെടുത്തിരുന്നു.ദൈവത്തിൽ എനിക്ക് ഏറെ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നു.ഒരു നാൾ ഈ വിങ്ങളുകളിൽ നിന്നും രക്ഷപ്പെടും എന്നും ഉറപ്പുണ്ടായിരുന്നു.
ഇന്ന് ഒരുപാട് ദൂരവും സമയവും പിന്നിട്ടു.ഞാനെന്തൊക്കെ സ്വപ്നം കണ്ടു അത് ഞാൻ പ്രതീക്ഷിച്ചതിലും നേരെത്തെ അനുഗ്രഹങ്ങളായി എന്നിൽ വന്നു നിറഞ്ഞു.പല അനുഗ്രഹങ്ങളും പ്രാര്ഥിക്കാതെ പോലും കൈ വന്നു.ഇപ്പോൾ ഞാൻ ഇടയ്ക്കു ചിന്തിക്കാറുണ്ട് ജീവിതത്തിലെ കയ്പ്പ് എന്താണെന്ന്..

Yudhakalathile സ്നേഹം

എന്താണ് സ്നേഹം...
എങ്ങനെയാണത്...
എങ്ങനെ ആണത് പ്രകടിപ്പിക്കേണ്ടത്
കൂട്ടിപിടിച്ചു കൊണ്ടോ
ഹൃദയത്തിലേക്ക് ചേർത്ത് വച്ച് കൊണ്ടോ...
അവശ്യസമയത്ത് ഓടിയെത്തുമ്പോഴോ....
നിത്യവും ഓർത്തുകൊണ്ടോ...

എന്റെ കാഴ്ചപ്പാടിൽ ഇങ്ങോട്ട് കിട്ടേണ്ട സ്നേഹത്തെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ഇല്ല..
എന്നാലോ അങ്ങോട്ട് കൊടുക്കുന്നതിനെ കുറിച്ച് അറിയുകയുമില്ല...

കഴിഞ്ഞ ദിവസം ഒരു ഓഡിയോ കേട്ടു..

യുദ്ധത്തിന് പോയ അകലെയുള്ള സുഹൃത്തിനെ കാണാൻ പോകുന്ന ഒരു സുഹൃത്ത്..
അദ്ദേഹം പുറപ്പെടുമ്പോൾ കൂടെ ഉള്ളവർ എതിർക്കുന്നുണ്ടായിരുന്നു.
"നീ അവിടെ എത്തുമ്പോഴേക്ക് അദ്ദേഹം മരിക്കുമെന്ന്" പറഞ്ഞു പിന്തിരിപ്പിക്കുന്നു.

എന്നാൽ സുഹൃത്ത് പറഞ്ഞത്" ഇല്ല ഞാനവനെ ജീവനോടെ കണ്ടുമുട്ടും" എന്നായിരുന്നു..

അങ്ങനെ അദ്ദേഹം യുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കുന്നു.
യുദ്ധക്കളത്തിൽ എത്തിയപ്പോൾ ആത്മാർത്ഥ സുഹൃത്തതാ മരണത്തോട് മല്ലിട്ട് കിടക്കുന്നു..അകലെ നിന്നും ഓടിവന്ന
സുഹൃത്തിനെ കണ്ടു അദ്ദേഹം ഇങ്ങനെ പറയുന്നു, "എനിക്കുറപ്പുണ്ടായിരുന്നു നീ എന്നെ തേടി വരുമെന്ന്..."

എന്തോ ഈ വാക്ക് കേട്ടതും നെഞ്ചിലൂടെ ഒരു ഞെട്ടലും തേങ്ങലും എല്ലാം കടന്നു പോയി...

ഇങ്ങനെയും ഒരാളെ സ്നേഹിക്കാൻ കഴിയുമോ..
എത്ര വലിയ വിശ്വാസത...എത്ര നല്ല പ്രതീക്ഷ.. എത്ര മഹത്തരമായ സ്നേഹം..❤💚

Wednesday, 30 May 2018

എഴുത്തിലെ സ്വാർത്ഥത

മനസ്സ് വിങ്ങുമ്പോൾ എനിക്ക് എഴുത്ത് വലിയൊരു ആശ്വാസമാണ്.എന്നെ മാത്രം കേൾക്കുന്ന ഒരു ആത്മ സുഹൃത്തിനെ പോലെ തോന്നും.മനസ്സിനെ അത്ര മാത്രം മതിക്കുന്ന അനുഭവങ്ങൾ എഴുതി തീരുന്നതോടെ ഞാൻ ശാന്തയാകും.
എല്ലാ എഴുത്തുകളും അങ്ങനെ പൊതുവായി പങ്കുവെയ്ക്കാറുമില്ല.ചില എഴുത്തുകൾ പൂർണമാകാറില്ല.
ചിലപ്പോൾ പൂർണമാക്കാനോ നല്ല രീതിയിൽ രീതിയിൽ conclude ചെയ്യാനോ കഴിയാറില്ല.
അത് മറ്റൊരു വിഷമമാണ്.
പൊതുവായി പങ്കു വയ്ക്കുന്ന എഴുത്തുകളിൽ ചിലത് ചിലപ്പോൾ ചുറ്റുപാടിന്റെ വിങ്ങലിലും വിഹ്വലതയിലും അവസാനിപ്പിച്ചിട്ടുണ്ട്.അര്ഹതപ്പെട്ടവരോട് ചുറ്റുപാട് കാണിക്കുന്ന അനീതി ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്.എന്നാലും അത് നേരെ വായനക്കാരിൽ എത്തിക്കാൻ ഉള്ള എന്റെ ശ്രമം എത്രത്തോളം വിജയം കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല..

എവിടെ എങ്ങനെ പെരുമാറണം എന്നൊക്കെ നമുക്കെല്ലാവർക്കും അറിയാം.എല്ലാവരിലും നന്മ ഉണ്ട്.പക്ഷെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ചങ്കൂറ്റമില്ലായ്മയും അലസതയും നമ്മൾ മനസിലാക്കി വച്ച നന്മയുടെ perspective ഉം എല്ലാം നമ്മെ നന്മ ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.

എന്റെ എഴുത്തുകൾ മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നു ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.എന്റെ മനസ്സിനോട് സംസാരിക്കുന്ന പോലെയാണ് ഞാൻ എഴുതാറുള്ളത്. ഒരു തരം സ്വർത്ഥഭാവം.

ഒരുപാട് നല്ല എഴുത്ത് കാരെ ശ്രദ്ധിച്ചിട്ടുണ്ട് വായിച്ചിട്ടുണ്ട്..അവരുടെ എഴുത്തെല്ലാം ചിന്തകളെ ഉദ്ദീപിച്ചിട്ടുമുണ്ട്‌.
പ്രവർത്തനങ്ങളെയോ കാഴ്ചപാടിനെയോ കാര്യമായി മാറ്റിമറിച്ചിട്ടില്ല. എന്നാൽ പുതിയ അറിവുകൾ നല്ല കാഴ്ചപ്പാട് ഉണ്ടാക്കിയിട്ടുമുണ്ട്.

അപ്പോൾ എഴുത്തിൽ പുതുതായി വരുന്ന അറിവുകളാണ് എന്നെ സ്വാധീനം ചെലുതാറുള്ളത്.എല്ലാവര്ക്കും ഒരുപോലെ ആകണം എന്നില്ല.
അപ്പോൾ പറഞ്ഞു വരുന്നത് എന്റെ എഴുത്ത് തീർച്ചയായും എന്റെ സ്വാർത്ഥതയുടെ ഉപോത്പന്നമാണ്. ചിന്തകളെയും പ്രവർത്തിയെയും സ്വാധീനം ചെലുത്തുന്ന ,കാഴ്ചപ്പാടിന്റെ ഊട്ടിയുറപ്പിക്കന്ന വരികളല്ല. അതിൽ പുതിയ അറിവ് പങ്കു വയ്ക്കപ്പെടുമ്പോഴാല്ലാതെ.

ശുഭം💚

ഹരിദാസ്

എയ്ഡ്സ് രോഗികൾക്കും കുടുംബത്തിനും മറ്റു നിലാരംബരായ ആളുകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയുടെ വാർഷിക പൊതുയോഗത്തിനിടക്കാണ് ഞാൻ ഹരിദാസ് എന്ന മെലിഞ്ഞു ഇരു നിറത്തിലുള്ള 7 വയസ്സുകാരനെ കാണുന്നത്. പിന്നിയതും ഇത്തിരി പഴകിയതുമായ
ക്രീം കളർ ഷാർവാണിയും ചുവപ്പ് പൈജാമയുമാണ് അവന്റെ വേഷം.കണ്ടാൽ തന്നെ അറിയാം ആവശ്യത്തിനു കുസൃതിയും വികൃതിയും നിറഞ്ഞ സ്വഭാവമുള്ള കുട്ടിയാണെന്നു.പരിപാടി തുടങ്ങിയിട്ടില്ല. അത് കൊണ്ട് തന്നെ കുറച്ചു പേരെ പരിചയപ്പെടാം എന്ന് കരുതിയാണ് nokia ഫോണും പിടിച്ചു എന്തൊക്കെയോ അമർത്തികൊണ്ടിരിക്കുന്ന അവന്റെ അരികിൽ എത്തുന്നത്..

"ചേച്ചി ഇരിക്ക്"

"അയ്യോടാ..ഇരിക്കാനുള്ള നേരല്ലല്ലോ..നിന്നെ പരിചയപ്പെടാൻ വന്നതല്ലേ.."ഞാൻ കുശലം കൂടി.

അപ്പോഴേക്കും അവൻ എന്റെ കയ്യിലെ സ്മാർട്ട് ഫോൺ കണ്ടിരുന്നു..

"ചേച്ചി ഇവിടിരുന്നേ"

ഇത്തിരി ഗൗരവത്തിൽ അവനത് പറഞ്ഞത് കൊണ്ട് തൊട്ടടുത്ത കസേരയിൽ ഞാനിരുന്നു.

"ആ ഫോൺ തന്നെ.."

സാധാരണ എല്ലാ കുട്ടികൾക്കും ഞാൻ ഫോൺ കൊടുക്കാറുണ്ട്..പക്ഷെ ഇവന്റെ മുഖം കണ്ടാലറിയാം വാശിയും വികൃതിയും കൂടുതലാണെന്ന്.കൂടുതൽ അടുപ്പം കാണിച്ചാൽ  പിന്നെ എല്ലാവര്ക്കും പ്രയാസം ഉണ്ടാക്കുമെന്നു.അത് കൊണ്ട് തന്നെ ഞാൻ വേഗം ഫോൺ ഒളിപ്പിച്ചു.പക്ഷെ അവൻ കുറെ നേരം അത് പിടിച്ചെടുക്കാൻ ശ്രമിച്ചു.

അപ്പോൾ ഒരു 45 ൽ കൂടുതൽ പ്രായം തോന്നിക്കുന്ന തൊട്ടു മുന്നിലിരിക്കുന്ന സ്ത്രീയെ വിളിച്ചു അവൻ നിലവിളിക്കാൻ തുടങ്ങി.

"അമ്മെ ഈ ചേച്ചി ഫോൺ തരുന്നില്ല.തരാൻ പറ അമ്മെ.."

അത് കേട്ടപ്പോൾ അമ്മ ദേഷ്യത്തോടെ "നിന്റെ കയ്യിൽ ഫോണില്ലേ..അതിൽ കളിക്ക്..അതിൽ വല്യച്ഛനെ ചേച്ചിക്ക് കാണിച്ചു കൊടുത്തെ.. "
എന്ന് പറഞ്ഞു.

ആഹാ അമ്മ psychologically മൂവ് ചെയ്യണല്ലോ..ഞാനും പിന്നെ അതിൽ തൂങ്ങി.

"ആഹാ മോന്റെ ഫോണിൽ ഫോട്ടോ ഒക്കെ ഉണ്ടോ..എവിടെ വല്യച്ഛൻ.. ചേച്ചി നോക്കട്ടെ.."
ഞാൻ മെല്ലെ വിഷയം മാറ്റി..

അവൻ അവന്റെ ഫോണിൽ കുറെ തപ്പി..കിട്ടിയില്ല.

"ചേച്ചിക്ക് എടുക്കാൻ അറിയോ.. എനിക്ക് കിട്ടുന്നില്ല"

"ഉവ്വല്ലോ..തായോ.."

ഞാൻ തപ്പി നോക്കിയപ്പോൾ ഗാലറി empty ആയിരുന്നു..

ഫോൺ തിരിച്ചു പിടിച്ചു ഞങ്ങൾ ഒരു സെൽഫി എടുത്തു.
എന്തോ അത് കണ്ടപ്പോൾ അവനു വലിയ സന്തോഷായി. തിരിച്ചു പിടിച്ചു ഫോട്ടോ എടുക്കാൻ പഠിച്ച സന്തോഷത്തിൽ അവൻ അവന്റെ കുറെ ഫോട്ടോ എടുത്തു.
ഓരോന്നും അവന്റെ അമ്മയ്ക്ക് കാണിച്ചു കൊടുത്തു.

അപ്പോൾ ഞാനിങ്ങനെ ആലോചിച്ചു.ഈ പ്രായമായ സ്ത്രീയെ ഇവനെന്താ അമ്മ എന്ന് വിളിക്കുന്നത്.

എന്നെ പരിപാടിയിലേക്ക് ക്ലാസ് എടുക്കാൻ ക്ഷണിച്ച ശ്രീദേവി ചേച്ചിയോട് ഞാൻ കാര്യം അന്വേഷിച്ചു...

"ആഹ്..മെന്റലി retarded ആയ ഹരിയുടെ കാര്യമാണോ സുഹറ നീ അന്വേഷിച്ചേ?"

"അതെ ചേച്ചീ..."

"അവന്റെ കൂടെ ഉള്ള ആ സ്ത്രീ ഇല്ലേ.. അവർക്ക് മക്കളില്ല.അങ്ങനെ ഇവനെ വളരെ ചെറുപ്പത്തിൽ ബന്ധുക്കളിൽ നിന്ന് ആരുടെന്നോ ദത്തെടുത്തതാണ്.ഇവരുടെ ഭർത്താവ് hiv പോസറ്റീവ് ആണ്.ഇവനെ ദത്തെടുത്തു കുറച്ചു കഴിഞ്ഞതും അദ്ദേഹം മരണപ്പെട്ടു. അതിനു ശേഷം ഇവർക്കും hiv സ്ഥിതീകരിച്ചു. ഇവന് ഒരു വയസ്സ് കഴിഞ്ഞ ശേഷമാണു അറിയുന്നത് മെന്റലി retarded ആണെന്ന്..ആ ചേച്ചിയുടെ ഒരു അവസ്ഥ ആലോചിച്ചു നോക്കിയേ..എന്നിട്ടും അവർ ഇവനെ എവിടെയും കൊണ്ട് dump ചെയ്യാതെ പൊന്നു പോലെ നോക്കാ..നീ തന്നെ കണ്ടില്ലേ ഇവന്റെ വാശി..ഇതൊന്നുമല്ല ഞാനിത് വരെ കണ്ട എല്ലാ കേസിനെക്കാളും വൈലെന്റ് ആണിവൻ. ഹൈപ്പർ ആണ്.."

"അതെയോ.."
എനിക്ക് ആകെ ആ അമ്മയുടെ മുഖത്തു നോക്കാൻ വിഷമമായി.
പിന്നീട് ഞാൻ ഇവർക്ക് ആശംസ പറയാൻ സദസിൽ കേറി.ആപ്പോഴുണ്ട് ഈ മോൻ എന്നെ പുറകിൽ നിന്നും അവന്റെ അടുത്ത് ഇരിക്കാൻ മാടി വിളിക്കുന്നു.
ഇപ്പോ വരാം എന്ന് ഞാൻ ആംഗ്യം കാണിച്ചു .

പിന്നീട് എനിക്ക് ഇവർക്ക് ഒരു ക്ലാസ് എടുത്തു കൊടുക്കേണ്ടതുണ്ടായിരുന്നു. സ്വയം പര്യാപ്തതയെ കുറിച്ചാണ് ഞാനവരോട് കൂടുതലായും സംവദിച്ചത്.
ഞാൻ പറഞ്ഞ ഓരോ കാര്യങ്ങളും ഓരോ അമ്മമാരും സശ്രദ്ധം ചെവിയോർക്കുന്നുണ്ടായിരുന്നു.
അങ്ങനെ എന്റെ സെഷൻ കഴിഞ്ഞു അവരോട് യാത്ര പറഞ്ഞു അവിടെ നിന്ന് ഞാനിറങ്ങി.അപ്പോഴതാ ഓരോ അമ്മമാരും വന്നു എന്റെ കൈ പിടിക്കുന്നു.
ഇനി എന്നും ഈ കുടുംബത്തിലുണ്ടാകണം , ഞങ്ങളെ സഹായിക്കണം എന്നൊക്കെ ഓരോ ആവശ്യങ്ങളുമായി.
കൂട്ടത്തിൽ ഹരിയുടെ അമ്മയുമുണ്ടായിരുന്നു.
അവർ എന്റെ കൈ പിടിച്ചു..
"മോൾടെ.നമ്പർ താരൊ.. ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ വരൊ" എന്നൊക്കെ ചോദിച്ചു.
ഞാൻ ചിരിച്ചു.
"മോൾ ഞങളെ ഒക്കെ സഹായിക്കണം ട്ടൊ "എന്ന് പറഞ്ഞപ്പോൾ എനിക്കാകെ ഇടങ്ങാറായി..

എങ്ങനെയാ ഞാനിവരെ സഹായിക്കാ..
ഞാനവരുടെ കൈ പിടിച്ചു പറഞ്ഞു.
"നിങ്ങളെ സഹായിക്കുന്നവൻ തീർച്ചയായും ദൈവമാണ്.എനിക്ക് നിങ്ങളുമായി സഹകരിക്കാനും ഏകോപിപ്പിക്കാനും മാത്രമേ കഴിയൂ.അത് എന്നാൽ ആവുന്ന വിധം ഞാൻ ചെയ്യാം."
എന്റെ ആശ്വാസ വാക്ക് അവർക്കൊരിക്കലും തൃപ്തമാകില്ലെന്നറിയാം. എന്നാലും എന്റെ സമാധാനത്തിനു ഞാനങ്ങനെ പറഞ്ഞു.

അവിടെ നിന്നിറങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ എന്റെ കവിളിൽ ഉമ്മ തന്ന ഹരിയും ഇല്ലായ്മയിലും വല്ലായ്മയിലും അവഹേളങ്ങൾക്കിടയിലും അവനെ ചേർത്ത് പിടിച്ച ആ അമ്മയും മനസ്സിൽ ഒരു വിങ്ങലായി അവശേഷിച്ചു.

എല്ലാ ഭാഗ്യങ്ങളുമുണ്ടായിട്ടും ബുദ്ധി മാന്ദ്യം വന്ന കുട്ടികളെ എവിടെയെങ്കിലുമൊക്കെ പറഞ്ഞു വിടാൻ സഹായം ചോദിച്ചു എനിക്ക് മുൻപേ വിളിച്ച പല രക്ഷിതാക്കളുടെയും മുഖം എനിക്ക് ഓര്മ വന്നു...ആ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാ ഇവരെ ദൂരെ കളയുന്നത്.തനിക്ക് കിട്ടിയ അനുഗ്രഹത്തെ കുറിച്ച് ബോധമില്ലാത്തവർ.ഞാനവരെ മനസ്സിൽ ശപിച്ചു.

ഈ അമ്മയും മോനും എന്നും നമുക്ക് വെളിച്ചമാണ്. ഈ ലോകത്തു ഇനിയും നന്മ മരിച്ചിട്ടില്ല എന്ന യാഥാർഥ്യം നമുക്ക് മുന്നിൽ മായാജാലം പോലെ കാണിച്ചു തരുന്നവർ..അമ്മ മാലാഖമാർ..
കറപുരാളാത്ത ഒരായിരം സ്നേഹങ്ങളും ചുംബനങ്ങളും❤❤❤

Tuesday, 29 May 2018

കൗസെല്ലിങ് dumps

ഏകദേശം പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വരെ നമ്മളോടൊക്കെ ഒരുപാട് പേർ ചോദിച്ച ഒരു സമാനചോദ്യമുണ്ട്...
ഭാവിയിൽ ആരാകണം... എന്ന്...

എന്റെ അഞ്ചാം വയസ്സ് വരെ ഞാൻ ടീച്ചർ എന്ന് പറഞ്ഞു...
ആറാം ക്ലാസ്സു തൊട്ട് എഴുത്തുകാരി/ ചരിത്രാന്വേഷകി എന്നു പറഞ്ഞു
എട്ടാം ക്ലാസ്സു തൊട്ട് സിവിൽ എഞ്ചിനീയർ എന്ന് പറഞ്ഞു...
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ശാസ്ത്രജ്ഞ എന്ന് പറഞ്ഞു
പ്ലസ് ടു കഴിഞ്ഞപ്പോൾ അഗ്രികൾച്ചറൽ എഞ്ചിനീയർ / സൈക്കോളോജിസ്റ്റ് എന്നൊക്കെ പറഞ്ഞു...

അങ്ങനെ അങ്ങനെ...
ഇനി മത പണ്ഡിതന്മാർ ചോദിച്ചാലോ...
നല്ല ഒരു മുസ്ലിം ആകണം
നല്ല ഭാര്യ ആകണം
നല്ല സാമൂഹ്യ പ്രവർത്തക ആകണം
പ്രഭാഷക ആകണം...

അങ്ങനെ അങ്ങനെ...

ഇത് പോലെ തന്നെ ആകും എനിക്ക് ചുറ്റുമുള്ളവരും പറഞ്ഞിട്ടുണ്ടാകുക...

എന്ത് കൊണ്ടാണ് നമുക്ക് ഒരു കാര്യത്തെ മാത്രം ആവർത്തിച്ച് ഉറപ്പിച്ചു പറയാൻ കഴിയാതിരുന്നത്..?
തീർച്ചയായും നമ്മുടെ അറിവുകൾ അനുഭവങ്ങൾ നവീകരിക്കപ്പെടുന്നത് കൊണ്ട്...മെച്ചപ്പെടുന്നത് കൊണ്ട്...

കൂടാതെ നമ്മുടെ സ്വാഭാവിക ഗുണം നമ്മൾ തിരിച്ചറിയപ്പെടാതെ പോകുന്നത് കൊണ്ട്...
അതുമല്ലെങ്കിൽ നമ്മുടെ സ്വാഭാവിക ഗുണത്തെ രണ്ടാമതായി കണ്ടു സമൂഹം പിന്നാലെ ഓടുന്നത് ഒന്നാമതായി കണ്ടത് കൊണ്ട്..അങ്ങനെ കാണാൻ ചുറ്റുമുള്ളവരാൽ നിര്ബന്ധിക്കപ്പെടുന്നത് കൊണ്ട്...
ഇതൊന്നും കൂടാതെ ലക്ഷ്യ ബോധമില്ലായ്മയും അതിനു വേണ്ടിയുള്ള പരിശ്രമത്തിൽ കാണിക്കുന്ന ആലസ്യവും എല്ലാം...
അങ്ങനെ അങ്ങനെ പല കാരണങ്ങൾ കൊണ്ട്...

ഒരാൾക്ക് ഒരു സ്വാഭാവിക ഗുണം മാത്രമേ ഉള്ളൂ എന്നാണ് നമ്മൾ ധരിച്ചു വച്ചിരിക്കുന്നത്...അത് കൊണ്ടാണല്ലോ ഭാവിയിൽ ആരൊക്കെ ആയി തീരണം എന്തൊക്കെ ആയി മാറണം എന്ന് ചോദിക്കേണ്ടിടത്ത് ആരാവണം എന്താവണം എന്ന് ചോദിക്കുന്നത്...

ഒരാൾക്ക് ചുരുങ്ങിയത് 25 ഓളം സ്വാഭാവിക കഴിവ് ഉണ്ടെന്നു എവിടെയോ വായിച്ചത് ഓർക്കുന്നു...
എന്ന് വച്ചാൽ ഒരാൾക്ക് ഒരേ സമയം ഡോക്ടറും എന്ജിനീയരും ചിത്രകാരിയും ചരിത്രാന്വേഷകിയും എഴുത്തുകാരിയും നിരീക്ഷകനും വാഗ്മിയും ഒക്കെ ആവാം എന്നർത്ഥം...

അതായത് ഓരോരുത്തരും സകലകലാ വലഭി വല്ലഭന്മാരാണെന്നര്ഥം..!

കഴിവുകളെ തിരിച്ചറിയുന്നിടത്തും പരിപോഷിപ്പിക്കുന്നിടതുമാണ് മിടുക്ക് കിടക്കുന്നത്...അപ്പോഴാണ് നമ്മുടെ മനസ്സിൽ ആത്മ വിശ്വാസം കൂടുന്നത്..എല്ലാവരോടും നല്ല രീതിയിൽ പക്വമായി പെരുമാറാൻ കഴിയുന്നത്.

ഡിഗ്രി പഠനം തെരഞ്ഞെടുക്കുന്നിടത്താണ് ഒരിക്കലും തിരുത്തപ്പെടാനാവാത്ത നമ്മുടെ ഭാവി നിർണയിക്കുന്നത് എന്ന തെറ്റായ ധാരണയും നമുക്കിടയിലുണ്ട്..
അത് കൊണ്ടാണ് പഠിച്ച കോഴ്സിലെ അനുബന്ധ ജോലിയെ ഞാൻ ചെയ്യൂ എന്ന വാശിയിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും നടന്നു തൊഴിലില്ലായ്മയെ കുറിച്ച് പരിഭവപ്പെടുന്ന യുവതയെ നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്.

എനിക്ക് തോന്നുന്നു ഒരു പക്ഷെ ചെറുപ്പം തൊട്ടേ ഈ കാഴ്ചപ്പാട് തിരുത്തപ്പെടേണ്ടിയിരിക്കുന്നു..
Multi talented student എന്ന് പറഞ്ഞു കുറച്ചു പേരെ മാത്രം തെരെഞ്ഞെടുക്കാതെ ഓരോരുത്തരിലും ഒരുപാട് തരം ഭാവി വാഗ്ദാനങ്ങളുണ്ടെന്നു കുട്ടികളെ കുഞ്ഞിലെ ബോധ്യപ്പെടുത്തലും അവകൾ പലതും അവരെ കൊണ്ട് തിരിച്ചറിയാൻ വഴികാട്ടികൊടുക്കുകയും തങ്ങളാലാവും വിധം പരിപോഷിപ്പിക്കലുമാണ് , വളർന്നു വലുതായി turn over period ൽ അവരെ ആശയക്കുഴപ്പത്തിലാക്കുന്ന നൂറായിരം carrier guidence classഉം കൗൺസെല്ലിങ്ങും  മറ്റുമൊക്കെ നൽകുന്നതിനേക്കാൾ ഉത്തമം..!
❤❤❤

പൊതുവായി ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഞാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.ഈ വിഷയത്തിന്റെ പ്രാധാന്യം കുറഞ്ഞു പോകുമോ എന്ന് കരുതിയാണ്.

സമൂഹം

#സമൂഹം

ഇന്നിന്റെ കാഴ്ചപ്പാട്...
ഞാനൊഴികെ മറ്റെല്ലാവരുമത്രെ!

ആദിയും സായൂജ്യവും

എന്തോ..
എന്തോ..
വെളിച്ചം
പ്രകാശം
കാഴ്ച...
എന്നിട്ടും ശൂന്യത...

ഇന്നും ഓർമയുണ്ട്...ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുഹ്സിനയുടെ താത്ത മുബശിറ സ്പോർട്സ് ഡേയുടെ അന്ന് ട്രാക്കിലൂടെ വേഗത്തിൽ ഓടി കൊണ്ടിരിക്കുന്നു..
വേഗം കണ്ടപ്പോൾ ഭാവിയിൽ ആ താത്ത ഒരു കായിക താരം ആകുന്നത് ഞാനൊന്നു സങ്കൽപ്പിച്ചു നോക്കി...
അപ്പോഴതാ നെഞ്ചിലൂടെ ഒരു കാളൽ...

ഇപ്പൊ 2005 അടുത്ത കൊല്ലം 2006..അങ്ങനെ 2007 2008...
അല്ലാഹ്...2010 വരെ ഒക്കെ ഞാൻ ഇണ്ടാവോ...ലോകം ഇണ്ടാവോ..
ഞാനിങ്ങനെ ആലോചിച്ചു..

എന്തോ എന്തോ ആ കാളൻ ഇന്നും ഉണ്ട്...നാളെയെ സങ്കല്പിക്കുമ്പോൾ ഒരു തരം ആദി...
എന്താവും എന്ന് ആലോചിക്കുമ്പോൾ മാത്രം...

എന്നാൽ...
എന്താവണം എന്ന് ആലോചിക്കുമ്പോൾ അങ്ങനെ അല്ല..മനസ്സ് കുളിര് കോരും...
ഇന്നും അങ്ങനെ തന്നെ...

എന്താകും
എന്താവണം...
രണ്ടും ഭാവിയെ സംബന്ധിച്ചുള്ളതാണ്..
എന്നിട്ടും എന്താണ് ആദ്യത്തെ കാര്യം സങ്കല്പിക്കുമ്പോൾ ആദിയും രണ്ടാമത്തെ കാര്യം ആലോചിക്കുമ്പോൾ സായൂജ്യവും വരുന്നത്..???

Monday, 28 May 2018

ചിന്തയും പ്രവർത്തിയും

ചിന്തയും പ്രവർത്തിയും
..................................

കഴിഞ്ഞ ദിവസം ഉണ്ടായ രണ്ടു അനുഭവങ്ങൾ എന്റെ മനസ്സിനെ എവിടെയോ പിടിച്ചു വലിക്കുന്നു.

അനുഭവം 1

ഉല്ലുവിന്റെ ഉമ്മാന്റെ കൂടെ മഹല്ലിൽ നിന്നും ഒരു ലെറ്റർ ശെരിയാക്കുന്നതിനു വേണ്ടി 12 മണിക്ക് പള്ളി വരെ ഒന്ന് പോകണം.11 മണിക്ക് കുളിച്ചു ശേഷം കത്തെഴുതി.എന്നിട്ട് ഉണങ്ങാത്ത മുടിയിൽ തട്ടമൊക്കെ ചുറ്റി റെഡിയായി.ഞാൻ എന്തോ തിരക്കിൽ പെട്ടപ്പോൾ
ഉല്ലുവിന്റെ ഉമ്മയെ എ4 ഷീറ്റ് വെടിക്കാൻ മുൻപിൽ വിട്ടയച്ചു.
ശേഷം ഞാൻ സ്പീഡിൽ നടന്നു. ഞാൻ കടക്കടുത്തെത്തി.അപ്പൊ ഉമ്മ പറഞ്ഞു 'അതാ ക്യാഷ് എടുക്കാൻ മറന്നു.നീ ഉല്ലുപെണ്ണിനു ഫോണിൽ വിളിച്ചു ഉമ്മറത്തേക്ക് ക്യാഷ് കൊണ്ട് വരാൻ പറ..'

'ഏയ് അതൊന്നും വേണ്ട ഞാൻ പോയി വേടിച്ചോളാന്നു' പറഞ്ഞു പൊരിവെയിലത്ത് ഞാൻ ഓടി പോയി ക്യാഷ് എടുത്തു വന്നു.

അങ്ങനെ നടന്നു നടന്നു പള്ളി എത്തി.
'ഉമ്മാ ഞാൻ എഴുതി തന്ന ലെറ്റർ എവിടെ..?'

'അയ്യോ..അത് തച്ചു എടുത്തില്ലേ..'

'ഇല്ല...
ഹാ ഉമ്മ പോയി ഉസ്താദിനോട് ആദ്യം നമ്മൾ വന്ന കാര്യം അവതരിപ്പിക്കി..അപ്പോഴേക്ക് ഞാൻ ഓടിപ്പോയി കത്ത് എടുത്തു വരാം '
എന്ന് പറഞ്ഞു ഞാൻ തിരികെ ഓടി ..
വീണ്ടും വന്നു.
അപ്പോഴതാ ഉമ്മ ഉസ്താദിനെ ഒന്നും കാണാതെ അടുത്ത വീട്ടിൽ കേറി ഇരിക്കുന്നു..

ചെറുതായി 'പരിഭവം' വന്നെങ്കിലും പുറത്തു കാണിക്കാതെ പള്ളിയിലേക്ക് നടന്നു...

അപ്പൊ ഞാൻ പറഞ്ഞു വന്നത് മുകളിൽ പറഞ്ഞ പരിഭവത്തെ കുറിച്ചാണ്..

ഉല്ലുവിന്റെ ഉമ്മയുടെ സ്ഥാനത്ത് എന്റെ ഉമ്മയോ ഉപ്പയെ അസലുവോ ആണെങ്കിൽ ഞാൻ എപ്പോഴോ ഭദ്ര കാളി ആവേണ്ട സമയം കടന്നു പോയിരിക്കുന്നു..

പൊരിവെയിലത്ത് എന്റേതല്ലാത്ത ഒരു കാര്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു തലവേദന വന്നതിൽ സ്വാഭാവികമായും എനിക്ക് ദേഷ്യം വരണം..എന്നാൽ എന്ത് കൊണ്ട് ചിലരുടെ മുന്നിൽ അതിനെ അമർത്തി വയ്ക്കുന്നു..സ്വന്തത്തോ മുഖം കനപ്പിക്കുന്നു..

ആ ചിന്ത കുറെ നേരം മനസ്സിൽ ഇങ്ങനെ കുഴഞ്ഞു മറിഞ്ഞു..
എന്തായാലും തിരിച്ചറിവ്...
ല്ലേ...ഇനി സംസ്കരണം...
ദൈവം തുണയേകട്ടെ...

അനുഭവം 2

കഴിഞ്ഞ ദിവസം ഒരു വീട്ടിൽ ചെന്നു. അവിടുത്തെ മൂത്ത സഹോദരി വീട്ടുകാരെ ഒക്കെ കുറ്റം പറയുന്നു.താരം താഴ്ത്തുന്നു. എന്നെ കണ്ടപ്പോൾ എന്നോട് നല്ല സ്നേഹം ഓമനിക്കൽ ഒക്കെ...എന്തായാലും എന്റെ വരവ് അവിടെ കുറച്ച നേരത്തേക്ക് ശാന്തത തീർത്തു..

'ഇത്താ എങ്ങനെ ഉണ്ടായിരുന്നു ഇങ്ങളുടെ അജ്മീർ യാത്ര...'

'അടിപൊളി ആയിരുന്നു തച്ചൂ..ഞങ്ങൾ ഒരുമിച്ചു പോയവരൊക്കെ ഒരേ കുടുംബത്തിലെ ആൾക്കാരെ പോലെ നല്ല സ്നേഹത്തിൽ ആയിരുന്നു.എല്ലാവരും കൊണ്ട് വന്നതൊക്കെ പങ്കു വച്ച്.ആർക്കെങ്കിലും വയ്യായ്ക വന്നാൽ എല്ലാവരും ഒരു പോലെ നോക്കി.എന്തോ പിരിയുമ്പോൾ എല്ലാവരും കരഞ്ഞു..ആകെ സങ്കടമായി...'

'അയ്യോ..അതെയോ.'.ഞാൻ. സങ്കടപ്പെട്ടു.

അപ്പോൾ അത് കേട്ട ആ ഇത്തയുടെ ഉമ്മ ചോദിച്ചു.
'നിനക്ക് 10 ദിവസം കൂടെ വന്നവർ ഒരു കുടുംബത്തെ പോലെ തോന്നി പിരിഞ്ഞപ്പോ കരച്ചിൽ വന്നു..
എന്ന എന്നും അന്നം വിളമ്പുന്ന നിനക്ക് വയ്യാത്തപ്പോ നോക്കുന്ന ഞങ്ങളോട് നീ എന്താ സ്നേഹത്തോടെ പെരുമാറാത്തത്...?'

തിരിച്ചു ആ ithatha സഭ്യമായ മറുപടി ഒന്നും പറഞ്ഞില്ല...

ഈ രണ്ടു അനുഭവവും ഏറെ ചിന്തിപ്പിക്കുന്നു.

വീട്ടിലെ പെങ്ങളുടെ പരിഭവം കേൾക്കാത്ത ഓൺലൈൻ ആങ്ങളമാരും സ്വന്തം മാതാപിതാക്കളെ നോക്കാതെ സേവനത്തിനറങ്ങുന്ന മക്കളെയും ഞാനടങ്ങുന്ന ഉത്തരവാദിത്ത ബോധമില്ലാത്ത യുവതയെയും ഒക്കെ ഓർത്തു പോകുന്നു...!

ഖാദർ ഉപ്പാപ്പ

കഴിഞ്ഞ റമളാനാണ് ഞാൻ ആദ്യമായി കാദർ ഉപ്പാപ്പനെ കാണുന്നത് .അന്ന് അദ്ദേഹം ഷുഗർ കൂടി മൂത്രം പോവാൻ ട്യൂബ് ഇട്ട് തീരെ അവശനായി കിടക്കുകയായിരുന്നു.. വയസുകാലത്ത് മക്കൾക്ക് നോക്കാൻ സമയമില്ലാത്തത് കൊണ്ടും ആദ്യ ഭാര്യ മരണപ്പെട്ടത് കൊണ്ടും അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിച്ചിരുന്നു. കാദർ വാപ്പന്റെ ചന്തം ഇല്ലേലും ആ ഉമ്മ അദ്ദേഹത്തോടൊപ്പം കക്കൂസ് പോലും ഇല്ലാത്ത 300 രൂപയുടെ വാടക മുറിയിൽ മഴവെള്ളം വീഴുന്നേടത്ത് കട്ടിലിനോട് ചേർന്ന് ബക്കറ്റും വച്ച് അദ്ദേഹത്തെ ആവുന്ന പോലെ ശുശ്രുഷിക്കുന്നുണ്ടായിരുന്നു.

പാലിയേറ്റീവ് വൊല്യൂന്ററിങ്ന്ന് ഇടയിലാണ് ഞാനും റഹീമ താത്തയും അങ്ങോട്ട് പോകുന്നത്..അപ്പോൾ മനസ്സിന്റെയും ശരീരത്തിന്റെയും വേദന കൊണ്ട് വാപ്പ കരയുകയായിരുന്നു..

"ഇനി ഞാൻ എങ്ങനെ ജീവിക്കും മകനെ..അവരെന്റെ പെട്ടിക്കട പൂട്ടിച്ചല്ലോ..സാധനങ്ങളെല്ലാം ഇവിടെ കെട്ടിക്കിടന്ന് നശിച്ചല്ലോ..എനിക്കിനി പഴയ പോലെ ആരോഗ്യം എന്നാ തിരിച്ചു കിട്ടാ..."

അദ്ദേഹം വിങ്ങി കൊണ്ടിരുന്നു.
ഭാര്യ തട്ടത്തിന്റെ തലപ്പ് കൊണ്ട് കണ്ണുനീർ മറക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.

"ഇല്ല വാപ്പാ... ഇങ്ങളുടെ അസുഖം ദാ ഇപ്പൊ ബേധമാകും. ആ കട പോട്ടെ..വേറെ നല്ലൊരു പെട്ടിക്കട ഞങ്ങൾ വാപ്പയ്ക്ക് വച്ച് തരും..ഇങ്ങള് പേടിക്കണ്ട.."
റഹീമസിസ്റ്റർ വലിക്കനെ പറഞ്ഞു..

അദ്ദേഹം വീണ്ടും വീണ്ടും ഏങ്ങി ഏങ്ങി ,മക്കൾ നോക്കാത്തതിന്റെയും ഇന്ന് നോമ്പ് തുറക്കാൻ ഒരു തരി അന്നമില്ലാത്തതിന്റെയും മറ്റും പരിഭവങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

"അതിനൊക്കെ അല്ലെ ഞാനും തച്ചുവും ഒക്കെ..."

സിസ്റ്റർ വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

പുറത്തു മഴ ശക്തമായി കൊണ്ടിരുന്നു..
ആ ഇരുണ്ട കഫം മണക്കുന്ന മുറിയിൽ മൂന്നുപേർ കണ്ണീർ തൂവി കൊണ്ടിരിക്കുന്നു.
കാദർ വപ്പയും ഭാര്യയും പിന്നെ ചോർന്നൊലിക്കുന്ന ഓടിൻ വിടവുകളും!

ഞങ്ങളുടെ ആശ്വാസ വാക്കുകളൊന്നും അവിടെ ഫലം കണ്ടില്ല.

നോമ്പ് തുറക്കാൻ തൽകാലത്തിനു ഞങ്ങൾ കയ്യിലുള്ള രൂപ വച്ച് കൊടുത്തു അടുത്ത രോഗിയെ തേടി യാത്രയായി.

തിരക്കിനിടയിൽ പിന്നീട് പലപ്പോഴും ഉപ്പയെ കുറിച്ച് അന്വേഷിക്കാൻ മറന്നു പോയി...

അങ്ങനെ കുറച്ചു നാൾ കഴിഞ്ഞു ഉപ്പാപ്പയുടെ വീട്ടിലെ ഓലമേഞ്ഞ ഉമ്മറത്തെ ആ പഴക്കം ചെന്ന കണ്ണാടി എന്റെ ഓർമയിൽ വന്നു.അന്ന് ഞാൻ റഹീമ താത്തയ്ക്ക് വിളിച്ചു ഉപ്പയെ കുറിച്ച് അന്വേഷിച്ചു.

അദ്ദേഹത്തിന്റെ ഭാര്യക്ക് മാനസികമായി വയ്യാതായെന്നും അദ്ദേഹവും ഭാര്യയും ഇപ്പൊ ഭാര്യവീട്ടിലാണെന്നും അറിയാൻ കഴിഞ്ഞു.പട്ടിണി കിടക്കാതെ നോക്കാൻ മക്കൾ ഉണ്ടായില്ലേലും ഭാര്യവീട്ടുകാരെങ്കിലും ഉണ്ടായല്ലോ എന്നോർത്ത് ഞാൻ ആശ്വസിച്ചു.

അങ്ങനെ വീണ്ടും നാളുകൾ കഴിഞ്ഞു.
മറ്റൊരു കാര്യത്തിന് ഓടികൊണ്ടിരിക്കുന്നതിനിടെ
കഴിഞ്ഞ ദിവസം വീണ്ടും ആ ഒറ്റമുറി വീടിനു മുന്നിലൂടെ ഞാൻ നടന്നു.മുന്നിലെ അയലിൽ ആരുടെയോ നയ്റ്റി അലക്കാൻ ഇട്ടിരിക്കുന്നു..
അപ്പൊ എനിക്ക് ആ ഉമ്മയെ ഓര്മ വന്നു.
ഏയ് അതാവില്ല.ഇത് പുതിയ താമസക്കാരാകും.കാദർ വാപ്പ ഒക്കെ ഇപ്പൊ ഭാര്യ വീട്ടിൽ സുഖമായി കഴിയുന്നുണ്ടാകും.. ഇനി പോയി വാതിൽ മുട്ടിയിട്ട് അടുത്ത ആളുടെ പരിതാപം കേട്ട് സഹായിക്കാൻ ഉള്ള ഒരു കെല്പിപ്പോൾ ഇല്ല എന്നൊക്കെ മനസ്സിൽ ചട്ടം കെട്ടി ഞാൻ അവിടെ കടന്നു പോയി..

പിറ്റേ ദിവസം ഞാൻ വീണ്ടും പാലിയേറ്റീവ് വണ്ടിയിൽ കേറി..
കാദർ വാപ്പന്റെ വീടിന്റെ അടുത്തെത്തിയപ്പോൾ അതാ വലിയൊരു ജനക്കൂട്ടം..

"സിസ്റ്റർ എന്താ അവിടെ..."

"തച്ചു അറിഞ്ഞില്ലേ..കാദർ വാപ്പ മരിച്ചു.ഇന്ന് രാവിലെ..."

"അല്ലാഹ്... ഇന്നലെ...ഞാൻ..."

മനസ്സ് ആകെ വിഷമം കൊണ്ടും കുറ്റബോധം കൊണ്ടും അസ്വസ്ഥമായി...

പറയാൻ വാക്കുകൾ കിട്ടിയില്ല

അപ്പോൾ എന്നെ നോക്കി സിസ്റ്റർ ഇങ്ങനെ പറഞ്ഞു...

"നോക്ക് തച്ചൂ...വയ്യാണ്ടായി കിടക്കുമ്പോൾ തിരിഞ്ഞു നോക്കാൻ ഒരാൾ ഉണ്ടായിരുന്നില്ല.ഉണ്ടായിരുന്ന പെട്ടിക്കട വരെ പൂട്ടിച്ചു നാട്ടുകാർ. .ഇപ്പൊ മരിച്ചപ്പോളിതാ ഇവിടൊന്നും മഷിയിട്ടാ പോലും കാണാത്ത നാട്ടുകാരും വീട്ടുകാരും ബന്ധുക്കാരും!
എന്തായാലും പരിശുദ്ധറമളാൻ മാസത്തിലാണല്ലോ അല്ലാഹു അദ്ദേഹത്തെ കൊണ്ട് പോയത്.."

"സത്യം റഹീമാത്താ
ഞാനും അപ്പൊ അതാണ് ആലോചിച്ചത്..!"

എന്തോ ഇപ്പോഴും ആ തേങ്ങൽ മാറിയിട്ടില്ല..ബന്ധങ്ങൾ നട്ടുനനക്കുന്നതിൽ ഞാൻ കാണിക്കുന്ന ആലസ്യം എന്നെ വിഷമത്തിലാഴ്ത്തുന്നു..
കുറ്റബോധവും ആ ആൾക്കൂട്ടത്തോടുള്ള പുച്ഛവും പരിഭവവും വിഷമാവുമാണ് ഈ അനുഭവം നിങ്ങൾക്ക് മുന്നിൽ അക്ഷരങ്ങളിലൂടെ പകുത്തു വയ്ക്കാൻ ഞാൻ ശ്രമിച്ചത്..

26 5 18