#ഇന്നത്തെ മഹാഭാഗ്യം
9 മണിക്കാണ് എക്സാം തുടങ്ങുക
7 മണീടെ വിപിക്ക് പോയാല്‍ 8:30 നു കോളേജ് എത്താം എന്ന കണക്കുകൂട്ടലിലാണ് തൃശ്ശൂര്‍ക്ക് ബസ് കയറിയത്
വാണിയമ്പാറ എത്തുന്നത് വരെ വളവും തിരിവും നിറഞ്ഞ സാധാരണ റോഡാണ്
അവിടുന്ന് NH ലേക്ക് കയറും
പിന്നെ ബ്ലോക്കൊന്നും ഇല്ലേല്‍ യാത്ര സുഖകരമാണ്
പറഞ്ഞു നാവെടുത്തില്ല
അതാ ബ്ലോക്ക്
ബ്ലോക്കെന്നു പറഞ്ഞാല്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്തത്ര ബ്ലോക്ക്
എക്സാമിന്‍റെ കാര്യം ഓര്‍ത്തപ്പോള്‍ മനസില്‍ ടെന്‍ഷന്‍ പടര്‍ന്നു
റോങ്ങ് സൈഡിലൂടെ മുന്നോട്ടെടുത്തതിനു പിഴയടപ്പിക്കാന്‍ പോലിസ് മായാജാലക്കാരനെ പോലെ പറന്നെത്തി
ആകെ ബഹളം
ഹോണുകളുടെ ശിങ്കാരി മേളവും ആളുകളുടെ കലപിലയും നെഞ്ചിടിപ്പിന്‍റെ വേഗത കൂട്ടി
ബസ് അരിച്ചരിച്ച് കുതിരാന്‍ വളവ് പിന്നിടുമ്പോഴേക്കും സമയം 8:30
എന്താപ്പോ ഇങ്ങനൊരു ബ്ലോക്കുണ്ടാവാന്‍ കാരണം എന്നാലോചിച്ച് നില്‍ക്കുമ്പൊഴാണ് കുറേ പേര്‍ ഓറഞ്ചുകള്‍ സഞ്ചിയില്‍ കൊണ്ട് വന്ന് തുച്ഛ വിലക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്
അപ്പോ അതാണ് കാര്യം
ഓറഞ്ചുമായ് വന്ന ഒരു ചരക്കു ലോറി റോഡിനു കുറുകെ മറിഞ്ഞിരിക്കുന്നു
ക്രൈന്‍ കൊണ്ട് വണ്ടി സൈഡിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ യാത്രക്കാര്‍ ഓറഞ്ച് പെറുക്കാന്‍ ധൃതി കൂട്ടി ബ്ലോക്കുണ്ടാക്കിയിരിക്കുകയാണ്
ലാത്തി വീശും പോലെ പോലിസുകാര്‍ ആളുകളെ ആട്ടിപ്പായിപ്പിക്കുന്നുമുണ്ട്
ആള്‍ക്കാരുണ്ടോ അടങ്ങുന്നു
സമയം 9 മണി കഴിഞ്ഞു
എനിക്ക് കരച്ചില്‍ വരാന്‍ തുടങ്ങി
കൂറേ നേരത്തെ ബ്ലോക്കിനൊടുവില്‍ 10 30 ന് ബസ് തൃശൂരെത്തി
അപ്പോളാണ് ഒരു മാന്യന്‍ വന്നിട്ട് ഇന്നത്തെ മഹാഭാഗ്യം എന്നു പറഞ്ഞ് വിളിച്ചു കുവുന്നത്
ആരോടൊക്കെയോ ഉള്ള അമര്‍ഷത്തോടെ ബാഗ് ഒന്നൂടെ തോളിലേക്ക് വലിച്ചിട്ട് ഞാന്‍ കോളേജ് ലക്ഷ്യമാക്കി നടന്നു
അപ്പോഴും ആ ലോട്ടറിക്കാരന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു....
No comments:
Post a Comment