Tuesday, 1 August 2017

അറിയാനുണ്ട് ആത്മാവുകൾ..ഒറ്റമുറി ജീവിതങ്ങൾ

നമ്മളുടെ വീട്ടിലേക്ക് പ്രതീക്ഷിക്കാതെ ഒരു അതിഥി വരുന്നുണ്ടെന്ന് അറിഞ്ഞാൽ നമ്മളെന്താണ് ആദ്യം ചെയ്യുക..ഓടും ചിക്കൻ കടയിലേക്ക്..ല്ലേ..പിന്നെ അതിന്റെ ബാക്കി സാധങ്ങൾക്കായി ഓടും..എല്ലാം വേടിച്ചു കൊടുന്നു ഏറ്റവും രുചികരമായ ഭക്ഷണമുണ്ടാക്കി നിരത്താവുന്ന പലഹാരങ്ങളൊക്കെ അഥിതികൾക്ക് മുന്നിൽ നിരത്തി ഒരു പറച്ചിലുണ്ട് "വരവ് പെട്ടെന്ന് ആയത് കൊണ്ട് കാര്യമായി ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല..ഉള്ളത് കൊണ്ട് എല്ലാവരും നന്നായി കഴിക്കണേ.. ഒന്നും വിചാരിക്കരുതെ" എന്നൊക്കെയുള്ള സങ്കടപ്പെടലുകൾ...

എന്നാൽ പ്രതീക്ഷിക്കാതെ ഒരതിഥി വരുന്നുണ്ടെന്ന് അറിഞ്ഞാൽ പറ്റുകടയിൽ പോയി
"ഇച്ചിരി അരിയും ഉപ്പും തയോ ,ലോണിന് അപേക്ഷിച്ചിട്ടുണ്ട് ,പാസ്സായാൽ എല്ലാ പറ്റും തന്നു തീർക്കാമെന്നു" കെഞ്ചുന്ന ആൾക്കാർ നമുക്ക് ചുറ്റും തന്നെയാണ് ജീവിക്കുന്നതെന്നു കേട്ടാലോ...

അങ്ങനെ ഒരു വീടാണ് മണികണ്ഠന്റെത്..
റഹീമ സിസ്റ്ററുടെ കൂടെ palliative volunteer ആയിട്ടാണ് അന്ന് ഞാൻ മണിയേട്ടന്റെ വീട്ടിൽ എത്തുന്നത്..വണ്ടിയുടെ ശബ്ദം കേട്ടതും ഭാര്യ മഞ്ജു മുഖത്തു പ്രകാശിക്കുന്ന ചിരിയുമായി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു..

"മണിക്ക് ഇപ്പൊ എങ്ങനുണ്ട്?" നഴ്സ് വണ്ടിയിൽ നിന്ന് ഇറങ്ങാതെ തന്നെ ചോദിച്ചു..

"കുഴപ്പൊന്നുല്ല അങ്ങനേ പോണു..ബിപി ഇപ്പൊ കുഴപ്പല്യ.."
മഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു

"ഹാ എന്നാൽ ഞങ്ങൾ കേറുന്നില്ല..കുഴപ്പൊന്നുല്യല്ലോ.."പിന്നെ വരാമെന്ന് റഹീമ താത്ത പറഞ്ഞു..

"അയ്യോ അങ്ങാനല്ല..
ഏട്ടൻ നിങ്ങളെ കാണാനിട്ടു അന്വേഷിക്കുന്നുണ്ട്.. എന്നെ ഇടക്കിടക്ക് തെറി പറഞ്ഞോണ്ടിരിക്കാണ്..
പെൻഷൻ വന്ന പൈസ ഞാൻ കീശയിൽ നിന്ന് എടുത്തു.. പകരം 10 രൂപ നോട്ട് വച്ച് കൊടുത്തു..അത് പിടിച്ചിട്ടില്ല.."

"ഹമ്പടി മഞ്ചൂ... അങ്ങനെയൊക്കെ ചെയ്യാവോ.." നേഴ്സ് ചിരിച്ചു കണ്ണിറുക്കി കൊണ്ട് ചോദിച്ചു..

"പിന്നെ വീട്ടില് കഞ്ഞിൻവയ്ക്കണ്ടേ..
മോനും പോൾക്കും സ്കൂളില് പോകാൻ പൈസ കൊടുക്കണ്ടേ ...അതിനൊക്കെ ഞാൻ പിന്നെ ആരെടുത്താ പോകാ..തെറി കേൾക്കന്നെ.."
മഞ്ജു ചേച്ചി കൈ മലർത്തി കൊണ്ട് പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ മണിയേട്ടനെ കാണാൻ കൊതിയായി..ഞങ്ങൾ അദ്ദേഹത്തിന്റെ വീടെത്തി..കയറി ചെന്നതും ഒരു ഹാൾ പിന്നെ അടുക്കള.. വേറൊന്നുമില്ല..ഇടുങ്ങിയ ഹാളിന് കുറുകെ ഇട്ട കട്ടിലിൽ അദ്ദേഹം കിടക്കുന്നു..
നേഴ്സ് കുറെ നേരം മിണ്ടാതിരുന്നു..

എന്നിട്ട് എന്നോട് സ്വകാര്യത്തിൽ പറഞ്ഞു..
"തച്ചൂ.. ഇദ്ദേഹത്തിന് ഒരു ആക്സിഡന്റ് പറ്റി.. കൂടാതെ കണ്ണിന്റെ കാഴ്ചയും നഷ്ടമായി..സ്പഷ്ടമായി സംസാരിക്കുകയുമില്ല..ഓർമക്കുറവുമുണ്ട്..എന്നാൽ ഞാൻ വന്നാൽ അപ്പൊ തിരിച്ചറിയും.."

ആഹാ കൊള്ളാല്ലോ ഞാൻ മനസ്സിൽ പറഞ്ഞു..

താത്ത കുറച്ചു നേരം അദ്ദേഹത്തിന്റെ അടുത്ത് പോയി ഇരുന്നു.
അത്ഭുതം അദ്ദേഹം അവരെ തിരിച്ചറിഞ്ഞു..കരയാൻ തുടങ്ങി..ഇത്രേം ദിവസം കാണാഞ്ഞതിന്റെ പരിഭവവും അസുഖം കൂടുന്നതിനെ കുറിച്ചുള്ള അവലാതിയും തൂങ്ങിയാടിയ വാക്കുകൾ കൊണ്ട് അദ്ദേഹം പറഞ്ഞു തീർത്തു..

"ഹാ കരഞ്ഞിട്ടൊന്നും കാര്യമില്ല..ഞാൻ പോകുവാണ്‌..ഇങ്ങള് ഇന്നേ അന്വേഷിക്കാറൊന്നുമില്ല എന്നാ മഞ്ജു പറഞ്ഞത് "..
താത്ത തമാശക്ക് പറഞ്ഞു..
മൂപ്പർ പിന്നെയും കരയാൻ തുടങ്ങി..
"ഇൽയ്യാ ഇയ്യാ മഞ്ജുവിനോട് ഞാൻ നിങ്ങളെ അന്വേഷിക്കാറുണ്ട് "എന്ന് എങ്ങി ഏങ്ങി അദ്ദേഹം പറഞ്ഞു..

"നേഴ്സേ.. മൂപ്പർക്ക് എത്ര കൊടുത്താലും ഒന്നും തരുന്നില്ലെന്നാ പറയുന്നേ..ഒന്നും ഓര്മ ഇല്ല..പോക്കറ്റ് കാലിയായാൽ അപ്പൊ എന്നെ ചീത്ത വിളിക്കാൻ തുടങ്ങും..മൂപ്പർക്ക് ഇടക്കിടക്ക് കീശ കനമുണ്ടൊന്നു തൊട്ടു നോക്ക്യോണ്ടിരിക്കണം..പിന്നെ ഇങ്ങനെ കൂടെ കൂടെ ബെഡിൽ മൂത്രമൊഴിക്കാ..ഇങ്ങേരെ ഇവിടെ ഒറ്റക്കാക്കി ഒരു പണിയും ചെയ്യാൻ വയ്യ..പഞ്ചായത്തു പണിക്കു പോലും പോകാൻ വയ്യ..
എങ്ങനാ പോവാ തിരിച്ചു വരുമ്പോഴേക്ക് ഇതല്ലേ കൂത്ത്.."

അവർ വളരെ വിഷമത്തോടെ പറഞ്ഞു..

"മണിയെട്ടാ" നേഴ്സ് മണിയേട്ടനെ നീട്ടി വിളിച്ചു.

"ഓ..."

"നിങ്ങളിങ്ങനെ മഞ്ജുവിനെ വിഷമിപ്പിച്ചാൽ ഞാൻ പിന്നെ ഈ വഴിക്ക് വരൂല്ലട്ടാ.." നേഴ്സ് സ്നേഹത്തോടെ സ്വരം കടുപ്പിച്ചു താക്കീത് നൽകി..

ഞാൻ മഞ്ജുനെ കഷ്ടപ്പെടുത്തുന്നില്ലെന്നു അദ്ദേഹം അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞു..മഞ്ജു ചേച്ചിയാണ്‌ ഞങ്ങൾക്ക് അത് തർജമ ചെയ്തു തന്നത്..

"ഉം..പിന്നെ എന്തൊക്കെയുണ്ട് വിശേഷം..അങ്ങേരുടെ വീട്ടിൽ നിന്ന് വല്ല സഹായവും ഉണ്ടോ..?"

"ഓ...മൂപ്പരുടെഅനിയൻ എല്ലാ മാസവും 500 രൂപ അയച്ചു തരും..അതോണ്ട് എന്താ ഇപ്പൊ തികയാ..ന്നാലും തരുന്നത് വേടിക്കും"

"ഉം..മഞ്ജുന്റെ വീട്ടിൽ നിന്നോ..?"നേഴ്സ് തിരക്കി..

"ഒന്നും പറയണ്ട..അവര് വന്നാൽ ന്തെങ്കിലും ഒക്കെ തരും..പക്ഷെ അവര് വന്നാൽ ഇവിടെ ഒരു കഞ്ഞി പോലും വച്ച് കൊടുക്കാൻ ഉണ്ടാകില്ല..പല ചരക്ക് കടയിൽ മൂക്കറ്റമുണ്ട് കടം..
പലപ്പോളൊക്കെ അയാൾ തരാറില്ല..അല്ല അവരെയും പറഞ്ഞിട്ട് കാര്യല്ല..ചിലപ്പോ മനസ്സ് മുട്ടി അരി എങ്കിലും തരും..
തെങ്കിലും ഒരു ലോൺ പാസ്സായാൽ മതിയായിരുന്നു..എന്നിട്ട് വേണം അവിടെ ഒരു പതിനയ്യായിരമെങ്കിലും കൊടുക്കാൻ.."
മഞ്ജു ചേച്ചി ഇത് പറഞ്ഞപ്പോൾ ഞാൻ ശെരിക്കുമൊന്നു ഞെട്ടി..

എന്റെ നാട്ടിലാണോ ഇതൊക്കെ സംഭവിക്കുന്നത് എന്ന് ആലോചിച്ചപ്പോൾ നെഞ്ചോന്ന് പിടഞ്ഞു..
വല്ലാത്തൊരു ദുഃഖത്തോടെയും വളരെ പെട്ടെന്ന് തന്നെ അവർക്കൊരു ലോൺ പാസ്സാകട്ടെ എന്നും പ്രാര്ഥിച്ചിട്ടാണു ഞങ്ങൾ അവിടുന്ന് ഇറങ്ങിയത്..
കുടുംബത്തിന്റെഅത്താണിയായ ഒരു പുരുഷനും സ്ത്രീക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ ..മറ്റുള്ള രോഗങ്ങളെ പോലെ അല്ലല്ലോ ..
കൂടെ എപ്പോഴും ഒരാൾ വേണം..
അവർക്കും സമ്പാദിക്കാനും കുടുംബത്തിന്റെ അന്നതിനും വേണ്ടി പുറത്തു പോകാൻ പറ്റാത്ത അവസ്ഥ...

ഓരോ രോഗികളും ഓരോ വിങ്ങലാണ്..ഓർമപ്പെടുത്തലാണ്..ആവുന്നത് പോലെ സഹായിക്കാം എന്ന് പറഞ്ഞാണ് ഓരോ വീട്ടിൽ നിന്നും ഇറങ്ങുക..

തീർന്നിട്ടില്ല...ഒറ്റമുറി ജീവിതങ്ങൾ..അറിയാനുണ്ട് ഇനിയും ഒരുപാടൊരുപാട്...
തുടരും
സുഹറ

No comments:

Post a Comment