#വാക്കുകൾ കൊണ്ട് കുഞ്ഞുങ്ങളെ വേദനിക്കുമ്പോൾ...
മൈലാഞ്ചി മോഹിച്ച കുട്ടിക്കാലം
വളരെ പണ്ടാണ്..എന്ന് വച്ചാൽ എനിക്ക് വയസ്സ് 4 നും 7 നും ഇടയിൽ എപ്പോഴോ ഒരിക്കൽ..
കസിൻ സഹോദരിയുടെ കല്യാണ തലെന്നാണ് സംഭവം..
കല്യാണ പെണ്ണിന് മൈലാഞ്ചി ഇട്ടു കൊടുക്കാൻ കൂട്ടുകാരി വന്നിട്ടുണ്ട്..ഞങ്ങൾ കുട്ടികളൊക്കെ വലിയ ആവേശത്തിലാണ്..കൈ നിറയെ ചന്തത്തിൽ മൈലാഞ്ചി ഇടൽ കുഞ്ഞുനാൾ മുതലേ ഓരോ മുസ്ലിം കുട്ടിക്കും വലിയ പൂതിയും സന്തോഷവുമാണ്..അതിങ്ങനെ കയ്യിലിട്ടു ഊതിയും കാറ്റത്ത് കാണിച്ചും വേഗം ഉണക്കി ആരുടേതാണ് കൂടുതൽ ചോക്കുന്നതെന്നു മത്സരിച്ചു നോക്കും..പിന്നെ ആ മൈലാഞ്ചി ഇട്ട കയ്യിന്റെ മണം.. അതു പോകുവോളം സ്വന്തം കയ്യിൽ ഇങ്ങനെ ഉമ്മ വച്ചു കൊണ്ടിരിക്കും..എന്നിട്ടും പൂതിയും മുഹബ്ബത്തും മാറാഞ്ഞാൽ മുതിർന്നവരെ കൊണ്ട് മണപ്പിക്കും..
അങ്ങനെ മൈലാഞ്ചിയുടെ മണത്തോടും മൊഞ്ചിനോടും ആർത്തി മൂത്തിട്ടു മൈലാഞ്ചി ഇടാനായി കല്യാണങ്ങളും പെരുന്നാളുകളും കൂടാതെ പലപ്പോഴും 25 പൈസ തുട്ടുകൾ ഒരുക്കൂട്ടി വച്ചും കാത്തിരുന്ന ഒരു കുട്ടിക്കാലം..കല്യാണ വീടുകളിൽ കല്യാണപെണ്ണിനു മൈലാഞ്ചി ഇടുന്നതിനു മുൻപ് തന്നെ കുട്ടികൾക്ക് ഇട്ടു കൊടുക്കണം..അല്ലേൽ പിന്നെ ഒടുക്കത്തെ വാശിയും അലറിക്കരച്ചിലുമാണ്..
അങ്ങനെ താത്തയുടെ കല്യാണത്തിന്റെ അന്ന് എന്റെ ഊഴമായി..കല്യാണ പെണ്ണിന് വളരെ മൊഞ്ചോടെയും ശ്രദ്ധയോടെയും ഇട്ടു കൊടുക്കുന്നതിന്റെ ഇടയിലാണ് പൂതി മൂത്തു ഞാൻ കൈ നീട്ടുന്നത്..
ഓ ഇവളല്ലേ പുതിയെണ്ണ് എന്ന് പറഞ്ഞു കൂടെയുള്ളവർ ചിരിച്ചു കൊണ്ട് കളിയാക്കി..ആ ചിരിക്കിടയിൽ കലാകാരി നമ്മടെ കയ്യിൽ അത്യാവശ്യത്തിനു കുളമാക്കി കുറെ വരകൾ കുത്തി വരഞ്ഞു..
വളരെ സന്തോഷത്തോടെ ഞാൻ എന്റെ കുഞ്ഞി കയ്യിലേക്ക് നോക്കിയപ്പോൾ മൈലാഞ്ചി അലക്ഷ്യമായി ചീറ്റിച്ചു എന്റെ കൈ ആകെ വൃത്തികേടാക്കിയിരിക്കുന്നു..
കരച്ചിലാണോ ദേഷ്യമാണോ വന്നതെന്നറിയില്ല..ഓടി പോയി കൈ കഴുകി..
പക്ഷെ ആ സംഭവം ഹൃദയത്തിൽ വല്ലാത്തൊരു വേദന ഉണ്ടാക്കിയിരുന്നു..ഇന്നും അതോർക്കുമ്പോൾ ഹൃദയത്തിലൊരു നോവുണ്ട്...
ഇന്ന് ഞാൻ വലുതായി..ഇപ്പോൾ പലപ്പോഴായി എന്റെ അടുത്തേക്ക് ചെറുതും വലുതുമായ ഒരുപാട് പേർ മൈലാഞ്ചി ഇടാൻ വരാറുണ്ട്..പല പെരുന്നാൾ രാവും കല്യാണ രാവും ഒരുപാട് പേർക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു പിരടിയും കയ്യും വേദനിച്ചിട്ടുണ്ട്..
പല കല്യാണ വീടുകളിലും കുഞ്ഞു കുട്ടികൾ മൈലാഞ്ചി ഇടാൻ ഓടി വരാറുണ്ട്..
കൂട്ടത്തിൽ ഇച്ചിരി വികൃതി കൂടിയ ആൺകുട്ടികളും..അവർക്ക് പെൺകുട്ടികളുടെ അത്രക്ക് ക്ഷമ ഉണ്ടാകില്ല..പെട്ടെന്ന് ഇട്ടുകൊടുക്കുകയും വേണം ,പെട്ടെന്ന് ചുവക്കുകയും വേണം..അത് കൊണ്ട് തന്നെ ഈ വികൃതികളും, കുറുമ്പത്തികളായ ചില പെൺകുട്ടികളും ഇട്ടു കൊടുത്ത ഉടനെ ഓടിപ്പോയി കഴുകും..അല്ലേൽ ആരുടെയെങ്കിലും ഡ്രെസ്സിന്റെയോ കർട്ടണിന്റെയോ ചുമരിന്റെയും മേലെ ഒക്കെയോ പോയി തുടയ്ക്കും..ചില മഹാന്മാർ ഒരു ഉളുപ്പുമില്ലാതെ ഓടി വന്നു വീണ്ടും കൈ നീട്ടും..
കുട്ടികളുടെ ഈ കുറുമ്പത്തരം കണ്ടിട്ട് പല അമ്മമാരും ആദ്യം തന്നെ പറയും ഇവൾക്ക് ഇട്ടു കൊടുക്കേണ്ട ഇപ്പൊ തന്നെ കളയും ചോക്കാൻ സമ്മയ്ക്കൂല്ല..എന്നൊക്കെ..
ചില അമ്മമാര് പറയൽ മോൾ എന്തേലും ഒന്ന് കുത്തി വരഞ്ഞൊടുത്താൽ മതി വെറുതെ സമയം മേനക്കെടുത്തണ്ട എന്നൊക്കെ..
ഇങ്ങനെ കുട്ടികളുടെ കണ്ണിൽ പൊടിയിടാൻ പല ഐഡിയകളും ചുറ്റിലുമുള്ളവർ പറയും..
ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് എന്റെ ബാല്യം ഓര്മ വരും..ആ കല്യാണ രാവ് ഓര്മ വരും..
പിന്നെ എന്നെ കൊണ്ടാവുന്ന പോലെ മനോഹരമായും നല്ല ഡിസൈനുകളോട് കൂടിയും ആ കുഞ്ഞു കൈകളിൽ ചെറുപുഞ്ചിരിയോടെ മൈലാഞ്ചി ഇട്ടു കൊടുക്കും..
കാര്യങ്ങൾ ഈ മൈലാഞ്ചി ഇട്ടു കൊടുക്കലിൽ മാത്രം ഒതുങ്ങുന്നില്ല..
ഒരുപാടൊരു ഉദാഹരണങ്ങളുണ്ട്..കുട്ടികൾ എങ്ങാനും വിഷമിച്ചു കരഞ്ഞാലോ ഇവൾക്ക് ഒടുക്കത്തെ വാശിയാ.. മൊട്ടേന്നു വിരിഞ്ഞിട്ടില്ല..നല്ലതേ പറ്റൂ.. വലിയ വർത്താനെ പറയൂ തുടങ്ങി അവരെ വീണ്ടും തളർത്തി കൂടുതൽ വാശി കൂട്ടികൊണ്ട് ഒരുപാട് കുത്തു വാക്കുകൾ പറയും..ചിലർ അടിക്കാനും മടിക്കാറില്ല..
അതെത്രത്തോളം അവരുടെ മനസ്സിൽ പതിക്കുന്നുണ്ടെന്നു ആരും ഓർക്കാറില്ല..
ഏറ്റവും വില കൂടിയത് സമ്മാനിക്കണം എന്നല്ല ഏറ്റവും മനോഹരമായതും ഹൃദ്യമായതും അവർക്ക് പരിഗണിച്ചു കൊടുക്കണം എന്നെ പറയാനുള്ളൂ..അവിടെയാണ് നല്ലൊരു കുഞ്ഞിനേയും വലുതായാലും സ്നേഹമുള്ള മകനെയും മകളെയും വാർത്തെടുക്കാൻ കഴിയുകയുള്ളൂ..
ചിത്രം
ഇന്നലെ ഷാഹിനമോളും ഹാഷിമും വീട്ടിൽ വന്നു പോകാൻ നേരത്തു തസ്‌ലി താത്തയുടെ ചുമരിലുള്ള ചിത്രം ഞങ്ങൾക്കും വരച്ചു തരണമെന്നു തിരക്കിട്ട് ആവശ്യപ്പെട്ടപ്പോൾ മിനുട്ടുകൾ കൊണ്ട് വരച്ചു കൊടുത്തത്..എനിക്കറിയാം ഇത് അത്രക്കൊന്നും നന്നായിട്ടില്ലെന്നു..പക്ഷെ കുട്ടികളുടെ സന്തോഷം അവർക്കിഷ്ടമായെന്നുള്ള ചിണുങ്ങി പറച്ചിൽ..ഇവിടുന്നു തന്നെ പശ ഒട്ടിച്ചു വീട്ടിൽ പോയതും അത് ഒട്ടിക്കണമെന്നു പറയുന്ന ഹാഷിമിന്റെ മുഖത്തെ ആവേശം എല്ലാം എല്ലാം മനസ്സിലെ പണ്ടത്തെ ആ മുറിവ് ഉണ്ടാക്കുന്നത് പോലെ ആയിരുന്നു...
ദൈവത്തിനു സ്തുതി..
No comments:
Post a Comment