Tuesday, 22 January 2019

അനകയും മുത്തിയും

ഹൃദയങ്ങൾ തേടിയുള്ള യാത്രകളിൽ നിന്നൊരേട്.
__________________________

കുറെ നാളായി അനഘ മോൾ പരിഭവത്തിലാ.
ഓളെ കാണാൻ ചെല്ലാഞ്ഞിട്ടു.
ഇത്തവണയാണ് ഒന്ന് ഒത്തു കിട്ടിയത്.

എന്റെ കൂടെ കളിക്കാനും ഇറങ്ങാൻ നേരം എന്റെ ഉമ്മ കിട്ടാനും ശേഷം ഒരു കൂട്ട സെൽഫി എടുക്കാനും പിന്നെ
വരക്കാനുള്ള drawing  ബുക്ക് കിട്ടാനുമൊക്കെയാണ് അവളെന്നെ കാത്തിരിക്കുന്നത്.

ഇത്തവണ പോയപ്പോ ആളാകെ മാറിയിരിക്കുന്നു.
പട്ട്പാവാടയൊക്കെ ഇട്ട് മുടിയൊക്കെ നീട്ടി വളർത്തി എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു.

"ഇതെന്താ ഇങ്ങനൊരു മാറ്റം ?
ഈ വീട്ടിലെ അച്ഛനേം അമ്മനേം നോക്കേണ്ട ആകെള്ള ആൺ തരിമോളല്ലേ ഇവള്?"
ഞാൻ കളിയാക്കി ചോദിച്ചു.

"ചേച്ചിമാരെ ഒക്കെ കല്യാണം കഴിപ്പിച്ചിട്ട് ഞാൻ അച്ഛനേം അമ്മയേം നോക്കും."
അവൾ കുണുങ്ങി പറഞ്ഞു.

ഞങ്ങൾ പിന്നെ അടുത്ത വീട്ടിലെ മുത്തിയെ കാണാൻ പോയി.
കാറ്റത്ത് ഇടിഞ്ഞു വീണ വീടിന്റെ പിന്നാമ്പുറത്ത്  ടാർപായ കൊണ്ടൊരു കുഞ്ഞു ഷെഡുണ്ടാക്കിയിട്ടു അതിന്റെ അരികിൽ ഉണക്കാനിട്ട പുളിയുടെ കുരു കളയുകയായിരുന്നു മുത്തിയമ്മ.

ഞങ്ങളെ കണ്ടതും മുത്തി സന്തോഷം കൊണ്ട് എണീറ്റ് വന്നു എന്റെ കയ്യിൽ പിടിച്ചു.
"എന്റെ മകൻ എപ്പ വന്ന്‌?"

"ദേ ഇത്തിരിയെ ആയുള്ളൂ"

"എന്റെ മകന് എന്താ കഴിക്കാൻ തരാ.ചായ വയ്ക്കട്ടെ."

"ഏയ് ഒന്നും വേണ്ട."

"ന്നാ പുളി എടുത്തോ"

"ഹാ.അതൊന്ന് തരൂ."
സ്നേഹത്തിൽ ചേർത്ത ആ പുളി ഉറുഞ്ചുമ്പോൾ മുത്തി ഓരോന്നൊരൊന്നു ചോദിച്ചു,
എന്തായി മകനെ പഠിപ്പ്?
കഴിയാറായാ?
കഴിഞ്ഞാ പെട്ടെന്ന് ജോലി കിട്ടോ?
ജോലി കിട്ടിയാ കല്യാണം പെട്ടെന്നൊന്നെ ഇണ്ടാവോ?

ഞാൻ ചിരിച്ചു.
പിന്നെ എന്തൊക്കെയോ പറഞ്ഞു.
|എപ്പോഴാ അമ്മെ വീട് ഇടിഞ്ഞേ?"

"രണ്ടാമതൊരു കാറ്റും മഴയും വന്നില്ലേ അപ്പൊ.
പക്ഷെ പഞ്ചായത്തിന്ന് പെട്ടെന്ന് വീട് കിട്ടില്ലത്രേ.താമസം എടുക്കുമെന്ന്.
അവര് വന്നു നോക്കുമ്പോ മുന്നിൽ ഒരു പരിക്കും ഇല്ലായിരുന്നു.
പുറക് വശത്തായിരുന്നു ആദ്യം ഇടിഞ്ഞിരുന്നത്.
പേരക്കുട്ടി പ്രസവിച്ചു കിടക്കായിരുന്നു.അതോണ്ട് വീട് തട്ടിയിടാനും പറ്റില്ലാ.
കഷ്ടകാലം.
അല്ലാണ്ടെന്താ ചെയ്യാ.
ആൺമക്കളും ഇല്ലാണ്ടായി പോയില്ലേ ഈയമ്മയ്ക്ക്.
ഇപ്പോഴത്തെ കാറ്റാണെങ്കിലോ..
വല്ലാണ്ട് പേടി തോന്നിയാൽ ഞാൻ അനഘ മോൾടെ വീട്ടിൽ ഉറങ്ങാൻ പോവും."

"എല്ലാം മെല്ലെ മെല്ലെ ശെരിയാവും അമ്മാ " എന്ന് പറഞ്ഞു ഞാൻ അവരുടെ പുറകിൽ തട്ടി.

ശേഷം അനഘ മോളുടെ വീട്ടിൽ വന്നു പുതിയ പുസ്തകത്തിൽ ഒരു ചിത്രം വരച്ചു കൊടുത്തു.
അവൾക്ക് അതൊക്കെ വല്യ ഇഷ്ടാ.
എല്ലാരും വയ്യാത്ത കുട്ടി എന്ന് പറഞ്ഞു ഒതുക്കാത്രേ.

"ഈ വെക്കേഷന് ആന്ധ്രയിൽ പോയി ഹാർട്ടിന്റെയോ കിഡ്‌നിയുടെയോ ഓപ്പറേഷൻ നടത്തണം.ന്നിട്ട് മ്മക്ക് വണ്ടെർലായിൽ പോണം."
അവൾ തീരുമാനിച്ചുറപ്പിച്ചു പറഞ്ഞു.

"അതിനെന്താ പോവാലോ."

"അപ്പഴേക്ക് അസുഖോക്കെ ഭേദാവട്ടെ."
അവളുടെ അമ്മ വേദനയോടെ പ്രാർത്ഥിച്ചു.
ഞാനത് കേട്ടില്ലെന്നു നടിച്ചു.
എന്റെ മുഖത്ത് ഭാവ വ്യത്യാസമുണ്ടായാൽ അവര് കരയുമെന്നു എനിക്കുറപ്പുണ്ടായിരുന്നു.

ഇറങ്ങാൻ നേരത്ത് അവൾ നാണത്തോടെ പറഞ്ഞു ,
"താത്താ അഞ്ജുവിന്‌ ഇങ്ങളോട് എന്തോ ചോദിക്കാനുണ്ട്."

"ഉം..ചോയ്ക്ക്..ധൈര്യായിട്ടെന്നെ.."

"അത് പിന്നല്ല്യേ...താത്തയ്ക്ക് ഏറ്റം ഇഷ്ടപ്പെട്ട നടൻ ആരാ?"

അനഘമോൾ അപ്പൊ സ്വരം താഴ്ത്തി 'ദുൽഖർ സൽമാനയല്ലേ താത്തയ്ക്ക് ഇഷ്ടം?' എന്ന് ചോദിച്ചു.

"അല്ല, തിലകൻ ചേട്ടനെ."
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അതാരാ?"
കുട്ടികളെല്ലാം ഒരുമിച്ചു ചോദിച്ചു.

"അറീല്യേ.. മരിച്ചു പോയൊരു മഹാനടനാണ്.
പഴയ നടൻ.."

"അത് പറ്റൂല്ല.പുത്യേ ആളെ പറയണം. ഞങ്ങൾക്ക് അറിയണത്."

"അതിപ്പോ ആരാ.."
ഞാനിങ്ങനെ ആലോചിച്ചു കൊണ്ടിരുന്നു.
ആരുടെയും മുഖം ഓർമേൽ വന്നില്ല.
അപ്പോഴേക്ക് എനിക്ക് പോകാനുള്ള ഓട്ടോ എത്തിയിരുന്നു.

എല്ലാർക്കും ഉമ്മ കൊടുത്ത് ഞാൻ വണ്ടിയിലേക്ക് ഓടി കയറി.

കുട്ടികളപ്പോഴും എന്നെ ആകാംഷയോടെ നോക്കുന്നുണ്ടായിരുന്നു.

വണ്ടി സ്റ്റാർട്ട് ചെയ്ത് അല്പം കഴിഞ്ഞതും ഞാൻ തല പുറത്തിട്ട്
'ദുൽഖർ സൽമാൻ ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

ഞങ്ങളെ ചേച്ചിന്റെ മനസ്സ് ഞങ്ങളറിഞ്ഞേ എന്ന ഭാവത്തിൽ സന്തോഷത്തോടെ അവർ ആർത്തു വിളിച്ചു.

No comments:

Post a Comment