പാലിയേറ്റീവ് യാത്രകൾ
ഭാഗം 1.
_______________________
2013 ൽ തൃശ്ശൂരിൽ പഠിക്കുമ്പോഴാണ് പാലിയേറ്റീവ് എന്ന വാക്ക് ആദ്യമായി എന്റെ ശ്രദ്ധയിൽ പെടുന്നത്.
അതും തൃശൂർ റൗണ്ടിൽ ജില്ലാ ആശുപത്രി എത്തുന്നതിന് കുറച്ചു മുൻപിലായിട്ട് പാലിയേറ്റീവ് കെയർ സ്ഥാപനം എന്ന ഒരു ബോർഡിൽ !
പിന്നീട് പല ഷോപ്പുകളിലും കയറുമ്പോൾ ഒരു കൊച്ചു ബോക്സ് കാണാം.
'അശരണരായ രോഗികളുടെ പരിപാലനത്തിനു ഉദാത്തമായി സംഭാവന ചെയ്യൂ' എന്ന തലക്കെട്ടോടു കൂടി.
ഇതെന്തോ പിരിവ് നടത്തുന്ന കൂട്ടായ്മയാണ് എന്ന ധാരണയായിരുന്നു 2016 വരെയും.
ഒരിക്കൽ സംസാരത്തിനിടയിൽ ഉല്ലുവാണ് 'ഈ വീട്ടിൽ ഇടക്ക് ഒരു സിസ്റ്റർ വരാറുണ്ട് പഞ്ചായത്തു ആശുപത്രീന്നു , അവരിത് പോലെ കുറെ വയ്യാത്ത ആളുകളുടെ വീട്ടിലൊക്കെ പോയി നോക്കുമത്രെ'എന്ന് പറഞ്ഞത്.
കേട്ടപ്പോൾ എനിക്ക് അതിശയമായി.
'ആഹാ നല്ല കാര്യമാണല്ലോ.
ഇനി ആ സിസ്റ്റർ വരുമ്പോൾ എന്നെ അറിയിക്കുമോ ?' എന്ന് ഞാൻ ഉല്ലുവിനോട് ആവശ്യപ്പെട്ടു.
അത് പ്രകാരം ഒരിക്കൽ റഹീമ സിസ്റ്റർ ഡേ കെയറിന് വന്നപ്പോൾ ഞങ്ങൾ കാണാനിടയായി.
സിസ്റ്റർ എനിക്ക് പാലിയേറ്റിവിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു തന്നു.
ഞാനതെല്ലാം ഉത്സാഹത്തോടെ കേട്ടിരുന്നു.
ആശാ വർകേഴ്‌സ് ആണ് അവരുടെ പരിധിയിൽ പെട്ട പുതിയ / നിലവിലുള്ള രോഗികളുടെ വിവരം നഴ്‌സിനെ അറിയിക്കുക.
അത് പ്രകാരം സിസ്റ്റർ ആ വീടുകളിൽ എത്തും.
അവർക്കു വീട്ടിൽ വച്ച് കൊണ്ട് തന്നെ നല്കാൻ കഴിയുന്ന പരിചരണങ്ങൾ നൽകും.ഡോക്ടറുടെ നിർദ്ദേശത്തോട് കൂടി മരുന്നുകൾ വിതരണം ചെയ്യും.
ഒരു ദിവസം പരമാവധി 6 വീടുകളിൽ പോവും.
ആഴ്ച്ചയിൽ 3 ദിവസമത്രെ സേവനം.
ആളുകളുമായുള്ള ബന്ധം കൊണ്ട് മിക്കവാറും ദിവസങ്ങളിൽ പരിപാലനത്തിനു പോവേണ്ടി വരാറുണ്ടെന്നു സിസ്റ്റർ പറഞ്ഞു.
ട്യൂബ് ഇടൽ, മുറിവ് കെട്ടൽ, പ്രഷർ, ഷുഗർ ചെക്ക് ചെയ്യൽ ഇതിനൊക്കെ പുറമെ സ്നേഹത്തോടെയുള്ള ഇടപെടലുകളും സംസാരങ്ങളും.
"സുഹ്റക്ക് താത്പര്യമുണ്ടെങ്കിൽ ഒഴിവു ദിവസം ഞങ്ങളുടെ കൂടെ കൂടിക്കോ.
ഇവിടെ പൊതുവെ volunteers കുറവാണ്.
നിനക്ക് വേണമെങ്കിൽ രോഗി ശുശ്രൂഷയുടെ ട്രൈനിംഗും തരാം."
സംസാരത്തിനൊടുവിൽ റഹീമ സിസ്റ്റർ എന്നെയും പാലിയേറ്റീവ് പ്രവർത്തനങ്ങളിലേക്ക് ക്ഷണിച്ചു.
റഹീമ സിസ്റ്ററുടെ ആ വാക്കുകൾ എനിക്ക് വല്ലാത്ത സന്തോഷം നൽകി.
പിന്നീട് ഞാനവരുടെ കൂടെ കൂടി.
ഓരോ ദിവസവും ഓരോ ആശാ വർകേഴ്‌സ് പാലിയേറ്റീവ് വാഹനത്തിലുണ്ടാകും.
വളരെ സ്നേഹമുള്ളവർ.
വിദ്യാർത്ഥി ആയത് കൊണ്ട് എനിക്കൊരുപാട് സ്നേഹവും പരിഗണയും കിട്ടിയിരുന്നു.
അങ്ങനെ ആ പഞ്ചായത്തിന്റെ മുക്കും മൂലയും തേടി ഞങ്ങൾ സഞ്ചരിച്ചു.
എനിക്ക് കാര്യമായ ഡ്യൂട്ടി ഒന്നുമില്ലായിരുന്നു.
ഓരോ വീട്ടിൽ കയറുന്നതിനു മുൻപും സിസ്റ്റർ രോഗിയുടെയും വീട്ടുകാരുടെയും അവസ്ഥകൾ വിവരിച്ചു തരും.
അത് പ്രകാരം ഞാൻ അവരോട് ഇടപെടും.
സിസ്റ്റർ രോഗിയെ നോക്കുന്ന സമയത്ത് വീട്ടുകാരോട് അവരുടെ വീട്ടിലെ സാഹചര്യങ്ങൾ ഞാൻ ചോദിച്ചറിയും.
തങ്ങളുടെ വിങ്ങലുകൾ കേൾക്കാൻ ഒരാൾ വന്നല്ലോ എന്ന സമാധാനത്തിൽ അവർ അവരുടെ പരിഭവങ്ങളും പ്രതിസന്ധികളും പങ്കു വയ്ക്കും.
ഞങ്ങളുടെ സാമീപ്യം വീട്ടുകാർക്ക് സമാധാനം നൽകുന്ന ഒന്നായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
എനിക്ക് ഒരുപാട് പേരെ പഠിക്കാനുള്ള അവസരവും കൂടിയായി മാറി പിന്നീടുള്ള എന്റെ ഒഴിവു ദിവസങ്ങൾ.
പിന്നീട് പല വീടുകളും സ്വന്തക്കാരെ പോലെ അനുഭവപ്പെടാൻ തുടങ്ങി.
അവരുടെ വേദനകൾ എന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങളുണ്ടാക്കി.
ഇത് പോലെ എത്ര വീടുകളുണ്ടാകും, പരിഭവം പറയാൻ ആരോരുമില്ലാതെ എത്രപേർ ദിവസങ്ങൾ തള്ളിനീക്കുന്നുണ്ടാവും?.
APL കാർഡുള്ള എത്ര വീടുകളിൽ ഇന്ന് കഞ്ഞി വച്ചിട്ടുണ്ടാകും?
കുളിക്കാനും നഖം വെട്ടാനും ഒറ്റക്ക് ഭക്ഷണം പാകം ചെയ്യാനും കഴിയാതെ എത്ര എത്ര വൃദ്ധരായ ആളുകൾ അടച്ചുറപ്പില്ലാത്ത വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നുണ്ടാവും?
ഫോണില്ലാത്തത് കൊണ്ട് സിസ്റ്റർ എങ്ങനെയെങ്കിലും അറിഞ്ഞു വരുന്നത് വരെ ചുമച്ചു ചുമച്ചു നെഞ്ച് നീറിയ എത്ര അപ്പൂപ്പന്മാർ ആശുപത്രീല് ഫ്രീയായി കിട്ടുന്ന ആ ചുവപ്പ് കളർ കുപ്പി മരുന്നിനായി കാത്തു ന
കിടക്കുന്നുണ്ടാവും?
ആശ്രയ കിറ്റിൽ തന്റെ കുടുംബമുണ്ടോ എന്നറിയാൻ ഭർത്താവ് കിടപ്പിലായി വീട്ടിൽ നിന്ന് മറ്റൊരു ജോലിക്ക് പോകാൻ നിവൃത്തിയില്ലാതെ എത്രയെത്ര ഭാര്യമാർ ആകാംഷയോടെ കാത്തിരിക്കുന്നുണ്ടാവും?
അങ്ങനെ അങ്ങനെ ഒരുപാട് ചോദ്യങ്ങൾ.
ചോദ്യങ്ങൾക്കൊക്കെ ഉള്ള ഉത്തരങ്ങൾ നമ്മൾ മാത്രമാണെന്നറിയാം.
പക്ഷെ എങ്ങനെ...
എപ്പോഴെല്ലാം...
ഇതാണ് ഇപ്പോഴുമറിയാത്തത്.
ഈ കാത്തിരിപ്പുകൾ, അതെ പ്രതീക്ഷയുടെ കാത്തിരിപ്പുകൾ.
വല്ലാത്തൊരു ചോദ്യങ്ങൾ തന്നെയാണത്.
തുടരും.