കഴിഞ്ഞ ദിവസം കോളേജിലെ nss യൂണിറ്റിൽ നിന്നും ദുരിത ബാധിതർക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി, എന്റെ അനിയൻ അവൻ കച്ചവടം ചെയ്യാൻ വേടിച്ച അടിവസ്ത്രങ്ങൾ എന്നെ തന്നേല്പിച്ചു. ഞാനത് കൊണ്ട് കോളേജിലെത്തി.
അപ്പോൾ അവിടെ ഒരു ചേച്ചി ക്ലാസ് അടിച്ചു വൃത്തിയാക്കുന്നുണ്ടായിരുന്നു.
എന്റെ കയ്യിലെ കവർ കണ്ടപ്പോൾ എന്താണെന്നു ചോദിച്ചു.
ഞാൻ കാര്യം പറഞ്ഞു,
അപ്പോഴുണ്ട് അവർ പറയുന്നു,
"അയ്യോ അറിഞ്ഞില്ലല്ലോ മോളെ..
അറിഞ്ഞിരുന്നേൽ വീട്ടിൽ ഇരുന്ന പഴയ ഡ്രെസ്സുകൾ ഞാൻ കൊണ്ട് വരുമായിരുന്നു "എന്ന്.
ഞാനപ്പോൾ തന്നെ അവരെ തിരുത്തി കൊടുത്തു.
"ഇത് പഴയ വസ്ത്രങ്ങളല്ല ചേച്ചി, പുതിയതാണ്.
നമ്മൾ ഒരാൾക്ക് ഒരു സാധനം സമ്മാനം കൊടുക്കുമ്പോ പുതിയത് വേണ്ടേ കൊടുക്കാ, ചേച്ചിക്കറിയോ ഈ കെടുതി ഉണ്ടാകുന്നതിനു തൊട്ടുമുന്നേ വരെ നമ്മളെ പോലെ അഭിമാനത്തോടെ ജീവിച്ചവരാ അവര്, അപ്പൊ ഇപ്പോളും അവരെ അത് പോലെ സഹായിക്കേണ്ടേ എന്ന്."
"പക്ഷെ ഇതിനു മുൻപ് കേരളത്തിന് പുറത്തു വെള്ളപ്പൊക്കമുണ്ടായപ്പോൾ, വേറെ രാജ്യത്തു പ്രശ്നമുണ്ടായപ്പോ ആളുകൾ(സാമൂഹ്യ പ്രവർത്തകരും,അഭയാര്ഥികളും) വന്നു പഴയ ഡ്രെസ്സുകളൊക്കെ വേടിച്ചിരുന്നല്ലോ, ഞാൻ കരുതി അത് പോലെ ആയിരിക്കുമെന്ന്."
ചിന്തിപ്പിക്കുന്ന ചോദ്യം തന്നെ..
അന്യനെ അന്യനായി കണ്ട നമ്മിലേക്ക് കൊളുത്തി വിട്ട നിഷ്കളങ്കമായ ചോദ്യം.
എന്തായാലും ചേച്ചിക്ക് കാര്യം മനസ്സിലായി.തുച്ഛമായ വേതനത്തിൽ പണി എടുക്കുന്ന ചേച്ചിയാണ്. അവരുടെ കയ്യിൽ പകുത്തു നല്കാൻ ഒന്നുമുണ്ടാവില്ല.
എങ്കിലും ഞാൻ പറഞ്ഞത് അവർക്ക് ഉള്കൊള്ളാനായി.
അവരുടെ ചോദ്യം എനിക്കും.
ഒരു പക്ഷെ ഇത് പോലെ കരുതിയിട്ടാകും പലരും പഴകിയ വസ്ത്രങ്ങൾ തരുന്നത്, ചിലർ നല്ലതും വേണ്ടത്തതും തരും ചുളുവിൽ ഒഴിവാക്കാൻ.
സന്നദ്ധ പ്രവർത്തകർ നേരിട്ട് പോയി വെടിക്കുമ്പോൾ ഇത് പരമാവധി ഒഴിവാക്കാം,
സേഫ് സോണിൽ ഇരുന്നു കൊണ്ട് ഈ ദുരന്തം വന്നത് നന്നായി എന്ന് പറയുന്നവരെയും പ്രകൃതിയെ ചൂഷണം ചെയ്തതിനു അനുഭവിക്ക് എന്ന് സാഹിത്യ ഭാഷയിലും മറ്റും പുലമ്പുന്നവരെയും കണ്ടു.
എല്ലാം നഷ്ടപ്പെട്ടവന്റെ വേദന , അത് അനുഭവിച്ചവർക്കെ മനസ്സിലാവൂ.
ഒന്നിൽ നിന്നും തുടങ്ങേണ്ടുന്ന ജീവിതങ്ങൾ.
ഇപ്പോൾ വസ്ത്രം കൊടുത്തും ഭക്ഷണം കൊടുത്തും നമ്മളവരെ സഹായിക്കുന്നുണ്ടെന്നു പറഞ്ഞു അഭിമാനിക്കുന്നു.
സത്യത്തിൽ മഴക്കെടുതി ഒന്ന് കുറഞ്ഞ ശേഷം അവർക്ക് വേണ്ടി നമ്മളെന്ത് ചെയ്യുന്നോ അതായിരിക്കും ഇതിനേക്കാൾ മികച്ച സേവനം.
അവർക്ക് ആത്മവിശ്വാസം കൊടുത്ത് അവരുടെ വീടുകൾ പുനർ നിർമിക്കാനും വെള്ളം കയറിയ വീടും സ്ഥലവും ഉപയോഗത്തിനുതകുന്ന വിധം വൃത്തിയാക്കാനും ഒക്കെയാണ് നമ്മളിനി ഇറങ്ങേണ്ടത്.
ഇപ്പോൾ വിദ്യാർത്ഥികൾക്ക് ലഭിച്ച ലീവുകൾ ആ സമയത്തും അനുവദിച്ചു വിദ്യാർത്ഥികളെയും കൂടെ ദുരിത ബാധിതരെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാൻ പ്രബുദ്ധരാക്കേണ്ടതുണ്ടു. അന്ന് അനുവദിക്കുന്ന ലീവുകൾ കൊണ്ട് പാഠപുസ്തകത്തിൽ നിന്നും പഠിച്ചതിനേക്കാൾ മൂല്യമുള്ള അറിവ് അവർക്ക് നൽകുമെന്ന് ഉറപ്പുണ്ട്.
കൂടാതെ, ഏതൊരു പ്രോജെക്ടിലെയും അഴിമതിയും പണം മുക്കലും നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ഉണ്ടാവില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം.
വാഗ്ദാനം ചെയ്ത സഹായങ്ങൾ തീർച്ചയായും അതിലേക്കു എത്തുമെന്നും പ്രതീക്ഷിക്കാം.
കൂടെ തന്നെയുണ്ട്,
നമ്മളെല്ലാവരും.
No comments:
Post a Comment