വളരെ അധികം വിഷമത്തോടെയാണ് ഞാനിത് എഴുതുന്നത്..
മലപ്പുറത്തു ജനിച്ചു വളർന്ന ഞാൻ പാലക്കാട് വന്നിട്ട് കുറച്ചു വർഷങ്ങളായി..
ഹരിതാഭയും പച്ചപ്പും നനുത്ത സ്നേഹവും നിഷ്കളങ്കതയും കാടുത്ത ച്ചൂടും വരണ്ട കാറ്റും കൊണ്ടെല്ലാം സമൃദ്ധമായൊരു നാടാണിത്..
പലകുടുംബങ്ങളിൽ പോയാലും തിരിച്ചു വരുമ്പോൾ എന്തെങ്കിലും തരും..കുറച്ചു ചീരയോ മുരിങ്ങ ഇലയോ അല്ലെങ്കിൽ സീസൺ അനുസരിച്ചു അവരുടെ വീട്ടിൽ ഉണ്ടാകുന്ന പച്ചകറിയോ അല്ലെങ്കിൽ കായ്കളോ.. അങ്ങനെ എന്തെങ്കിലും..
പ്രത്യേകിച്ച് ഞാൻ ചായ കുടിക്കാറില്ല. ഇവിടെ അധികം വീടുകളിലും സൊസൈറ്റി പാൽ ഉപയോഗിക്കുന്നവരാണ്..അത് കൊണ്ട് തന്നെ ഒരു വിധം വീടുകളിൽ പോയാലൊക്കെ വെള്ളം ചേർക്കാത്ത നല്ല അസ്സല് പാൽ ചായ കിട്ടും..
ഞാൻ ചായ കുടിക്കാത്തത് കൊണ്ട് ഓടി പോയി അടുത്തുള്ള പെട്ടികടയിൽ നിന്നും രസ്‌നയോ ചെറുനാരങ്ങയോ വേടിച്ചിട്ടു ജ്യൂസ് എന്ന് അവര് വിളിക്കുന്ന കലക്കിയ വെള്ളം തരും..
എന്നിട്ടും മതിയാകില്ല
"കുട്ടി വന്നിട്ട് ഒന്നും കഴിച്ചില്ല..ഇച്ചിരി മുരിങ്ങ പൊട്ടിച്ചു തരട്ടേ..വീട്ടിൽ പോയി ഇച്ചിരി പരിപ്പിട്ടു കറി വച്ചാൽ മതി..നല്ല ചൊടിയിൽ ചോറുണ്ണാം.." എന്നും പറഞ്ഞു മുരിങ്ങ ഇല പൊട്ടിക്കാൻ ഓടും...
അതാണ് ഇവിടുത്തുകാരുടെ സ്നേഹം..
സമ്പന്നരെന്ന ഭാവത്തിൽ കുറച്ചു ധൂർത്തും പൊങ്ങച്ചവും കാണിക്കുന്ന ചില ഇടത്തരം ഗൾഫ് കുടുംബങ്ങൾ ഒഴിച്ചാൽ അധികം വീട്ടുകാരും കൂലിപ്പണി എടുത്തും കൃഷി ചെയ്തും, കച്ചവടം ഇല്ലാത്ത നാട്ടിലെ ചെറിയ കടയിൽ തുച്ഛമായ വേതനത്തിനു പണിയെടുക്കുന്നവരാണ് ഇവിടെ അധികവും..
കുടുംബത്തിലെ മിക്ക സ്ത്രീകളും പണിക്ക് പോകും..എന്നിട്ടും എന്നിട്ടും മിക്ക കുടുംബങ്ങളും ദുരിത കയത്തിൽ തന്നെയാണ്...
കച്ചവട വാണിജ്യ മേഖലയും ഇവിടുത്തെ കാറ്റും ഒരുപോലെ വരണ്ടതാണ്..
വലിയ മെച്ചപ്പെട്ട കച്ചവടം ഒന്നും ഇല്ലാത്തതിനാൽ രാവിലെ 9 മണിക്കോ പത്തു മണിക്കോ ആണ് കടകൾ തുറക്കുക..പല കടകളും വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിലായി അടക്കും..കാരണം ആ കടകളിൽ അധികവും സ്ത്രീ സ്റ്റാഫുകൾ ആയിരിക്കും..
കട മുതലാളി എന്ന് വിളിക്കുന്ന ആൾ വല്ല കൃഷിയെ മറ്റോ ചെയ്യുന്നവരായിരിക്കും..ചെറിയ ഇടപാടുകൾക്ക് ചില്ലറ ലാഭത്തിന് പേരിനൊരു കട..
അത്രേ ഉള്ളു..
മാക്സിമം വന്നാൽ ചില കടകൾ 10 മണി ആകും അടക്കാൻ..
10 രൂപ എങ്കിലും അധികം കിട്ടട്ടെ എന്ന് വിചാരിച്ചാണ് ഇങ്ങനെ ആളില്ലാ തെരുവിൽ ഇല്ലാത്ത കറണ്ട് ബില്ലും കൊടുത്തു അവർ പ്രതീക്ഷയോടെ ഇരിക്കുന്നത്..
ഇങ്ങനെ നിസഹായരും നിഷ്കളങ്കരുമായ കുറെ ആളുകൾ.. കുടുംബങ്ങൾ...
സാമൂഹ്യ സേവനവും സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം ഇവർക്ക് വെറും കേട്ട് കഥകളാണ്..
പല സന്നദ്ധ പ്രവർത്തനങ്ങളും വർഷത്തിൽ ഒരിക്കൽ നടക്കുന്ന വേലക്കും നേർച്ചക്കും വെടി പൊട്ടിക്കലിനും പന്തല് കെട്ടുന്നതിനും നാസിക് ഡോല്ലിനും ഒക്കെ ആയി മാത്രം ഒതുക്കപ്പെടുന്നു..
രോഗികളുടെ സ്ഥിതി അതിലും മോശം ..നല്ല വാക്ക് പറയാനും കൂടെ ഇരുക്കാനും ആരുമില്ല..
ഒരു ഫിസിയോ തെറാപ്പി സെന്റര് അടുത്തെങ്ങും ഇല്ല..
ഞാൻ പലപ്പോഴും പറയാറുണ്ട് ഇതൊരു വരണ്ട നാടാണ്..
അസമയത്ത് ഒന്ന് വിശന്നാലോ രോഗം വന്നാലോ നേരം വെളുക്കുവോളം കാത്തിരിക്കണം...
രാത്രി ഒമ്പത് മണി കഴിഞ്ഞു ഒന്നിനും പൂതി വയ്ക്കാൻ പാടില്ല..അതാണ് അവസ്ഥ..
ഇത്രയും നിഷ്കളങ്കരായ ഇവരെ വെറും വോട്ടിനു മാത്രമായി രാഷ്ട്രീയക്കാരും വല്ലാതെ മുതലെടുക്കുന്നുണ്ട്..വെറുതെ പറയുകയല്ല..നേരിട്ട് കുറെ കണ്ടിട്ടുണ്ട്..അമ്പലത്തിലെ അന്ന ദാനത്തിനും പല കല്യാണങ്ങൾക്കും ഒക്കെ വരുന്ന ചില ആളുകൾ പറയുന്ന ഒരു കാര്യം കേട്ടിട്ടുണ്ട്..
ഒരു നേരത്തെ കഞ്ഞി ലഭിക്കാലോ എന്ന്..പിശുക്കത്തരം കൊണ്ടല്ല..ഇല്ലായ്മ കൊണ്ടു തന്നെയാണ്..
എനിക്ക് ഏറ്റവും അത്ഭുതകരമായി തോന്നിയത് മറ്റൊന്നാണ്..ഭർത്താവിന്റെ അമിത മദ്യപാനം കൊണ്ടുള്ള ഗാർഹിക പീഡനം, വിവാഹ മോചനം,മക്കൾക്ക് വിദ്യഭ്യാസത്തിനുള്ള മതിയായ പണമില്ലായ്മ,രോഗിയായ ഗൃഹനാഥൻ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടൊക്കെയാണ് പൊതുവെ ഇവിടെ സ്ത്രീകൾ കൂലി പണിക്കും മറ്റുമൊക്കെയായി പണിക്ക് പോകുന്നത്..എന്നാൽ വീടിന്റെ പടി ഇറങ്ങുന്നത് തൊട്ട് തിരിച്ചു കയറുന്നത് വരെ അവരുടെ ആരുടെയും മുഖത്ത് ഒരു തുള്ളി വാട്ടമോ കണ്ണീരോ ഞാനിതു വരെ കണ്ടിട്ടില്ല..അത്രക്ക് ക്ഷമയും പക്വതയും പ്രതീക്ഷകളും അവർക്കുണ്ട് ..ബസിലൊക്കെ കയറിയാൽ അവർക്ക് നമ്മളോടുള്ള സ്നേഹവും കളി തമാശകളോട് കൂടിയുള്ള ഇടപെടലും കാണുമ്പോൾ അവരുടെ ദുരിത കഥകളൊന്നും അവരോട് താരതമ്യപെടുത്താൻ പോലും നമുക്കാവില്ല...
ഇലക്ഷനോട് അടുത്ത റോഡ് നിർമാണവും രാഷ്ട്രീയ പ്രചാരങ്ങളും കണ്ടാൽ മനസ്സിലാക്കാവുന്നതെ ഉള്ളൂ എന്ത് കൊണ്ട് പാലകാടൻ ഉൾ ഗ്രാമങ്ങൾ വിദ്യാഭ്യാസ രംഗത്തും മറ്റും ഇത്ര അധികം പുറകിലായി പോയെന്നു..
ചില മേഖലകളിൽ അവിടെയുള്ള മികവുറ്റ പ്രവർത്തകർ മികച്ച പ്രവർത്തനങ്ങളും നല്ല കാഴ്ചപ്പാടുകളും കാഴ്ച വയ്ക്കും..എന്നാൽ അനുമോദനങ്ങളും അംഗീകാരങ്ങളും ആ നാട്ടിലുള്ള ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രചാരണത്തിനും റേറ്റിംഗിനും വേണ്ടി സൗകര്യ പൂർവം മുതലെടുക്കും..
വിദ്യാഭ്യാസ ആരോഗ്യ പൊതു മേഖലകളിൽ ഇത് ധാരാളമായി കാണപ്പെട്ടിട്ടുണ്ട്..
പല മത രാഷ്ട്രീയ സമ്മേളങ്ങൾക്കും പ്രോഗ്രാമ്മുകൾക്കും മറ്റും ഇവിടെ നിന്നും ആളുകളെ ടൗണിലേക്കും മറ്റും കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്..പല നിറത്തിലുള്ള കൊടികളുമായി വാഹനങ്ങൾ അവരെയും പേറി ചീറിപ്പയുന്നത് കാണാം..എന്തിനാ പോയതെന്നു ചോദിച്ചാൽ സമ്മേളനത്തിന് എന്ന് പറയും..
എന്നിട്ടെന്താ കേട്ടത് എന്ന് ചോദിച്ചാലോ..പോയാൽ ചായയും കടിയും കിട്ടും.പിന്നെ വണ്ടി കൂലി ഫ്രീ അല്ലെ..അവിടെ പോയാ തിരക്കിനിടയിൽ ഒന്നും കേൾക്കാനൊന്നുമൊക്കെത്തില്ലത്രേ..എന്നാലും ആളെ തല എണ്ണം കൂട്ടാൻ പോകും ഈ പാവങ്ങൾ അന്നത്തെ പണിയും കളഞ്ഞിട്ട്..
പലപ്പോഴും മലപ്പുറം കോഴിക്കോട് എറണാകുളം തൃശൂർ പോലുള്ള നാടുകളിലെ സന്നദ്ധനപ്രവർത്തകരോടും അവരെ സഹായിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന അന്നാട്ടിലെ മുതലാളിമാരോടും ആരോഗ്യം നല്ല രീതിയിൽ ഉപയോഗിക്കുന്ന യുവത്വത്തോടും എനിക്ക് വളരെ അസൂയയും അതിലേറെ ബഹുമാനവും തോന്നിയിട്ടുണ്ട്..എന്ത് കൊണ്ട് ഇവരെ പോലുള്ളവരെ ഈ നാട്ടിലേക്കും മികച്ച സേവന പ്രവർത്ഥങ്ങൾക്കായി ക്ഷണിച്ചു കൂടാ എന്ന ചിന്തയിൽ നിന്നാണ് ഇത്തരം അനുഭവങ്ങൾ അവർക്കു മുൻപിൽ അവതരിപ്പിച്ചാലല്ലേ കാര്യങ്ങളുടെ കിടപ്പ് അവർക്കും ബോധ്യമാകൂ എന്ന് മനസ്സിലായത്..അതിന്റെ പിന്നാമ്പുറമായാണ് ഈ എഴുത്തു എഴുതിയതും..
ഈ എഴുത്തിലൂടെ വലിയൊരു മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല..പുതുതായി വല്ല സന്നദ്ധനസംഘടന തുടങ്ങിയത് കൊണ്ട് വലിയ നേട്ടവും ഉണ്ടാകില്ല..അടിത്തറയായ പണമോ സന്നദ്ധ പ്രവർത്തകരെയോ തുടക്കത്തിലല്ലാതെ കിട്ടുകയില്ല എന്നത് തന്നെയാണ് കാരണം..
എന്നാലും എല്ലാ വർഷവും പത്താം ക്ലാസ് റിസൾട്ട് വരുമ്പോൾ പാലക്കാട് ജില്ല പതിമൂന്നാമതും പതിനാലാമതും വരുമ്പോൾ പുച്ഛിക്കുകയും സങ്കടപ്പെടുകയും ഒക്കെ ചെയ്യുന്നവർക്ക് മുന്നിൽ എന്ത് കൊണ്ട് ഇങ്ങനെ ആയി എന്നത് 9 വർഷത്തെ അനുഭവ വെളിച്ചതിലൂടെ പറഞ്ഞു തരിക മാത്രമാണ്...
ഒരുപാട് പ്രതീക്ഷകളോടും പ്രാര്ഥനകളോടും കൂടെ..
സുഹ്‌റ.☺☺☺