Wednesday, 17 October 2018

നിഷേധിക്കപ്പെട്ട ബലികയുടെ കഥ 2

തള്ളക്കോഴികൾ

"ആ വരുന്നൊരു ആന
ഈ വരുന്നൊരു ഈച്ച
ആനയും ഈച്ചയും അടുത്തടുത്ത് വരുന്നു
ആനക്കുണ്ടോ പേടി?
ഈച്ചക്കുണ്ടോ പേടി?
രണ്ടിനുമില്ല പേടി
എന്നിട്ടോ?
ആന താഴെക്കൂടെ പോയി
ഈച്ച മോളിൽ കൂടെ പോയി"

ഒന്നാം ക്ലാസ്സിൽ രവീന്ദ്രൻ മാഷ് പഠിപ്പിച്ചു തന്ന കവിതയും ചൊല്ലി മുറ്റത്ത് തള്ളക്കോഴിയും കുഞ്ഞുങ്ങളും മണ്ണിൽ ചിക്കുന്നതും നോക്കി ഞാനിങ്ങനെ ചുമ്മായിരിക്കുകയാണ്.
എന്റെ സാന്നിധ്യം തള്ളക്കോഴിക്ക് ഇഷ്ടായില്ലെന്നു തോന്നുന്നു.അതെന്റെ മുഖത്തേക്ക് അരിശത്തോടെ നോക്കി എന്തൊക്കെയോ കൊക്കി കൊണ്ട് പിറുപിറുത്തു.
എന്നിട്ടും ഞാൻ കുഞ്ഞുങ്ങളെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.അവസാനം അതെന്നെ കൊത്താൻ വന്നു.ഞാൻ പേടിച്ചു കൊണ്ട് അകത്തേക്കോടി.

ഞാനൊരു ദ്രോഹവും ചെയ്യാത്ത കോഴി പോലും എന്തിനാണ് എന്നെ ഇങ്ങനെ പേടിപ്പിക്കുന്നത്?
ഞാൻ വ്യസനത്തോടെ ചിന്തിച്ചു.
ഇത് പോലെ തന്നെയാണ് അന്നും ഇന്നും ചില മനുഷ്യരും.

കുട്ടിക്കാലത്ത് പുറത്തു പോയി കളിയ്ക്കാൻ ഉമ്മയും വല്ലിപ്പയും അങ്ങനെ വിടില്ലായിരുന്നു.
ഉപ്പയില്ലാത്ത കുട്ടിയല്ലേ, തലതെറിച്ചു പോയാലോ എന്ന പേടി.
കൂടാതെ പെണ്കുട്ടിയുമല്ലേ, അടക്കിയൊതുക്കി വളർത്തണ്ടേ.നാട്ടുകാരും ഇങ്ങനെ ഉള്ള കുട്ടികളെ ഊഴമിട്ടു നടക്കുകയാണല്ലോ, കുത്തിപ്പൊക്കാനും ചൂഷണം ചെയ്യാനും എല്ലാം.
എനിക്കാണേൽ ചോദിക്കാനും പറയാനും ആരും വരില്ലെന്നും ഉറപ്പുണ്ട്.
എന്നിരുന്നാലും അവസരം കിട്ടിയാൽ ഞാൻ റോട്ടുമ്മക്ക്‌ ഇറങ്ങാറുണ്ട്.
പോയാൽ തന്നെ മഗ്രിബിന് മുൻപ് തന്നെ കയ്യും മോറും കഴുകി അകത്തു കേറണം.
ഇടക്കൊക്കെ അടുത്ത വീടുകളിൽ പോയി tv കാണും.പക്ഷെ ഒരു സിനിമ പോലും തുടക്കം തൊട്ട് ഒടുക്കം വരെ കാണാൻ കഴിയാറില്ല.
'വേഷം' സിനിമയിലെ ഗോപികയുടെ കരച്ചിൽ കണ്ടു കൂടെയിരുന്ന അടുത്ത വീട്ടിലെ കുട്ടി പറയുന്നുണ്ടായിരുന്നു, ഈ കരച്ചിലിനാണ് അവാർഡ് കിട്ടിയതെന്ന്.
അത് വരെ എഴുത്തുകാർക്ക് മാത്രമേ അവാർഡ് കിട്ടുള്ളൂ എന്ന വിവരമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
ആ സിനിമയാണ് ആദ്യമായി ക്ലൈമാക്സ് വരെ കണ്ടത്. അപ്പോഴേക്കും നേരം ഇരുട്ടായി. പേടിച്ചു കൊണ്ട് വീട്ടിലേക്കോടി. ഭയപ്പെട്ട പോലെ അടക്കാപഴത്തിന്റെ വടി കൊണ്ട് ഉമ്മന്റെന്നു പൊതിരെ തല്ല് കിട്ടി.
അത് കൊണ്ടൊക്കെ തന്നെ ഞാൻ വായനയിൽ കൂടുതൽ ആകൃഷ്ടയായി.അക്ഷരങ്ങളോട് വല്ലാതെ കൂട്ട് കൂടി.
സ്കൂൾ ലൈബ്രറിയിൽ നിന്നും ആഴ്ചയിലെടുക്കുന്ന ഓരോ പുസ്തകവും ഉമ്മയും വായിക്കാറുണ്ടായിരുന്നു.
ഒരിക്കൽ എന്റെ നേരെ കോട്ടയം പുഷ്പനാഥിന്റെ ഏതോ ഒരു ബുക്ക് കാണിച്ചിട്ട്
'നീയിത് വായിച്ചോ' എന്ന് ചോദിച്ചു.
'ഇല്ല. ന്ത്യേ?' ഞാൻ തിരിച്ചു ചോദിച്ചു.
'ന്നാ ഇത് വായിക്കണ്ട, കുട്ടിയാൾക്ക് പറ്റിയ ബുക്ക് അല്ല ഇത്' എന്ന് ഉമ്മ പറഞ്ഞു.

ബഷീറിന്റെയും, തകഴിയുടെയും, ജി ശങ്കരകുറിപ്പിന്റെയും,മാധവിക്കുട്ടിയുടെയും പുസ്തകങ്ങളായിരുന്നു തുടക്കത്തിൽ വായിച്ചിരുന്നത്. കവിത എഴുതാൻ തുടങ്ങിയതിൽ പിന്നെ ഓ എൻ വി, ഇടശ്ശേരി, കുഞ്ചൻ നമ്പ്യാർ, കുഞ്ഞുണ്ണി മാഷ് തുടങ്ങിയവരുടെ കൃതികൾ വായിക്കാൻ തുടങ്ങി.

ആയിടക്കു നോമ്പിനെ വരവേൽക്കുന്നതിനോടനുബന്ധിച്ച 'നനച്ചുകുളി'ക്കിടെ (വീടിന്റെ മുക്കും മൂലയും അടക്കം എല്ലാ വസ്തുക്കളും കഴുകി വൃത്തിയാക്കൽ) താക്കോലിട്ടു പൂട്ടിയ ഉപ്പാന്റെ തുരുമ്പിച്ച പച്ചമേശ തുറന്നു.അതിൽ നിന്ന് കുറച്ചു പുസ്തകങ്ങൾ കിട്ടി.
ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനണ്ടാർന്നു',
ബാലൻ വടാശ്ശേരിയുടെ 'എങ്ങനെ നല്ല പ്രസംഗകനാകാം',
ഏ എസ് മണിയുടെ 'പഠനം രസകരമാക്കുവാൻ ',
Intimate knowledge master എന്ന ഒരു തടിയൻ ബുക്ക്, പ്രമുഖ മനഃശാസ്ത്രഡോക്ടർ എസ് ശാന്തകുമാറിന്റെ 'ജയിക്കാനായി ജനിച്ചവർ', മമ്മൂട്ടിയുടെ ആത്മകഥ,ഇംഗ്ലീഷ് ഡിക്ഷണറി, 40 ദിവസങ്ങൾ കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാം എന്ന് പേരുള്ള പഴയ അച്ചടിയിലുള്ള നൂൽ കൊണ്ട് തുന്നി കെട്ടിയ തടിച്ച ഒരു ബുക്ക്, പിന്നെ നിയമവും എലക്ഷനും യാത്രയും ഒക്കെ സംബന്ധിച്ച കുറച്ചു പുസ്തകങ്ങളും.
അവയെല്ലാം ഉപ്പയുടെ നടക്കാതെ പോയെ ലക്ഷ്യങ്ങളും സ്വപ്നങ്ങളുടെയും തിരുശേഷിപ്പുകൾ കൂടിയായിരുന്നു. ഒരു നിമിഷം ഉപ്പയെ ഓർത്തു ഞാൻ അഭിമാനപുളകിതയായി നിന്നു പോയി.കൂടെ സന്തോഷവും, അതെ എനിക്കിനി സ്വന്തമായി കുറച്ചു പുസ്തകങ്ങളുണ്ട്.
എന്റെ വീട്ടിൽ സ്വന്തമായി ഒരു ലൈബ്രറി ഉണ്ടായ പോലോത്തെ സന്തോഷം.

സ്കൂൾ ലൈബ്രറിയിലെ പ്രസാദ് മാഷ് നല്ല ചൂടനായിരുന്നു. വെളുത്തു മെലിഞ്ഞു ഉയരമുള്ള മാഷ്.സമയത്തിന് പുസ്തകം തിരിച്ചേല്പിക്കാത്ത കുട്ടികളെ വഴക്ക് പറയുന്നത് ഇടക്കെല്ലാം നെഞ്ചിടിപ്പോടെ പുസ്തകം വേടിക്കാൻ വരി നിൽക്കുമ്പോൾ കേൾക്കാറുണ്ട്.
ഒരു ദിവസം പുസ്തകമെടുത്ത് ക്ലാസ്സിലേക്ക് നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി അദ്ദേഹത്തെ കുറിച്ച് പറഞ്ഞു തന്നു.
'ഹൈ സ്കൂളിൽ ന്റെ താത്തനെ ഈ മാഷ് പഠിപ്പിക്കുന്നുണ്ട്. മാഷ് ക്ലാസ്സിൽ വന്നാൽ പിന്നെ പിൻ ഡ്രോപ്പ് സൈലന്റ് ആയിരിക്കണം.'

'അത് പറഞ്ഞാലെന്താ' പുതിയൊരു പദം കേട്ട കൗതുകത്തോടെ ഞാൻ ചോദിച്ചു.

'മുട്ടു സൂചി താഴെ വീണാ, അതിന്റെ ഒച്ച വരെ ക്ലാസ്സിൽ കേക്കര്ത് ന്ന്'

'പടച്ചോനെ , ന്നാ ഞാൻ ഹൈ സ്കൂളിൽ ഇവ്ടെ പഠിക്കണില്ല'
ഞാൻ തലയിൽ കൈ വച്ച് പറഞ്ഞു.

ആയിടക്കാണ് ഉപ്പ എനിക്കായി ഒരുക്കൂട്ടി വച്ചിരുന്ന മണ്ണ് കൊണ്ടുള്ള താറാവിന്റെ പണക്കുടുക്ക ഉമ്മ അലമാര തുറക്കുമ്പോൾ താഴെ വീണു പൊട്ടിയത്.
നല്ല ഭംഗിയുള്ള മഞ്ഞയും ചുവപ്പും പെയിന്റടിച്ച താറാവായിരുന്നു.
'ഉമ്മ സാധാരണ ഈ അലമാര തുറക്കാറില്ലലോ. ഇന്ന് എന്തിനാ തുറന്നത്? 'എന്ന് പൊട്ടിയ ഓട്ടു കഷ്ണങ്ങളിലേക്കു നോക്കി ഞാൻ മനസ്സിൽ അരിശപ്പെട്ടു.

സത്യം പറഞ്ഞാൽ അലമാര തുറന്നു കാണാൻ ആകാംഷയാണ്.
അലമാരയെന്നല്ല വീട്ടിലെ കാലങ്ങളായി എനിക്ക് മുന്നിൽ പൂട്ടിയിട്ട ഓരോന്നും തുറന്നു കാണാൻ ഒരുപാട് കാത്തിരിക്കാറുണ്ട്.
ഉപ്പാന്റെ ഓർമ്മകൾ അടക്കിവച്ച അലമാറയും മേശയും സ്യൂട്ട്കേസും, വിരുന്നുകാർ വന്നാൽ മാത്രം തുറന്നു കൊടുക്കുന്ന മുറിയും, പാൽപൊടിയും സർബത്ത് പൊടിയും സൂക്ഷിച്ചു വച്ച മരപ്പത്തായവും ,വല്ലിമ്മാന്റെ ഗൾഫ് മണക്കുന്ന ഇരുമ്പു പെട്ടിയും, വല്ലിപ്പന്റെ ബിസ്ക്കറ്റ് ഉണ്ടാക്കുന്ന അച്ചുകളും ,അത്തറും ,പഴയ ഫോട്ടോകളും സൂക്ഷിച്ച അലമാരയും ,എന്തിനേറെ ചാവിയിട്ടു പൂട്ടിയ ലാൻഡ് ഫോൺ പോലും തുറന്നു കാണാൻ ,അതൊക്കെ തുറക്കുന്ന ശബ്ദം കേൾക്കാൻ ഞാൻ കൊതിയൊടെ കാത്തിരിക്കാറുണ്ടായിരുന്നു.
ഓരോന്ന് തുറക്കുമ്പോളും ഓരോ മണമാണ്.
ഓരോ മണവും പല തരം നിഷേധങ്ങളാണ്, വേർ തിരിവുകളാണ്‌, ഓർമപ്പെടുത്തലുകളാണ്.
ഞാനെന്ത് പിഴച്ചു പടച്ചവനെ!

ഉപ്പയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചു ഉപ്പയുടെ ഓർമ്മകൾ സൂക്ഷിച്ച അലമരയായിരുന്നു അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. മഴവെള്ളം തട്ടി ഒരു കാൽ തുരുമ്പെടുത്ത് ചുമരിന്റെ അരികിലേക്ക് ചരിഞ്ഞു നിൽക്കുന്ന ആ
അലമാരയുടെ ഏറ്റവും മുകളിലെ കള്ളിയിൽ അബ്ദു മൂത്തപ്പ ദുബായിൽ നിന്നും എനിക്ക് കൊണ്ട് വന്ന ബൊമ്മക്കുട്ടിയുണ്ട്.
ഞാൻ ചെളിയാക്കുമെന്നു പറഞ്ഞു 8ആം ക്ലാസിൽ എത്തിയിട്ട് പോലും ഉമ്മ അതെനിക്ക് തൊടാൻ പോലും തരാറില്ലായിരുന്നു.
അനിയന്മാർക്ക് വല്ല പ്ലാസ്റ്റിക്കിന്റെ കാറോ തോക്കോ ആണ് കളിയ്ക്കാൻ കിട്ടുക.
അതവർക്ക് അപ്പോൾ തന്നെ കൊടുക്കുകയും ചെയ്യും .
മിനുറ്റ് കൊണ്ട് ഇരുമ്പ് കരിമ്പാക്കി പാർട്സ് പാർട്സ് ആയി അതിനെ അവർ കേടു വരുത്തും.
എന്നാലും എനിക്ക് ബൊമ്മയെ തരില്ല. എന്തിനാ പെൺകുട്ടികൾക്ക് ഇങ്ങനെ ചെളിയാവുന്ന എന്നാൽ തൊടാൻ മിനുസവും കാണാൻ ഓമനത്തവുമുള്ള ബൊമ്മയെ തരുന്നത്? എനിക്ക് കളിയ്ക്കാൻ തരാതിരിക്കാൻ വേണ്ടി മാത്രമല്ലെ?

പിന്നെ താഴെയുള്ള അറകളിൽ ഉപ്പ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, തലയണ പുതപ്പ് , ഉമ്മാന്റെ കുറച്ചു സാരികൾ ഒക്കെയായിരുന്നു ഉണ്ടായിരുന്നത്.

അന്ന് ഞാൻ അഞ്ചിലോ ആറിലോ ആണ് പഠിക്കുന്നത്.പരീക്ഷ നടക്കുകയാണ്.
അതിനിടക്ക് എനിക്കൊരു പാൽ ഐസ് കഴിക്കാൻ പൂതി. പൊട്ടിയ അള്ക്ക് പാത്രത്തിലെ പൈസ സൂക്ഷിച്ച കവറിൽ നിന്നും ഞാൻ ഉമ്മ അറിയാതെ പൈസ എടുത്ത് സ്കൂളിൽ പോയി.
ഐസ് കഴിച്ചു ഉമ്മറാക്കാന്റെ കടേന്നു ബീട്രൂറ്റ് അച്ചാറും വേടിച്ചു ക്ലാസ്സിലേക്കോടി. ബാക്കി കിട്ടിയ പൈസയും അച്ചാറും ആരെങ്കിലും കട്ട് കൊണ്ട് പോയാലോ എന്ന് പേടിച്ചു , പുറത്തെ ബാഗിൽ നിക്ഷേപിക്കാതെ എക്സാം ബോർഡിന്റെ മേലെ വിരിച്ച ന്യൂസ് പേപ്പറിന് താഴെ,മുൻപ് ഏതോ പുസ്തകത്തിന്റെ പുറം ചട്ടയിൽ നിന്ന് വെട്ടിയെടുത്ത കാവ്യമാധവന്റെ ഫോട്ടോക്ക് ഇടയിൽ ഒളിപ്പിച്ചു ക്ലാസ്സിൽ കയറി. അപ്പോഴാണ് എക്സാം ഡ്യൂട്ടിക്ക് വന്ന പ്രസാദ് മാഷിനെ കാണുന്നത്. പേടികൊണ്ടു കയ്യിലെ ബോർഡ് താഴെ വീണു.
എന്റെ അച്ചാറും ചില്ലറയും കാവ്യമാധവനും ധാ നിലത്ത്!
കുട്ടികളൊക്കെ കളിയാക്കി ചിരിക്കാൻ തുടങ്ങി.പ്രത്യേകിച്ചും ഞങ്ങളുടെ ഇടയിൽ ഇരുത്തിയ മുതിർന്ന ക്ലാസ്സിലെ കുട്ടികൾ.
സാറിനെ കണ്ടു ഇത്ര മാത്രം പേടിക്കാൻ മറ്റൊരു കാരണമുണ്ടായിരുന്നു.

ലൈബ്രറിയിൽ നിന്നെടുത്ത ഒരു ബുക്ക് എന്റെ കയ്യിൽ നിന്നും കളഞ്ഞു പോയി.
കുറെ ദിവസമായി അതും തിരഞ്ഞു സാറിന്റെ മുന്നിൽ പെടാതെ നടക്കുകയായിരുന്നു.
ഇടക്കൊരു ദിവസം കസിൻസ് വീട്ടിൽ വന്നപ്പോൾ ഞാൻ ഓജോ ബോർഡിനെ കുറിച്ച് കേട്ടു.
എന്നാൽ അതൊന്നു പരീക്ഷിച്ചു നോക്കിയിട്ട്, പുസ്തകം കട്ട കള്ളനെ പിടികൂടിയിട്ടു തന്നെ കാര്യം.

വിരുന്നുകാരുടെ മുറി അന്ന് തുറന്നിരുന്നു.വലിയവരെല്ലാം അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണ്.ആണുങ്ങൾ പള്ളിയിൽ നിസ്കരിക്കാൻ പോയിരിക്കുന്നു.ഇത് തന്നെ തക്കം.
ഞങ്ങൾ കുട്ടികൾ ഇരുട്ട് മുറിയിൽ കയറി, വാതിലടച്ചു.ഓജോ ബോർഡ് വരച്ചു. അതിൽ അക്ഷരങ്ങളുടെ മേലെ നാണയത്തിനു മേലെ മെഴുക് തിരി കത്തിച്ചു. അതിനു മേലെ ഗ്ലാസ് കമിഴ്ത്തി.
'ഗുഡ് സ്പിരിറ്റ് പ്ലീസ് കം'
ഞാനിങ്ങനെ മനസ്സിൽ പ്രതീക്ഷയോടെ മന്ത്രിച്ചു കൊണ്ടേ ഇരുന്നു.
പക്ഷെ തിരി കെട്ട് പോവുകയല്ലാതെ നാണയം നീങ്ങിയില്ല.

അവസാനം ഉമ്മയോട് കാര്യം പറഞ്ഞു. ഉമ്മയും വീട് മൊത്തം  അരിച്ചു പെറുക്കിയിട്ടും പുസ്തകം മാത്രം കിട്ടിയില്ല.
കിട്ടിയത് ഉമ്മാന്റെ തല്ല് മാത്രം!

അങ്ങനെ ഇങ്ങനെ പേടിച്ചു മുങ്ങി നടക്കുമ്പോഴാണ് സാറിന്റെ മുന്നിൽ എക്സാം ഹാളിൽ ഒട്ടും നിനക്കാതെ വന്നു പെടുന്നത്.
അവസാനം സാറിനോട് പരീക്ഷ കഴിഞ്ഞ ശേഷം കാര്യം പറഞ്ഞു.
മാഷിന് ഭാവഭേദം ഒന്നുമുണ്ടായില്ല.
പതിവ് പോലെ ചിരിക്കാത്ത മുഖത്തോട് കൂടി മീശ പിരിച്ചു കൊണ്ട് 'പുസ്തകത്തിന്റെ പൈസ തന്നാൽ മതി' എന്ന് പറഞ്ഞു.
പുസ്തകത്തിന്റെ വില 84 രൂപയണത്രെ.

"എന്റെ റബ്ബിൽ ഇസ്സത്തായ തമ്പുരാനെ.ന്നെ എന്തിനാ ഇങ്ങനെ എടങ്ങാറാക്ക്ണെ"
ഞാൻ തേങ്ങികൊണ്ടു പടച്ചവനെ വിളിച്ചു.
അവസാനം ഉമ്മ എങ്ങനെയോ ആ പണം ഒപ്പിച്ചു തന്നു.
അത് വരെ ആ സാറിന്റെ മുഖം എന്നെ പേടിപ്പിച്ചു കൊണ്ടേയിരുന്നു.
പിന്നെയും പലരും എന്നെ ഇങ്ങനെ പേടിപ്പിച്ചു.

ഒരിക്കൽ മദ്രസ കഴിഞ്ഞു മിടായി വേടിക്കാൻ അടുത്തുള്ള വയസ്സന്റെ കടയിൽ കേറി. കൂടെ കൂട്ടുകാരികൾ ആരുമുണ്ടായിരുന്നില്ല.
ഞാൻ ആവശ്യപ്പെട്ട മിടായിയുടെ കൂടെ ഒരു തേൻമിട്ടായി അധികം തന്നു ക്യാഷ് വേടിക്കുമ്പോൾ അയാളെന്റെ കയ്യിൽ കേറി പിടിച്ചു. ഞാൻ കൈവലിച്ചു ,പേടിച്ചു കുതറിയോടി. ഓട്ടത്തിനിടയിൽ അയാൾക്കൊരു കടി കൂടെ കൊടുക്കായിരുന്നു എന്ന് ദേഷ്യത്തോടെ ഓർത്തു.പിന്നീട് ആ കടയിൽ പോയിട്ടില്ല.

അത് പോലെ ഒരിക്കൽ ഉമ്മാക്ക് എങ്ങോട്ടോ പോകാൻ ഓട്ടോ വിളിക്കാൻ എന്നെ അങ്ങാടിയിലേക്കയച്ചു.ദൂരമുണ്ടെങ്കിലും മൂത്തകുട്ടി എന്ന നിലക്ക് 10 വയസ്സ് വരെ എന്നെയായിരുന്നു അങ്ങാടിയിൽ പറഞ്ഞയച്ചിരുന്നത്.
അങ്ങനെ ഞാൻ ഓട്ടോ വിളിച്ചു എത്തുമ്പോഴേക്കും ഉമ്മ വേറേതോ ഓട്ടോയിൽ കേറി പോയിരിക്കുന്നു. അയാൾ എന്നോട് 5 രൂപ ആവശ്യപ്പെട്ടു. ഞാനാകെ നടുങ്ങി പോയി. എവിടുന്ന് കൊടുക്കും. വല്ലിമ്മാനോട് ചോദിച്ചു.
'വല്ലിമ്മന്റെൽ എവിടന്നാ മളേ കായീ. അബ്ദു അയച്ച പൈസ അപ്പാടെ ഇനിക്ക് മരുന്ന് മേടിക്കാൻ വല്ലിപ്പാന്റെല് കൊടുത്തില്ലേ, ഇജ്ജ് തത്കാലം മറിയാമുന്റേന്ന് മാങ്ങി കൊടുത്താള്'
ഞാൻ മറിയാമു താത്തന്റെ വീട് ലക്ഷ്യമാക്കി ഓടി. അവിടെ അതാ ഗേറ്റ് പൂട്ടിയിരിക്കുന്നു. ഞാൻ വല്ലിമ്മാനോട് കാര്യം പറഞ്ഞു.
വല്ലിമ്മ അയാളോട് ഇപ്പൊ ഇവിടെ തരാൻ പൈസ ഇല്ലെന്ന് പറഞ്ഞു.
പക്ഷെ അയാൾ പണം കിട്ടാതെ പോകില്ലെന്ന് വാശി പിടിച്ചു.അയാൾക്ക് നഷ്ടമാകുന്ന പെട്രോളിന്റെ കണക്ക് പറഞ്ഞു ശബ്ദമുയർത്തി.
ഞങ്ങൾ പേടിച്ചു.
വല്ലിമ്മ നെഞ്ചത്തു കൈ വച്ച് ബദ്രീങ്ങളെ വിളിച്ചു കരയാൻ തുടങ്ങി.
"ന്റെ ബദിരീങ്ങളെ, ഈ ആട്ടറശ്ശാക്കാരൻ ഈ ബയസത്തീനിം കുട്ടീനീം എടങ്ങാറാക്കണല്ലോ,ന്റെപടച്ചോനെ, ഇജ്ജെന്നെ ഒരു ബയ്‌യ് കാണിച്ചെരീ"
എന്ന് കൂടെ പ്രാർത്ഥിച്ചു.
അപ്പോഴാണ് വല്ലിമ്മാന്റെ തറവാടായ മാമാന്റെ വീട് ഓര്മ വന്നത്.അവിടെ പോയി 5 രൂപ വേടിച്ചു അയാൾക്ക് കൊടുത്തു.പിന്നീട് അങ്ങാടീൽ പോവാൻ എനിക്ക് പേടിയായിരുന്നു.അയാളുടെ ഓട്ടോ എവിടെ കണ്ടാലും നെഞ്ചിടിപ്പ് കൂടും.

കുറെ കാലം കഴിഞ്ഞു ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. നടൂല പള്ളിയുടെ ഖബർ സ്ഥാനിനോട് ചേർന്നുള്ള കെട്ടിടത്തിലെ
മൂന്നാം നിലയിൽ അങ്ങേ അറ്റത്താണ് എന്റെ ക്ലാസ്.
തൊട്ടടുത്ത ക്ലാസ്സിലെ ഒരു മൂല്യാർ ചെക്കന് എന്നെ ഇടക്കിടക്ക് വേണ്ടാത്ത നോട്ടം നോക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടായിരുന്നു.
ഒരിക്കൽ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ മേലെ നിന്നും താഴെ വരെ അവനെന്റെ പിറകെ ഓടി.
ആ ഓട്ടം നിന്നത് വീട്ടിലാണ്.
ഞാൻ കിതക്കുന്നതിനൊപ്പം കരയുന്നുമുണ്ടായിരുന്നു.
ഉമ്മ എന്താ പറ്റിയതെന്നു ചോദിച്ചു.
"ഇന്ക്ക് ഇനി സ്കൂളിൽ പോണ്ട"
"അതെന്താ" ഉമ്മ കാരണം ചോദിച്ചു.
"അല്ലെങ്കില് ന്നെ വേറെ സ്കൂളിൽക്ക് മാറ്റി ചേർക്കണം"ഞാൻ വാശിപിടിച്ചു.

"ഇജ്ജ് മാനാളം കൊഞ്ചാതേ കാര്യം പറയണുണ്ടാ. മനുഷ്യനന്നേ പഠിക്കണ്ട നേരത്തു പഠിക്കാൻ പറ്റാത്തതിന്റെ ഖേദം ഇപ്പളും മനസ്സിന്ന് മാറീട്ടില്ല. അതോണ്ടാണ് ഇങ്ങളെ ഒക്കെ കയ്യോ കാലോ ബളരണത് ന്ന് നോക്കി ഇല്ലാത്തോടത്തുന്നു ഇണ്ടാക്കീട്ട് എടങ്ങാറായി പഠിപ്പിക്കുന്നത്.അപ്പൊ അനക്ക് പഠിക്കണ്ടാന്നോ. "
ഉമ്മ ദേഷ്യത്തോടെ തല്ലാൻ വന്നു.

ഞാൻ ഏങ്ങി കൊണ്ട് കാര്യം പറഞ്ഞു.
"അതിനല്ലേ ഇസ്കൂളിൽ മാഷമ്മാർ. ഇനി ഓന് വരാണേൽ മാഷിനോട് പറയേണ്ടി", എന്ന് പറഞ്ഞു സമാധാനിപ്പിച്ചു എന്നെ ഉമ്മ തിരിച്ചു സ്കൂളിലേക്കയച്ചു.

ക്ലാസ് തുടങ്ങി. രവി മാഷിന്റെ കണക്ക് പിരീഡ് ആണ്. അപ്പോളാണ് അടുത്ത ക്ലാസ്സിൽ നിന്ന് ഭയങ്കര ബഹളം.
സർ പോയി നോക്കുമ്പോ അവിടെ പഠിപ്പിക്കാൻ ആരും വന്നിട്ടില്ല. രവി മാഷ് അവിടുത്തെ ആൺകുട്ടികളെ ഞങ്ങളുടെ  ക്ലാസ്സിൽ കൊണ്ട് വന്ന് ബോർഡിന് മുന്നിൽ നിരക്ക് നിർത്തി. അതിൽ ആ മൂല്യാര് കുട്ടിയും ഉണ്ടായിരുന്നു.അവനെന്നെ  തന്നെ തുറിച്ചു നോക്കാൻ തുടങ്ങി. നോട്ടം വല്ലാതെ അസഹ്യമായപ്പോൾ ഞാൻ എണീറ്റ് നിന്ന് സാറിനെ വിളിച്ചു.ഉമ്മ പകർന്ന ധൈര്യം സംഭരിച്ചു കൊണ്ട് നടന്ന കാര്യങ്ങൾ സാറിന്റെ ചെവിയിൽ പറഞ്ഞു കൊടുത്തു.
സർ അവനെ വിളിച്ചു ഏറ്റവും മുന്നിൽ നിറുത്തി. അവന്റെ വലത്തേ കയ്യും ഇടത്തെ കയ്യും നീട്ടാൻ പറഞ്ഞു.
ഞാൻ ആകാംഷയോടെ നോക്കി നിന്നു.
അതെ ഈ ഭൂമിയിൽ എനിക്കാദ്യമായി നീതി കിട്ടാൻ പോവുകയാണ് എന്നോർത്തു ഞാൻ അഭിമാനിച്ചു.
മാഷ് അവന്റെ വലത്തേ കൈ സാറിന്റെ വലതു കൈ കൊണ്ട് പൊക്കി. എന്നിട്ട് പരത്തി വച്ച ഇടത്തെ കൈയ്യിലേക്ക് ശക്തിയായി ആഞ്ഞടിച്ചു.
ക്ലാസ്സിൽ ആർക്കും സംഭവം മനസിലായില്ല.
എന്നാലും അവനിനി ഇതിന്ന് പ്രതികാരം ചെയ്യുമോ എന്ന് പേടിയുണ്ടായിരുന്നു.
പക്ഷെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ പാലക്കടേക്ക് സ്കൂൾ മാറി.
പിന്നെയും പല ആളുകൾ. മുന്നിലെ കാഴ്ചകൾ കാണാൻ
കോലായയുടെ മുന്നിലെ ചാരുപടിയിൽ വന്നിരുന്നാൽ പോലും  പേടിപ്പിച്ചു അകത്തേക്ക് ഓടിപ്പിക്കുന്ന റോഡിലൂടെ പോകുന്ന കുറെ ആളുകൾ.

അങ്ങനെ അങ്ങനെ വെറുതെ ഇരിക്കുന്ന എന്റെ നേർക്ക് കൊത്താൻ വന്ന കുറെ തള്ള കോഴികൾ.

"പടച്ചവനെ ഞാനെന്തു പിഴച്ചു?"

"ഇല്ലല്ലോ , നിന്നെ എല്ലാ സാഹചര്യങ്ങളിൽ നിന്നും ഞാൻ രക്ഷപ്പെടുത്തിയില്ലേ?"

"ഉം"

"നാളേക്ക് വേണ്ടി നിന്നെ ഞാൻ വാർത്തെടുക്കുകയാണ്. ഇതെല്ലാം  നിനക്ക് കരുത്ത് പകരുക തന്നെ ചെയ്യും.നീ കണ്ടോ.."

ശരിയാണ്, വളരെ ശരിയാണ്,
നാഥന് സ്തുതി!

സുഹ്റ

No comments:

Post a Comment