പുറത്തു പടിഞ്ഞാറ് നല്ല മഴക്കാറ് വച്ചിട്ടുണ്ട്. നട്ടുച്ച നേരത്തും ഇരുട്ട് കൂടി വരുന്നു.ഭയാനകരമായ ഈ കാലാവസ്ഥയിലും കുളിര് പകർന്നു കൊണ്ട് തണുത്ത കാറ്റ് മുഖത്തടിക്കുന്നുണ്ട്.
പെയ്യാൻ പോകുന്ന ഓരോ മഴയും ഒരായിരം പ്രതീക്ഷയാണ്.
ഇത് പോലെ തന്നെയായിരുന്നു കുഞ്ഞു നാളിൽ എന്റെ മനസ്സും.പ്രതീക്ഷകളെക്കാളേറെ മനസ്സ് പ്രക്ഷുബ്ധമായിരിക്കും. എന്തിനേറെ സ്വപ്നങ്ങളിൽ പോലും ഞാൻ വേട്ടയാടപ്പെട്ടിരുന്നു.
പക്ഷെ ഹൃദയം കുളിർക്കുന്ന കാറ്റോ മഴയോ എന്നെ തേടിയെത്തിയിരുന്നില്ല.
പൊട്ടിയ ഓടിന്റെ വിടവുകളിലൂടെ ചോർന്നൊലിക്കുന്ന മഴവെള്ളം മേലെ ഇറ്റിയത് കൊണ്ടായിരുന്നില്ല, പലപ്പോഴും ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ടു പേടിച്ചാണ് ഞാൻ ഉറക്കത്തിൽ ഞെട്ടി എണീറ്റിരുന്നു കരയാറുള്ളായിരുന്നത്. ചിലപ്പോഴൊക്കെ ഉമ്മ ഉള്ളറയിൽ നിന്ന് രാത്രിക്ക് രാത്രി തന്നെ പേരക്കായുടെ വടി എടുത്തിട്ട് കോലായിൽ വരും.
ഞാനപ്പോൾ ഏങ്ങി ഏങ്ങി കരയുന്നുണ്ടാകും.
ഞാൻ കരയുന്നത് ഉമ്മാക്ക് ഇഷ്ടമായിരുന്നില്ല.
വടി ദേഹത്തേക്ക് ചൂണ്ടി കൊണ്ട് ഉമ്മ ഇങ്ങനെ പറയും
"തൊള്ള പൂട്ടേടീ. ഇനി അന്റെ ഒച്ച ഇവ്ടെ പൊങ്ങിയാൽ അന്നെ ഞാൻ ഇവിടെ തന്നെ കൊന്നു കുഴിച്ചു മൂടും."
ഞാനപ്പോൾ വായ പൊത്തിപ്പിടിച്ചു ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് കരയും.
എന്തിനാണ് ഉമ്മ അങ്ങിനെ എപ്പോഴും എന്നോട് പെരുമാറുന്നതെന്നു അമർഷത്തോടെ ഞാൻ ആലോചിക്കും.
നീണ്ട കോലായുടെ മൂലക്കൽ കിടക്കുന്ന എന്റെ കരച്ചിലിന്റെ ശബ്ദം റോഡിനപ്പുറമുള്ള കോയാജിയുടെ വീട്ടിലെ സെമിതാത്ത വരെ കേൾക്കാറുണ്ടായിരുന്നു.
ഒരിക്കൽ കഥാപുസ്തകം വേടിക്കാൻ ചെന്ന എന്നോട് 'എന്തിനാണ് രാത്രികളിൽ ഇടക്കിടക്ക് കരയുന്നതെന്നു' സെമിതാത്ത ചോദിച്ചു.
"ചൗട് വേദൻച്ചിട്ട്".എന്നിലെ 6 വയസ്സുകാരി കള്ളം പറഞ്ഞു.
"അനക്ക് എപ്പോളും ചെവിട് വേദന ണ്ടാവലുണ്ടോ?"
"ഉം" ഞാനൊന്ന് മൂളി.
"ഇജ്ജ് പൊള്ളു പറയണ്ട, ഒറക്കത്തിൽ പായിപാത്തിയപ്പോ അന്റെ ഉമ്മ തല്ലിയതല്ലേ?"
താത്ത എന്നെ കളിയാക്കി.
"ഞാൻ പായിൽ പാത്തലില്ല.ബാവെണ് എന്നും പാത്തൽ.
ഇങ്ങളേടത്ത് പുത്യേ ബാലരമ ണ്ടാ?"
ഞാൻ വന്ന കാര്യത്തിലേക്ക് കടന്നു.
താത്തന്റെ കയ്യിൽ എല്ലാ വാരികകളുമുണ്ടായിരുന്നു.ബാലരമ,ബാലമംഗളം, ബാലഭൂമി, കുസുമം, അമർചിത്രകഥ അങ്ങനെ ഒരുപാട് ബാലവാരികകൾ. ഓരോ ബുക്കും വേടിച്ചിട്ടു ഞങ്ങളുടെ റോഡിനോട് ചേർന്നുള്ള കൈപടിയിൽ ചാരിയിരുന്നു എന്റെ സ്വന്തം പുസ്തകമെന്ന ഭാവത്തിൽ ഞാൻ വായിക്കാൻ തുടങ്ങും.
അതിലൂടെ കടന്നു പോകുന്ന കൂട്ടുകാരികൾ അത് വായിക്കാൻ തരുമോ എന്ന് ചോദിക്കും. ഞാൻ ഇല്ല എന്ന് പറയും.
അപ്പോൾ അവര് പറയും 'ഇജ്ജ് എന്ത് പിസ്‌ക്കത്തിയാ' എന്ന്.
അത് കേൾക്കുമ്പോ സ്വന്തമായി ഒന്നും ഇല്ലാല്ലോ എന്നോർത്തു സങ്കടം വരും.അത് കൊണ്ട് തന്നെ
എല്ലാ വെള്ളിയായഴ്ചയും വൈകുന്നേരം വല്ലാത്ത ദുരഭിമാനത്തോടെയാണ് ഞാൻ ബാലരമ വേടിക്കാൻ താത്തന്റെ അടുത്തേക്ക് പോവാറ്.
നിക് എന്നേലും 7 രൂപ ഒത്തുവരുമ്പോൾ ഞാൻ ബാലരമ വേടിച്ചിട്ടു ആദ്യം വായിക്കാൻ ഇങ്ങക്ക് തരുമെന്ന് , കഥാബുക്ക് തിരയാൻ പോയി കുറെ നേരം കഴിഞ്ഞു തരുമ്പോൾ പറയാൻ തോന്നും.
കോയാജിന്റോടെ വലിയ സിമന്റ് ടാങ്ക് ഉണ്ട്. അതിൽ ചാര നിറത്തിലുള്ള നീണ്ട വാലുള്ള രണ്ടു വലിയ മീനുകളുണ്ട്. ടാങ്കിലെ വെള്ളത്തിലെ ചെളി കൊണ്ട് അവരെ കാണാൻ പറ്റില്ല. എന്തെങ്കിലും കൊണ്ട് എറിഞ്ഞാലെ അത് അനങ്ങുള്ളൂ. വികൃതിപിള്ളേർ ചെയ്യുന്ന പോലെ തൊട്ടടുത്ത പേരക്ക മരത്തിലെ ചെള്ളിപ്പേരക്ക പറിച്ചു വെള്ളമനക്കാൻ തോന്നും.പക്ഷെ പേടിയായിരുന്നു.സമി താത്ത പുസ്തകം കൊണ്ട് വരുന്നത് വരെ ഞാൻ ആ മീനുകൾ അനങ്ങുന്നതും നോക്കി നിൽക്കും.
കോയാജിന്റോടെ പോയാ അദ്ദേഹമില്ലാത്ത നേരത്ത് അവരുടെ ഭാര്യ മറിയാമു താത്ത അരിനെല്ലിക്കിം പേരക്കിം ഓർക്കാപുളീം കൊപ്ര ഉണക്കിയതുമൊക്കെ നുള്ളിന് തരും.അത് കൊണ്ട് തന്നെ വല്ലിമ്മ അങ്ങോട്ട് തേങ്ങ വേടിക്കാൻ പോകുമ്പോ ഞാനും കൂടെ വലിഞ്ഞു പോകും
.അത്യാവശ്യമായി അഞ്ചോ പത്തോ കടം വേടിക്കാൻ ഉമ്മ എന്നെ മറിയാമ താത്തന്റെ അടുത്തേക്ക് പറഞ്ഞയക്കാറുണ്ടായിരുന്നു.
ഒരിക്കൽ കൂട്ടുകാരിയുടെ കയ്യിൽ തിളങ്ങുന്ന സ്റ്റിക്കർ കണ്ടപ്പോൾ അത് സ്വന്തമാക്കണമെന്നൊരു പൂതി.
5 ഉർപ്പിയ തന്നാ തരാമെന്നു ഓള് പറഞ്ഞു.
അപ്പോളാണ് മറിയാമ താത്തനെ ഓര്മ വന്നത്.
ഉമ്മാക്ക് ആണെന്ന പോലെ ഓടിപ്പോയി 5 രൂപ കടം വേടിച്ചു ആ സ്റ്റിക്കർ കരസ്ഥാക്കി.
പിന്നെ വല്ലിമ്മാന്റെ കൂടെ അങ്ങോട്ട് പോകാൻ പേടി ആയിരുന്നു.മറിയാമ താത്ത വല്ലിമ്മാന്റെ മുന്നിൽ വച്ച് പൈസ തിരിച്ചു ചോദിച്ചാലോ എന്ന പേടി.
പിന്നെ കുറെ കാലം വല്ലിപ്പ തരുന്ന മിട്ടായിപൈസകൾ ഒരുക്കൂട്ടി ആ കടം വീട്ടിയെന്നാണ് ഓർമ.
ങാ, സ്വപ്നം കണ്ടു കരഞ്ഞത് പറഞ്ഞപ്പോഴല്ലേ ഇവിടെ വരെ എത്തിയത്.അന്ന് നിരന്തരമായി കാണുന്ന സ്വപ്‌നങ്ങൾ എനിക്കിപ്പോഴും ഓർമയുണ്ട്.പലതും ഇപ്പോഴുമെന്നെ പിന്തുടരുന്നുണ്ട്.
ഏറ്റവും കൂടുതൽ കണ്ടത് എന്നെ ആക്രമിക്കാൻ പിന്തുടരുന്ന ഹെലികോപ്ടറുകളാണ്. എവിടെ പോയി ഒളിച്ചാലും അത് പിന്നാലെ വരും.ഞാൻ മുറികളിൽ ഓടിയൊളിക്കും. അപ്പോൾ അതു ചെറുതാകും. ഞാൻ ജനലോ വാതിലോ ഇല്ലാത്ത മുറികൾ തേടി ഓടും.വിമാനങ്ങളും മറ്റും എന്റെ വീടിനെ ലക്ഷ്യമാക്കി മുട്ടി മുട്ടിയില്ലെന്ന, എന്നെ കണ്ടു കണ്ടില്ലെന്ന മട്ടില് എന്റെ ചുറ്റും ചീറിപ്പായും. ഞാൻ ഓരോ തവണയും രക്ഷപ്പെടും.
അടച്ചുറപ്പുള്ള വാതിലും ജനാലുമുള്ള ഓടിനു പകരം വാർപ്പുള്ള വീടിനു വേണ്ടി അപ്പോൾ ഞാൻ ആഗ്രഹിച്ചു പോകും.
ചിലപ്പോഴൊക്കെ ആകാശത്തു ചില അക്ഷരങ്ങളും വരികളും മിന്നിമറയുന്നത് കാണാറുണ്ട്. അടുത്തിടെ ലൈറ്റനിംഗ് കാലിഗ്രാഫി ആദ്യമായി ശ്രദ്ധയിൽ പെട്ടപ്പോൾ ആ സ്വപ്‌നം ഓർത്തു പോയി.
പിന്നെ നിരന്തരം കാണാറുള്ളത് വെള്ളപ്പൊക്കം,ലോകാവസാനം, കൊടുങ്കാറ്റ്, ഭൂമി ഒലിച്ചു പോകൽ,പട്ടി കടിക്കാൻ വരൽ, പാമ്പിനെ ചവിട്ടൽ, വീട്ടിലെ കിണർ ഇടിയൽ , ഉമ്മ വഴിയിലെവിടെയോ ഉപേക്ഷിക്കല് തുടങ്ങിയ സ്വപ്നങ്ങളാണ്.
ഞാനടക്കമുള്ള ഒരുകൂട്ടം മനുഷ്യർ ഏതോ ഒരു കുന്നിൻ മേലെ മറ്റെന്തോ ഭയപ്പാടുള്ള സംഭവവും കാത്ത് നിൽക്കുന്നതും ഇടക്കിടക്ക് കാണും. ചിലപ്പോ മഹ്ശറ ഓർത്തതാവും.
വളരും തോറും നിരന്തരം കാണുന്ന സ്വപ്നങ്ങളും അധികരിച്ചു കൊണ്ടിരുന്നു.പക്ഷെ സ്വപ്നത്തിൽ കരയാറില്ല.
ഇന്നും ഇത്തരത്തിലുള്ള സ്വപ്‌നങ്ങൾ കണ്ടാൽ പിറ്റേ ദിവസം നെഞ്ചിൽ വല്ലാത്ത വിങ്ങലാണ്.ആ ദിവസം മുഴുവൻ എന്തിനാണ് നെടുവീർപ്പിടുന്നതെന്നു ആ സ്വപ്നം വീണ്ടും ഓര്മയിലേക്ക് തിരിച്ചു പിടിക്കുന്നത് വരെ ഞാൻ ആലോചിക്കും.അപ്പോഴാണ് ഇത്തിരി സമാധാനം ഉണ്ടാകുക.
ഇപ്പോൾ പുറത്തു മഴ കൊടുങ്കാറ്റിന്റെ അകമ്പടിയോടെ ശക്തമായ ഒച്ചയോട് കൂടി ചെരിഞ്ഞു പെയ്യുന്നു.
മഴയാണോ മേഘമാണോ ശക്തിയിൽ മുന്നിലൂടെ കാറ്റിനോടൊപ്പം ചീറിപ്പോകുന്നതെന്നു ആലോചിച്ചു നെഞ്ചിടിപ്പോടെ ഞാൻ നോക്കി നിന്നു.നേരെത്തെ വീശിയ കുളിർ കാറ്റിപ്പോൾ ആശങ്കയുടെ കൊടുങ്കാറ്റായി മനസ്സിൽ ഭീതി പടർത്തുന്നു.തീർച്ചയായും മണിക്കൂറുകളായിട്ടും തോരാത്ത മഴ പ്രതീക്ഷയേക്കാളേറെ ആശങ്ക തന്നെയാണെന്ന് നൽകുന്നതെന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചു.
സുഹറ
ഓർമ്മകൾ
No comments:
Post a Comment