Monday, 15 October 2018

മന്ശർ 1.

ഇത്തിരി വലിയ മനുഷ്യന്മാരെ കുറിച്ചിത്തിരി.
ഭാഗം 1

ചില ആളുകൾ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്. ഒരുപരിധി വരെ അസൂയപ്പെടുത്താറുണ്ടെന്നു തന്നെ പറയാം.
മുഖത്തെ പ്രകാശംപരത്തുന്ന പുഞ്ചിരി കൊണ്ട്, സമാധാനം നൽകുന്ന രണ്ടു നല്ല വാക്കുകൾ കൊണ്ട്, സ്നേഹത്തിന്റെ മൃദുവായ സ്പർശനം കൊണ്ട് അങ്ങനെ അങ്ങനെ...
നിശബ്ദമായി നോക്കിയിരുന്നു കൊണ്ട് ആസ്വദിച്ച ഒരുപാട് മുഖങ്ങളില്ലേ നമ്മുടെ ഹൃദയത്തിന്റെ സൂക്ഷിപ്പ് മുറിയിൽ.
നമുക്കൊക്കെ ഒരു പ്രത്യേകതയുണ്ട്.
നമ്മൾ ആഗ്രഹിക്കുന്ന സ്നേഹവും സമാധാനവും പരിഗണനയും സ്വാതന്ത്ര്യവും കിട്ടുന്നിടത്തേക്ക് നമ്മളടിക്കടി പോയി കൊണ്ടേയിരിക്കും.പലപ്പോഴും യാത്രകൾ ഇഷ്ടപ്പെടുന്നത് ഇത് കൊണ്ടാവാം.ഒരിക്കൽ പോയിടത്തേക്ക് രണ്ടാമത് പോകാൻ തോന്നാത്തത് നമുക്കവിടെ ഹൃദയം കൊണ്ട് ബന്ധം സ്ഥാപിക്കാൻ കഴിയാത്തത് കൊണ്ടാണെന്നു പറഞ്ഞാൽ തെറ്റില്ലലോ.
ചുറ്റുപാടിൽ നിന്നും, മിക്കപ്പോഴും എന്നിൽ നിന്നും ശ്രദ്ധിച്ച ചില  മനുഷ്യരെ കുറിച്ചും അവരുടെ പ്രത്യേകതകളെ കുറിച്ചും അല്പം കാര്യങ്ങൾ പങ്കു വയ്ക്കാം.

സാഹചര്യങ്ങൾ കൊണ്ടും ,എടുത്തു പറയാൻ വിധം ബന്ധങ്ങളില്ലാത്തത് കൊണ്ടും ,ബന്ധങ്ങളുടെ കുരുക്കേറിയത് കൊണ്ടുമൊക്കെ സ്വന്തമായി നിലകൊള്ളേണ്ടിയിടത്ത് നിന്നും മാറി അനാഥ-അഗതി മന്ദിരങ്ങളിലും മറ്റുപല ആശ്രയങ്ങളിലുമൊക്കെ ഒറ്റപ്പെട്ടും കൂട്ടായും കാലം തള്ളി നീക്കുന്ന മനുഷ്യ ജന്മങ്ങളുണ്ട് നമുക്ക് ചുറ്റും.
അവരെയൊക്കെ കൂടെ ജീവിതം പൂർണമായും നീക്കിവച്ചും, ഇടക്കിടക്ക് പോയി സന്ദർശിക്കുകയും നല്ലത് ചെയ്യുകയും ചെയ്യുന്ന ധാരാളം ഗുണകാംഷികളും നമുക്കിടയിലുണ്ട്.

ഇവർ തന്നെ വ്യത്യസ്ത തരത്തിലാണ്.
ചിലർ തങ്ങളുടെ വളർച്ചക്ക് വേണ്ടി അഗതികളെ പരിരക്ഷിക്കുന്നു.
അല്ലെങ്കിൽ അങ്ങനെ ഒരു ബോധം സമൂഹധാരയിൽ ഉണ്ടാക്കിയെടുക്കാൻ കിടന്നു മരിക്കുന്നു.

മറ്റു ചിലർ, അഗതികളുടെ മാനസികമായും ശാരീരികമായും സാമ്പത്തികമായുമുള്ള സ്വയം പര്യാപ്തതക്കും ശാക്തീകരണത്തിനും വേണ്ടി യാതൊരു വിധ പ്രതിഫലേച്ഛയോ പ്രസിദ്ധിയോ പ്രശംസയോ മോഹിക്കാതെ ഒറ്റയാൾ പോരാട്ടം നടത്തുന്നു.
ഇത്തരക്കാർ ഇവിടെ എവിടെയോ വിരലിലെണ്ണാവുന്നവരെങ്കിലും ശേഷിക്കുന്നു എന്ന വിശ്വാസത്തിൽ മാത്രം പ്രതിപാതിച്ചതാണ്.

ഇനി ഇതിനു രണ്ടിനുമിടക്കു പെട്ട് പോയ ചിലരുണ്ട്.
സ്വന്തത്തെയും ബോധ്യപ്പെടുത്തണം, ചിലപ്പോഴൊക്കെ സമൂഹത്തെയും ബോധ്യപ്പെടുത്തണം.
നമ്മിൽ പലരും ഇതിൽ പെടും, അല്ലെങ്കിൽ പെടുത്തേണ്ടി വരും.ഇവർക്ക് ധാരാളം പ്രത്യേകതകളുണ്ട്.
പറയാനേറെ അനുഭവകഥകളുള്ളവർ .
അവരിൽ ഭൂരിഭാഗവും ഇവിടെ വരെ എത്തിയത് ഞാൻ മുന്നേ പ്രതിപാതിച്ച കാരണം കൊണ്ട് മാത്രമാണ്;
വളർന്നു വന്ന സഹചര്യങ്ങളിലെവിടെയോ പ്രതീക്ഷിക്കുന്ന സ്നേഹമോ, സമാധാനമോ, സ്വാതന്ത്ര്യമോ, ബഹുമാനമോ, പരിഗണനയോ അങ്ങനെ പലതുമോ അവർ നിലകൊണ്ടായിടങ്ങളിൽ നിന്നും മിതമായ അളവിലെങ്കിലും  ലഭിക്കാതെ പോയവരാണവർ. അനാഥത്വമോ, അരക്ഷിതാവസ്ഥയോ, പാർശ്വവൽക്കരണമോ, ഒറ്റപ്പെടലോ, നീതി നിഷേധമോ വ്യത്യസ്ത അളവിലും തോതിലും അനുഭവിച്ചറിഞ്ഞവരണവർ.
അത് കൊണ്ടാണ് ഉള്ളിലെ തീയിനെ തണലാക്കി, സഹതാപത്തെ അനുതാപമാക്കി അത് സമൂഹനന്മമാക്കായി വിനിയോഗപ്പെടുത്താൻ അവർക്കായത്.
പക്ഷെ ഇത്രയേറെ അനുഭവിച്ചിട്ടും ഒന്നും ചെയ്യാൻ കഴിയാതെ പുറമേ ചിരിച്ചു കൊണ്ട് സ്വന്തം ജീവിതത്തോട് നിശബ്ദമായി പോരാടുന്ന ചിലരുണ്ട്.
ഇപ്പോഴും ആരുടെയൊക്കെയോ കെട്ടുകളിൽ കുടുങ്ങി നീറിപ്പുകയുകയാണിവർ.
ഒരവസരം കിട്ടിയാൽ ഒന്ന് ഹൃദയം തുറന്നു ചിരിച്ചെങ്കിലും മറ്റുള്ളവരുടെ മനസ്സ് നിറക്കാൻ.ഇങ്ങനെ എത്രയെത്ര വീട്ടമ്മമാർ.

ഇനി,പുഞ്ചിരി കൊണ്ട് മാത്രം ഹൃദയം കൈമാറാൻ കഴിയുന്ന ചിലമുഖങ്ങളും തിരക്കിട്ട ഓട്ടത്തിനിടയ്ക്കു നമ്മുടെ ഇട്ടാവട്ടത്ത് കൂടെ ഓടി മറഞ്ഞിട്ടുണ്ട്.
പ്രത്യേകിച്ചും അന്ധരും ബധിരരും മൂകരുമായവർ. ചിലപ്പോഴൊക്കെ തോന്നും നമ്മളെക്കാളൊക്കെ ചുറ്റുപാടിന്റെ വീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുകയും , എന്നാൽ നമ്മളെക്കാളേറെ അനുഭവങ്ങളും വിശേഷങ്ങളുമെല്ലാം  സമൂഹത്തോട് പങ്കു വയ്ക്കാനുമുള്ളത് ഇവർക്കാണെന്നു.
വയനാട് പിണങ്ങോട് പീസ് വില്ലേജിലെ ആയിഷുമ്മയും കോഴിക്കോട് grow എന്ന സ്ഥാപനത്തിലെ പരിശീലനത്തിനായി ബാച്ചുകൾ ഓരോന്നായി മാറി വരുന്ന hearing imapaired ആയ കുട്ടികൾകളും പാമ്പാടി ആശ്രമവാടിയിലെ സുഭദ്ര ചേച്ചിയുമൊക്കെ എന്റെ ഹൃദയത്തിൽ കയറി പറ്റിയത് അവരുടെ നിഷ്കളങ്കമായ ചിരിയിലൂടെയും വിശേഷങ്ങൾ പറയാനും ചോദിക്കാനും വെമ്പുന്ന പ്രത്യേകമായ ശരീര ഭാഷയിലൂടെയുമാണ്.
മലയാള മണ്ണിൽ പിറന്നവരായിട്ടും ഇവർക്ക് പൊതുവായി ഏകീകൃത ആംഗ്യ ഭാഷയില്ല എന്നത് സുതാര്യമായ ആശയവിനിമയത്തിന് പലപ്പോഴും തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.

ഇനി,ഹൃദ്യമായ സംസാരത്തിലൂടെ മനസ്സിൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്ന ചിലരുണ്ട്.
പല രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെ പോലും നമ്മളിഷ്ടപ്പെട്ടു പോകുന്നത് ഈ കാരണം കൊണ്ടാണ്.
യാതൊരു മുൻപരിചയവുമില്ലാതെ വിവരങ്ങളന്വേഷിച്ചു നമ്മുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു വരുന്നവർ.
പല ബസ്, ട്രെയിൻ യാത്രകളിലും പൊതുയിടങ്ങളിലെ വിശ്രമ കേന്ദ്രങ്ങളിലും എല്ലാം നമ്മള് നമ്മുടെ സ്വകാര്യതയിലേക്കും ഏകാന്തതയിലേക്കും ഉൾവലിയുമ്പോഴായിരിക്കും ഇത്തരക്കാരുടെ 'നുഴഞ്ഞു കയറ്റം'.
എവിടേക്കാണ്,
എന്തിനാണ് പോകുന്നത്,
ആരാ കൂടെ,
എന്ത് ചെയ്യുന്നു,
തുടങ്ങി നമ്മളേറെ പറഞ്ഞു മടുത്ത , ചിലപ്പോഴൊക്കെ അലോസരമുണ്ടാക്കുന്ന ചോദ്യങ്ങൾക്ക് പോലും നിറപുഞ്ചിരിയോടെ നമ്മളെ കൊണ്ട് മറുപടി പറയിപ്പിക്കുന്നവർ.
ഇക്കാര്യത്തിൽ മലപ്പുറത്ത്കാരുടെ സ്നേഹവും മിടുക്കും എടുത്ത് പറയേണ്ടത് തന്നെയാണ്.

ഇനി, സ്നേഹ സ്പർശം കൊണ്ട് നമ്മളെ 'കുഞ്ഞോളം'  ചെറുതാക്കി കളഞ്ഞ ചില 'വലിയ' മനുഷ്യരുമുണ്ടു.
സാഹചര്യത്തിനും സന്ദര്ഭത്തിനുമനുസരിച്ചു ഓരോ വ്യക്തികൾക്കും ഇത്തരക്കാർ സമാനതകളില്ലാത്ത ചിലരായിരിക്കും.
കൊച്ചു കുഞ്ഞു തൊട്ട് ചുളിഞ്ഞൊട്ടിയ ദേഹമുള്ള വൃദ്ധരുടെ മൃദു സ്പർശം വരെ നമ്മളെ അത്രമേൽ സ്വാധീനിക്കും.

അങ്ങനെ അങ്ങനെ എന്തോരം മനുഷ്യര് ല്ലേ.
ചരിത്രത്തിൽ സ്നേഹത്തിന്റെ പൂന്താളിലെങ്കിലും ഇടം നേടാൻ അർഹരായിട്ടും പലരും അടയാളപ്പെടുത്താതെ പോയവർ.
ഏറ്റം ചുരുങ്ങിയത് ഇത്തിരി കുഞ്ഞു ജീവിതത്തിലെ ഹൃദയം തേടിയുള്ള എന്റെ യാത്രകളിലൂടെ  കടന്നുപോയ ആ വലിയ മനുഷ്യരെയെങ്കിലും തുടർന്നുള്ള വരികളിലൂടെ പങ്കു വയ്ക്കുന്നു.

തുടരും
സുഹറ

No comments:

Post a Comment