ഒരു പക്ഷെ
ഈയടുത്ത് വായിച്ചൊരു സെൻ കഥയുണ്ട്.
ഒരിടത്ത് കാലങ്ങളായി കൃഷി ചെയ്യുന്ന കഠിനാധ്വാനിയായ ഒരു വൃദ്ധനുണ്ടായിരുന്നു.ഒരിക്കൽ അദ്ദേഹത്തിന്റെ കുതിരയെ കാണാതായി.
അത് കേട്ടറിഞ്ഞു വന്ന അയൽക്കാർ സഹതാപത്തോടെ
"എന്തൊരു കഷ്ടമാണല്ലേ!" എന്ന് പറഞ്ഞു വ്യസനപ്പെട്ടു.
അപ്പോൾ അദ്ദേഹമിങ്ങനെ പറഞ്ഞു.
"ഒരു പക്ഷെ അങ്ങനെയാവാം"
അടുത്ത പ്രഭാതത്തിൽ കാണാതായ കുതിര തിരിച്ചു വന്നു.
കൂടെ 3 കാട്ടുകുതിരകളുമുണ്ടായിരുന്നു.
"എന്തൊരത്ഭുതം, കുതിര പോയത് കൊണ്ടല്ലേ ഇവയൊക്കെ കിട്ടിയത്"
അയൽക്കാർ വാഴ്ത്തിപ്പറഞ്ഞു.
അപ്പോഴും വൃദ്ധൻ
" ഒരു പക്ഷെ അങ്ങനെയാവാം "
എന്ന് പറഞ്ഞു.
പിറ്റേ ദിവസം കാട്ടിൽ നിന്നും കിട്ടിയ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടൽ അദ്ദേഹത്തിന്റെ മകൻ താഴെ വീണു പരിക്കേറ്റു. അയാളുടെ കാലൊടിഞ്ഞു.
അപ്പോൾ അയൽക്കാർ മെരുക്കമില്ലാത്ത കുതിരപ്പുറത്ത് എടുത്തു ചാടി സവാരി ചെയ്ത മകനെ ആക്ഷേപിച്ചു.
അത് കേട്ട് വൃദ്ധൻ അന്നും
" ഒരു പക്ഷെ അങ്ങനെയാവാം"
എന്ന് പറഞ്ഞു.
പിറ്റേ ദിവസം ശത്രു രാജ്യവുമായി ഏറ്റുമുട്ടാൻ യുവാക്കളെ തിരഞ്ഞു പിടിക്കാൻ കൊട്ടാരത്തിൽ നിന്നും ഭടന്മാരെത്തി. എന്നാൽ കാലൊടിഞ്ഞതിനാൽ അവർ വൃദ്ധന്റെ മകനെ വെറുതെ വിട്ടു.
അപ്പോൾ അയൽക്കാർ വൃദ്ധന്റെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു
"ഇവനെത്ര ഭാഗ്യം ചെയ്തവൻ, കാലൊടിഞ്ഞിട്ടില്ലെങ്കിൽ അവർ ഇവനെ പട്ടാളത്തിലേക്ക് പിടിച്ചു കൊണ്ട് പോകുമായിരുന്നില്ലേ"
അപ്പോഴും വൃദ്ധൻ പറഞ്ഞു.
"ഒരു പക്ഷെ അങ്ങനെയാവാം"
ഈ കഥ വായിച്ചപ്പോൾ നമ്മുടെയെല്ലാം ജീവിതാനുഭവങ്ങളോട് ഏറെ സാമ്യമുള്ളതായി തോന്നി.
ഒരു സംഭവത്തെയും ഇന്ന കാരണം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് നമുക്കാർക്കും തറപ്പിച്ചു പറയാൻ കഴിയില്ല.
ഒരു പക്ഷെ നമ്മുടെ ശെരി മറ്റൊരാളുടെ ശരിയായിരിക്കില്ല. ഒരേ കാര്യത്തെ തന്നെ
നമ്മൾ കണ്ട കോണിലാവില്ല മറ്റുള്ളവർ കാണുന്നതും വിലയിരുത്തുന്നതും.
'തള്ളക്കോഴികൾ' എന്നെ പേടിപ്പിച്ചപ്പോൾ , പൂച്ചക്കണ്ണുകൾ എന്നിൽ അർഹതപ്പെട്ടത് കിട്ടാത്തതോർത്ത് അമർഷമുണ്ടാക്കിയപ്പോൾ അതിനിടക്ക് പെട്ട ചിലരെ ഏതിൽ ഉൾപ്പെടുത്തുമെന്നാലോചിച്ചു ശങ്കിച്ച് നിൽക്കുകയാണ്.
ഒരു പക്ഷെ,
ഇല്ല എനിക്കൊന്നും അനുമാനിക്കാനാവുന്നില്ല ഇപ്പോൾ.
എങ്കിലും എന്നെ മാത്രം വേറെ കണ്ട,മാറ്റി നിർത്തിയ കയ്പുള്ള ചില കുട്ടിക്കാല അനുഭവങ്ങൾ ഓർത്തു പോകുന്നു.
പക്ഷെ ആ കയ്പുകൾ ഇന്നും എന്നെ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്.
ഞാൻ 8 ആം ക്ലാസ് വരെ പഠിച്ചിരുന്ന ഗവണ്മെന്റ് സ്കൂളിൽ മിക്കപ്പോഴും 'ഷിഫ്റ്റ്' അനുസരിച്ചായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.രാവിലെയും ഉച്ചക്കും. അത്രയേറെ കുട്ടികളുണ്ടായിരുന്നു.
പിന്നെ കെട്ടിടങ്ങളുടെ അപര്യാപ്തത. ഇന്നത്തെ പോലെ എല്ലാ ബ്ലോക്കുകളും ബഹുനിലകെട്ടിടമായിരുന്നില്ല.
അങ്ങനെ സ്കൂൾ അധികൃതരിങ്ങനെ ബുദ്ധിമുട്ടി നിൽക്കുമ്പോഴാണ് പുതിയ കെട്ടിട നിർമ്മാണം കഴിയും വരെ ഒരു വർഷത്തേക്ക് ഞങ്ങളുടെ മദ്രസ പകൽ സമയം സ്കൂളിന് വേണ്ടി വിട്ടു കൊടുക്കുന്നത്.
ഷിഫ്റ്റ് ക്ലാസുകൾ മടുത്ത ഞങ്ങൾക്ക് എല്ലാവർക്കും ആ മാതൃകാ മുന്നേറ്റം സ്വാഗതാർഹമായി.
അതിലേറെ സന്തോഷവും.
മദ്രസയിലെ 18 ക്ലാസ് മുറികളിലും ബഞ്ചുകളുടെയും ഡസ്കിന്റെയും എണ്ണം വർദ്ധിച്ചു. ഞാനന്ന് ഏഴാം ക്ലാസിലാണ്.
മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവെന്ന പോൽ ക്ലാസിലെ പെൺ ലീഡർ കൂടെ ആയിരുന്നു ഞാൻ. സ്വന്തം മദ്രസയിലാണ് സ്കൂൾ എന്ന ഇരട്ടാധികാരവും പേറി ഞാനങ്ങനെ അഹന്തയോടെ ക്ലാസ് വാണിരിക്കുമ്പോഴാണ് 'ബാസിമ'യുടെ വരവ് .കഴിഞ്ഞ വർഷമാണ് തൊട്ടടുത്തുള്ള സ്കൂളിലേക്ക് പ്രധാനാധ്യാപകനായി അവളുടെ ഉപ്പയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയത്. അങ്ങനെയാണ് അവൾ ഞങ്ങളുടെ സ്കൂളിൽ ചേരുന്നത്. അവൾ ആദ്യായി ക്ലാസിൽ വന്ന ദിവസം നല്ല രസമായിരുന്നു.
പുതിയ കുട്ടിയെ പരിചയപ്പെടാൻ എല്ലാവരും തടിച്ചു കൂടി.
"അന്റെ പേരെത്താ?"
"ബാ..സിമ "
ങ്ങേ, ഇതെന്താ ബാക്ക് ഇത്തിരി നീട്ടം?
" അന്റെ നാടൌടെ ?"
"രാ..മപുരം "
ഞങ്ങളുടെ നാട്ടുഭാഷയിൽ നിന്നും മാറി പുതിയൊരു ശൈലി കേട്ടതോടെ ആൺകുട്ടികൾ അവളെ കളിയാക്കാൻ തുടങ്ങി. എനിക്ക് പക്ഷേ കൗതുകമായിരുന്നു. പുസ്തകത്തിൽ മാത്രമാണ് 'പുരം' വച്ച് അവസാനിക്കുന്ന പേര
രുകൾ വായിച്ചിട്ടുള്ളത്.
'മഹാബലിപുരം ,രാമവർമപുരം, ബാലപുരം അങ്ങനെ അങ്ങനെ. വർത്താനം ആകർഷിച്ച് കൂട്ടാകാൻ ചെല്ലുമ്പോഴേക്കും അസ്ന അവളെ തട്ടിക്കൊണ്ട് പോയിരുന്നു! അതോടെ ബാസിമക്ക് ക്ലാസിൽ ഖ്യാതിയേറി.
കൂടാതെ കലാകായിക മേഖലകളിലും അവൾ കഴിവ് തെളിയിച്ചിരുന്നു.
അങ്ങനെയിരിക്കെയാണ് എന്റെ കൊച്ചു രാജ്യമായ 7D യിലേക്ക് അവളുടെ വരവ്.ഉള്ളിൽ സന്തോഷവും അതിലേറെ ആദ്യമായി കിട്ടിയ ലീഡർ സ്ഥാനം നഷ്ടപ്പെട്ടേക്കുമോ എന്ന പേടിയും ഉണ്ടായിരുന്നു. ഭാഗ്യത്തിന് 2 ദിവസം കഴിഞ്ഞ് അവളുടെ ഉപ്പാനെ കൊണ്ട് പറയിപ്പിച്ച് അസ്‌നയൊക്കെ പഠിക്കുന്ന പഠിപ്പിസ്റ്റുകളുടെ ക്ലാസിലേക്ക് അവൾ തിരിച്ചു പോയി. ക്ലാസിലെ ആൺകുട്ടികളിൽ കൂടുതലും ദർസിൽ താമസിച്ച് പഠിക്കുന്ന കുട്ടികളായിരുന്നു. ചിലർ അറുവികൃതികൾ. ചിലപ്പോൾ അധ്യാപകരെ വരെ തെറിയൊക്കെ വിളിക്കും. പക്ഷേ അവരെ അധികമാരും ശിക്ഷിക്കാനോ ശാസിക്കാനോ പോയില്ല.
'ഒണ്ണ്, രണ്ട്, മൂണ് എന്നിങ്ങനെ എണ്ണുന്ന തമിഴ് ബാലൻ ഉനൈസും
'മിഴി രണ്ടിൽ സുറുമയുമെഴുതി തേനൂറും പുഞ്ചിരി തൂകി ...'
എന്ന മനോഹരമായ ഗാനം ഇടക്കിടക്ക് ക്ലാസിൽ പാടിത്തരുന്ന ഇർഷാദും, മോഹൻലാലിനെയും മമ്മൂട്ടിയെയും വരെ പേരുകൾ തിരിച്ച് പറഞ്ഞിരുന്ന എന്നോട് നിനക്ക് രംഭയേയും മേനകയെയും അറിയില്ലേ എന്നു ചോദിച്ച ഒരു പയ്യനുമായിരുന്നു കൂട്ടത്തിൽ നല്ലവർ .
അങ്ങിനെയിരിക്കെ എന്തിനോ എന്നെ കളിയാക്കിയ ഒരു കുട്ടിയോട് അരിശം പൂണ്ട് 'അന്റെ ബാപ്പ ' എന്ന് ഞാൻ തിരിച്ചു പറഞ്ഞു. ആര് കളിയാക്കിയാലും ഞാനിത്തരം വാക്കുകൾ ഉപയോഗിക്കാറില്ലായിരുന്നു.
പക്ഷേ,
അന്നാദ്യമായി അറിയാതെ ആ വാക്ക് വായിൽ നിന്നും വീണ് പോയി.
അവനത് കണക്ക് പഠിപ്പിച്ചിരുന്ന പ്രഭാവതി ടീച്ചറോട് പരാതിപ്പെട്ടു.ടീച്ചറെന്റെ വലതു കയ്യിന്റെ മുട്ടിനും കക്ഷത്തിനുമിടയിലെ മാംസള ഭാഗത്ത് പല്ലുകളിറുക്കിപ്പിടിച്ച് കൊണ്ട് നഖങ്ങളും വിരലുകളുമുപയോഗിച്ച് തിരുമ്മി തിരുമ്മി പിച്ചി .
അല്ലെങ്കിലേ ഉമ്മയുടെ സ്ഥിരമായ പിച്ചല് കിട്ടി, കിട്ടി അവിടെ നീലിച്ചിരുന്നു. അതിന്നും പുറമെയാണിത്. ഞാൻ വേദന കൊണ്ട് പുളഞ്ഞു. നൊമ്പരം സഹിക്കാനാവാതെ കാലുകൾ ഏന്തി മേലേക്ക് പൊന്തി.
നടന്ന കാര്യം ബോധ്യപ്പെടുത്താ ശ്രമിച്ചെങ്കിലും ടീച്ചറത് ചെവികൊണ്ടില്ല.
നെഞ്ചു കലങ്ങി ഞാൻ ചിന്തിച്ചു 'എന്തിനിത് എന്നോട് മാത്രം ?'
കുട്ടിക്കാലത്ത് എന്നെ ഈറ പിടിപ്പിച്ചിരുന്നത് എന്റെ ചപ്രത്തലയായിരുന്നു. നല്ല ഉള്ളും കനവുമുള്ള നീണ്ട കറുത്ത മുടിയാണെനിക്കുണ്ടായിരുന്നത്. അത് നേരെ ചൊവ്വേ ഒതുക്കാനും കെട്ടറുക്കാനുമാവാതെ ഞാനാകെ ഇടങ്ങാറായിരുന്നു. ചീകാനൊക്കെ നല്ല മടിയുമായിരുന്നു.
എന്റെ ചപ്ര മുടി കണ്ടു താത്തമാരൊക്കെ അസൂയയോടെ പറയുമായിരുന്നു,
" നേരെ നോക്കിക്കോ. അല്ലെങ്കിൽ ഞങ്ങളെ പോലെ ഒരു പേറൊക്കെ കഴിയുമ്പോൾ മൊട്ടച്ചിയാവും. അപ്പൊ ഖേദിച്ചിട്ട് കാര്യല്ല" എന്നൊക്കെ.
ഉമ്മയെന്റെ മുടിയിൽ എണ്ണ തേച്ചു തന്നതായോ ചീകിയൊതുക്കി പിന്നിയിട്ടു തന്നതായോ എന്റെ ഓർമയിലില്ല.
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തലയിൽ നിറയെ പേനും മുറിവുകളും ഉണ്ടായി. ദർമാസ്‌പത്രീലെഡോക്ടർ എനിക്കൊരു വെളുത്ത ലേപനം എഴുതി തന്നു.
അതൊക്കെ മുറി കൊണ്ട് കുളിക്കാൻ പറ്റാതെ നാറുന്ന എന്റെ തലയിൽ തേച്ചെങ്കിലും ഒരു മാറ്റവുമുണ്ടായില്ല.
അവസാനം മുറിവ് ഉണങ്ങിയതിന് ശേഷം മൂത്തമ്മാന്റെ വീട്ടിൽ കൊണ്ട് പോയി തോളറ്റം കേറ്റി മുടി വെട്ടി.
സങ്കടം കൊണ്ടും അപമാനം കൊണ്ടും എന്റെ ഉള്ള് നീറിപുകഞ്ഞു. ക്ലാസ്സിലെത്തിയാൽ
ആൺ കുട്ടികളുടെ കളിയാക്കലുകൾ എന്റെ ഓർമയിലെത്തി.
പക്ഷെ ഉമ്മ അതിനൊരു പരിഹാരം കണ്ടിരുന്നു.എന്നെ കൊണ്ട് മക്കനയിടിയിപ്പിക്കൽ!
കൂട്ടുകാരികളൊക്കെ തോളിൽ ഷാളിട്ടു തലയിൽ ഭംഗിയുള്ള സ്ലൈഡുകൾ ഒക്കെ മാറി മാറിയിട്ട് ക്ലാസ്സിൽ വന്നപ്പോൾ ഞാൻ മാത്രം മക്കന കൊണ്ട് തല മൂടപ്പെട്ടു.
പക്ഷെ അത് കൊണ്ട് രണ്ടു ഗുണമുണ്ടായി.
എന്നും തല ചീകണ്ട, രണ്ടാമത്തേത്, ഉസ്താദ് മാരെ വഴിയിൽ കണ്ടാൽ തല മറക്കണം. അല്ലെങ്കിൽ മദ്രസയിൽ ചെന്നാൽ അടി കിട്ടും.
അങ്ങനെ മക്കനയിട്ടത് കൊണ്ട് ആ അടിയെങ്കിലും കുറഞ്ഞു കിട്ടി.
ബാപ്പുവിന്റെ പേരക്കുട്ടി മാളൂട്ടിക്ക് അവളുടെ ഉപ്പ ഗൾഫിൽ നിന്നും മേക്കപ്പ് സെറ്റ് ഒക്കെ കൊണ്ട് വരും. കല്യാണങ്ങൾക്കും മറ്റു പല പരിപാടികൾക്കും മുഖത്തും മേത്തുമൊക്കെ ക്രീം ഒക്കെ തേച്ചു കൺ പോളയുടെ മേലെ തിളങ്ങുന്ന റോസ് കളർ ഐ ഷാഡോ ഒക്കെയിട്ടു ചുണ്ടൊക്കെ ചോപ്പിച്ചു മണമുള്ള സെന്റുമൊക്കെ അടിച്ചാണ് മാളൂട്ടി വരാറുള്ളത്.
ഞാൻ അത്തരം ലേപ്യ വസ്തുക്കൾ ഉപയോഗിക്കുന്നത് ഉമ്മാക്ക് ഇഷ്ടമല്ല.
ഒരിക്കൽ കൂട്ടുകാരി ആതില എനിക്ക് ആദ്യമായി ഐ ലൈനർ എഴുതിതന്നു.ശേഷം ഞാൻ കണ്ണ് തുറന്ന് കണ്ണാടിയിൽ നോക്കി.
എഴുതിയത് കാണുന്നില്ലല്ലോ.പോരാത്തതിന് പരന്നും പോയിരിക്കുന്നു.
അപ്പോഴാണ് ആതില പറയുന്നത്,
"അനക്ക് ആർക്കുല്ല്യാത്ത ചൈനാ കണ്ണാ, എന്തെയ്ത്യാലും കാണൂല്ലാ" എന്ന്.
ഞാനെന്റെ കുഴിഞ്ഞ കണ്ണുകളെ ഓർത്തു നെടുവീർപ്പിട്ടു.
ഒരിക്കൽ ഉമ്മയുടെ കൂടെ ഒരു ബന്ധു വീട്ടിലേക്ക് പോയതായിരുന്നു.
അവിടെ കണ്ണാടിയുടെ മുന്നിൽ ഒരു പൌഡർ കുപ്പിയിരിക്കുന്നു.ഞാനതിൽ നിന്നും കുറച്ചെടുത്ത് മുഖത്തിട്ടു.അതിന്റെ സുഗന്ധമുള്ള ഗന്ധം അവിടമാകെ പരന്നു.ഞാനത് മൂക്കിലേക്ക് വലിച്ചെടുക്കുകയായിരുന്നു.
അപ്പോഴേക്ക് ആ വീട്ടിലെ സ്ത്രീ അതെന്റേൽ നിന്ന് പിടിച്ചു വാങ്ങി.
കൂടെ ഇങ്ങനെ ആക്ഷേപിച്ചു,
"ഓരോ പൊട്ടി തെറിച്ച പിള്ളേര് വന്നോളും തെണ്ടി പഠിപ്പും കൊണ്ട്"
എന്റെ നെഞ്ച് ശക്തമായി ഇടിച്ചു.എന്നെ എന്തിനാണ് ഇവർ തെണ്ടി പിള്ളേര് എന്ന് പറഞ്ഞു വേർതിരിക്കുന്നത് എന്നോർത്തു കരഞ്ഞു.
അതിൽ പിന്നെ അനുവാദം കൂടാതെ ഒരാളുടെ വസ്തുക്കളും ഞാൻ തൊട്ടിട്ടു പോലുമില്ല. അത് എന്നിൽ എത്ര കൗതുകമുണ്ടാക്കുന്ന വസ്തുവായാലും!
മറ്റൊരിക്കൽ ബാപ്പു മൂത്താപ്പ ഗൾഫിൽ നിന്നും കുറച്ചു മിഠായികൾ നാട്ടിലേക്കയച്ചു. അതിൽ നിന്നും ഒരു പങ്ക് ഞങ്ങൾക്ക് തരാൻ അദ്ദേഹത്തിന്റെ ഭാര്യ 'പിച്ചു' മൂത്തമ്മ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. മൂത്താപ്പയുടെ 'താഴത്തെ കുണ്ടിലെ' വീട്ടിലേക്കുള്ള ഒരു കിലോമീറ്റർ നടത്തം അന്നെനിക്ക് ദൂരമേ ആയി തോന്നിയില്ല.
മൂത്തമ്മ ഒരു പൊതി നിറയെ മിഠായി തന്നു.
ആദ്യമായാണ് അത്രയധികം ഗൾഫ് മിഠായികൾ ഒരാൾ തരുന്നത്.അത് തരുമ്പോൾ മൂത്തമ്മ ഇങ്ങനെ പറയുന്നുണ്ടായിരുന്നു,
"ങ്ങക്ക് ആരാ ഗള്ഫിന്നൊക്കെ മുട്ടായി കൊടുന്നേരാൻ.സജിക്കും റഹ്മത്തിനും ഒക്കെ ഒലെ മാപ്പളാർ ദുബൈല്ണ്ടു, അബ്ദുന്റിം അബുന്റിം മക്കൾക്ക് ഒലെന്നെ വരുമ്പോ കൊടുന്നോടക്കുന്ന്ണ്ട്.
വേം പൊരേൽ കൊണ്ടോയി ഇജ്ജും അന്റെ ആങളാരും പൂതി തീരോളം തിന്നാളീ. വേറെ ആർക്കും കൊടുക്കാൻ നിക്കണ്ട"
ആ വാക്കുകളിങ്ങനെ മനസ്സിലും മുഖത്തും സന്തോഷത്തിന്റെ ഒരായിരം അലയൊലികൾ തീർത്തു.മൂത്തമ്മയോട് ഏറെ സ്നേഹവും കടപ്പാടും തോന്നി.
ഞാനങ്ങനെ ലോകം കയ്യിൽ കിട്ടിയ ആവേശത്തോടെ വീട്ടിലേക്ക് പാഞ്ഞു.
പക്ഷെ...
വീടിന്റെ കോലായിൽ വല്ലിമ്മ ഇരിക്കുന്നുണ്ടായിരുന്നു.കയ്യിലെ പൊതി എന്താണെന്ന് ചോദിച്ചു.
മനസ്സില്ലാ മനസ്സോടെ അടുക്കള പൊറത്തു കൂടി വന്നാൽ മതിയായിരുന്നു എന്നോർത്തു 'പിച്ചുമ്മ ഞങ്ങക്ക് തിന്നാൻ തന്ന മിഠായി' എന്ന് പറഞ്ഞു.
"അങ്ങനെ ങ്ങളെ തൊള്ള മാത്രം അമരണ്ട, ന്റെ സജിക്കും റഹ്മത്തിനും ഉണ്ട് കുട്ടിയാൾ "എന്ന് പറഞ്ഞു വല്ലിമ്മ ആ പൊതി വേടിച്ചു.
വീണ്ടും നാലായി വീതിച്ചു. അതിലെ ഏറ്റവും ചെറിയ പങ്ക് എന്റെ കയ്യിൽ തന്നു.ഞാനത് ഉമ്മാന്റെ കയ്യിൽ കൊണ്ട് കൊടുത്തു. ഉമ്മ വീണ്ടുമതിനെ 3 പങ്കുകളാക്കി.
ബാവാക്കും അസ്ലമിനും ഓരോ പങ്ക് കൊടുത്തു ബാക്കി ന്നോട് തിന്നാൻ പറഞ്ഞു.ഞാനതും കൊണ്ട് അവരുടെ അടുത്തേക്ക് ഓടുമ്പോൾ കണ്ണ് നിറഞ്ഞു കൊണ്ട് ഉമ്മയിങ്ങനെ ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു.
"അല്ലെങ്കിലും ന്റെ മക്കക്ക് മുണ്ങ്ങാൻ അത്ര അൽച്ച ഒന്നൂല്യ"
വീടിന്റെ ഉമ്മറത്ത് മധ്യത്തിലിരിക്കുന്ന മുൻവാതിലിന്റെ ഇരു ഭാഗത്തുമായി മരത്തിന്റെ തൂണോട് കൂടിയ രണ്ടു ചേറ്റ്‌യേം പടികളുണ്ട്.
വലതു വശത്തുള്ളതിൽ അഴികളുള്ള ചാരുപടിയുണ്ട്.
ഇടത്തെ വശത്തേതിൽ കൈപിടിയൊന്നുമില്ല.
ചാരുപടിയിലെ നടുക്കുള്ള ഒരു അഴി പണ്ടേ അവിടെയില്ല.ഞങ്ങൾ കുട്ടികളെ ചാരുപടിയുള്ളതിലെ ഇരുത്താറുള്ളൂ. അതിൽ തന്നെ വിടവുള്ള ഭാഗത്ത് ഇരിക്കാൻ സമ്മതിക്കാറുമില്ല.
താഴേക്ക് ഊർന്നു റോട്ടിലേക്ക് വീണ് കയ്യോ കാലോ ഒടിഞ്ഞാലോ എന്ന് പേടിച്ചിട്ടാണ്.ഞങ്ങളുടെ ഉമ്മറം എന്ന് പറയണത് റോഡ് ആണ്.
ഞങ്ങൾ കുട്ടികൾ അടുത്തടുത്തുള്ള ഓരോ അഴികളിൽ കാലിട്ട് റോഡിലൂടെ പോകുന്ന ആളുകളെയും വണ്ടികളെയും ചുമട് കച്ചവടക്കാരെയും ഒക്കെ നോക്കി , രണ്ടു കാലുകളും അഴികൾക്കുള്ളിലൂടെ ആട്ടി ഒരുപാട് നേരം അവിടിരിക്കും.
പെൺകുട്ടി ആയതോണ്ടു എന്നെ അങ്ങനെ ഇരിക്കാൻ വല്ലിപ്പ സമ്മതിക്കാറില്ലായിരുന്നു.
വല്ലിപ്പ ഇല്ലാത്തപ്പോൾ ഇരിക്കും. പക്ഷെ അപ്പോഴും ഒരു കുഴപ്പമുണ്ട്.വല്ലിപ്പയുടെ സുഹൃത്തായ അബ്ദുകാക്ക അതിലൂടെ പോകുവാണെങ്കിൽ കാൽ കെട്ടിയിടും.അത് കൊണ്ട് അദ്ദേഹം ദൂരെ നിന്ന് വരുന്നത് കാണുമ്പോഴേ ഞാൻ പേടിച്ചു നടുവിലകത്തു ഒളിക്കും.
ചേറ്റ്‌യെം പടിയുടെ മുകളിലിരുന്നു വളപ്പൊട്ടു കളിക്കുമ്പോഴും, മുന്നിലെ റോഡിൻറെ അരികെ കൊക്കി കളിക്കുമ്പോഴും അതിലൂടെ പോകുന്ന ചില ആളുകൾ എന്നോട്
" അന്നെ അന്റമ്മാക്ക് പൊയീന്നു കിട്ടിയതാണെന്നു" പറഞ്ഞു ദേഷ്യം പിടിപ്പിക്കും.
"അല്ല, ഞാന് ന്റെ ഇമ്മാന്റെ പള്ളീന്ന് മന്നതാ"
ഞാൻ തിരിച്ചു പറയും.
"അത് അന്റമ്മ അന്നോട് പൊള്ളു പറയണതാ"
"അല്ല,അല്ല, അല്ല"ഞാൻ തറപ്പിച്ചു പറയും.
"ന്നാ ഇജ്ജ് കണ്ടിക്ക്‌ണാ അന്റമ്മ അന്നേ പെറ്ണത്?"
അപ്പോൾ ഞാൻ ഉത്തരം മുട്ടും.
ഞാനും ഓർത്തു നോക്കും. ശെരിയാണല്ലോ.
അങ്ങനെ ശങ്ക പിടിച്ചു നിക്കണ എന്നോട് അവര് ഇത് കൂടെ കൂട്ടി ചേർക്കും,
"അയ്, ഇജ്ജെന്നെ നോക്ക്, അന്റമ്മ വെളാവെളുത്തിട്ടു,ഇജ്ജോ, ഇനിപ്പോ അതും പോട്ടെ, അന്റമ്മാന്റെ മോച്ചായ ലവലേശം ണ്ടാ അനക്ക്.ജ്ജ് ആ ആമിനാന്റെ മോളെ നോക്ക്, ഉമ്മിം മോളും ഒരേ പോലെല്ലേ?"
അതും ശെരിയാണല്ലോ.
പക്ഷെ ഞാൻ ന്റെ ഉപ്പാന്റെ കുട്ടി തന്നെണ്ന്ന് നിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
നന്ന ചെറിയ കുട്ടി ആയപ്പോൾ ഉപ്പ എന്റേം ഉപ്പാന്റേം കൈകൾ ഒപ്പം വച്ചിട്ട്, മ്മളെ രണ്ടളീം വിരൽ ഒരേ പോലെണ് എന്ന് പറഞ്ഞത് നിക്ക് നല്ല ഓർമയുണ്ട്.
അപ്പൊ പിന്നെ ഞാൻ ഉമ്മാന്റെ വയറ്റിന്നാണോ ഉപ്പാന്റെ വയറ്റിന്നാണോ പോന്നത്?
അതോ പോഴെന്ന് കിട്ടീതോ?
ആ സംശയവുമായി നടക്കുമ്പോഴാണ് , ഉമ്മയും ഉപ്പയും നിക്കുന്ന ഒരു ഫോട്ടോ ഉമ്മ ആർക്കോ കാണിച്ചു കൊടുക്കുന്നത് ശ്രദ്ധയിൽ പെട്ടത്.ഉമ്മ മെലിഞ്ഞിട്ടു ചുമന്നചുരിദാറും ഒക്കെ ഇട്ടിട്ട് ഇൻ സൈഡ് ചെയ്ത പാന്റും ഷർട്ടും ഇട്ട താടിയൊക്കെ വച്ചു സ്റ്റൈലനായ ഉപ്പാന്റെ കൂടെ നിക്കണ ഒരു സ്റ്റുഡിയോ ഫോട്ടോയായിരുന്നു അത്.
കൂടെ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
"കല്യാണം കഴിഞ്ഞു ആദ്യായിറ്റ് സ്റ്റുഡിയോയിൽ പോയി എടുത്ത ഫോട്ടം ആണ്. അന്ന് മൂത്തതിന് 7 മാസം പള്ളീലുണ്ട്. തീരെ പള്ള ഇല്ലെർന്നു.മാസം തികയാതെ പ്രസവിച്ചപ്പളും ഓൾ തീരെ കനും നീളും ഒന്നും ഇല്ലെയ്‌ര്ന്ന്. അത് കണ്ടപ്പം ഇബൾ ഇത്രെങ്കിലും ബലുതാവുംന്നു ഞാൻ വിചാരിച്ചില്ല."
അന്നാണ് ശ്വാസം വീണത്.അപ്പൊ ഞാൻ ഉമ്മാന്റെ പള്ളീന്ന് പൊന്നതെന്നെ.
വല്ലിപ്പ നല്ല കണിശക്കാരനായിരുന്നു.പുറത്തു എവിടെ കണ്ടാലും അടിച്ചോടിച്ചു വീട്ടിൽ കേറ്റും. പക്ഷെ ഞങ്ങൾക്ക് കളിക്കാനായി അടുക്കളയുടെ ബാക്കില് ഇടക്കിടക്ക് മണ്ണ് കൊണ്ട് തിണ്ണ ഒക്കെ കെട്ടി തരും.
നെടുംപുറ കഴിഞ്ഞാൽ ഒരു ഇട മുറ്റമാണ്. അതിന്റെ വലത്തേ അറ്റതാണ് കിണർ, പത്രം ഒക്കെ കഴുകാനും കുട്ടികളെ കുളിപ്പിക്കാനും ഒക്കെ പറ്റിയ കൊട്ടത്തളം, പൈപോട് കൂടിയ വലിയ കറുത്ത ടാങ്ക്, വെള്ളം സംഭരിക്കുന്ന സിമന്റ് കൊണ്ട് വാർത്തെടുത്ത ചാടി ഒക്കെയുള്ളത്. നെടുംപുരക്കു സമാന്തരമായി,സിമന്റ് ഇട്ട നീണ്ട മുറ്റം കഴിഞ്ഞു നീണ്ട വലിയ അടുക്കളയാണ്.
പണ്ട് കാലത്ത് ഇത് പപ്പടമുണ്ടാക്കുന്ന പുരയായിരുന്നു. പിന്നീട് പപ്പട നിർമാണം നിർത്തിയപ്പോൾ അടുക്കളയായി ഉപയോഗിക്കാൻ തുടങ്ങി.അടുക്കളയുടെയും പുറകിലാണ് നീണ്ട തൊടി. അവിടെയാണ് മരങ്ങളും ചെടികളുമൊക്കെ. ഒരുപണിയുമില്ലെങ്കിലും വല്ലിപ്പ തൊടിയിലെ 3 തെങ്ങുകൾക്ക് ചാല് കീറിയും തടമിട്ടും മറ്റും അവിടമിവിടം കിളച്ചും മാന്തിയും ഒക്കെ നേരം പോക്കും.
അടുക്കളയോട് ചേർന്ന് ഒരുപേരക്കാമരമുണ്ടു.
അതിന്റെ ശിഖരകൾ അടുക്കളയുടെ ഓടിട്ട മേൽക്കൂരയിലേക്ക് ചാഞ്ഞിട്ടാണ്.
വല്ലിപ്പയില്ലാത്തപ്പോൾ ഞാനിടക്കു പേരക്കാ മരത്തിൽ കയറി ഒട്ടിൻ പുറത്തിരിക്കും.പേരക്കാ പറിച്ചു തിന്നു കൊണ്ട് ഫായിസാനെ ഒക്കെ ഉറക്കെ നീട്ടി വിളിക്കും.പലപ്പോഴും ഉമ്മാക്ക് പേരക്കാ കഷായത്തിനുള്ള വടി ഞാൻ തന്നെയാണ് ഓടിച്ചു കൊടുക്കാറ്.
വല്ലിപ്പ വരുന്ന ശബ്ദമെങ്ങാനും ദൂരെ നിന്നും കേട്ടാൽ ഒരു ഇറക്കമുണ്ട്.ആ വെപ്രാളപ്പെട്ടുള്ള ഇറക്കത്തിൽ ഓടുകളൊക്കെ നീങ്ങും.മരത്തിൽ ഉരസി കാലും തുടയുമൊക്കെ പോറ ലേൽക്കും.
എന്നിട്ട് ദൂരെ ഓടും. ഓടിയൊളിക്കാൻ നിർവാഹം ഇല്ലെങ്കിൽ അടുക്കളയോട് ചേർന്നുള്ള ബാത്ത്‌റൂമിൽ ഒളിക്കും. ഞാൻ അതിനുള്ളിൽ നിന്ന് ഇറങ്ങുന്നത് വരെ വല്ലിപ്പ വാതിലിൽ ശക്തിയിൽ കൊട്ടും.അവസാനം വാതിൽ തുറന്നു ഓടും.അപ്പോഴേക്ക് പുറത്തു ആവശ്യത്തിനുള്ള അടി കൊണ്ടിട്ടുണ്ടാകും.
കരഞ്ഞാൽ പിന്നെ തൊള്ള പൂട്ടാൻ പറഞ്ഞു ഉമ്മന്റെന്നു ബാക്കി അടിയും കിട്ടും.
ചേറ്റിയേംപടിയിലിരിക്കുമ്പോൾ ചില കുട്ടികളൊക്കെ ബൈക്കിലിരുന്നു അവരുടെ ഉപ്പനേം കെട്ടിപ്പിടിച്ചു പോകുന്നത് കാണാം.അപ്പൊ എനിക്കും പൂതിയാകും.
പണ്ട് നാലു വയസ്സ് വരെ ഉപ്പാന്റെ കൂടെ ബൈക്കിൽ ഓരോയിടത്തേക്കും കറങ്ങിയത് ഓര്മ വരും.
വല്ലിമ്മ ഇടക്ക് വിഷമത്തോടും അമർഷത്തോടും പറയുന്നത് കേൾക്കാറുണ്ട്.
"അന്റെ ബാപ്പാക്കു പൊന്നാര മോളെ ബല്യെ കാര്യേയ്നു, താഴെ ബച്ചാ ഉറുമ്പറിക്കോ തലേൽ ബച്ചാ പേനരിക്കോന്നും ബേജാറായി അന്നിം പെട്ടിമലിര്ത്തി ഓന് ലോകായ ലോകമൊക്കെ സർക്കീട്ട് അടിക്കലേര്ന്നു പണി.
ന്നിട്ട് പ്പം ന്തായി ഓന്റെ ബെലസല് ഒക്കെ അങ്ങട്ട് നിന്നില്ലേ."
ഒരിക്കൽ കവിതാരചനക്ക് ചെമ്മാട് തൃക്കുളം സ്കൂളിലേക്ക് മത്സരത്തിന് പോയി. എന്റെ മത്സരം നേരെത്തെ കഴിഞ്ഞത് കൊണ്ട് പ്രതീപ് മാഷ് വീട്ടിൽ കൊണ്ടാക്കി തന്നു.
ഉപ്പയിരുത്തുന്നത് പോലെ മുന്നിലിരുത്തിയിട്ട്, കാഴ്ചകളൊക്കെ മുന്നില് കണ്ടിട്ടല്ല വന്നത്. എന്നാലും താഴെ വീഴുമോ എന്ന ഭയത്തോടെ മാഷിന്റെ പുറകെ കെട്ടിപ്പിടിച്ചു വർഷങ്ങള്ക്ക് ശേഷം ബൈക്കിൽ കേറാൻ പറ്റിയ സന്തോഷത്തോടെ ഉച്ചത്തെ വെയിലും കാറ്റുമൊക്കെ ആസ്വദിച്ച് കൊണ്ടായിരുന്നു വന്നത്.
പക്ഷെ..
പേരക്കാ കഷായം ചുവന്ന മുറിപ്പാടുകളായി മേനിയെ തലങ്ങും വിലങ്ങും ചുംബിച്ചു.
ഞങ്ങൾ കസിൻസൊക്കെ തറവാട്ടിൽ വിരുന്ന് കൂടിയാൽ നെടുമ്പുരയിലെ പടാപ്പുറം സ്റ്റേജ് ആയി പരിഗണിച്ചു അതിന്റെ മോളിൽ കയറി വിവിധ കലാപരിപാടികളൊക്കെ നടത്താറുണ്ടായിരുന്നു.ആൺകുട്ടികൾ നബിദിനത്തിനൊക്കെ പഠിച്ച പാട്ടുകൾ ഉച്ചത്തിൽ പാടും ഞാന് അവരുടെ പാട്ടും ആട്ടവും കണ്ടു ആസ്വദിച്ച് നിൽക്കും.ആകെ ബഹളമയമായിരിക്കും.
പക്ഷെ
ശബ്ദം കേട്ട് വല്ലിപ്പ വടി എടുത്ത് വരും.എല്ലാവരെയും ആട്ടി പായിപ്പിക്കും.വടി കൊണ്ട് വീശുന്നതിനിടയ്ക്ക് എന്നെയും അനിയന്മാരെയും , തെണ്ടി പിള്ളേര് വികൃതിപിള്ളേർ എന്നൊക്കെ ദേഷ്യത്തോടെ വിളിക്കും.പതിവ് പോലെ എന്റെ പുറം ചെണ്ടയും.
നബിദിനത്തിന്റെ അന്ന് രാത്രി 2 മണിവരെയൊക്കെ മദ്രസയിൽ കലാപരിപാടികളുണ്ടാകും.മുതിർന്നവരുടെ പാട്ടും ദഫും അവസാനത്തെ സമ്മാനവിതരണവുമാണ് എനിക്ക് ഏറ്റവും ഇഷ്ടം.പക്ഷെ 10 മണി ഒക്കെ ആകുമ്പോഴേക്ക് വല്ലിപ്പ തെരഞ്ഞു വരും.ഞാനപ്പോൾ സ്റ്റേജിന്റെ അരികിലുള്ള മുതിർന്ന സ്ത്രീകൾക്ക് പരിപാടി കാണാൻ ഒരുക്കിയ മറകെട്ടിയ ഇരുട്ടുള്ള ക്ലാസ് റൂമിൽ പോയി ഒളിക്കും.
പക്ഷെ...
വിടവുകളിലൂടെ വരുന്ന സ്റ്റേജിലെ അരണ്ട വെളിച്ചത്തിന്റെ സഹായത്തോടെ ആളുകളെന്നെ തപ്പിയെടുത്തു കൊടുക്കും.ഞാൻ സങ്കടത്തോടെ വീട്ടിലേക്കോടും.
അങ്ങനെ അങ്ങനെ ഒരുപാട് പക്ഷെകൾ.
പക്ഷെ അവയെല്ലാം പിന്നീടുള്ള ജീവിതത്തിൽ നന്മയെ വരുത്തിയിട്ടുള്ളൂ.എന്തിനേറെ അന്നൊക്കെ എനിക്ക് അമർഷം തോന്നിയിട്ടുള്ള ഉമ്മയാണിന്നെന്റെ ആത്മ സഖി.
വല്ലിപ്പ മരിക്കുമ്പോൾ പോലും ഓർത്തത് എന്നെയായിരുന്നു.
അവസാന വസിയ്യത്ത് പോലും എന്റെ ചെറിയ മോന്റെ മക്കളെ ഇങ്ങള് നേരെ നോക്കണം എന്നായിരുന്നത്രെ.
ഇന്നും വല്ലിപ്പയുടെ അസാന്നിധ്യം എന്നിലൊരു അരക്ഷിതാവസ്ഥയാണ്.
ഒരാപത്ത് സംഭവിച്ചാൽ എനിക്ക് വേണ്ടി കൂടെ നിൽക്കാനും, എനിക്ക് വേണ്ടി മുന്നിൽ നടക്കാനും അദ്ദേഹമില്ലാലോ എന്ന എന്റെ വ്യാധിക്കു ,പലപ്പോഴും സ്വപ്നങ്ങളിൽ ഞാനിനിയും മരിച്ചിട്ടില്ല എന്ന പോലെ കൂടെ കൂടാറുണ്ട് പ്രിയപ്പെട്ട വല്ലിപ്പ.
സുഹറ