ചുറ്റുമുള്ള
ഒരുപാട് പേരിൽ നിന്നും വിഭിന്നമായി ആത്മാഭിമാനത്തോടെയുള്ള ഉല്ലുവിന്റെ ചുവടു വയ്പുകളും മികവുറ്റ കാഴ്ചപ്പാടുകളും പ്രവർത്തികളും എന്നിൽ എപ്പോഴും അത്ഭുതം തീർക്കാറുണ്ട്. പുറം ലോകവുമായി പരിജയക്കുറവ് ഉള്ള ഉല്ലുവിനെ തീർച്ചയായും
പുറം ലോകം അറിഞ്ഞിരിക്കണം എന്ന ആഗ്രഹം മനസിലുദിച്ച നാൾ തൊട്ടു അവളുടെ വ്യത്യസ്തമാർന്ന കഴിവുകളെ പ്രിയപ്പെട്ടവർക്കു മുന്നിൽ അവതരിപ്പിക്കാൻ പലപ്പോഴായി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
നാളിത്ര വരെ വികലാംഗ,വയ്യാത്ത കുട്ടി,കയ്യില്ലാത്ത കുട്ടി എന്നൊക്കെ മുദ്രകുത്തിയ ഉല്ലുവിനെ വിഭിന്ന ശേഷിക്കാരി എന്ന കോണിൽ നിന്ന് കൊണ്ട് ആളുകളെ കൊണ്ട് വീക്ഷിക്കാനും പരിഗണിക്കാനുമുള്ള എളിയ ശ്രമങ്ങൾ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.
ഉല്ലുവിന് മാത്രമല്ല ഉല്ലുവിനെ പോലുള്ള ഓരോ മനുഷ്യരും അത് തന്നെയാണ് ആഗ്രഹിക്കുന്നത്.
പക്ഷെ നാം ചെയ്യുന്നതോ,
തന്നെക്കാൾ ആരോഗ്യത്തിൽ അണുമണിതൂക്കം കുറഞ്ഞവനോട് പോലും നമ്മൾ മുഖത്തെ പുഞ്ചിരി ഒക്കെ കുഴിച്ചു മൂടി, എവിടുന്നോ വിളിച്ചു വരുത്തി തേച്ചു ഒട്ടിച്ചു നീണ്ട നെടുനിശ്വാസം വിട്ടുകൊണ്ട് ദയനീയമായ ഒരു നോട്ടമുണ്ട് ,ഇങ്ങനെ ഉള്ളവരെ പരിഗണിക്കാതെയും ചേർത്ത് പിടിക്കാതെയും ആലസ്യം കാണിച്ചു കൊണ്ട് സഹതാപത്തിന്റെ നോട്ടം നോക്കി ഒഴിഞ്ഞു മാറൽ നിരുത്തരവാദിത്വം തന്നെയാണ്.
ആ കൈമലർത്തിയുള്ള സഹതാപത്തിന്റെ കാപട്യനോട്ടം നോട്ടം നമുക്കൊന്ന് നിർത്തിക്കൂടെ പ്രിയപ്പെട്ടവരേ.
രോഗമില്ലാത്തവനെയും രോഗിയാക്കുന്നതാണ് സഹതാപത്തിന്റെ നോട്ടവും അതുപോലുള്ള സംസാരങ്ങളും കുത്തി ചോദിക്കലുകളും എല്ലാം.
രണ്ടു കയ്യില്ലാത്തവൻ ഒരിക്കലും മാറാരോഗിയല്ല, അവരാണ് അതി ജീവിച്ചവർ.നമ്മളെക്കാൾ ഒരു പക്ഷെ മനക്കരുത്തും നിശ്ചയ ദാർഢ്യവും കൂടുതൽ ഉള്ളവർ.ആരോഗ്യമുള്ളപ്പോൾ
നമുക്കെല്ലാം ഒരു വിചാരമുണ്ട്,
ഈ അവസ്ഥയിൽ നമ്മൾ എന്നും തുടരുമെന്ന്.
നാളെ ഞാനോ എന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരോ വീൽ ചെയറിൽ ഇരിക്കില്ലെന്നു എന്ത് ഉറപ്പുണ്ട്, എന്നിട്ടും വീടുകളിലേക്കും മറ്റു അനുബന്ധ കെട്ടിടങ്ങളിലേക്കും വീൽ ചെയർ കയറ്റാൻ പാകത്തിന് സ്റെപ്പുകളിൽ ഒരു ചെറിയ ഭാഗം സ്ലോപ് ഇടാൻ നമ്മളെത്ര വിമുഖത കാണിക്കുന്നു.
അര്ഹതപ്പെട്ടവരെ നമ്മൾ പാവങ്ങൾ, രോഗികൾ, ഇല്ലാത്തോർ എന്നൊക്കെയുള്ള ലേബലിൽ മാത്രം ഒതുക്കി സഹതാപം കൊണ്ടൊരു മൂലക്കലിരുത്തി.
ഒരൊറ്റ നിമിഷം കൊണ്ട് നമ്മളും മേല്പറഞ്ഞ അർഹതപ്പെട്ടവരാകാം എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ഇനി ചില ആളുകളുണ്ട്, പൊതു പ്രവർത്തകരെന്നവകാശപ്പെടുന്നവർ, എഴുത്തുകാരെന്നു പറയുന്നവർ,
വലിയ സാഹിത്യ വാക്കുകളൊക്കെ ഉപയോഗിച്ച് ചെറുതിനെ വലുതാക്കുന്നവർ, ഇല്ലാത്തതിനെ ആലങ്കാരികമായി ഉണ്ടാക്കുന്നവർ,മറ്റുള്ളവന്റെ കുറവിനെ വിറ്റു മുതലെടുക്കുന്നവർ.ആലങ്കാരിക സെന്റിമെന്റസ് തുന്നിച്ചേർത്തു വായിക്കുന്നവന്റെ സഹതാപത്തെ ക്ഷണിക്കുന്നവർ.എന്താ ഇവരോടൊക്കെ പറയാ.. ഒരാളെ ഒരാൾ പരിഗണിക്കുന്നത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.പ്രത്യേകിച്ചും ഒരാളെ കുറിച്ച് എഴുതപ്പെടുമ്പോൾ അയാൾക്ക് ഉണ്ടാകുന്ന സന്തോഷം വലിയൊരു അനുഭൂതി തന്നെയാണ്.എന്നാലും നിങ്ങൾ എഴുതി മാർക്കറ്റ് ചെയ്യുന്ന വ്യക്തിക്ക് അത് കാണുമ്പോളും വായിക്കുമ്പോഴും സന്തോഷ കണ്ണീരാണ് വരേണ്ടത്,സങ്കട കണ്ണീരോ തേങ്ങലോ അല്ല!
മുൻപ് ഒരു മനുഷ്യ സ്നേഹി പറഞ്ഞു കേട്ടിട്ടുണ്ട്, ചിലരുടെ കുറവുകളാണ് നമുക്ക് ദൈവം കൂട്ടി തന്നിട്ടുള്ളത്, അത് സ്നേഹം കൊണ്ട് പകുത്ത് നൽകി നമ്മൾ ഭൂമിയിൽ തുല്യ നീതിയും നന്മകളും കൊണ്ട് വരണമെന്ന്.
അതെ കേരളത്തിലെ കണക്കു പ്രകാരം നാലിലൊരു വ്യക്തിക്ക് disability ഉണ്ട് എന്നാണ്. അപ്പോൾ ജനസംഖ്യയുടെ 25 ശതമാനം പേരും വിഭിന്ന ശേഷിക്കാരാണെന്നു. വീണ്ടും തെളിച്ചു പറഞ്ഞാൽ മൂന്നു പേർ ചേർന്ന് ഒരാളുടെ കൂടെ നിന്നാൽ അവരും നമ്മളെ പോലെ ആയെന്നു.അവർക്കൊരു കയ്യില്ലെങ്കിൽ നമ്മളിലൊരാൾ ആ കുറവുള്ള കയ്യായി പ്രവർത്തിക്കുക.അങ്ങനെ അങ്ങനെ.എല്ലാം പറയാൻ എളുപ്പമാണ്.പ്രയോഗികമാക്കാൻ സമയമെടുക്കും.എന്നാലും സഹതാപം കൊണ്ട് ഒഴിഞ്ഞു മാറാലല്ല വേണ്ടത്. നമ്മളും അവരും വ്യക്തികളാണ്. ആ ലേബലിൽ തന്നെ അവരെ നമ്മൾ കാണണം.പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കുകയും ചെയ്യണം.
അവരുടെ ഇല്ലായ്മകളെ കുറിച്ച് മാത്രം സംസാരിച്ചു വേവലാതി പെടാതെ അവരുടെ കഴിവുകളെ ഉൾക്കൊണ്ട് കൊണ്ട് മാതൃകകളാക്കി നമ്മൾ മുന്നേറണം.
പൈസയോ മറ്റോ കൊടുത്തു സഹായമെന്ന പേരിൽ ഓട്ടയടക്കാതെ നമ്മുടെ നിലവരത്തിലവരെ എത്തിക്കാൻ, താല്പര്യമുള്ളവരെ അവർക്കു ഉതകുന്ന രീതിയിൽ തൊഴിൽ പരിശീലനവും ആത്മ ശക്തിയും നൽകി സ്വയം പര്യാപ്തരാക്കുകയാണ് ചെയ്യേണ്ടത്.
വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു, നിങ്ങളെ കണ്ടതിന്റെയോ സംസാരിച്ചതിന്റെയോ പേരിൽ അവർക്ക് സമയ നഷ്ടവും ആത്മശക്തി കുറയലുമല്ല ഉണ്ടാകേണ്ടത്, മറിച്ചു നമ്മളെല്ലാവരും മനുഷ്യരാണ് എന്ന ചിന്ത സ്നേഹത്തിന്റെ ഭാഷയിൽ അവരിലെത്തിച്ചു നമ്മളൊരുമിച്ചു മുന്നേറുകയാണ് വേണ്ടത്.അതിനെയാണ് കരുണ എമ്പതി എന്നൊക്കെ പറയുന്നത്.ഉത്തരവാദിത്ത ബോധവും കരുണയുള്ള ഹൃദയവും നിറഞ്ഞ പുഞ്ചിരിയും ഒരു അനുഗ്രഹം തന്നെയാണ്.
😊
അപ്പൊ എങ്ങിനാ... നമ്മളൊരുമിച്ച് ,ല്ലേ...🦋
No comments:
Post a Comment