Friday, 27 April 2018

ഗുൽമോഹർ പുഷ്പങ്ങൾ

#251_ഗുൽമോഹറുകൾ

ഗുൽമോഹർ പുഷ്പങ്ങളുമായി ഞാനിന്ന് അഗാധ പ്രണയത്തിലായിരിക്കുന്നു...
ഹേയ്, ഗുൽമോഹർ...
മനം മതിക്കുന്ന നിന്റെയാ ഓറഞ്ചു കൂടിയ ചുകപ്പ് നിറം...
പ്രേമം ദാഹിക്കുന്ന നിന്റെയാ വരണ്ട ചില്ലകൾ..
നന്മ മണക്കുന്ന നിന്റെയാ പൂമ്പൊടികൾ..
ഞാൻ പോകും വഴികളിലെല്ലാം എനിക്കായ് നീ വിരിച്ച ചുവന്ന പുഷ്പ പരവതാനി..
എനിക്കായ് താഴ്ത്തിയ നിന്റെ തളിർത്ത തണൽ ചില്ലകൾ..
ഇളം കാറ്റും പൂമഴയും പൂമണവും...
എന്നെ കാണുമ്പോഴുള്ള നാണം കലർന്ന നിന്റെയാ കുണുങ്ങിച്ചിരി..
അതെ നീയെന്റെ ഹൃദയം കവർന്നെടുത്തിരിക്കുന്നു...

ചിലർ നിന്നെ വാകയെന്നും പൂമരമെന്നുമൊക്കെ വിളിക്കുന്നു..
പക്ഷെ നീയെന്റെ കരളിൽ പതിഞ്ഞ ഗുൽമോഹർ...
പണ്ട് ശിശിരത്തിൽ ആരോ നിന്നെ കുറിച്ച് എനിക്ക് പാടി തന്നു..
അന്ന് തൊട്ടേ ഞാൻ നിന്നോട് പ്രണയത്തിലായിരുന്നു...
പിന്നീട് ചോദിക്കാതെ തന്നെ നീയെന്നിലേക്ക് കടന്നു വന്നു..
വരണ്ടു പോയ എന്റെ ഹൃത്തിലേക്ക് നീപോലുമാറിയാതെ പ്രണയമഴ പൊഴിഞ്ഞു..
നേരും നന്മയും നൽകാഴ്ചയും
അക്ഷരവെളിച്ചവും തൂവൽ സ്പർശവും
സത്ചിന്തയും വാക്കും വരയും അങ്ങനെ നിനക്കാവുന്നതെല്ലാം
എല്ലാം കാറ്റിന്റെ സംഗീതത്തിലൂടെയും നേരിന്റെ വെളിച്ചത്തിലൂടെയും  നീയെനിക്ക് പകർന്നു തന്നു..
അങ്ങ് കുന്നിൻ മുകളിൽ ആർക്കു വേണ്ടിയോ തലകുനിക്കുന്ന നിന്നെ കുങ്കുമപൊട്ടുപോലെ എനിക്കിവിടുന്നു കാണാം...
നീയെന്നെ അങ്ങോട്ട് മാടിവിളിക്കുന്നതും എനിക്ക് കാണാനാവുന്നുണ്ട്..
ഇങ്ങ് താഴ് വരയിലും തലയുയർത്തി, വിരിഞ്ഞ പൂങ്കണ്ണുമായി എനിക്കായ് നീ കാത്തു നിൽക്കുന്നു..
കാട്ടിനും തോട്ടിനും മരങ്ങൾക്കും കെട്ടിടങ്ങൾക്കുമിടയിലൂടെ നീയെന്നോട് കണ്ണ് പൊത്തി കളിക്കുന്നു..

ഒന്നുമൊന്നും കാണാഞ്ഞിട്ടല്ല..
അറിയാഞ്ഞിട്ടുമല്ല..
ഓടിവന്ന് വാരിപ്പുണരണമെന്നുണ്ട്..
സ്നേഹ ചുംബനങ്ങൾ കോരിചൊരിയണമെന്നുണ്ട്..
നീ വിരിച്ച പൂമെത്തയിൽ കിളിനാദവും കുളിർ കാറ്റുമേറ്റ് തലചായ്ക്കണമെന്നുണ്ട്..
പക്ഷെ
പേടിയാണിന്നെനിക്ക്..
ഹൃദയം കൈമാറുന്ന നിമിഷം കാലം വിരഹവർഷം നമ്മുടെ മേൽ പെയ്തേക്കുമോ എന്ന പേടി..
കാലം തെറ്റിയ വർഷത്തിൽ നീ എന്നെന്നേക്കുമായി എന്നിൽ നിന്നും ഒഴുകിയകലുമോ എന്ന പേടി...

ഇല്ല പുഷ്പമേ...നീ കവർന്നെടുത്ത എന്റെ പാതി ഹൃദയം...
അതെനിക്ക് തിരിച്ചു തരൂ..
കവികൾ പാടിയ പോലെ എനിക്കിനി നിന്നെ ഹൃദയം കൊണ്ട്പ്രണയിക്കാനാവില്ല..
നീയൊന്നു മയെങ്ങൻ പുഷ്പമേ..
അക്ഷരങ്ങളിലൂടെ ഇനി ഞാനൊന്ന് നിന്നെ പ്രണയിക്കട്ടെ...

സുഹ്‌റ..

No comments:

Post a Comment