Tuesday, 4 September 2018

Veed, nizhal chithrangal

എന്തോ ഈയിടെയായി ഞാനീ വീടിനോടും പരിസരത്തോടും വല്ലാതെ അടുപ്പത്തിലാകുന്നുണ്ട്.നിശബ്ദതയും ഏകാന്തതയും പലതിൽ നിന്നുമുള്ള ഒളിച്ചോട്ടമായി കരുതിയാണ് ടെറസ്ൻ മേലെ  എന്നും അതിഥിയായി വരാൻ തുടങ്ങിയത്.പക്ഷെ ഇന്നിതെന്റെ നല്ലോർമകളുടെ  സ്വർഗഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു.

ഇപ്പോൾ ഇവിടെ ഇരിക്കുമ്പോൾ കഴിഞ്ഞു പോയ വൈകുന്നേരം വീണ്ടും ഓർത്തെടുക്കുകയാണ് ഞാൻ.
ഇരുകാലും നീട്ടി വരാന്തയിലെ തൂണും ചാരി മുറ്റത്തെ അസർമുല്ലകൾ വിരിയുന്നത് നോക്കിയിരുന്ന നിമിഷം.
പടിഞ്ഞാറു നിന്നും പല താളത്തിലുള്ള കാറ്റുകൾ എന്റെ മുഖത്തു മുത്തമിട്ട് മറ്റാരെയൊക്കെയോ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുന്നു.
തൊട്ടടുത്ത പറമ്പിലെ അങ്ങേയറ്റത്തെ തെങ്ങിന്റെ ഉച്ചിയിൽ നിന്നും വെള്ളിവെളിച്ചം വിതറിക്കൊണ്ടു സൂര്യൻ സന്ധ്യയിലേക്ക് നീന്തിയടുക്കുകയാണ്.
ഈ നേരത്താണ് ചുറ്റിലുമുള്ള മരങ്ങളും പൂക്കളും പുല്നാമ്പുകളുമൊക്കെ കാണേണ്ടത്.ഓരോന്നിൽ നിന്നും, ഓരോന്നിലും വൈവിധ്യമാർന്ന നിഴൽ ചിത്രങ്ങൾ.
ചുമരിൽ പതിക്കുന്ന വാഴയുടെയും തെങ്ങോലയുടെയും ചലിക്കുന്ന നിഴലുകൾ ഒത്തിരി നേരം നോക്കി നിന്നപ്പോൾ അവ എന്നോടേതോ കഥ പറയുന്നത് പോലെ തോന്നിപ്പോയി.
തോന്നിയതല്ല, കഥകൾ പറയുക തന്നെയാണ്,എന്റെ കാത്തിരിപ്പിന്റെ വിരഹത്തിനെ മരവിപ്പിക്കാനെന്നപോലെ.

അരിക് പൊട്ടിയ വാഴയിലകൾക്കിടയിലൂടെ വന്ന സൂര്യവെളിച്ചം എന്റെ കൃഷ്ണമണികളിലൂടെ തുമ്പിയുടെ ചിറകുകളെന്ന പോലെ കാണപ്പെട്ടു.

ഉമ്മച്ചി തന്ന എള്ളും ജീരകവും ചേർത്ത അരിമുറുക്കു സൂര്യന് നേരെ കാണിച്ചപ്പോൾ അതിന്റെ വിടവുകളും അരികുകളും കത്തിജ്വലിക്കുന്ന പോലെതോന്നി.
പുൽക്കൊടി തുമ്പുകളും പൂവുകളും ആലിംഗനം ചെയ്തു മത്സരിക്കുന്നത് കള്ളച്ചിരിയോടെ ഞാൻ നോക്കി നിന്നു.
വല്ലാതെ അസൂയ തോന്നിയപ്പോൾ ഞാനവയെ തലോടികൊണ്ടു അകറ്റി മാറ്റി.
സൂര്യവെളിച്ചത്തിനഭിമുഖമായി
നിൽക്കുന്ന കവുങ്ങിൻ പട്ടകളും തെങ്ങോലകളും ആകാശ ശോണിമയിൽ അലിഞ്ഞു പോയ പോലെ.

തൊട്ടടുത്ത പൊന്തക്കാട്ടിൽ നിന്ന് ചീവീടും ദൂരെ കുന്നിൽ നിന്നും മയിലുകളും അങ്ങോട്ടുമിങ്ങോട്ടും എനിക്കിനിയും മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയെ പിറുപിറുക്കുന്നുണ്ട്.എന്തിനാണ് ഇവരൊക്കെ എന്നെ നിത്യവും വൈവിധ്യങ്ങൾ കൊണ്ട് കൗതുകപ്പെടുത്തുന്നത്?

ചിലന്തി വലയെ മഴവില്ലാക്കിയതും തുളസിയിലയുടെ അഗ്രങ്ങളിൽ വെള്ളിമണികൾ പതിപ്പിച്ചതും ആരാണ്‌? കാശിത്തുമ്പയുടെ ഇലകൾ എന്നെ കാണുമ്പോൾ സ്പ്രിങ് കണക്കെ ചാടിക്കളിക്കുന്നത്  എന്തു പറയാനായിരിക്കും?
ശെരിക്കും ഇവരെന്നെയാണോ അതോ ഞാനവരെയാണോ പ്രണയിക്കുന്നത്?
നിന്റെയോർമകളിൽ നിന്നും ഒളിച്ചോടി എന്തിനെയൊക്കെയോ തേടി ഇവിടെ വന്ന ഞാനിപ്പോൾ മറ്റെന്തിനെയൊക്കെയോ തേടി നിന്റെ ഓർമകളിലേക്ക് തന്നെ തിരിച്ചു പോവുകയാണ്. എത്ര നിന്നിൽ നിന്നകന്നാലും
ദൃഷ്ടാന്തങ്ങൾ കൊണ്ട് നീയെന്നെ ഇനിയും അത്ഭുതപ്പെടുത്തുമെന്ന വിശ്വാസത്തോടെ ഞാനിനിയും ഇവിടെയെവിടെയൊക്കെയോ നിന്നെയും കാത്ത് തങ്ങി നിൽക്കുകയാണ്.

സുഹറ,നിഴൽ ചിത്രങ്ങൾ,4.8.18

No comments:

Post a Comment