വാടാനാം കുറിശിലെ വാടക വീടിന്റെ ടെറസിന് മേലെ ഇങ്ങനെ ഒറ്റക്ക് മാനം നോക്കി മലർന്ന് കിടന്ന് പെണ്ണ് കിനാവ് നെയ്യുകയാണ്.
വീടാകുന്ന കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ മാനം നോക്കി മലർന്നു കിടക്കുമ്പോൾ കഥപറയാൻ ആരെയോ കാലങ്ങളായി കാത്തു നിൽക്കുന്ന ഒരു രാജകുമാരിയാണ് ഞാനെന്ന് തോന്നിപ്പോയി. അവന്റെ വരവിന്റെ ലക്ഷണമെന്ന പോലെ ദൂരെ എവിടെയോ നിലാവ് പരക്കുന്നുണ്ട്. ചുറ്റും സുഖമുള്ള ഇളം തണുപ്പ് പടർന്നു പിടിക്കുന്നു. മാനം നിറയെ മനം മിന്നിക്കുന്ന നക്ഷത്രങ്ങൾ. കരിന്തെങ്ങുകളുടെ പ്രതിബിംബങ്ങൾ കൃഷ്ണമണിക്ക് കൂടുതൽ അഴകും ആഴവും തീക്ഷണതയും നൽകി.ചുറ്റുമുള്ള തെങ്ങുകളും അത് കഴിഞ്ഞുള്ള മരങ്ങളും എന്റെ കൊട്ടാരത്തിലെ കാവൽക്കാരെ പോലെ എനിക്ക് അനുഭവപ്പെട്ടു. ഇലകൾക്കിടയിലും മാനത്തും കൂടുതൽ കൗതുകം പടർത്തിയുള്ള മിന്നാമിനുങ്ങിന്റെ വെട്ടിത്തിളക്കം ചില നേരത്ത് താഴേക്ക് തീക്കൊള്ളി പോലെ എരിഞ്ഞടങ്ങുന്ന വാല്നക്ഷത്രത്തെ ഓർമിപ്പിച്ചു. ഭൂമിയുടെ ഒത്തനടുവിലെ ഒരു കുഞ്ഞു ദ്വീപിലാണ് എന്റെ കൊട്ടാരമെന്ന പോലെ, തെങ്ങുകൾക്കപ്പുറം വയലുകളും അതിനപ്പുറം കാടും കുന്നും അതിനുമപ്പുറം പുഴയും കരയും അതിനുമപ്പുറം കടലും പരിലസിച്ചു കിടക്കുന്നത് പോലെ.ചീവിടുകളുടെ താളത്തിലുള്ള ശബ്ദം ഇരമ്പുന്ന തിരമാലകളെ പോലെ അനുഭവപ്പെട്ടു.നിലാവ് കൂടുതൽ പരക്കുന്നതും ഇടക്ക് മാനത്ത് മേഘങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നതും കണ്ടപ്പോൾ ഞാനിപ്പോൾ കപ്പലിലാണോ എന്ന് പോലും ശങ്കിച്ച് പോയി. ഇല്ല ഭടന്മാരെ പോലെ എനിക്ക് താങ്ങും തണലുമേകുന്ന തെങ്ങുകൾ തലയുയർത്തി ചുറ്റുമുണ്ട്.
അതോ എന്റെ വീടിന്റെ സ്വപ്ന ചിറകിലേറി ഏതോ ഒരു തുരുത്തിലെ ലക്ഷ്യമാക്കി ഞാൻ ആകാശത്തേക്ക് പറക്കുകയാണോ?
കിഴക്കോട്ട് പാദം നീട്ടി പടിഞ്ഞാറോട്ട് തലമുടി വിരിച്ചു ഭാരമില്ലാത്ത തൂവലിനെ പോലെ ഞാനങ്ങനെ കിടന്നു.തെക്കു ഭാഗത്ത് ചൊവ്വാഗ്രഹം ആരുടെയോ വരവറിയിക്കാണെന്ന പോലെ ചുവന്നു തുടിച്ചു നിൽക്കുന്നു.കാത്തിരുന്ന് വിവശയായ എന്നോട് കണ്ണിറുക്കി സ്വകാര്യം പറയാൻ വെള്ളിനക്ഷത്രങ്ങൾ തിടുക്കം കൂട്ടുന്നപോലെ.എന്റെ പരിഭ്രമം കുറക്കാനെന്ന പോലെ
നനുത്ത കാറ്റ് ഇടക്കിടക്ക് മുടിയിഴകളെ തലോടി കൊണ്ട് ഓലത്തുമ്പിൽ താളം പിടിക്കുന്നുണ്ട്.
കാത്തിരിപ്പിന്റെ കഥകൾക്കും ഇത്രയേറെ മനോഹരിതയുണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ.വിരഹവും വേദനയും മറന്നു ഓരോ നിമിഷവും നിന്നിലേക്ക് കൂടുതൽ അടുക്കുന്ന സുഖാനുഭൂതി.
നിന്നെയോർമ വരുമ്പോൾ ഇനിയൊന്നും ഞാനീ മട്ടുപ്പാവിൽ ഓടിയെത്തും. വിരഹം മറക്കാൻ നീ എനിക്ക് പരിലസിച്ചു തന്ന ഓരോന്നിനോടും നിന്നെ കുറിച്ച് കേൾക്കാനും വർണിക്കാനും .അങ്ങനെ നിന്നിലേക്ക് കൂടുതൽ ആഴത്തിലടുക്കാനും.
No comments:
Post a Comment