ഇവിടെ, ദാ, ഞാനിരിക്കാണ്, ഏറ്റവും ഇഷ്ടപ്പെടുന്ന ഭൂമിയിലെ ഒരിടം.
ഇടത് ഭാഗത്ത് കാണുന്ന കുന്നിനു പുറകെ ചെഞ്ചായം കടുപ്പിച്ചു അസ്തമിക്കാനൊരുങ്ങുകയാണ് സൂര്യനിപ്പോൾ.
പുറകിലെ കുന്നിൽ നിന്നും മയിലുകൾ കൂട്ടത്തോടെ ആരെയോ നീട്ടി വിളിക്കുന്നുണ്ട്.താഴെ മരത്തണലിലിരിക്കുന്നതിനേക്കാളും കുറച്ചു കൂടെ ആകർഷണവും ആസ്വാദനവും അനുഭവിക്കുന്നത് ഉയരത്തിൽ ഈ ടെറസ്ൻ മേലെ ഇരിക്കുമ്പോഴാണ്.മുന്നിലെ തൊടിയിലെ ഒരേ ഉയരത്തിൽ വളർന്ന പൊടിയണി മരത്തിലിരുന്നു കൊണ്ട് ചാരക്കുരുവികളും ചാണകക്കിളിയുമെല്ലാം കാത്പൊട്ടും വിതം കലപില കൂട്ടുന്നുണ്ട്.
പിന്നെ കാത് കീറുന്ന ശബ്ദവുമായി അണ്ണാറകണ്ണനും തന്നാലായത് പോലെ ചീറിപ്പൊളിക്കുന്നുണ്ട്. പുറകിലെ പാടത്തു നിന്നും ഉഷേച്ചിയുടെ പയ്യും താറാക്കളും കൂടാണയാൻ തിടുക്കം കൂട്ടുന്നുണ്ടെന്ന് തോന്നുന്നു. ടെറസിലെ ചുമരിൽ നിന്നും പല്ലിയും എന്നോടെന്തൊക്കെയോ ചിലച്ചു.
ദൂരെ നിന്നും തീവണ്ടിയുടെ കൂവൽ കേൾക്കാം.പ്രളയകാലത്ത് ട്രെയിൻ ഗതാഗതം മുടങ്ങിയപ്പോൾ ദിവസങ്ങൾക്ക് ശേഷം തീവണ്ടി കൂവുന്ന ശബ്ദം കേട്ടത് കൂട്ടുകാരോട് വിളിച്ചു കൂവിയത് ഓര്മ വരുന്നു. എന്നും കാണുന്നവരായിട്ടും പല പക്ഷികളുടെയും പേരെനിക്കറിയില്ല.എല്ലാവരും ഇരുട്ടിന് മുന്നേ കൂടണയാനുള്ള തിരക്കിലാണ്. മാക്രി തവളയും ചീവിടുകളും മത്സരിച്ചു അടുത്തുള്ള പൊന്തക്കാട്ടിൽ നിന്നും ശബ്ദമുണ്ടാക്കുന്നുണ്ടിപ്പോൾ.
എവിടെ നിന്നൊക്കെയോ വിരളമായെന്ന പോലെ കാക്കയും കരയുന്നുണ്ട്. വെളുത്തും കറുത്തും ചുമന്നുമൊക്കെ ഇരിക്കുന്ന ഉഷേച്ചിയുടെ സുന്ദരന്മാരും സുന്ദരികളുമായ വളർത്തുകോഴികളുടെ കൂടെ ചാരനിറത്തിലൊരു കാട്ടുകോഴിയും വാഴകൾക്കിടയിലൂടെ വിസായം പറഞ്ഞു പോകുന്നത് വല്ലാത്തൊരു കാഴ്ച തന്നെയാണ്.മുറ്റത്തെ വെളുപ്പും റോസും നിറമുള്ള അസർമുല്ലകൾ പൂത്തു നിൽക്കുന്നുണ്ട്.അതിന്റെ ഇടയിലൂടെ കീഴാർനെല്ലി തലകൂപ്പി നിൽക്കുന്നുണ്ട്.പാടത്തെ പണിയും പശുവിനു പുല്ലുവെട്ടലുമെല്ലാം കഴിഞ്ഞു ഉഷേച്ചി കിതച്ചു കൊണ്ട് തിരുമ്പുന്ന ശബ്ദം ടപ്പേ ടപ്പെന്നു കേൾക്കാം.പിന്നെയും കാതോർത്താൽ പാതയിലെ വാഹനങ്ങളുടെ ചീറിപ്പായലും കേൾക്കാം.
ഇലകൾ തമ്മിൽ കിന്നാരം പറയുന്നത് കേൾക്കാൻ നല്ല രസാ. ഓലയുടെയും മുളയുടെയും കിന്നാരത്തിന് വേറിട്ടൊരു ഈണം തന്നെയുണ്ട്.കറുത്ത ഒരു കുഞ്ഞു പൂമ്പാറ്റ തലയ്ക്കു മുകളിൽ ആരെയോ തേടി വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നു.ചെമ്പോത്തും പരുന്തും നിശബ്ദമായി കാഴ്ച്ചയിൽ നിന്നും കടന്നു പോയി.വെള്ളയും സ്വര്ണക്കളറും രോമമുള്ള കുഞ്ഞി പൂച്ച ഒരൽപം ഗമയിൽ പുറകിലെ തൊടിയിലെ കരിയിലകളിലേക്ക് മതിലിന്മേലെ നിന്നും ചാടി. എവിടെ നിന്നോ ഊഴമിട്ട് വന്നു കണ്ണിനരികിലൂടെ എങ്ങോട്ടോ കടത്തി വെട്ടി പോയി വവ്വാലെന്നെ ചെറുതായി പേടിപ്പിച്ചു. ഇനി കുറച്ചു കൂടെ കഴിഞ്ഞാൽ കൊതുകിന്റെ മൂളിപ്പാട്ടു കൂടെ ഉണ്ടാകും.അത് വരെ ഈ തണുത്ത കാറ്റേറ്റ് സ്വര്ണവെളിച്ചം കവിളിലേറ്റു ഇവിടെ ഇങ്ങനെ ഇരിക്കാം.
ഞാനിപ്പോ എന്താ പറഞ്ഞത് ,തണുത്ത കാറ്റേറ്റെന്നോ.
അതെ, എങ്ങനെയാ ഞാനീ കാറ്റിനെ വർണിക്കാ.
ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് പാറിപ്പറക്കുന്ന പൂമ്പാറ്റ ആയിരുന്നെങ്കിലെന്നു.പക്ഷെ എനിക്കിപ്പോൾ തോന്നുന്നു, ഞാനൊരു കാറ്റായിരുന്നെങ്കിലെന്നു.
ശബ്ദവും വെളിച്ചവുമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ വരദാനങ്ങൾ.
വെളിച്ചം കണ്ണിലൂടെ നിറങ്ങളിലെത്തിച്ചപ്പോൾ
കാറ്റ് ശബ്ദത്തെ കാതിലൂടെ എല്ലായിടത്തും എത്തിക്കുന്നു.കൂടെ സൗരഭ്യവും പരത്തുന്നു. ഇന്ന് ഞാനാസ്വധിച്ച ഓരോ ശബ്ദത്തിന്റെയും കാരണക്കാരനായിരുന്നു ആ കാറ്റ്.
ആ കാറ്റിനെ മിതമായും സൗമ്യമായും ആസ്വദിക്കാൻ , കേൾക്കാൻ, മണക്കാൻ ദൈവം ഇനിയും ഇനിയും അവസരങ്ങൾ തരട്ടെ.
ഒടുവിലതാ ദൂരെ പള്ളി മിനാരങ്ങളിൽ നിന്നും മഗ്‌രിബ് ബാങ്കിന്റെ ധ്വനികളുയരുന്നു, കൂടെ താഴെ തളത്തിൽ നിന്നും ഉമ്മച്ചി വുളു എടുക്കുന്ന ശബ്ദവും.
🦋🦋🦋
Tuesday, 4 September 2018
Evng vdksy 3 9 18
Subscribe to:
Post Comments (Atom)
No comments:
Post a Comment