Wednesday, 7 December 2016

അനുഭവം സനീഷ്1

ആ അമ്മയും മകനും

അങ്ങനെ വീണ്ടും മറ്റൊരു സെമെസ്റ്റെർ എക്സാം കഴിഞ്ഞ് ഞാനിന്നു അതെ ബസ്സിൽ കയറി. അന്നത്തെ അതെ ഡ്രൈവർ, കണ്ടക്റ്റർ അവരെ കണ്ടപ്പോഴാണ് ഓർമ്മകൾ ആ ദിവസത്തിലേക്ക് എത്തിനോക്കിയത്.
തലേ ദിവസം ഉറക്കൊഴിച് പഠിച്ചതിനാൽ നല്ല ക്ഷീണമുണ്ടായിരുന്നു. ഫുൾ ചാർജ് കൊടുത്ത് ഇരുന്നു വരാന്നു കരുതി നേരത്തെ തന്നെ തൃശൂർ ശക്തൻ സ്റ്റാന്റെലെത്തി. വിൻറോ സീറ്റിൽ സ്ഥാനം പിടിച്ച് കയ്യിലുള്ള മാ യുടെ കുപ്പി ചുണ്ടോടടുപ്പിക്കുന്പോഴാണ് 60-ൽ കൂടുതൽ പ്രായം തോന്നിക്കുന്ന ഒരു അമ്മ തൊട്ടടുത് വന്നിരുന്നത്. ഇരുന്നതും അവരെന്റെ ജ്യൂസ്‌ ലേക്കാണ് നോക്കിയത്. നല്ല ദാഹവും ക്ഷീണവും അവരുടെ മുഖത്ത് പ്രകടമായിരുന്നു.
കൂടാതെ ഉച്ച സമയവും. ഞാനാ കുപ്പി അവർക്ക് നേരെ നീട്ടി. ആദ്യം നിരസിച്ചെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി അവരൊരിറക്ക് കുടിച്ചു എനിക്ക് നേരെ നീട്ടി. എന്റെ മകൾ കുടിച്ചോ നിക്ക് ദാഹം തീർന്നൂന്നു പറഞ്ഞു എനിക്ക് തരുമ്പോൾ ഞാനവരോട് വീണ്ടും കുടിക്കാൻ നിർബന്ധിച്ചു.
അപ്പോൾ അവർ ചോദിച്ചു
"ന്റെ മോൾക്ക് വേണ്ടേൽ ഞാനിത് വീട്ടിലേക്ക് കൊണ്ട് പൊയ് ക്കോട്ടേ..? അവിടെ 2 പേരക്കുട്ട്യോളുണ്ട് ഞാൻ വല്ലതും കൊണ്ട് വരുന്നതും കാത്ത്."
"ഓഹ് അതിനെന്താ"
ഞാൻ സന്തോഷത്തോടെ തലയാട്ടി..
"ന്റെ മോള് എങ്ങോട്ടാ..?"
"ഞാൻ തച്ചനടീക്കാ.. അമ്മയോ..?"
"ഞാനും അങ്ങോട്ടെന്നാ"
"എവിടെ പോയതാ അമ്മ., കൂടെ ആരൂല്യേ..?" ഞാൻ ചോദിച്ചു.
"ഇല്ല മോളേ ഞാൻ മെഡിക്കൽ കോളേജ്ക്ക് പോയതാ മകനു വേണ്ടി കുറച്ച് പേപ്പർ ശരിയാക്കാൻ"
അപ്പോൾ അയാൾക്കും ഈ പാവത്തിന്റെ കൂടെ വരായീരുന്നില്ലേ എന്ന് മനസ്സിൽ ശപിച്ച് കൊണ്ട്,
"എന്നിട്ട് മകനെന്തേ വന്നില്ലാ"ന്ന് ചോദിച്ചു.
"ഒന്നും പറയണ്ട മോളേ., ഒരു ആക്സിഡെൻറ് പറ്റി, അതോടെ എന്റെ കുട്ടിന്റെ ബുദ്ധിയും ബോധവും പോയി. ഇപ്പോ പരസഹായം ഇല്ലാതെ ബാത്റൂമിൽ പോവാൻ പോലും കഴിയാതെ കിടപ്പിലായിട്ട് രണ്ട് കൊല്ലം ആയി. കുറച്ച് പേപ്പർ ശരിയാക്കിയാ MLA ഓപ്പറേഷന് ഉള്ള പൈസ കിട്ടും ന്ന് പറഞ്ഞു, അതിനാ ഈ നെട്ടോട്ടം ഓടുന്നത്. അവന്റെ മക്കൾക്കാ ഈ ജ്യൂസ്."
അത് കേട്ടപ്പോൾ ഞാനാകെ വിഷമത്തിലായി, അവർ എന്റെ കൈ പിടിച്ചു.
"മോളെ.., കഷ്ടകാലത്തിന് ഞാൻ ഡോക്ടറെ കാണാൻ അകത്ത് കേറിയപ്പോൾ ന്റെ കയ്യിൽ അടുത്ത വീട്ടിൽന്ന് കടം വാങ്ങിയ വഴി ചിലവിനുള്ള പൈസ വെച്ച സഞ്ചി ആരോ എടുത്ത് കൊണ്ട് പോയി. ഭാഗ്യത്തിന് മുണ്ടിന്റെ അറ്റത്ത് ഇരുപത് രൂപ കെട്ടി വെച്ചീരുന്നു. ആ പൈസ കൊണ്ടാ ഞാൻ ഇതുവരെ എത്തിയത്. പിന്നെ നമ്മളെ അങ്ങോട്ടുള്ള വണ്ടി അല്ലേ., പരിജയക്കാരെ ആരെയെങ്കിലും കാണുമെന്ന് കരുതിയാ ഇതിൽ കേറിയത്. പക്ഷേ ആരെയും കാണാന്നുമില്ല."

എന്റെ കയ്യിൽ ആകെ ഉള്ളത് മുപ്പത് രൂപ, ബസ് ചാർജ് ഇരുപത്തഞ്ച് രൂപയും. ക്ഷീണം മറന്ന് അഞ്ചു രൂപ എടുത്ത് ഞാൻ ബാക്കി അവർക്ക് കൊടുത്തു. എന്റെ കൈ മുറുകെ പിടിച്ച് ആ അമ്മ കണ്ണീരോടെ പറഞ്ഞു,

"ദൈവമായിട്ടാ എന്റെ മോളെ എന്റെ മുന്നിലേക്കയച്ചത്, ന്റെ കുട്ടീനെ ദൈവം കാക്കും. ഈ നല്ല മനസ്സിന് ദൈവം നല്ലൊരു ജോലി തരെന്നെ ചെയ്യും."
" എന്തോ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരുപാട് ആഴത്തിൽ പതിഞ്ഞു. ബസ്‌ സ്റ്റാർട്ട്‌ ചെയ്തു കണ്ടക്റ്റർ ടിക്കറ്റ്‌ എടുക്കാൻ വന്നു. ഞാനെന്റെ കയ്യിലുള്ള അഞ്ച് രൂപ കൊടുത്തു. അപ്പോൾ അയാൾ കൺസെഷൻ തന്നിട്ട് സുഖിചിരിക്കുന്നത് കണ്ടില്ലേ എന്ന് ചീത്ത പറഞ്ഞു. ആരേലും വരുന്ന വരെ ആ അമ്മയോട് സംസാരിച്ചിരിക്കാം എന്ന് കരുതി ഞാൻ അവിടെ തന്നെ ഇരുന്നു.
അല്പം കഴിഞ്ഞും ഞാൻ എണീക്കണതും കണ്ട് എന്റെ കൈ പിടിച്ച് അവിടെ ഇരിക്കാൻ പറഞ്ഞു. പക്ഷെ അവർക്കറിയില്ലല്ലോ ഞാനെന്തിനാ എണീറ്റതെന്ന്.

അവരുടെ സങ്കടം മാറ്റാൻ ഞാനും അവരുടെ വീട്ടിൽ പോയി. പൊളിഞ്ഞു വീഴാറായ ആ വീട്ടിൽ ചെറുപ്പക്കാരിയായ ഭാര്യയും രണ്ട് പിഞ്ചു മക്കളും രോഗിയായി കിടപ്പിലായ അച്ഛനും തളർന്നു കിടക്കുന്ന ആ മകനേയും കണ്ടപ്പോൾ നെഞ്ചു പൊട്ടിപ്പോയി. ചോറുണ്ണാൻ നിർബന്ധിച്ചെങ്കിലും വീണ്ടും വരാം എന്ന് പറഞ്ഞ് അവിടുന്ന് തല താഴ് ത്തി പടിയിറങ്ങുന്പോൾ എന്റെ നിസ്സഹായാവസ്ഥ ഓർത്ത് ഞാൻ തേങ്ങുകയായിരുന്നു....

No comments:

Post a Comment