Wednesday, 7 December 2016

ചെറുചിന്ത നര

നര

മരണമിതാ തൊട്ടടുത്തുണ്ടെന്ന് ഓർമിപ്പിച്ചുക്കൊണ്ട്
തലമുടികളെ നരബാധ പിടികൂടിയിരുന്നു..

കാരണവന്മാർ അതിനെ ഭാഗ്യനാരയെന്നു ഒമാനപ്പേരിട്ടു വിളിച്ചിരിക്കുന്നു...
പരിഷ്‌കാരികൾ അതിനെ വിറ്റാമിന്റെ അഭാവമെന്നു എഴുതിക്കുറിക്കുന്നു...

എന്നിരുന്നാലും
സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചില്ലെങ്കിലും
ഏറ്റെടുത്ത കടമകൾ നിറവേറ്റപ്പെട്ടാൽ മാത്രം മതിയായിരുന്നു,
നരബാധിച്ചയീ കുഞ്ഞ് മനസ്സിന് ഈ ജന്മം സഫലമാകാൻ

ചെറുകവിത ശേഷിച്ചത്

കവിത അവൾ

അവള്‍-

വാടിത്തളര്‍ന്ന മിഴികള്‍-
പതറിപ്പോയ മൊഴികള്‍-
മെലിഞ്ഞൊട്ടിയ ദേഹം-
മെഴുക്കു പുരളാത്ത മുടിയിഴകള്‍-
മുഷിഞ്ഞഴുകിയ ചേല-
പാരതന്ത്ര്യത്തിന്‍റെ നിശ്വാസം-
വിലക്കിട്ട ബന്ധനങ്ങള്‍-
മന്ത്രിക്കുന്നൂ.....-
ഇവളുമൊരു പെണ്ണാണ്....-

ചെറുകവിത ഉമ്മ

ഉമ്മക്കൊരുമ്മ

ആദ്യം വയറ്റിലേറ്റി-
പിന്നെ നെഞ്ചിലേറ്റി-
അപ്പോള്‍ ഞാന്‍ തലയില്‍ കേറി-
എന്നിട്ടും തളരാതെ താങ്ങുന്നു-
അമ്മയാം നന്മ --

ചെറുകവിത കോമാളി

** കോമാളി **

കരയാതിരിക്കാന്‍ ചിരിയുടെ മുഖം മൂടിയണിഞ്ഞ് അവസാനം കോമാളിയെന്ന് മുദ്ര വെക്കപ്പെട്ടു.

ചെറുകവിത ജീവിതം

*** ജീവിതം ***

ചിലർ മരിക്കുന്നത് വരെ ജീവിക്കുന്നു
ചിലർ ജീവിക്കാന്‍ വേണ്ടി മരിക്കുന്നു
ചിലർ മരിച്ചു കൊണ്ട് ജീവിക്കുന്നു!

കവിത മഴ

മഴസ്പന്ദനം

മഴ പെയ്യുന്നു..
മണ്ണിന്റെ മണം പരക്കുന്നു..

കുഞ്ഞിളം കാറ്റും
തെളിയുന്നൊരു വെട്ടവും..
മുറുമുറുക്കുന്നൊരു ഇടിനാദവും..

അകതാരിൽ പ്രതീക്ഷയുടെ നാമ്പു വിടരുന്നു...
കർഷകന്ന് മാത്രമല്ല..
ഓരോരോ മനുഷ്യനും..

വറ്റി വരണ്ട ഭൂമിക്കും
ഊറ്റി കഴച്ച കൈകൾക്കും
ജീവൻ തുടിക്കാനിനി
വെള്ളം വേണമത്രേ

ഇത്തിരി തുള്ളി വെള്ളം വേണമത്രേ
ഇത്തിരി തുള്ളി വെള്ളം വേണമത്രേ..

Thasleena
30.10.16

കുത്തിക്കോറലുകൾ പൊരുൾ

പൊരുള്‍
ദേശീയ പ്രതിജ്ഞയില്‍ നാം മറന്നു പോയ;
അല്ലെങ്കിലിനി തിരുത്തപ്പെടുമോ എന്നു ഭയക്കുന്ന ഒരു വരിയുണ്ട്.....
"എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരി സഹോദരന്മാരാണ്"
.

കവിത ശുംഭൻ

ശുംഭന്‍
ശൂന്യതയില്‍ തുടങ്ങിയ ജീവിതമിന്ന് ഇങ്ങോളമെത്തി-
എന്നിട്ടും പറയുന്നു നാം
ശൂന്യമാണിന്നെന്‍ ജീവിതമെന്ന്-
കൂട്ടിയും കിഴിച്ചും
ഗുണിച്ചും ഹരിച്ചും
സുഖിച്ചും രമിച്ചും
ചിരിച്ചും കളിച്ചും
ശേഷിച്ചതും ശ്രേഷ്ഠമായതെന്തും
കയ്പിടിയിലൊതുക്കിയും
ശാന്തമായ് പറയുന്നു നാം
ശിഷ്ടമെല്ലാം ശൂന്യമാണെന്ന്-

കവിത പ്രണയം

പ്രണയം-

ഹൃദയം തന്ന് നീ എന്നെ പ്രണയിച്ചപ്പോള്‍
മൌനത്തിലൂടെയാണ് നിന്നെ ഞാന്‍ വീക്ഷിച്ചത്--
എന്‍റെ ചാരിത്ര്യത്തെ നീ മാനിച്ചപ്പോള്‍
നിന്നിലെ നിഷ്കളങ്കതയെ ഞാന്‍ തിരിച്ചറിയുകയായിരുന്നു--
നീ സ്വരം കൊണ്ടെനിക്ക് താരാട്ടിയപ്പോള്‍
ഞാന്‍ അക്ഷരങ്ങളിലൂടെയായിരുന്നു നിനക്ക് താളം പകര്‍ന്നത്--
ആത്മാര്‍ത്ഥ സ്നേഹമെന്തെന്ന് നീ എന്നെ പഠിപ്പിച്ചപ്പോള്‍ അതിരുകളില്ലാതെ എങ്ങനെ നിന്നെ സ്നേഹിക്കാമെന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു--
എന്‍റെ മൌനം എന്തിനെന്ന് നീ തിരിച്ചറിയുന്ന നിമിഷം നിന്‍റേതായ് തീരാന്‍ ഞാന്‍ കാത്തിരിക്കുന്നു--

ചെറുകവിത അദ്ധ്യാപകർ

അദ്ധ്യാപകര്‍
ആദ്യം പുളിക്കും-
പിന്നെ ഓര്‍മകളിലൂടെ
മധുരം തരും-
നെല്ലിയ്ക്കപോല്‍ ചിലര്‍-

കുത്തിക്കോറലുകൾ ലോകം

** ലോകം **
പാവപ്പെട്ടവന്‍റെ കലകള്‍ക്ക് അംഗീകാരമില്ല,
സമ്പന്നന്‍റെ കോപ്രായങ്ങള്‍ക്ക് കയ്യടി!

കുത്തിക്കോറലുകൾ ജീവിതം

*** ജീവിതം ***
സമ്പത്തും സൌഹൃദവും ഒരു പോലെയാണ്--
നേടി എടുക്കാന്‍ എളുപ്പമാണ്-
നിലനിര്‍ത്തിപ്പോകാന്‍ കഷ്ടവും-!!!
അവസാനം മിച്ചമാകുന്നത് നഷ്ടവും !!!!

കുത്തിക്കോറലുകൾ ജീവിതം കാഴ്ചപ്പാട്

* ജീവിതം *

ഒരുപാടൊരുപാട് കാഴ്ച്ചപ്പാടുകളോടെയാണ് ഞാന്‍ വളര്‍ന്നത്--
അന്നെനിക്ക് സ്വപ്നങ്ങള്‍ നെയ്യാനറിയില്ലായിരുന്നു--
പിന്നീടെപ്പഴോ സ്വപനങ്ങള്‍ കുന്നു കൂടിയപ്പോള്‍ എന്‍റെ കാഴച്ചപ്പാടുകളെ എനിക്ക് കുഴിച്ച് മൂടേണ്ടി വന്നു--
കാഴ്ച്ചപ്പാടുകള്‍ എനിക്ക് തന്ന വിശ്വാസം സ്വപ്നങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിട്ടും--

അനുഭവം നോവോർമ

നോവോർമ ***
****നേർ ചിന്ത ****

ഏതാനും ദിവസങ്ങൾക്ക് മുന്നേ എനിക്കുണ്ടായ ഒരു അനുഭവം... എന്റെ ചിന്തകൾക്ക് അൽപം കൂടെ കരുത്തേകിയ, എന്റെ ധാരാളിത്തത്തിനു കടിഞ്ഞാണിട്ട ഒരു സംഭവം ഞാനെന്റെ പ്രിയ സുഹൃത്തുക്കളോട് പങ്കു വച്ചോട്ടെ...
ഉമ്മയെ ഡോക്ടറെ കാണിക്കാൻ ഗൊവെന്മെന്റ് ജില്ലാ ഹൊസ്പിറ്റൽ വരെ പോയിരുന്നു..
ഉമ്മയെ പുറത്തൊരിടത്തിരുത്തി x ray യുടെ result വേടിക്കാൻ ഞാൻ ലാബ്‌ വരെ പോയതായിരുന്നു..
അവിടെ ഒരു അമ്മച്ചി x ray എടുക്കാൻ വന്നിരിക്കുന്നു... തന്റെ കയ്യിലിരിക്കുന്ന ഡോക്റ്ററുടെ കുറിപ്പ് അവർ കൌണ്ടരിലെക്ക് നീട്ടി,
"റേഷൻ കാർഡുണ്ടോ?" നേഴ്സ് തിരക്കി..
"ഇല്ല" അമ്മച്ചി മറുപടി കൊടുത്തു..
"എന്നാൽ കൌണ്ടറിൽ പോയിട്ട് പണമടച്ചിട്ട് വരൂ "
നേഴ്സ് ഇത്തിരി കടുത്ത സ്വരത്തിൽ ആജ്ഞാപിച്ചു..
"ഗവണ്മെന്റ് ഹൊസ്പിറ്റലല്ലെ കാശൊന്നും ആവില്ലെന്ന് കരുതി ഒന്നും എടുത്തില്ല.. കയ്യിൽ കാശില്ല "
ആ അമ്മച്ചി വളരെ ദയനീയ സ്വരത്തിൽ പറഞ്ഞു.
"എന്നാൽ നാളെ വന്ന് പണമടച്ചിട്ട് x ray എടുത്തോളു "എന്ന നഴ്സിന്റെ മറുപടി കേട്ടതും വളരെ സങ്കടത്തോടെ ആ അമ്മച്ചി അവിടെ നിന്നും ഇറങ്ങി നടന്നു.
എന്തോ നിരാശയും ദുഖവും കലർന്ന ആ മുഖം എന്റെ നെഞ്ചിലൊന്നു തറച്ചു..
അകലെ നിന്നും ഇത്രയും ദൂരം വന്ന് മണിക്കൂറുകളോളം ക്യൂ നിന്ന് OP ടിക്കെറ്റെടുത്ത് ഡോക്ടറെ കാണിച്ചിട്ട് മരുന്നു പോലും ലഭിക്കാതെ വെറും കയ്യോടെ മടങ്ങുന്ന അവരുടെ നിസഹായവസ്ഥ ഞാനോർത്തു.. പിന്നെ താമസിച്ചില്ല ഉമ്മയുടെ അടുത്തേക്കോടി കാര്യം വളരെ ലഘുവായി കാര്യം അവതരിപ്പിച് കാഷും വേടിച്ചു അവരുടെ അടുത്തേക്കോടി..
"അമ്മമ്മ bill തായോ ഞാൻ ബില്ലടക്കാമന്നെ് പറഞ്ഞ് ബില്ലും വേടിച്ച് ഞാൻ കൗണ്ടറിലേക്ക് നടന്നു.
മേഴ്സി 58 വയസ്സ്..
ബില്ലടച്ച് ബാക്കി തുക അവർക്ക് ബസ് കാഷ് കൊടുത്ത് ഞാനവരുടെ തോളിൽ തട്ടി..
അപ്പോളവരുടെ കണ്ണ് നിറയുന്നത് കണ്ടില്ലെന്ന് നടിച്ചു.
"ഉമ്മയെ പുറത്ത് നിറുത്തി വന്നതാ എന്നെ കാണാഞ്ഞിട്ട് അന്വേഷിക്കുന്നുണ്ടാവും "എന്നു പറഞ്ഞ് ഞാനവിടുന്ന് പോന്നു..
വിതുമ്പി കൊണ്ടുള്ള ഈ ആനന്ദ കണ്ണീരിനെന്തു ചന്തമാണെന്നോർത്ത് ഉമ്മാനെ ലക്ഷ്യമാക്കി ഞാൻ നടന്നു..
എന്തായാലും ഈ ഒരനുഭവം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. കയ്യിൽ കാഷ് കിട്ടിയാൽ നേരെ തുണിക്കടയിലേക്കോടുന്ന എനിക്കിപ്പോൾ ആ കാഷുംകൊണ്ട് ഇതുപോലുള്ളിടങ്ങളിലേക്ക് ഓടാനാണ് ആഗ്രഹം..
വീണു കിട്ടുന്ന ഒഴിവു ദിനങ്ങൾ ഇത്തരം നല്ലകാര്യങ്ങൾക്ക് വേണ്ടി നീക്കി വയ്ക്കാമെന്ന് ഞാൻ തീരുമാനിച്ചു..
ഇൻഷാ അല്ലാഹ്...
ബോറടിപ്പിക്കുന്ന ദിനങ്ങളിൽ നിങ്ങളും ഇതു പോലുള്ളിടങ്ങളിലെക്ക് ചില സന്ദർശനങ്ങൾ നടത്തണം ട്ടോ..
നൽകാനൊന്നുമില്ലേലും ഒരു പക്ഷേ നമ്മുടെ ഒരു കൈത്താങ്ങ് മതിയാകും ചിലരുടെയൊക്കെ ജീവിതം മനോഹരമാകുവാൻ...
നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥ തലങ്ങളുണ്ടാവാൻ....

കുത്തിക്കോറലുകൾ വിലങ്ങിട്ട സ്വപ്‌നങ്ങൾ

*വിലങ്ങിട്ട സ്വപ്നങള്‍*

എന്‍റെ മരണ വാര്‍ത്ത കേട്ടാണ് എന്‍റെ ഭര്‍ത്താവ് എന്നെ കാണാന്‍ വന്നത്...
ഇക്കയുടെ പെട്ടെന്നുള്ള വരവില്‍ ഞാനാകെ ഷോക്കായി...
കാലുകള്‍ വിറച്ചു.
മരവിച്ച കൈകള്‍ക്ക് തണുപ്പ് കൂടി വന്നു.
ഇക്കയുടെ ചൂടുള്ള ശരീരത്തിലേക്ക് കൈ നീട്ടണമെന്നുണ്ടായിരുന്നു.പക്ഷെ കൈ അനങുന്നില്ലാല്ലോ..
ഇക്ക വീട്ടിൽ വരുമ്പോഴൊക്കെ ഇക്കാക് വേണ്ടി ഞാൻ ചുവന്ന വസ്ത്രമാണിയുമായിരുന്നു..
കണ്ണിൽ സുറുമ ഇടുമായിരുന്നു..
പക്ഷെ ഇന്ന് എന്നെ ആരോ വെളുത്ത വസ്ത്രം അണിയിച്ചിരിക്കുന്നു..
അകലെ നിന്നും വരുന്ന ഇക്കാക് സാധാരണ ഞാനായിരുന്നു വെള്ളം കൊടുക്കാറുള്ളത്..
എന്നിട്ട് എത്ര ദാഹമുണ്ടെലും പാതി കുടിച്ചു ബാക്കി എനിക്ക് നീട്ടും..
ഇക്കയുടെ ചുണ്ടുകൾ പതിഞ്ഞ ഭാഗത്തു വച്ച് കുടിച്ചാലെ ഇക്കാക്കു സന്തോഷമാവുകയുള്ളൂ...
ഇന്നും ഇക്ക ബാക്കി വച്ചു പക്ഷേ എനിക്ക് നേരെ നീട്ടിയില്ല..
ഇക്കയുടെ കണ്ണുകളിലേക്ക് നോക്കി സുഹ്‌റാന്റെ ഇക്കാക്കു സുഖല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു..
പക്ഷെ....
പക്ഷെ...
എനിക്കെന്താ റബ്ബേ പറ്റിയത് ???
എന്നെ തനിച്ചാക്കി എല്ലാവരും എങ്ങോട്ടാ പോകുന്നത്..???
എന്റെ മോഹങ്ങൾക്ക് മേൽ വിലങ്ങു വീണപ്പോഴും എന്നെ തനിച്ചാക്കി എല്ലാവരും നടന്നകന്നപ്പോഴും ഞങ്ങളുടെ പ്രണയം മാത്രം ഉത്തരം കിട്ടാത്ത ചോദ്യമായി ഈ ഭൂമിയിൽ അവശേഷിച്ചു...
*എന്നെ തനിച്ചാക്കി എല്ലാരും നടന്നകന്നപ്പോഴും ഞങളുടെ പ്രണയം മാത്രം ഉത്തരം കിട്ടാത്ത ചോദ്യമായ് ഈ ഭൂമിയില്‍ അവശേഷിച്ചു*......

ചെറുകവിത സ്വകാര്യത

#സ്വകാര്യത

മതിലുകള്‍ പണിതുയരുന്നു;
ഉള്ളിലുള്ളവന്‍റെ പോരായ്മ മറയ്ക്കാനോ,
അതോ
സ്വയം ഉള്ളിലൊതുക്കാനോ..

കഥ ജന്മദിനം

എന്റെ ജന്മദിനം..

നാളെയാണ് ഫെബ്രുവരി 16..എന്റെ ജന്മദിനമെന്ന് മറ്റുള്ളവരാൽ വിശേഷിപ്പിക്കപ്പെടുന്ന ദിനം..
എന്നെ സംബന്ധിച്ചിടത്തോളം ആയുസ്സിൽ നിന്ന് ഒരേട് കൂടി മറിക്കപ്പെടുന്ന, മരണത്തിലേക്ക് ഒരു പടി കൂടെ മുന്നോട്ടടുക്കുന്ന കേവലമൊരു സാധാരണ ദിനം..അത്ര പ്രാധാന്യമേ ഞാൻ ആ ദിവസത്തിന് നല്കിയിട്ടുള്ളൂ..

പിന്നെ പറയാനുള്ളത് ആ ദിവസം മാത്രം കണ്ടു വരുന്ന ചില ആചാരങ്ങളും പ്രകടനങ്ങളുമാണ്..
വാട്സപ്പ് ഗ്രൂപ്പ് നെയിം മാറ്റലും ടെക്സ്റ്റ് മെസ്സേജുകളും..
പിന്നെ ചിലരെ കാണുന്നതും ജീവനോടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതും ഫേസ് ബുക്ക് wall ലെ ആശംസ post ലൂടെയാണ്..
ഓഹ് അതിലൊന്നും വല്യ കാര്യമൊന്നുമില്ലെന്നെ..
പിന്നെയുള്ളത് 12 മണിക്കുള്ള ഫ്രണ്ട്സ്ന്റെ കോളുകളും കൂവലുകളും..
കേവലമൊരു ദിവസത്തിൽ ഒതുങ്ങി പോകുന്ന ഈ സ്നേഹപ്രകടനത്തിൽ എന്തിരിക്കുന്നു...ഇത്രയൊക്കെ പുച്ഛമാണെങ്കിലും കിട്ടിയ ആശംസകളുടെ സെൻസസ് എടുക്കാൻ മറക്കാറില്ല കേട്ടോ..വെറുതെ ഒരു രസത്തിനു.. താങ്ക്സൊന്നും തിരിച്ചു കൊടുക്കുന്ന ദുശീലവുമില്ല..അല്ലാ അത് ശെരിയല്ലല്ലോ.. പുത്തനാചാരമല്ലേ..
ഹാ അങ്ങനെ എന്തൊക്കെയോ ആലോചിച്ച് നേരെത്തെ തന്നെ ഉറങ്ങിപ്പോയി.

ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ട് കിടന്നത് കൊണ്ടാണെന്ന് തോന്നുന്നു കാര്യായ്ട്ട് സ്വപ്നങ്ങളൊന്നും കാണാൻ പറ്റിയില്ല.

കർട്ടണിന്റെ നൂലിഴകളിലൂടെ അരിച്ചു കയറിയ വെളിച്ചം കണ്ണിലേക്ക് പതിഞ്ഞപ്പോഴാണ് നേരം പുലർന്നെന്ന തിരിച്ചറിവുണ്ടായത്..

ദൈവമേ എന്റെ 12 മണി കാളുകൾ.. ചാടിപിടഞ്ഞു ഫോൺ നോക്കി...ഒരൊറ്റ മിസ്ഡ് കാൾ പോലുമില്ല..
ങാ ചിലപ്പോ റേഞ്ച് കിട്ടാഞ്ഞിട്ടായിരിക്കും..
നെറ്റ് ഓൺ ആക്കി നോക്കാം.വേഗം  നോട്ടിഫിക്കേഷൻ നോക്കി..അത് കണ്ട എന്റെ കണ്ണിൽ ഇരുട്ട് പടർന്നു..സുക്കരണ്ണനല്ലാണ്ടേ മറ്റാരും വിഷ് ചെയ്തിട്ടില്ല..ഹാ അപ്പൊ ന്തായാലും തീയതി മാറീട്ടില്ല..അല്ലേലും മിനിയാന്നല്ലേ വലന്റൈൻസ് ഡേ കഴിഞ്ഞതും അതൊക്കെ അനാചാരം ആണെന്ന് പറഞ്ഞു ഞാൻ പോസ്റ്റിട്ടതും മറ്റും..

ഹൂ..ആകെ കൂടെ അണ്ടി പോയ അണ്ണാന്റെ അവസ്ഥ ആയി..
എന്നാലും ഇതെന്ത് പറ്റി എല്ലാർക്കും..
ഞാൻ വേഗം പോയി കുളിച്ചു റെഡി ആയി കോളേജിലേക്ക് പുറപ്പെട്ടു..അവിടേം കാര്യായ്ട്ട് ഒന്നുണ്ടായില്ല..ഹാ ചിലപ്പോ ആരും fb ശ്രദ്ധിച്ചിട്ടുണ്ടാവില്ല..അല്ലേലിനി വല്ല സർപ്രൈസും തരാനാവോ..
ഏയ് ന്നാലും ഒരു ക്ലൂ കിട്ടുമല്ലോ ആരെടുത്തുന്നേലും..

പിന്നെ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു അവസര വാദിയെന്നോ birthday ഭ്രാന്തിയെന്നോ ആണെന്ന് ആരും തെറ്റിദ്ധരിക്കണ്ടട്ടോ..
പതിവായ ആചാരം കാണാതായപ്പോൾ അതെവിടെ പോയി എന്നറിയാനുള്ള ഒരു ജിജ്ഞാസ ..അത്രേ ഉള്ളൂ..
പിന്നെ ജന്മദിനാഘോഷത്തോട് ഞാൻ എതിരാണ്..പങ്കെടുക്കാറില്ല പരമാവധി..വിഷ് ചെയ്യാറുമില്ല ആരെയും..ഇനി നിർബന്ധിതാവസ്ഥയിൽ വല്ല പരിപാടിക്ക് പങ്കെടുത്താൽ തന്നെ ഒന്നും പങ്കു വയ്ക്കാറുമില്ല..also മധുരം മ്മക്ക് ഇച്ചിരി അലർജിയാ..
തേനും ഫ്രൂട്സും ഐസ്ക്രീമുമൊഴിച്ചാൽ ബാക്കി ഒരുവിധം  പഞ്ചാരകളൊക്കെ മ്മക്ക് സ്വല്പം തലവേദനയാ..

ഹാ അപ്പൊ നമ്മളെവിടെയാ പറഞ്ഞു നിർത്തിയേ..
ഹാ കോളേജിൽ അല്ലെ..ഉച്ചയായി ഒരാൾ പോലും ചിലവ് പോലും ചോദിച്ച് വന്നതുമില്ല..
അങ്ങനെ ആരേലും ചോദിച്ചു വന്നാൽ ചെലവിലെ ചെ മാറ്റി ലവ് തരാന്ന് പറയാന്നൊക്കെ പ്ലാൻ ചെയ്തതായിരുന്നു..എല്ലാം ചീറ്റി പോയി..
വൈകുന്നേരമായി.. വീടെത്തി..
ഈ അത്ഭുത ദിനത്തെ കുറിച്ചു എഴുതണമെന്നുണ്ടായിരുന്നു..
പക്ഷെ ക്ഷീണം കൊണ്ടും അധികം സ്വപ്നങ്ങളൊന്നും കാണാനില്ലാത്തതിനാലും നേരത്തെ ഉറങ്ങിപ്പോയി..

ഒരുപാട് നാടകീയത കൂട്ടി കുളമാക്കുന്നില്ല..പശ്ചാത്തലം നാട്ടിലെ തറവാടാണ്..നല്ല മഴ പെയ്യുന്നുണ്ട്..ഇനി ഒരിക്കലും കാണില്ലെന്ന് ദുഃഖിച്ചിരുന്ന എന്റെ തറവാട്..ഉമ്മറത്തെ ആ ചാരുപടികൾ.. കുട്ടിക്കാലം മനസ്സിലേക്ക് ഓടിയെത്തി..
കടലാസ് തോണികളുണ്ടാക്കാൻ മനസ്സ് വെമ്പി..ഓടിപ്പോയി കടലാസ് തിരഞ്ഞു..2008 ലെ ഒരു കലണ്ടർ അല്ലാണ്ട് ഒരു തുണ്ട് കടലാസ്സ് പോലും ഇടിഞ്ഞു പൊളിയാറായ ആ വീട്ടിൽ കണ്ടില്ല..ഇതെങ്കിൽ ഇത്..ആദ്യത്തെ താൾ കീറി..ജൂണിലെ ആണ്..ഓരോ തിയതി കൊണ്ടും ഓരോ കുഞ്ഞു തോണികളുണ്ടാക്കി ഞാൻ ഇറയത്തിറയ്ക്കാൻ തുടങ്ങി..അവ ദൂരേ മറയും വരെ അതിന്റെ ഒഴുക്കിനെ തന്നെ നോക്കി നിന്നു..
പെട്ടെന്നാണ് ഉമ്മറത്തു
ഒരു ഓട്ടോ വന്നു നിന്നത്..അതിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു എന്നെ ഓട്ടോയിലേക്ക് ശക്തമായി പിടിച്ചു കയറ്റി..
ഞാൻ ഭയത്തോടെ ചോദിച്ചു ആരാണ് നിങ്ങൾ..എങ്ങോട്ടാണ് എന്നെ കൊണ്ടു പോവുന്നത്..
അവളെന്റെ പുറത്ത് പതിയെ കൈ വച്ചു കൊണ്ട് പറഞ്ഞു നിന്റെ ലക്ഷ്യത്തിലേക്ക്..അതെ പുഞ്ചിരിയാൽ മറക്കപ്പെട്ട നോവിന്റെ കൂട്ടുകാരുടെ ലോകത്തേക്ക്..
ആ സ്പർശനത്തിന്റെ
മാർദ്ദവം കൊണ്ടും സ്നേഹത്തിന്റെ സ്വരം കൊണ്ടും ഞാനൊന്നടങ്ങി.
ഞാൻ ആ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി..
എവിടെയോ കണ്ടു പരിചയമുള്ള മുഖം.. ചിരി..
എവിടെയോ ഞാൻ മറന്നു വച്ച അല്ലേൽ എവിടെയോ എനിക്ക് നഷ്ടമായ എന്തോ ഒന്ന്.. അത്ര മാത്രമേ ആ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാൻ പറ്റിയുള്ളൂ..
ഇപ്പോൾ മഴയൊക്കെ തോർന്നിരിക്കുന്നു.വണ്ടി ഇപ്പോൾ ഒരു കയറ്റം കയറുകയാണ്.മഴവെള്ളം ചെറിയ ചെറിയ നീർ ചാലുകളായി ദൂരെ കുന്നിൻ മുകളിൽ നിന്നും ഒഴുകി വരുന്നത് കാണാം.
അങ്ങനെ ഞങ്ങളൊരു വീടിന്റെ മുന്നിലെത്തി.

വീടെന്ന്  തീർത്തു പറയാൻ പറ്റില്ല..കൊളോണിയൽ സ്‌റ്റൈലിലുള്ള അത്യാവശ്യം വലിപ്പവും പഴക്കവുമുള്ള ഒരു കെട്ടിടം..ഗേറ്റിലൂടെ നോക്കിയാൽ തന്നെ ആ കെട്ടിടം നന്നായി കാണാം..ഗേറ്റ് കടന്നാൽ 100 മീറ്ററോളം നീണ്ട നടപ്പാത..ഇരു വശങ്ങളിലായി ചെടികളും മരങ്ങളുമൊക്കെയുണ്ട്..ചില തണൽ മരങ്ങൾക്ക് താഴെ കോൺക്രീറ്റ് കൊണ്ട് നിർമിച്ച ഇരിപ്പിടങ്ങൾ..അതിൽ അവിടവിടെയായി കുറച്ചു കാരണവന്മാർ ഇരിക്കുന്നുണ്ട്.ഓരോരുത്തരും ഓരോരോ തിരക്കുകളിലാണ്.
ചിലരൊക്കെ ആരാണീ പുതിയ ആൾ എന്ന മട്ടിൽ എന്നെ തുറിച്ചു നോക്കുന്നുണ്ട്..ഞാൻ അവരേയൊക്കെ ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു..
പാതയുടെ ഇടതു വശത്തായി ഓടിട്ട ഒരു കുഞ്ഞ് ഗ്രന്ഥശാല.അതിനകത്തിരുന്നു ചിലർ വായിക്കുന്നുമുണ്ട്.

അവൾ വളരെ വേഗത്തിൽ നടക്കുകയാണ്..അങ്ങനെ ഞങ്ങൾ പൂമുഖത്തെത്തി.അവിടെ 5നും 13നും ഇടക്ക് പ്രായമുള്ള കുറെ കുരുന്നുകൾ  കളിക്കുന്നുണ്ട്.അവരെ കൊഞ്ചിച്ചു കൊണ്ട്  ആയമാരെ പോലെ തോന്നിക്കുന്ന 2 പേർ അവിടെ നിൽക്കുന്നുണ്ട്..

ഇവരൊക്കെ ആരാ..

ഞാൻ അവളോട് ചോദിച്ചു..അവളൊന്നും പറയാതെ അകത്തേക്ക് കയറി പോയി..
ആ കുഞ്ഞുങ്ങളെ ഞാൻ സൂക്ഷിച്ചു നോക്കി..അച്ഛനില്ലാതെ ഒറ്റപ്പെട്ട് പോയ എന്റെ ബാല്യമാണോ അതെന്ന് ഞാനൊരു നിമിഷം സംശയിച്ചു പോയി..
 
അകത്തേക്ക് കയറി..ഏകദേശം 700 square ഫീറ്റ് ഏരിയ തോന്നിക്കുന്ന വലിയൊരു ഹാൾ.
അത്യാവശ്യം ആളുകളെ കൊണ്ട് അവിടെ നല്ല ബഹളമയമാണ്..
വൃദ്ധർ, യുവതികൾ,
ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ, മോഹങ്ങൾക്ക് ചിറകു വച്ചവർ, മുഷിഞ്ഞ ചേല കൊണ്ടും അഭിമാനം കാത്ത ധീര വനിതകൾ, അനാഥകൾ, മാറാ രോഗികൾ,ശരീരം തളർന്നവർ അങ്ങനെ ഒരുപാട് പേര്..
സ്ത്രീകളായിരുന്നു അകത്തു കൂടുതലും..
പക്ഷെ എല്ലാവരുടെയും മുഖത്ത് ഒരേയൊരു വികാരമായിരുന്നു..
നോവിനെയും പ്രയാസങ്ങളെയുമെല്ലാം വെല്ലിടുന്ന പ്രകാശം പരത്തുന്ന പുഞ്ചിരി..

ഞാനും അവരിലൊരാളാവാൻ അധികം സമയമെടുത്തില്ല..അവരുടെ സന്തോഷങ്ങൾക്കും ദുഃഖങ്ങൾക്കുമൊപ്പം ഒരു നല്ല കൂട്ടുകാരിയും  കുഞ്ഞു പരിരക്ഷകയുമായി അവരുടെ സ്നേഹത്തിന്റെ പാനപാത്രമായി ഞാനവിടെയൊക്കെ ഓടി നടന്നു..

സമയം വല്ലാണ്ട് കടന്ന് പോയിരിക്കുന്നു.വീടെത്തേണ്ടെ..അല്ലാ അവളെവിടേ..ഞാൻ എല്ലാവരോടും അന്വേഷിച്ചു.. കുട്ടി ഒറ്റക്കല്ലേ വന്നത് എന്നായിരുന്നു അവരൊക്കെ എന്നോട് തിരിച്ചു ചോദിച്ചത്..
എന്തായാലും വൈകാതെ വീണ്ടും വരാമെന്ന് ഉറപ്പ് നൽകി ഞാൻ അവിടെ നിന്നിറങ്ങി...

എന്നാലും അവളെവിടേ.. തിരിച്ച് വീടെത്തും വരെ ഈ ചോദ്യം തന്നെയായിരുന്നു മനസ്സിൽ..
വീടെത്തി..എല്ലാരും അടുക്കളയിലാണ്.. ഉമ്മയോട് എല്ലാം പറയണമെന്നുണ്ടായിരുന്നു.. പക്ഷെ ആര് വിശ്വസിക്കാൻ..
പിന്നീട് എപ്പോഴോ ഒരിക്കൽ കണ്ണാടിയിൽ നോക്കിയപ്പോഴാണ് അവളെ കാണുന്നത്, തിരിച്ചറിയുന്നത്..
പോയ കാലത്തിൽ ഞാനൊവോടെയോ മറന്നു വച്ച എന്റെ സ്വന്തം നന്മകളുടെ ആത്മാവ്..എന്റെ നല്ല സ്വപ്നങ്ങളുടെ കൂട്ടുകാരി..

അവളെ തിരിച്ചു കിട്ടിയ സന്തോഷവും  നഷ്ടപ്പെടുത്തിയ കാലവും ഓർത്തു ഞാനൊന്നു തേങ്ങി പോയി..
പെട്ടെന്ന് എന്തോ ഒരു തിരിച്ചറിവോടെ ഞാൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു..

കഴിഞ്ഞത് സ്വപ്നമാണോ സത്യമാണോ എന്ന് സംശയിച്ചുപോയി..എന്നാലും മനസിന് വല്ലാത്തൊരു അനുഭൂതി.
ഇതിലും നല്ലൊരു സന്തോഷമോ തിരിച്ചറിവോ നൽകിയ സ്വപ്നമോ യാഥാർഥ്യമോ ജീവിതത്തിൽ കടന്നു പോയിട്ടില്ല..അപ്പോൾ ഇതല്ലേ എന്റെ യഥാർത്ഥ ജന്മദിനം..ഈ ദിനത്തെ ഞാനല്ലേ ആശംസിക്കേണ്ടത്..
ഈ സ്വപ്നങ്ങളുടെ യാഥാർഥ്യമല്ലേ ജീവിതത്തിലെന്നും പ്രാവർത്തികമാക്കേണ്ടത് എന്നൊക്കെ  കൊതിച്ചു കൊണ്ടും അതിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടും അടുത്ത ദിവസത്തിന്റെ ജന്മത്തിനായി വീണ്ടും  നന്മയുടെ സ്വപ്നങ്ങളെയും തേടി ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു..
എവിടെയോ മറന്നു വച്ച ആത്മാവിനെയും കൂടെ കൂട്ടി..

Thanks for ur reading..hope ur Dua and support.. 23/11/2016

ചെറുകവിത 6 വരി

6വരിപ്പാത

കുന്നും മലയും നികത്തി
കൃത്രിമ കുന്നുണ്ടാക്കി
കുടുസായ ഹൃദയമുള്ളവര്‍ക്ക്
കിതക്കാതെ കുതിക്കാന്‍
വിശാലമായ
നേര്‍വഴിയൊരുക്കലാണത്രെ
വികസനം!

ചെറുകവിത സഹോദരൻ

സഹോദരന്‍
കൂടെപ്പിറപ്പെന്ന് എല്ലാരും പറഞ്ഞു-
പക്ഷെ കൂടെയല്ലാ പിറന്നത്-
എന്നാലും വന്നത് ഒരേ വയറ്റില്‍ നിന്നും-
ഒരേ ചോരയെന്ന് എല്ലാരും പറഞ്ഞു-
പക്ഷെ വ്യത്യസ്ത ഗ്രൂപ്പുകളായിരുന്നു-
എന്നാലും സിരകളില്‍ ഓടുന്നത്
ഒരേ ചോര ചുകന്ന ചോര

ചെറുകവിത വെളുത്തവര

വെളുത്ത വര
കൈനഖത്തിന്മേലൊരു
വെളുത്ത വര കണ്ടപ്പോൾ
പുതുവസ്ത്രം ലഭിക്കുമെന്ന്
ആരോ എന്നോട് മൊഴിഞ്ഞു..
ഞാനും കാത്തിരുന്നു...
അവസാനം എന്നിലണഞ്ഞു..
മൃതദേഹം പൊതിയുന്ന
വെളുത്ത മൂന്ന് തുണികളായ്..

അനുഭവം സനീഷ്1

ആ അമ്മയും മകനും

അങ്ങനെ വീണ്ടും മറ്റൊരു സെമെസ്റ്റെർ എക്സാം കഴിഞ്ഞ് ഞാനിന്നു അതെ ബസ്സിൽ കയറി. അന്നത്തെ അതെ ഡ്രൈവർ, കണ്ടക്റ്റർ അവരെ കണ്ടപ്പോഴാണ് ഓർമ്മകൾ ആ ദിവസത്തിലേക്ക് എത്തിനോക്കിയത്.
തലേ ദിവസം ഉറക്കൊഴിച് പഠിച്ചതിനാൽ നല്ല ക്ഷീണമുണ്ടായിരുന്നു. ഫുൾ ചാർജ് കൊടുത്ത് ഇരുന്നു വരാന്നു കരുതി നേരത്തെ തന്നെ തൃശൂർ ശക്തൻ സ്റ്റാന്റെലെത്തി. വിൻറോ സീറ്റിൽ സ്ഥാനം പിടിച്ച് കയ്യിലുള്ള മാ യുടെ കുപ്പി ചുണ്ടോടടുപ്പിക്കുന്പോഴാണ് 60-ൽ കൂടുതൽ പ്രായം തോന്നിക്കുന്ന ഒരു അമ്മ തൊട്ടടുത് വന്നിരുന്നത്. ഇരുന്നതും അവരെന്റെ ജ്യൂസ്‌ ലേക്കാണ് നോക്കിയത്. നല്ല ദാഹവും ക്ഷീണവും അവരുടെ മുഖത്ത് പ്രകടമായിരുന്നു.
കൂടാതെ ഉച്ച സമയവും. ഞാനാ കുപ്പി അവർക്ക് നേരെ നീട്ടി. ആദ്യം നിരസിച്ചെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി അവരൊരിറക്ക് കുടിച്ചു എനിക്ക് നേരെ നീട്ടി. എന്റെ മകൾ കുടിച്ചോ നിക്ക് ദാഹം തീർന്നൂന്നു പറഞ്ഞു എനിക്ക് തരുമ്പോൾ ഞാനവരോട് വീണ്ടും കുടിക്കാൻ നിർബന്ധിച്ചു.
അപ്പോൾ അവർ ചോദിച്ചു
"ന്റെ മോൾക്ക് വേണ്ടേൽ ഞാനിത് വീട്ടിലേക്ക് കൊണ്ട് പൊയ് ക്കോട്ടേ..? അവിടെ 2 പേരക്കുട്ട്യോളുണ്ട് ഞാൻ വല്ലതും കൊണ്ട് വരുന്നതും കാത്ത്."
"ഓഹ് അതിനെന്താ"
ഞാൻ സന്തോഷത്തോടെ തലയാട്ടി..
"ന്റെ മോള് എങ്ങോട്ടാ..?"
"ഞാൻ തച്ചനടീക്കാ.. അമ്മയോ..?"
"ഞാനും അങ്ങോട്ടെന്നാ"
"എവിടെ പോയതാ അമ്മ., കൂടെ ആരൂല്യേ..?" ഞാൻ ചോദിച്ചു.
"ഇല്ല മോളേ ഞാൻ മെഡിക്കൽ കോളേജ്ക്ക് പോയതാ മകനു വേണ്ടി കുറച്ച് പേപ്പർ ശരിയാക്കാൻ"
അപ്പോൾ അയാൾക്കും ഈ പാവത്തിന്റെ കൂടെ വരായീരുന്നില്ലേ എന്ന് മനസ്സിൽ ശപിച്ച് കൊണ്ട്,
"എന്നിട്ട് മകനെന്തേ വന്നില്ലാ"ന്ന് ചോദിച്ചു.
"ഒന്നും പറയണ്ട മോളേ., ഒരു ആക്സിഡെൻറ് പറ്റി, അതോടെ എന്റെ കുട്ടിന്റെ ബുദ്ധിയും ബോധവും പോയി. ഇപ്പോ പരസഹായം ഇല്ലാതെ ബാത്റൂമിൽ പോവാൻ പോലും കഴിയാതെ കിടപ്പിലായിട്ട് രണ്ട് കൊല്ലം ആയി. കുറച്ച് പേപ്പർ ശരിയാക്കിയാ MLA ഓപ്പറേഷന് ഉള്ള പൈസ കിട്ടും ന്ന് പറഞ്ഞു, അതിനാ ഈ നെട്ടോട്ടം ഓടുന്നത്. അവന്റെ മക്കൾക്കാ ഈ ജ്യൂസ്."
അത് കേട്ടപ്പോൾ ഞാനാകെ വിഷമത്തിലായി, അവർ എന്റെ കൈ പിടിച്ചു.
"മോളെ.., കഷ്ടകാലത്തിന് ഞാൻ ഡോക്ടറെ കാണാൻ അകത്ത് കേറിയപ്പോൾ ന്റെ കയ്യിൽ അടുത്ത വീട്ടിൽന്ന് കടം വാങ്ങിയ വഴി ചിലവിനുള്ള പൈസ വെച്ച സഞ്ചി ആരോ എടുത്ത് കൊണ്ട് പോയി. ഭാഗ്യത്തിന് മുണ്ടിന്റെ അറ്റത്ത് ഇരുപത് രൂപ കെട്ടി വെച്ചീരുന്നു. ആ പൈസ കൊണ്ടാ ഞാൻ ഇതുവരെ എത്തിയത്. പിന്നെ നമ്മളെ അങ്ങോട്ടുള്ള വണ്ടി അല്ലേ., പരിജയക്കാരെ ആരെയെങ്കിലും കാണുമെന്ന് കരുതിയാ ഇതിൽ കേറിയത്. പക്ഷേ ആരെയും കാണാന്നുമില്ല."

എന്റെ കയ്യിൽ ആകെ ഉള്ളത് മുപ്പത് രൂപ, ബസ് ചാർജ് ഇരുപത്തഞ്ച് രൂപയും. ക്ഷീണം മറന്ന് അഞ്ചു രൂപ എടുത്ത് ഞാൻ ബാക്കി അവർക്ക് കൊടുത്തു. എന്റെ കൈ മുറുകെ പിടിച്ച് ആ അമ്മ കണ്ണീരോടെ പറഞ്ഞു,

"ദൈവമായിട്ടാ എന്റെ മോളെ എന്റെ മുന്നിലേക്കയച്ചത്, ന്റെ കുട്ടീനെ ദൈവം കാക്കും. ഈ നല്ല മനസ്സിന് ദൈവം നല്ലൊരു ജോലി തരെന്നെ ചെയ്യും."
" എന്തോ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരുപാട് ആഴത്തിൽ പതിഞ്ഞു. ബസ്‌ സ്റ്റാർട്ട്‌ ചെയ്തു കണ്ടക്റ്റർ ടിക്കറ്റ്‌ എടുക്കാൻ വന്നു. ഞാനെന്റെ കയ്യിലുള്ള അഞ്ച് രൂപ കൊടുത്തു. അപ്പോൾ അയാൾ കൺസെഷൻ തന്നിട്ട് സുഖിചിരിക്കുന്നത് കണ്ടില്ലേ എന്ന് ചീത്ത പറഞ്ഞു. ആരേലും വരുന്ന വരെ ആ അമ്മയോട് സംസാരിച്ചിരിക്കാം എന്ന് കരുതി ഞാൻ അവിടെ തന്നെ ഇരുന്നു.
അല്പം കഴിഞ്ഞും ഞാൻ എണീക്കണതും കണ്ട് എന്റെ കൈ പിടിച്ച് അവിടെ ഇരിക്കാൻ പറഞ്ഞു. പക്ഷെ അവർക്കറിയില്ലല്ലോ ഞാനെന്തിനാ എണീറ്റതെന്ന്.

അവരുടെ സങ്കടം മാറ്റാൻ ഞാനും അവരുടെ വീട്ടിൽ പോയി. പൊളിഞ്ഞു വീഴാറായ ആ വീട്ടിൽ ചെറുപ്പക്കാരിയായ ഭാര്യയും രണ്ട് പിഞ്ചു മക്കളും രോഗിയായി കിടപ്പിലായ അച്ഛനും തളർന്നു കിടക്കുന്ന ആ മകനേയും കണ്ടപ്പോൾ നെഞ്ചു പൊട്ടിപ്പോയി. ചോറുണ്ണാൻ നിർബന്ധിച്ചെങ്കിലും വീണ്ടും വരാം എന്ന് പറഞ്ഞ് അവിടുന്ന് തല താഴ് ത്തി പടിയിറങ്ങുന്പോൾ എന്റെ നിസ്സഹായാവസ്ഥ ഓർത്ത് ഞാൻ തേങ്ങുകയായിരുന്നു....

കഥ ഫ്ലാറ്റ് ജീവിതം

ഫ്ലാറ്റ്ജീവിതം

2/12/2016



സമയം വൈകുന്നേരം 5 മണി. അസർ നിസ്കാരം കഴിഞ്ഞു ഞാൻ റൂമിൽ എന്റെ സാധനങ്ങൾ പാക്ക് ചെയ്യുന്ന തിരക്കിലാണ്.

ട്ടും... ടും... ഡും...

ഉമ്മ വാതിലിൽ മുട്ടുകയാണ്.ഞാൻ ഓടിപ്പോയി വാതിൽ തുറന്നു.

"അല്ലാ നിന്റെ പണി ഇനീം തീർന്നില്ലേ?,
എങ്ങനെ തീരാനാ.. വഴീൽ കാണണ എല്ലാണ്ടല്ലോ ഇതിന്റെ അകത്ത്. ഇപ്പൊ മനസ്സിലായില്ലേ എല്ലാം വേടിച്ചു കൂട്ടിയാലുള്ള ഇടങ്ങാറ്"

"അതേയ് നിക്ക് 2 കയ്യെന്നെ ഉള്ളൂ ട്ടാ..ഒന്ന് ഹെൽപെയ്യാൻ ഇങ്ങളെ ഫ്ളാറ്റിലെ കൂട്ടുകാരികളൊന്നും വരൂല്ലാലോ..അവരൊക്കെഎവിടേലും പോവാണേൽ അവരെ ഒരുക്കി യാത്രയാക്കാൻ ഇങ്ങളുണ്ടാവൂല്ലോ മുന്നിലെന്നെ.." ഞാൻ എന്റെ അമർഷം വ്യക്തമാക്കി.

"ഹും..മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോഴേക്ക് വേഗം നോക്ക്.നിസ്കരിക്കാനുള്ളതല്ലേ.."
അതും പറഞ്ഞു ഉമ്മ പോയി..

അങ്ങനെ മഗ്‌രിബ് ആകുമ്പോഴേക്ക് ന്റെ ഡ്യൂട്ടി തീർത്തു..നിസ്കാരമൊക്കെ കഴിഞ്ഞു ഞാൻ ഹാളിൽ വന്നിരുന്നു..

നാളെ ഞങ്ങൾ ഈ ഫ്ലാറ്റിൽ നിന്നും താമസം മാറുകയാണ്..അല്ല തിരിച്ചു പോവുകയാണ്.കളിച്ചു വളർന്ന എന്റെ നാട്ടിലേക്ക്..മലപ്പുറം മണ്ണിലേക്ക്..എത്രയും പെട്ടെന്ന് അവിടെ എത്താൻ മനസ്സ് തുടിച്ചു..
എന്നാലും ഇവിടുന്ന് വിട്ടു പോവാനും സങ്കടമുണ്ട്..
2000ത്തിന്റെ തുടക്കത്തിലാണ് ഉപ്പയുടെ ജോലിയുടെ ഭാഗമായി ഞങ്ങൾ തൃശൂരിലെ "സ്വീറ്റ് ഹോം" ഫ്ലാറ്റിലേക്ക് താമസം മാറുന്നത്..മലപ്പുറത്തു നിന്നും തൃശൂരിലേക്കുള്ള ഈ പറിച്ചു നടൽ കുട്ടിയായ എനിക്ക് തികച്ചും കൗതുകകരമായിരുന്നു.
പ്രധാന കാരണം ഭാഷാശൈലിയും സംസ്കാരവും തന്നെ.എന്നിരുന്നാലും ഞങ്ങൾ പെട്ടെന്ന് തന്നെ ഈ സാംസ്‌കാരിക നഗരിയുമായി ഇണങ്ങി.. കളിച്ചും പഠിച്ചും കാലം പോയതറിഞ്ഞില്ല..ഒരു കമ്പനിയിൽ സൂപ്പർ വൈസർ ആയിട്ടായിരുന്നു ഉപ്പാക്ക് ജോലി.കാര്യമായിട്ട് വരുമാനമൊന്നും ഉണ്ടായിരുന്നില്ല.എന്നാലും പട്ടിണിക്കിടാതെയും മക്കൾക്ക് നല്ല വിദ്യാഭ്യാസവും ഭാര്യക്ക് സമാധാനപരമായ അന്തരീക്ഷവും നൽകി ഉപ്പ ഞങ്ങളെ പൊന്നു പോലെ നോക്കി.
തൃശൂർ വരുന്നതിനു മുന്നേ ഉപ്പ ഞങ്ങളോട് പറയുമായിരുന്നു നമ്മൾ മലപ്പുറത്ത്കാരെ പോലെ സ്നേഹം പ്രകടിപ്പിക്കാനും പങ്കുവയ്ക്കാനുമൊന്നും അവർക്ക് അറീല്യ..അവിടെത്തീട്ട് ഒറ്റപ്പെട്ടന്നൊന്നും ആരും പറയരുത് എന്നൊക്കെ.
പക്ഷെ ആ ഫ്ലാറ്റ് ഞങ്ങൾക്കൊരു കൂട്ടുകുടുംബം പോലെ ആയിരുന്നു.ഉമ്മച്ചി ഒരു ഓൾ ഇൻ ഓളിനെ പോലെയായിരുന്നു..എല്ലാവർക്കും എല്ലാ ഹെൽപും ചെയ്തു കൊടുക്കും..എല്ല വീട്ടിലും functionനുകൾക്ക് ഉമ്മയായിരുന്നു അവർക്കൊക്കെ മലപ്പുറം സ്‌പെഷ്യൽ ദം ബിരിയാണി വച്ച് കൊടുത്തിരുന്നത്..
ഫ്ലാറ്റിൽ ഒരുപാട് പേർ മാറി മാറി വന്നു.പക്ഷെ ഞങ്ങൾ എല്ലാവരോടും നല്ല ബന്ധം പുലർത്തി..ഒരുപാട് നല്ല ഓര്മകളുണ്ടായി.
എന്റെ കൂട്ടുകാർ വീട്ടിൽ വന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചിയാണ് അവരെ സല്കരിച്ചത്..
ആർക്കേലും വിഷമങ്ങൾ വന്നാൽ ഉമ്മയായിരുന്നു അവരെ ഒക്കെ സമാധാനിപ്പിച്ചിരുന്നത്. അങ്ങനെ സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും ഒരുമയുടേയും ആഘോഷങ്ങളുടെയും ഒരുപാട് ഓർമ്മകൾ..
ഈ കഴിഞ്ഞ sunday അവരൊക്കെ ചേർന്ന് ഞങ്ങൾക്ക് നല്ലൊരു ട്രീറ്റും തന്നിരുന്നു.

"എടീ എന്താ ആലോയ്ച് നിക്കണേ?..
ഉപ്പ ഇഷാ നിസ്കാരം കഴിഞ്ഞു ഇപ്പോ എത്തും..അപ്പോഴേക്ക് ഇയ്യു ഇതൊക്കെ ഒന്ന് ഓൽക്കൊക്കെ കൊടുത്തിട്ട് വാ.."
തൃശൂരെത്തീട്ടു ഒരുപാട് വർഷങ്ങളായെങ്കിലും ഉമ്മടെ സ്ലാങ് ഇപ്പഴും മലപ്പുറം തന്നെയാണ്..

"ഡീ കൊറച്ചു പായസം ണ്ടാക്കീട്ടണ്ട്..നമ്മൾ ഒന്നും കൊടുക്കാഞ്ഞാ മോശല്ലേ.."ഉമ്മച്ചി ഇച്ചിരി വിഷമത്തോടെ പറഞ്ഞു..

"ഉം..വേഗം തയോ.."ഞാൻ തിടുക്കം കൂട്ടി..

"പിന്നെല്യേ നിന്റെ ടെഡി ബെയർ ആ പാറു കുട്ടിക്ക് കൊടുത്തേക്ക്..ഇയ്യു വലുതായില്ലേ.."
കൊടുക്കാൻ ഇച്ചിരി സങ്കടണ്ടേലും ഉമ്മടെ സോപ്പിടലിൽ ഞാൻ വീണു..ഉമ്മ പറഞ്ഞതിലും കാര്യണ്ടല്ലോ ഞാൻ വലുതായല്ലോ..

"പിന്നെ ആ പത്രക്കെട്ട് നാരായണേട്ടന് കൊടുത്തേക്ക് ..അതിനു പാവം പണിയില്ലാണ്ട് നിക്കാ..വിറ്റാൽ ന്തേലും കിട്ടിക്കോളും.."

"ഉം.."

"പിന്നെ കൊറച്ചു പച്ചക്കറിണ്ട്.. ഇത് കുഞ്ഞേച്ചിക്ക് കൊടുത്തേക്ക്..ഇത്തിരിയെന്നുള്ളൂ.. ന്നാലും കളയാൻ തോന്നുന്നില്ല..പച്ചക്കറിക്കൊക്കെ നല്ല വെലയല്ലേ.."

ഉം...

"ഡീ..നിന്റെ റോസ് ചെടി അമ്മൂസിന് കൊടുത്തേക്ക്..ഇതിപ്പോ വണ്ടിലൊക്കെ കൊണ്ടോയ് അവിടെത്തുമ്പോഴേക്ക് തട്ടീം മുട്ടീം ചട്ടിയൊക്കെ പൊട്ടും..ചെടീം വാടും.അന്റെ കൂട്ടുകാരിക്ക് ഒന്നും കൊടുത്തില്ലെന്ന് പരാതി വേണ്ട.."ഉമ്മ ചിരിച്ചോണ്ട് പറഞ്ഞു..

"അല്ല ഉമ്മച്യേ..ന്നാ ന്നേം ആരടുത്തേലും കൊടുത്താളീ.. അതാപ്പോ നല്ലത്.."ഞാൻ ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞു..

"ഡി പെണ്ണെ..ഇയ്യു വല്യവർത്താനൊന്നും പറയണ്ട..പറഞ്ഞത് കേട്ടാ മതി"ഉമ്മാന്റെ ഉള്ളിലെ hitler ഉണർന്നു..

ഞാൻ വേഗം തട്ടമൊക്കെ ഇട്ട് പുറത്തിറങ്ങി..ഓണം വെക്കേഷന് ആയ കാരണം ഫ്ളാറ്റിലെ അധികം അയൽക്കാരും വിരുന്ന് പോയിരിക്കുകയാണ്.
അത് കൊണ്ടാണ് ഞങ്ങൾക്കുള്ള ട്രീറ്റ് നേരത്തെ തന്നെ തന്നത്..
ഞാൻ റോസാച്ചെടിയും ഇച്ചിരി പായസോം എടുത്തു നേരെ അമ്മൂസിന്റെ വീട്ടിലേക്ക് നടന്നു.ഞങ്ങളുടെ അതെ നിലയിലാണ് അവളും താമസിക്കുന്നത്..ഒരുമിച്ചാണ് ഞങ്ങൾ കോളേജിൽ പോയിവരാറുള്ളത്..
ഞാൻ ഡോറിൽ തട്ടി..
"ഹാ..നീയോ..ഇതെന്താത് റോസാ ചെടിയൊക്കെണ്ടല്ലോ.."

ചെവിയിൽ നിന്നും ഹെഡ് ഫോൺ ഊരി അവൾ പറഞ്ഞു.

"ഉം..നമ്മളൊരുമിച്ചു പോയി വേടിച്ചതല്ലേ..ഇനി ഇയ്യ് നോക്കിക്കോ.."

പിന്നെ എന്തൊക്കെയോ സംസാരിച്ചു ഒരു 10 മിനുട്ട് അവിടിരുന്നു..അവൾ ഇടക്കിടക്ക് വാട്സാപ്പിൽ ഞോണ്ടി കൊണ്ടേയിരുന്നു..ഇനി അവടെ ഇരുന്നാൽ ഒരധികപറ്റാവുമെന്നു കരുതി ഞാൻ ഇറങ്ങി..

പിന്നെ വീട്ടിൽ വന്നു ടെഡി ബിയറും കൂടെ എടുത്ത് സ്റ്റെയർ കേറി പാറു കുട്ടിടെ വീട്ടിലെത്തി..അവൾ 2 ആം ക്ലാസിലാണ് പഠിക്കുന്നത്..ഞാൻ കോളേജ് കഴിഞ്ഞു വീടെത്തിയാ അവൾ എന്റെഅടുത്തേക്ക് ഓടി വരും..പിന്നെ ചോറൊക്കെ ഉണ്ടിട്ട് ഉറങ്ങാൻ നേരത്തു ചിഞ്ചു ചേച്ചി എടുത്തോണ്ട് പോവലാണ് പതിവ്.. അത് വരെ ന്റെ ടെഡി ബിയറും കൊണ്ട് കളിച്ചിരിക്കും..
ഇന്ന് പാക്കിങ് കാരണം ഓളെ ഞാൻ അകത്തു കേറ്റില്ല്യാ.. അതിന്റെ പിണക്കത്തിലാ..
പക്ഷെ കയ്യിലെ gift കണ്ടപ്പോ കള്ളച്ചിരിയോടെ ഓടി വന്നു..അത് ഇനി ഓൾക്ക് സ്വന്തമാണെന്നു കേട്ടപ്പോ അതും കൊണ്ട് അവളോടി..
"നല്ല ആൾക്കാ കൊടുത്തേക്കണേ..നാളെ അതിന്റെ നിറം കാണണം.."അതും പറഞ്ഞു ചേച്ചി സീരിയൽ ഓൺ ചെയ്തു..പിന്നെ മൂപ്പരാൾ അതിൽ മുഴുകി..പാറുനെ ആ വഴിക്ക് കണ്ടില്ല..ഉമ്മ അന്വേഷിക്കുന്നുണ്ടാവുംന്നു പറഞ്ഞു അവടുന്നിറങ്ങി..

പിന്നെ പത്രക്കെട്ടും കൊണ്ട് താഴെ നാരായണേട്ടന്റെ അടുത്തേക്ക്...53 വയസ്സുണ്ട്.. അടുത്തൊരു ഹോട്ടലിൽ കുക്ക് ആയിരുന്നു..ഇപ്പോ ആരോഗ്യസ്ഥിതി ഇത്തിരി മോശവും.. ഒറ്റമോനാണ് കുടുംബം നോക്കണേ.എന്നാലും മൂപ്പരെ നേരെ നോക്കണൊന്നുല്യാ..വെക്കേഷന് ആയ കാരണം മരുമോളും കുട്ടികളും വീട്ടിൽ പോയിരിക്കാ.. ഡോർ അടച്ചിട്ടില്ല..ഞാൻ ബെല്ലടിച്ചു..
ഹാ ഉണ്ണിയോ.. വായോ..
മൂപ്പർ സീരിയൽ mute ചെയ്ത് പുറത്തേക്ക് വന്നു..
ഞാൻ പത്രം ഏൽപ്പിച്ചു..മൂപ്പർക്ക് സന്തോഷായി..
അവിടെത്യാലും മ്മളെ ഒക്കെ ഓർക്കണേ..കല്യാണത്തിന് ഞങ്ങൾ ല്ലാരും വരാട്ടോ.. മൂപ്പര് ചിരിച്ചോണ്ട് പറഞ്ഞു..

പിന്നെ നേരെ പച്ചക്കറിം കൊണ്ട് കുഞ്ഞേച്ചീടെ വീട്ടിലേക്ക്..നല്ല അസ്സൽ സീരിയൽ പ്രേമിയാ.. പച്ചക്കറി വേഗം വേടിച് വച്ച് സീരിയല്ന്റെ മുന്നിൽ പോയി ഇരുന്നു..ന്നോടും ഇരിക്കാൻ പറഞ്ഞു..കുറച്ച്‌ നേരം ഞാനും ഇരുന്നു..പരസ്യായപ്പൊ എപ്പോഴാ ഇറങ്ങുന്നതെന്നും ഇനി എന്നാ വരുന്നതെന്നും ഒക്കെ അന്വേഷിച്ചു..
പരസ്യം കഴിഞ്ഞതും ഞാൻ അവിടുന്ന് ഇറങ്ങി..ഞാൻ ഇറങ്ങിയ വഴിക്കെന്നെ അവർ വാതിലടച്ചു കുറ്റിയിട്ടു..

പിന്നേം രണ്ടു മൂന്നു വീടുകളിൽ പായസം കൊണ്ട് പോയി കൊടുത്തു...എല്ലാരും വാട്സാപ്പിലും സീരിയലിലും ഒക്കെ മുഴുകി വമ്പൻ ബിസിയാ..

എല്ലാം കഴിഞ്ഞു തിരിച്ച് വീട്ടിൽ കയറുമ്പോ മനസ്സിന് വല്ലാത്തൊരു വിഷമം..ഇത്രേം നാൾ ഞാൻ ഒരുപാട് സ്നേഹിച്ചവർ..പക്ഷെ പോവാണെന്നും ഇനിയൊരു തിരിച്ച് വരവില്ലായെന്നുമൊക്കെ അറിഞ്ഞിട്ടും ഞാൻ കയറി ചെന്ന ആ 10 മിനിറ്റ് എനിക്ക് വേണ്ടി മാറ്റിവയ്ക്കാൻ ആർക്കും നേരല്യാത്രേ..അകെ കൂടി വല്ലാത്തൊരു പുച്ഛം തോന്നി. എന്തൊക്കെ ആയിരുന്നു..ട്രീറ്റ് ഗിഫ്റ്റ് മണ്ണാങ്കട്ട...അമ്മൂന്റെ എന്നെ മിസ്സ് ചെയ്യുന്നൂന്ന് പറഞ്ഞുള്ള വാട്സ്ആപ് സ്റ്റാറ്റസ് ഒക്കെ കാണണം..
ഭാഗ്യം ബാക്കിയുള്ളോർ വിരുന്ന് പോയത്..അല്ലേൽ ഞാൻ ഹൃദയം തകർന്ന് മരിച്ചു പോയേനെ..
ഹാ ആരേം പറഞ്ഞിട്ടും കാര്യല്ലല്ലോ..ഇതൊക്കെ അല്ലെ അവരുടെ ലോകം..അവർക്കുല്യേ അവരുടേതായ സന്തോഷനിമിഷങ്ങൾ..അതിപ്പോ നമുക്കായി മാറ്റി വയ്ക്കാൻ പറ്റുമോ..

ഞാൻ വീടെത്തി.. ഉപ്പ എത്തീട്ടുണ്ട്.ഞങ്ങളൊരുമിച്ചു അവിടുത്തെ അവസാന അത്താഴമുണ്ടു. ഉപ്പയോട് കണ്ണ് നിറച്ച് കൊണ്ട് സങ്കടമൊക്കെ പറഞ്ഞു...

"അയ്യേ ഇതിനാണോ കരയണെ.. ഞാൻ പണ്ടേ പറയാറില്ലേ ആരേം അധികം സ്നേഹിക്കറുതെന്ന്...നഗര ജീവിതം പണ്ടേ ഇങ്ങനെന്നയാ..ഇനിപ്പോ നാട്ടിൽ പോയാലും ഇതുപോലെ ഒക്കെയാ..പഴയകാലമൊന്നുമല്ല..ഇത് ഇലക്ട്രോണിക് യുഗമാ..അതിനനുസരിച്ചു മനുഷ്യരും മാറും..ഇതൊക്കെ ഓരോ പാഠമാണ് കുട്ടീ..നമ്മളൊക്കെ എപ്പോഴും ഒറ്റക്കാ.. ചില നേരത്ത് ചിലർ വരും പോകും..
സെൽഫിയുടെ ലോകത്ത് നമ്മളും പലയിടത്തും സെൽഫിഷ് ആയി അഭിനയിക്കേണ്ടി വരും..
ഒറ്റപ്പെട്ടവർക്ക് കൂട്ടാവുക..അല്ലാത്തവിടുത്ത്‌ നന്നായി അഭിനയിക്കാ..
നമ്മളെ തേടി വരുന്നവരെ മുഷിപ്പിക്കാതെ ട്രീറ്റ് ചെയ്യുക......."

പിന്നേം എന്തൊക്കെയോ ഉപ്പച്ചി പറയുന്നുണ്ടായിരുന്നു...

Tuesday, 6 December 2016

അനുഭവം മൊഞ്ചുള്ള കല്യാണം

മൊഞ്ചുള്ളൊരു കല്യാണം



2016 ഒക്ടോബറിൽ തൃശൂരിൽ നടന്ന BDK യുടെ മെഗാ ബ്ലഡ് ഡോനേഷൻ ക്യാമ്പിന്റെ പരിസരത്ത് വച്ചാണ് സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ വിനീതേട്ടൻ വഴി മഞ്ജു ചേച്ചിയെ പരിചയപ്പെടുന്നത്..
Under weight എന്ന് മുദ്രവയ്ക്കപ്പെട്ടതിനാൽ ബ്ലഡ് കൊടുക്കാൻ പറ്റാതെ സങ്കടപ്പെട്ടു നിൽക്കുന്ന എന്നെ സമാധാനിപ്പിച്ചു കൊണ്ട് അടിപൊളി ഫുഡ്ഒക്കെ വേടിച്ചു തന്നു ഈ ആങ്ങളയും പെങ്ങളും അന്ന്  നല്ലൊരു മാതൃകയായതായിരുന്നു.
അങ്ങനെ പോകാൻ നേരത്ത്  കല്യാണത്തിന് ക്ഷണിക്കാനും മഞ്ജു ചേച്ചി മറന്നില്ല..
3rd semester എക്സാം ആയ കാരണം കല്യാണത്തിന് വരാൻ പറ്റുമോന്നു ഉറപ്പില്ലെന്ന് പറഞ്ഞു അന്ന് ഞങ്ങൾ പിരിഞ്ഞു..

പിന്നെയാണ് മഞ്ജു ചേച്ചിയുടെ വിവാഹം പങ്കുകൂടാനെന്ന ഭാഗ്യം പോൽ എക്സാം നീട്ടിവച്ചത്.കൂടാതെ വിവാഹത്തിന്റെ ഭാഗമായി മരം നടലും ബ്ലഡ് ഡോനേഷൻ ക്യാമ്പും ഒക്കെയുണ്ടെന്നു വിനീതേട്ടൻ പറഞ്ഞതോടെ ഈ മാതൃകാവിവാഹം പങ്കുകൊള്ളാൻ തിടുക്കമായി.
കൂടാതെ കല്യാണക്ഷണപത്രികയുടെ കൂടെ വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഇവർ വിത്തു വിതരണം നടത്തിയ ന്യൂസും ശ്രദ്ധയിൽപെട്ടു..
എന്നാൽ പിന്നെ ഈ മൊഞ്ചുള്ള കല്യാണം കൂട്ടിയിട്ട് തന്നെ ബാക്കിയുള്ളൂ..
അല്ലേലും അതങ്ങനെയാണല്ലോ..നമ്മുടെ ചില സ്വപ്‌നങ്ങൾ മറ്റുള്ളവരിലൂടെ യാഥാർഥ്യമായി കാണുക എന്നത് നല്ലൊരു അനുഭവവും അതിലേറെ പ്രചോദനവും ആയിരിക്കുമല്ലോ..

അങ്ങനെ ഡിസംബർ 4 ആഗതമായി..
12 മണിക്കാണ് ഞാൻ ഞാൻ മണ്ഡപത്തിൽ എത്തുന്നത്.സമയം ഇത്ര വൈകിയതിനാൽ പ്രധാന പരിപാടികളൊക്കെ കഴിഞ്ഞിട്ടുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു..ഭാഗ്യത്തിന് കെട്ടുപോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
വേറെ ആരേം പരിജയമില്ലാത്തത് കാരണം പോസ്റ്റ് അടിച്ചിരിക്കേണ്ടി വരുമോ എന്ന ആശങ്കയുണ്ടായിരുന്നു.
പക്ഷേ കല്യാണപ്പെണ്ണിനെ കാണിച്ച് തരുന്നതിനു മുമ്പ് രണ്ടു കുറുമ്പികളെ വിനീതേട്ടൻ പരിചയപ്പെടുത്തി തന്നു..പിന്നെ പതുക്കെ പതുക്കെ അവരുടെ ടീമിലുള്ളവരെയും.എല്ലാവരും കല്യാണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ പരിസരത്ത് സമ്പൂർണ്ണ സേവനവുമായി ഓടി നടക്കുകയാണ്.. കല്യാണം കൂടാൻ വന്നവർ രക്തം സമ്മാനിച്ച് പോകുന്നത് കൗതുകവും അതിലേറെ നല്ലൊരു അനുഭവമായിരുന്നു.
താലികെട്ടിനു സമയമായി.
അങ്ങനെ കെട്ടും മറ്റു ആചാരങ്ങളും കഴിഞ്ഞ ശേഷം ചെക്കനും പെണ്ണും നേരെ വന്നത് മരം നടാൻ..
അതെ, ഷാജഹാൻ മുംതാസിന് താജ്മഹൽ സമ്മാനിച്ച പോലെ ഈ ദമ്പതികൾ ഒരുമിച്ച് അവരുടെ പ്രേമോപഹാരം സമർപ്പിച്ചത് ഭൂമിക്ക് വേണ്ടിയായിരുന്നു..ഭൂമിയിലുള്ളവർക്ക് വേണ്ടിയായിരുന്നു..പിന്നെ രണ്ടുപേരും കൂടെ നേരെ രക്ത ദാന ക്യാമ്പിലേക്ക്..

അതെ..ഇപ്പോൾ നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും..ഇവരാരാ മദർ തെരേസക്ക് പഠിക്കുന്നവരോ... ഇതൊക്കെ ആളുകളെ കാണിക്കാനല്ലേ... മരം നടുന്നത് ഇങ്ങനെ ആളുകളെ കാണിക്കണോ.. വെറുതെ പേരിനും പ്രശസ്തിക്കും വേണ്ടിയല്ലേ...അങ്ങനെ ഒരായിരം ചോദ്യങ്ങൾ..
മുമ്പോരിക്കൽ ഒരു സുഹൃത്തിനോട്  കല്യാണസമയത്ത് ഇങ്ങനൊരു നിർദ്ദേശം കൊടുത്തപ്പോൾ തീർത്തും പുച്ഛകരമായ മറുപടിയായിരുന്നു എനിക്ക് ലഭിച്ചത്..
ഹാ...നമ്മുടെ സമൂഹം പലപ്പോഴും ഇങ്ങനെയാണ്..ഏതൊരു നല്ല തുടക്കത്തെയും തുറന്ന മനസോടെ സ്വാഗതം ചെയ്യാൻ പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഇത്തിരി ഇഷ്ടക്കേടാണ്..തുച്ഛമായ ചിലർക്കൊഴിച്ചു.
സോഷ്യൽ മീഡിയയുടെ വരവോടെ നല്ല അവബോധങ്ങൾ കുറച്ചെങ്കിലും നമുക്കിടയിൽ വളർന്നു വരുന്നിട്ടുണ്ട്.എന്നിരുന്നാലും പല മാതൃകപ്രവർത്തനങ്ങളും ലൈക്കിലും ഷെയറിലുമായി ഒതുങ്ങി പോവുകയാണ് എന്നതാണ് സത്യാവസ്ഥ.

എന്തു തന്നെയായാലും ഈ ദമ്പതികൾ കാഴ്ച വച്ച ആശയത്തെ നമ്മൾ സ്വാഗതം ചെയ്യേണ്ടതുണ്ട്..അതിനായി പുതിയൊരു ജീവിതം തുടങ്ങുന്ന ഈ അവസരം തെരഞ്ഞെടുത്തതിനും നാം പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
പേരിനും പ്രശസ്തിക്കും വേണ്ടി ആഡംബര വിവാഹം നടത്തി ധാരാളിത്തം കാണിക്കുന്ന പൂത്ത പണക്കാർ ഇതൊക്കെ ഒന്ന് കണ്ടു പഠിക്കട്ടെ..

കൂടാതെ മഞ്ജു അജീഷ് ദമ്പതികളുടെ ഉള്ളിലുള്ള നന്മയും വിശുദ്ധിയും എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു..

നല്ല തീരുമാനങ്ങളെടുക്കാനും അത് പ്രാബല്യത്തിൽ വരുത്താനും നമുക്കൊരിക്കലും വൈകാതിരിക്കട്ടെ എന്നും ആശംസിക്കുന്നു..

സ്നേഹം..ഹൃദയത്തിന്റെ ഭാഷയിൽ..

ചെറുകവിത എഴുത്തുകാരൻ

എഴുത്തുകാരന്‍

        ഭാവനയെന്ന നുണയും
        അനുഭവമെന്ന സത്യവും
        ഗര്‍ഭമേന്തി,

       കൃതിയെന്ന സത്വത്തെ
       നൊന്തു പെറ്റവന്‍...!
Thank God...!

InShaa Allah
Posts Will Come Soon...

Journey Through SuHrA...