Wednesday, 16 November 2022

ഇന്ന്

ഈ നിമിഷത്തെ ആസ്വദിക്കാനും ഉൾക്കൊള്ളാനും കഴിയാത്തതാണ് നമ്മുടെയൊക്കെ പ്രശനം. 
നമുക്ക് എല്ലാം നാളെയിൽ മാത്രമാണ് പ്രതീക്ഷ. ഇന്നലത്തെ സങ്കടങ്ങളെ ഇറക്കി വയ്ക്കാൻ നമ്മളിപ്പോഴും പാകപ്പെടുന്നില്ല. നാളെയുടെ നല്ലതിനെ മാത്രം കാത്തിരിക്കുകയും ചെയ്യുന്നു.
കുറെ സന്തോഷങ്ങളും ആശ്വാസവും നമ്മളിലിലൂടെ കടന്നു പോയെങ്കിലും അതിനിടക്ക് കയറി വന്ന ഇത്തിരിയോളം നോവും നൊമ്പരവും നീറ്റലും മാത്രമാണ് നമ്മൾ ഓർമയിൽ സൂക്ഷിക്കുന്നത്. 
നമ്മളെ വാർത്തെടുത്തത്, നമുക്ക് കാഴ്ച്ചപ്പാടുകൾ ഉണ്ടാക്കി തന്നത് ഇത്തിരിപ്പോന്ന ഈ നോവുകളാണ്. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞു പോയ ഓരോ നാളുകളും പൂർണമായും അനുഗ്രഹങ്ങൾ മാത്രമായിരുന്നു. അല്ലെ.

വളർച്ചക്കനുസരിച്ചു ഓരോന്നും മാറിക്കൊണ്ടിരിക്കും. എങ്കിലും ഇപ്പോൾ ചെയ്യുന്നത് എന്റെ സമയത്തെ അവർക്ക് കൊടുക്കലാണ്. മക്കൾ ജനിച്ചതോടെ അമ്മയായി എന്ന ധാരണ ഇപ്പോൾ തിരുത്തപ്പെട്ടു. മാതാവിന്റെ കാലിനടിയിൽ സ്വർഗം എന്ന തിരുവചനം മക്കൾക്ക് മാതാവിനോടുള്ള കടപ്പാട് എന്നതിലുപരി , മക്കളോട് മാതവിനോടുള്ള കടമകൾ നിറവേറ്റപ്പെടുന്നതിലൂടെയാണ് അന്വർത്ഥമാകുന്നതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
നാളെയെയാണ് നമ്മളെല്ലാവരും കാത്തിരിക്കുന്നത്. ഇന്നിനെ നാം ആസ്വദിക്കുന്നില്ല. ഇന്ന് എന്നത് ഇന്നലെ നാം കൊതിച്ച കാര്യങ്ങളായിരുന്നു എന്നു മനസ്സിലാക്കുന്നില്ല. പ്രസവിക്കുന്നത് വരെ ഒരു കുഞ്ഞുണ്ടായി കാണണമെന്ന ആഗ്രഹമായിരുന്നു. മക്കൾ ജനിച്ചപ്പോൾ അവർ ചിരിക്കുന്നത് കാണാൻ തിടുക്കമായി. ചിരിച്ചപ്പോൾ പെട്ടെന്ന് കഴുത്ത് ഉറച്ചിരുന്നെങ്കിലെന്നു തിടുക്കപ്പെടുന്നു. പിന്നെ കമിഴുന്നത് കാണാൻ, മുട്ടുകുത്തുന്നത് കാണാൻ, ഇരിക്കുന്നത് കാണാൻ, നടക്കുന്നത് കാണാൻ, സംസാരിക്കുന്നത് കേൾക്കാൻ അങ്ങനെ അങ്ങനെ. നമ്മുടെ തിരക്കുകൾ കൂടിയപ്പോൾ മക്കൾ ഒന്ന് നഴ്സറിയിലോ, സ്കൂളിലോ പോയെന്നലായി. പിന്നെ പ്രായപൂർത്തി ആവാൻ, വിദ്യാഭ്യാസം പൂർത്തീകരിച്ചു കാണാൻ, ജോലി നേടി കാണാൻ,കല്യാണം കഴിച്ചു കാണാൻ, കുഞ്ഞുണ്ടായി കാണാൻ അങ്ങനെ അങ്ങനെ പിന്നെ പിന്നെ നീണ്ടുപോകുന്നു. 

No comments:

Post a Comment