Wednesday, 16 November 2022

ബ്രേസ്റ് ഫീഡിങ്


ഒന്നും എളുപ്പമല്ല,എന്നാൽ കഴിയാത്തതുമല്ല

മുലപ്പാൽ കുടിക്കാനായി ഇരുകുഞ്ഞുങ്ങളും ഒരേ സമയം വിശന്ന് കരയുന്നത് ഇരട്ടകുഞ്ഞുങ്ങളുള്ള അമ്മമാരുടെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ് .
ഫോർമുല കൊടുത്തു ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും അവർ അമ്മയുടെ ചൂട് പറ്റി nipple suck ചെയ്തു കൊണ്ട് മുലപ്പാൽ കുടിക്കാൻ വേണ്ടി വാശി പിടിക്കും കുഞ്ഞുങ്ങൾക്കും അത് തന്നെയാണിഷ്ടം.പക്ഷെ വിശന്ന് കൊണ്ടുള്ള കുഞ്ഞുങ്ങളുടെ ഒരുമിച്ചുള്ള കരച്ചിൽ കാണുമ്പോൾ അമ്മയും, ചുറ്റുമുള്ളവരും അസ്വസ്ഥരാകും. ചിലപ്പോളത് അമ്മയുടെ മുലപ്പാൽ ചുരത്തുന്നതിനെ തടസ്സപ്പെടുത്തും.
ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാൻ ഒരു ഫീഡിങ് കുഷ്യൻ ഉപയോഗിച്ച് രണ്ടു പേർക്കും ഒരേ സമയം പാല് കൊടുക്കാവുന്നതാണ്. Cradle പൊസിഷനിൽ പാല് കൊടുക്കുന്നതിനു പകരമായി , രണ്ടു പേരെയും ഫുട്‌ബോൾ പൊസിഷനിൽ കിടത്തിയിട്ട് രണ്ടു പേർക്കും ഒരേസമയം പാല് കൊടുക്കാം. അല്ലെങ്കിൽ ഒരാളെ cradle പൊസിഷനിലും മറ്റയാളെ ഫുട്ബോൾ പൊസിഷനിലും കിടത്താം. 
Cradle പൊസിഷൻ എന്നാൽ നമ്മൾ സാധാരണ പാൽ കൊടുക്കാനായി കുഞ്ഞിനെ നമ്മുടെ മടിയിൽ, കുഞ്ഞിന്റെ തല നമ്മുടെ കൈമടക്കിന്റെ മീതെയും, കുഞ്ഞിന്റെ വയർ നമ്മുടെ വയറുമായി തൊട്ടുരുമ്മി കിടക്കുന്ന അവസ്ഥയാണ്. ഫുട്‌ബോൾ പൊസിഷനിൽ കുഞ്ഞിന്റെ തല ഉള്ളം കയ്യിൽ പിടിച്ച്, ബാക്കി ശരീര ഭാഗം അമ്മയുടെ കൈക്കുഴിയുടെ ഭാഗത്ത്‌കൂടെ പിറകിലോട്ട് ഒരു തലയിണയുടെ സഹായത്തോട് കൂടി കുഞ്ഞിനെ കിടത്തലാണ്.
ഈ വിധത്തിൽ പാലൂട്ടുമ്പോൾ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെ ചേർത്തുപിടിക്കേണ്ടതുണ്ട്. എങ്കിലും കൂടുതൽ മുലപ്പാൽ ഉല്പാദിപ്പിക്കപ്പെടാനും കുഞ്ഞുങ്ങളെ ഒരേ സമയം മുലയൂട്ടുന്നതിലൂടെ അമ്മയ്ക്ക് കുറച്ചു സമയം 
ലാഭിക്കാനും കഴിയും. 
കുഞ്ഞുങ്ങൾക്കും ഈ രീതി ആശ്വാസകരമാകും. ഒരേ സമയം പാൽ കുടിക്കുമ്പോൾ കുഞ്ഞുങ്ങളും നന്നായി പാൽ വലിച്ചു കുടിക്കും.
കട്ടിലിൽ ചാരി ഇരുന്നും, കസേരയിലോ സോഫയിലിരുന്നുമൊക്കെ ഈ വിധത്തിൽ പാലൂട്ടാം. ഈ രീതിയിൽ പാലൂട്ടാൻ ശ്രമിക്കുന്നതിന്റെ തുടക്ക കാലത്തിൽ  കുഞ്ഞുങ്ങളെ എടുത്തു തരാനും തിരിച്ചു ബെഡിലോ തൊട്ടിലിലോ കിടത്താനുമൊക്കെ മറ്റൊരാളുടെ സഹായം തേടാം. പിന്നീട് കുഞ്ഞുങ്ങളുടെ കഴുത്ത് ഉറക്കുമ്പോഴേക്കും അമ്മയ്ക്ക് തന്നെ തനിയെ ചെയ്യാവുന്നതാണ്.
#happybreastfeeding 
#twinfeeding 
#twinsbreastfeeding 
#footballposition 
#sususuhra 
#suhrathaz
#hajima_stories 
#hira_Hima 
#motherhoodchallenge

ഇന്ന്

ഈ നിമിഷത്തെ ആസ്വദിക്കാനും ഉൾക്കൊള്ളാനും കഴിയാത്തതാണ് നമ്മുടെയൊക്കെ പ്രശനം. 
നമുക്ക് എല്ലാം നാളെയിൽ മാത്രമാണ് പ്രതീക്ഷ. ഇന്നലത്തെ സങ്കടങ്ങളെ ഇറക്കി വയ്ക്കാൻ നമ്മളിപ്പോഴും പാകപ്പെടുന്നില്ല. നാളെയുടെ നല്ലതിനെ മാത്രം കാത്തിരിക്കുകയും ചെയ്യുന്നു.
കുറെ സന്തോഷങ്ങളും ആശ്വാസവും നമ്മളിലിലൂടെ കടന്നു പോയെങ്കിലും അതിനിടക്ക് കയറി വന്ന ഇത്തിരിയോളം നോവും നൊമ്പരവും നീറ്റലും മാത്രമാണ് നമ്മൾ ഓർമയിൽ സൂക്ഷിക്കുന്നത്. 
നമ്മളെ വാർത്തെടുത്തത്, നമുക്ക് കാഴ്ച്ചപ്പാടുകൾ ഉണ്ടാക്കി തന്നത് ഇത്തിരിപ്പോന്ന ഈ നോവുകളാണ്. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞു പോയ ഓരോ നാളുകളും പൂർണമായും അനുഗ്രഹങ്ങൾ മാത്രമായിരുന്നു. അല്ലെ.

വളർച്ചക്കനുസരിച്ചു ഓരോന്നും മാറിക്കൊണ്ടിരിക്കും. എങ്കിലും ഇപ്പോൾ ചെയ്യുന്നത് എന്റെ സമയത്തെ അവർക്ക് കൊടുക്കലാണ്. മക്കൾ ജനിച്ചതോടെ അമ്മയായി എന്ന ധാരണ ഇപ്പോൾ തിരുത്തപ്പെട്ടു. മാതാവിന്റെ കാലിനടിയിൽ സ്വർഗം എന്ന തിരുവചനം മക്കൾക്ക് മാതാവിനോടുള്ള കടപ്പാട് എന്നതിലുപരി , മക്കളോട് മാതവിനോടുള്ള കടമകൾ നിറവേറ്റപ്പെടുന്നതിലൂടെയാണ് അന്വർത്ഥമാകുന്നതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
നാളെയെയാണ് നമ്മളെല്ലാവരും കാത്തിരിക്കുന്നത്. ഇന്നിനെ നാം ആസ്വദിക്കുന്നില്ല. ഇന്ന് എന്നത് ഇന്നലെ നാം കൊതിച്ച കാര്യങ്ങളായിരുന്നു എന്നു മനസ്സിലാക്കുന്നില്ല. പ്രസവിക്കുന്നത് വരെ ഒരു കുഞ്ഞുണ്ടായി കാണണമെന്ന ആഗ്രഹമായിരുന്നു. മക്കൾ ജനിച്ചപ്പോൾ അവർ ചിരിക്കുന്നത് കാണാൻ തിടുക്കമായി. ചിരിച്ചപ്പോൾ പെട്ടെന്ന് കഴുത്ത് ഉറച്ചിരുന്നെങ്കിലെന്നു തിടുക്കപ്പെടുന്നു. പിന്നെ കമിഴുന്നത് കാണാൻ, മുട്ടുകുത്തുന്നത് കാണാൻ, ഇരിക്കുന്നത് കാണാൻ, നടക്കുന്നത് കാണാൻ, സംസാരിക്കുന്നത് കേൾക്കാൻ അങ്ങനെ അങ്ങനെ. നമ്മുടെ തിരക്കുകൾ കൂടിയപ്പോൾ മക്കൾ ഒന്ന് നഴ്സറിയിലോ, സ്കൂളിലോ പോയെന്നലായി. പിന്നെ പ്രായപൂർത്തി ആവാൻ, വിദ്യാഭ്യാസം പൂർത്തീകരിച്ചു കാണാൻ, ജോലി നേടി കാണാൻ,കല്യാണം കഴിച്ചു കാണാൻ, കുഞ്ഞുണ്ടായി കാണാൻ അങ്ങനെ അങ്ങനെ പിന്നെ പിന്നെ നീണ്ടുപോകുന്നു. 

Sunday, 13 November 2022

ഗർഭം

ഗർഭിണിയായപ്പോൾ ഏറെ കേട്ട വാക്കുകളായിരുന്നു, 'ലോകത്ത് ആദ്യമായി ഇരട്ടകളെ ഗർഭം ധരിച്ചത് നീയൊന്നുമല്ലല്ലോ. 9 കുട്ടികളെ വരെ ഒരേ സമയം വയറ്റിൽ ചുമന്നവരൊക്കെയുണ്ട്. നീ അവരെ കുറിച്ചൊക്കെ ചിന്തിച്ചു നോക്ക്. അവരൊക്കെ എത്ര ഇടങ്ങാറായിട്ടുണ്ടാകും. അത്രക്കൊന്നും വരൂല്ലല്ലോ നിന്റെ വേദനകളും ബുദ്ധിമുട്ടുകളുമെല്ലാം'എന്നു.

വയറിന്റെ ഭാരം കൊണ്ട് കിടന്നിടത്ത് നിന്ന് തിരിഞ്ഞു കിടക്കാൻ പോലും പറ്റാതെ, കാലിലെ കൊളുത്തിപ്പിടുത്തം കാരണം രണ്ടടി നടക്കുമ്പോഴേക്കും വീഴാൻ പോകുന്ന, കുറച്ചു സമയം പോലും നേരെ ചൊവ്വേ ഇരിക്കാൻ കഴിയാതെ, മിനിറ്റിനു മിനിറ്റിനു മൂത്രമൊഴിക്കാൻ ബാത്റൂമിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന, അതിനിടക്ക് മൂത്രപ്പഴുപ്പും വെള്ളപോക്കും, രക്തക്കുറവും , രാത്രി മുഴുക്കെ ഉറക്കമില്ലായ്മയും, ഭക്ഷണത്തോട് താത്പര്യമില്ലായ്മയും തുടങ്ങി എത്രയെത്ര ക്ലേശങ്ങൾ.
ഏകദേശം അഞ്ച് മാസത്തോളം അമിതമായ ഛർദിയും ക്ഷീണവും ഭക്ഷണത്തോട് വിരക്തിയും. അതിനെ തുടർന്ന് ഇടക്കിടക്ക് നട്ടപ്പാതിര നേരത്തു പോലും പ്രിയപ്പെട്ടവന്റെ ഊണും ഉറക്കവും എല്ലാം കളഞ്ഞു ആശുപത്രിയിൽ iv fluid ഇടാൻ ഉള്ള ഓട്ടങ്ങൾ. പിന്നീട് short cervix length, cervical incompetence തുടങ്ങിയവ സ്കാനിംഗിൽ കണ്ടെത്തലും അതിനെ തുടർന്ന് cervix ൽ സ്റ്റിച്ച് ഇടലും ഏകദേശം 3 മാസത്തോളം കാലുകൾ ഉയർത്തി വച്ചു കൊണ്ടുള്ള ബെഡ് റസ്റ്റും , ജോലിയിൽ നിന്നും നീളമേറിയ മെഡിക്കൽ ലീവും. അമിതമായ ഛർദിയും, ക്ഷീണവും, രാത്രിയിലെ ഉറക്കമില്ലായ്മയും രക്തത്തിൽ ഹീമോഗ്ലോബിൻ കുറയലും iron കാൽസ്യം ടാബ്ലറ്റ് കഴിക്കുമ്പോളുള്ള മലബന്ധവും, തുമ്മുമ്പോഴും ചുമക്കുമ്പോഴും ഗർഭം അലസിപ്പോകുമോ എന്ന ഭയം, അത്യാഹിതങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴുമുള്ള നെഞ്ചു കാളിച്ചയും ,ബിപി കുറയലും , hormone വ്യതിയാനങ്ങളും, കുട്ടി തല താഴേക്ക് പുഷ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഗര്ഭപാത്രതത്തിനുണ്ടാകുന്ന വേദനകളും, അമിതമായ കിതപ്പും, പരിചിതമായ പല മണങ്ങളോടുള്ള ഇഷ്ടക്കേടും,ആരോഗ്യം പറ്റെ മോശമാകുമ്പോൾ ഇടക്കിടക്ക് ജോലിയിൽ നിന്ന് ലീവ് എടുക്കാറുണ്ടെങ്കിലും ബെഡ് റെസ്റ്റിനു വേണ്ടി എടുത്ത അവധി മനുഷ്യന്മാരെ ഇടക്കിടക്ക് കാണാൻ പറ്റാത്തതിലുള്ള അസ്വസ്ഥത വല്ലാതെ ഒറ്റപ്പെടുത്തിയിരുന്നു.