Monday, 23 November 2020
panku vakukal iqra
Tuesday, 3 November 2020
സ്നേഹവഴി
Sunday, 13 September 2020
ഷെഡ് ullus
ഉമ്മുകുൽസു എന്ന മഴവില്ലിലെ എട്ടാം വർണം
അവസരങ്ങളുടെ വ്യാപ്തി കണ്ടറിയുന്നത് തൊട്ട് സ്വപ്നങ്ങളുടെ ചിറകുകൾക്ക് നീളം കൂടാൻ തുടങ്ങും.
അങ്ങനൊരു സ്വപ്നം സാക്ഷാത്കരിക്കാൻ ദൂരെയൊരു കുഗ്രാമത്തിൽ നിന്നും ഞങ്ങൾ രണ്ടു പെൺകുട്ടികൾ ഒരു കൊച്ചു യാത്ര ആരംഭിച്ചു.
കഠിനാധ്വാനവും നിരന്തര പരിശ്രമവും മഹത്തായ ലക്ഷ്യബോധവും മാത്രമായിരുന്നു ഞങ്ങളുടെ തേരാളി. പിന്നെ വഴിവെട്ടി തരാൻ ഒരുപാട് സുമനസ്സുകളും യാത്രയിൽ പലയിടത്തും വിന്യസിച്ചിരുന്നിരുന്നു. ആ യാത്ര വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണിപ്പോൾ.
തുടർന്നുള്ള വരികൾ വായിക്കുന്നതോടെ നിങ്ങളും ഞങ്ങളുടെ സഹയാത്രികയാകുന്നു.
ഏകദേശം 5 വര്ഷങ്ങള്ക്ക് മുമ്പാണ് ഉമ്മുകുൽസ് എന്ന ഉല്ലുവിന്റെ സഹോദരിയായ ജുബൈലയുടെ കല്യാണത്തിന് മൈലാഞ്ചി ഇട്ടുകൊടുക്കാനായി ഞാനാദ്യമായി അവരുടെ സ്നേഹ വീട്ടിലെത്തുന്നത് .
തൃശൂരിൽപഠിക്കാൻ പോകുന്ന സമയത്തു ബസിലെ സഹയാത്രികയും അതിലുപരി നല്ലൊരു സ്നേഹിതയും ആയിരുന്നു ജുബൈല ഇത്ത.ആ സൗഹൃദമാണ് ചിതലരിച്ച മേൽക്കൂരയും പൊട്ടിയ ഓടും ചുമരുമൊക്കെയുള്ള ഇടിഞ്ഞു പൊളിയാറായ ആ കൊച്ചുവീട്ടിലേക്ക് മെഹന്ദി ഇട്ടുകൊടുക്കാനായി എന്നെ എത്തിച്ചത്.കൂലിപ്പണിയെടുത്തു പരുപരുത്ത കല്യാണപ്പെണ്ണിന്റെ കയ്യിൽ ആവേശത്തോടെ മൈലാഞ്ചിയിട്ട് കൊടുക്കുമ്പോൾ ആ കല്യാണം ഏറ്റവും വലിയ ജീവിതാഭിലാഷമായി കണ്ട ഇരുകൈകളുമില്ലാത്ത ഉമ്മുകുൽസു എന്നെ നിറകണ്ണുകളോടെ നോക്കിചിരിക്കുന്നുണ്ടായിരുന്നു.
കൈകളില്ലാത്ത ഉല്ലുവിന് ഞാനെങ്ങനെ മൈലാഞ്ചിയിട്ട് കൊടുക്കുമെന്നാലോചിച്ചു വിഷമത്തോടെ സഹതാപത്തിന്റെ ദയനീയ നോട്ടം തിരിച്ചു സമ്മാനിച്ചു ഞാനന്ന്.
അപ്പക്കാട് വീട്ടിൽ പരേതനായ ഹനീഫയുടെ ഏറ്റവും ഇളയ പുത്രിയായ ,മുപ്പത്തി രണ്ടുകാരിയായ ഉല്ലുവിന് ജന്മനാ ഇരുകൈകളുമില്ല.ഇരുകാലുകൾ വ്യത്യസ്ത ഉയരത്തിലും.അതുകൊണ്ടുതന്നെ ചെറിയകാലിനു സമമായി നിൽക്കാൻ വലിയ കാൽ മടക്കിയിട്ടാണ് നിൽക്കാറും നടക്കാറുമൊക്കെ.പ്രാഥമിക കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഇന്നും പ്രായമായി ഉമ്മയുടെ സഹായം അത്യാവശ്യമാണ്.എന്നിരുന്നാലും തനിക്ക് വരമായി കിട്ടിയ കാൽവിരലുകൾ കൈവിരലുകളെ പോലെ ചലിപ്പിക്കാനും മടക്കാനുമൊക്കെ അവൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു.നാല് വർഷം മുമ്പാണ് പിതാവ് ഹനീഫ മരണപ്പെട്ടത്.കുറച്ചു വർഷങ്ങൾക്കു മുന്നേ രോഗബാധിതരായി ഉല്ലുവിന്റെ ഒരു സഹോദരിയും സഹോദരനും മരണപ്പെട്ടു.മൂന്ന് സഹോദരികളും ഒരു സഹോദരനും പ്രായമായ ഉമ്മയും അടങ്ങുന്നതാണ് ഇപ്പോൾ ഉല്ലുവിന്റെ കുടുംബം.സാമ്പത്തികപരമായും വിദ്യാഭാസപരമായും ഈ കുടുംബം ഇന്നും വളരെ പിറകിലാണ്.കുട്ടികൾ തട്ടിയിടുന്നത് കൊണ്ടും നടക്കാനുള്ള പ്രയാസം കൊണ്ടും രണ്ടാം ക്ലാസ്സോടെ പഠനം നിർത്തേണ്ടി വന്നു ഉല്ലുവിന്.പിന്നീട് അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടു കുട്ടിക്കാലം കഴിച്ചുകൂട്ടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു ഫോമിൽ ഉല്ലുവിന് ഒപ്പിടേണ്ട സാഹചര്യമുണ്ടായത്.ആ സമയം എന്തുചെയ്യണമെന്നറിയാതെ ശങ്കിച്ചു നിന്ന ഉപ്പയുടെ തോളിൽ നിന്നും ചാടിയിറങ്ങി ഓഫിസറുടെ പേന തന്റെ കാൽവിരലുകൾക്കിടയിൽ വെച്ചു തരാൻ ഉല്ലു ആവശ്യപ്പെട്ടു.ശേഷം പേന വിരലുകൾക്കിടയിൽ ഇറുക്കിപ്പിടിച്ചു ഒരു ഒപ്പ് ഇട്ടുകൊടുത്തു.
അങ്ങനെ മകളുടെ കഴിവ് തിരിച്ചറിഞ്ഞ സ്നേഹമയിയായ പിതാവ് പിന്നീട് നിറങ്ങളും പേപ്പറുകളുമെല്ലാം മേടിച്ചു കൊടുത്തു ഉല്ലുവിനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.അങ്ങനെ ഉല്ലു വരയുടെ മാസ്മരിക ലോകത്തെത്തിച്ചേർന്നു.
കഥാപുസ്തകത്തിലും മറ്റും കണ്ടുവരുന്ന കൊച്ചു കൊച്ചു ചിത്രങ്ങൾ നോക്കി വരച്ചു ചായമടിക്കാൻ തുടങ്ങി.
പക്ഷെ ദൈനംദിന ജീവിതത്തിനുപോലും ബുദ്ധിമുട്ടുന്ന ആ കുടുംബത്തിന് മകളുടെ ഈ കഴിവിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനായില്ല.
പിന്നീട് വർഷങ്ങളേറെ കഴിഞ്ഞു.ഇരുപത്തിയാറാം വയസ്സിൽ ഉപ്പ മരണപ്പെട്ടു.ശേഷം ഒരു വർഷം കഴിഞ്ഞാണ് ഞാനവിടെ സ്ഥിരസന്ദർശകയാകുന്നത്.സംസാരത്തിനിടയിൽ ഇടക്കൊക്കെ മുന്നേ ചിത്രങ്ങൾ വരക്കുന്നത് അവർ സൂചിപ്പിച്ചിരുന്നു.അവയെല്ലാം കാണിച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ അതെല്ലാം മഴവെള്ളമിറ്റിയും ചിതലരിച്ചും നശിച്ചുപോയെന്നും ബാക്കിയുള്ളവ കല്യാണത്തിരക്കിൽ എവിടെയോ വച്ചെന്നും അവർ മറുപടി പറഞ്ഞു .കൂടുതൽ നിർബന്ധിച്ചപ്പോൾ ഒരു ദിവസം പഴയൊരു നോട്ടുപുസ്തകം തപ്പിയെടുത്തു എനിക്ക് മുന്നിൽ വെച്ചു. അതിലതാ മങ്ങിപ്പോയ പെൻസിൽ ചിത്രങ്ങൾ.
നമുക്കത് വലുതായി തോന്നില്ലെങ്കിലും പരിമിതമായ ലോകത്ത് നിന്നുകൊണ്ട് വരച്ച ആ കൊച്ചു ചിത്രങ്ങൾ കാണിച്ചുതരാൻ ഉല്ലുവിന് വലിയ അഭിമാനമായിരുന്നു.
പിന്നീട് ഞാൻ നിറങ്ങൾ എത്തിച്ചുകൊടുത്തു.ശേഷം ദിവസങ്ങളിൽ പുതിയ ചിത്രങ്ങൾ വരച്ചെന്നും പറഞ്ഞു ഉല്ലു എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തും.ഒരു കിലോമീറ്റർ ദൂരം നടന്ന് ഞാനെവിടെ എത്തുമ്പോൾ ഒരു വൃത്തവും ചുറ്റും അഞ്ചു ഇതളുകളും കാണിച്ചുതരും.ദിവസങ്ങൾ കൂടുംതോറും ഇതളിലെ നിറവും എണ്ണവും മാറുമെന്നല്ലാതെ ചെടിച്ചട്ടിയിൽ നിന്നും ചിത്രങ്ങൾ മാറുന്നുണ്ടായിരുന്നില്ല.
അതിൽ പിന്നെയാണ് ഉല്ലുവിന് മതിയായ ലോകപരിചയമില്ലെന്നും ഹോസ്പിറ്റൽ കാര്യത്തിനല്ലാതെ പുറത്തു പോകാറില്ലെന്നും മനസ്സിലായത്.
കടലോ ട്രെയിനോ കംപ്യൂട്ടറോ സ്മാർട്ഫോണോ അവൾ കണ്ടിട്ടില്ലെന്ന്...
എന്തിനേറെ അക്രിലിക് ,ഫാബ്രിക് നിറങ്ങളെ പോലും ട്യൂബിൽ ഉള്ള പെയിന്റ് കുപ്പിയിലുള്ള പെയിന്റ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത് പോലും.
ഞാനത് എന്റെ സൗഹൃദവലയമായ 'Green Paliative'- ൽ അറിയിച്ചു.അവർ ഉല്ലുവിന് ഇന്റർനെറ്റ് വഴി ചിത്രങ്ങൾ വരക്കാൻ പഠിക്കാൻ സ്മാര്ട്ഫോണും, ചിത്രങ്ങൾ പരിശീലിക്കാൻ നിറങ്ങളും ബ്രഷും, പുറത്തേക്ക് പോകുന്നത് സുഖമമാക്കാൻ വീൽ ചെയറും സമ്മാനിച്ചു.എന്റെ കോളേജിലെ (Al Ameen Engg College,Shornur) വിദ്യാർഥികൾ ആദ്യമായി ഉല്ലുവിനെ പുറംലോകം കാണിച്ചുകൊടുത്തു.ആദ്യത്തെ ക്ഷണം പട്ടാമ്പിയിൽ വെച്ചു നടന്ന NSS ക്യാമ്പിലേക്കായിരുന്നു.അവിടെ വെച്ച് ,ക്യാമ്പ് സന്ദർശിക്കാനെത്തിയ വർഷങ്ങളായി വീൽ ചെയറിൽ കഴിഞ്ഞു കൂടുന്ന 'വാസുണ്ണി പട്ടഴിയെ' യാദൃശ്ചികമായി ഞങ്ങൾ കണ്ടുമുട്ടി.
അദ്ദേഹം ഉല്ലുവിനെ കൊണ്ട് ചിത്രങ്ങൾ തത്സമയം വരപ്പിച്ചു. ശേഷം ഉല്ലുവിന് ഒരുപാട് പിന്തുണയും പ്രചോദനവും നൽകി.ചിത്രങ്ങൾ നോക്കി വരച്ചു പഠിക്കാൻ പുസ്തകങ്ങളും,പഠിപ്പിക്കാൻ നല്ലൊരു ആര്ടിസ്റ്റിനെയും ഏർപ്പെടുത്താൻ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു.പിന്നീടുള്ള എന്റെ ഓരോ യാത്രയിലും കണ്ടുമുട്ടുന്നവരോടൊക്കെ ഞാനീ കാര്യം അവതരിപ്പിച്ചു.
സഹതാപം കൊണ്ട് പലർക്കും ഉല്ലുവിനെ സഹായിക്കാൻ താല്പര്യമുണ്ടായിരുന്നു.പക്ഷെ പാലക്കാടിന്റെ അങ്ങേയറ്റമായ പുതുക്കോട് എത്തിച്ചേരാൻ മാത്രം ആർക്കും സമയമുണ്ടായില്ല.
വന്നവരാണെങ്കിൽ ഉല്ലുവിന്റെ വിദ്യാഭ്യാസപരമായുള്ള പരിമിതികളോട് സഹകരിക്കാൻ സമപ്പെടാതെ പ്രയാസപ്പെടുത്തുന്ന സാങ്കേതിക വാക്കുകളുപയോഗിച്ചു അവളെ കൂടുതൽ ആഴയക്കുഴപ്പത്തിലുമാക്കി.എന്നിരുന്നാലും TV ഷോകളിലൂടെയും, യൂ ട്യൂബ് വിഡിയോകളിലൂടെയും സസൂക്ഷ്മമായി നിരീക്ഷിച്ചു അവൾ ഒരോ ചിത്രങ്ങളും വരച്ചു പഠിച്ചു.എന്നീട്ടും ചില ഘട്ടങ്ങളിൽ അവൾ നിസ്സഹായായപ്പോൾ ,മറ്റാരും എത്താതായപ്പോൾ എന്നെ മാത്രം ആശ്രയിച്ചു ഉല്ലു സ്വയം പര്യാപ്തയാകില്ലേ എന്ന് ഭയപ്പെട്ട് മാറി നിന്നിരുന്ന ഞാൻ ചിലപ്പോഴൊക്കെ കൂടെ നിന്ന് പരിശീലനവും മാർഗ നിർദേശവും നൽകി.
അതിനിടക്കാണ് പരിസ്ഥിതി സൗഹൃദ വിത്തുപേന നിർമ്മാണത്തെ കുറിച്ചു സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉല്ലു അറിയുന്നത്.അവൾ തന്നേ താല്പര്യമെടുത്ത് ആ കൂട്ടായ്മയിൽ അംഗമായി.ഉല്ലുവിന്റെ താല്പര്യവും ആവേശവും കണ്ട് കൂടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ഭിന്നശേഷിക്കാരായ സുഹൃത്തുക്കളടക്കം ഉല്ലുവിനെ തുടക്കത്തിൽ കളിയാക്കിയിരുന്നു.പക്ഷെ അതവൾ വാശിയായെടുത്തു .തകൃതമായി പേപ്പർ പേന നിർമ്മാണമാരംഭിച്ചു അത് പത്തുരൂപക്ക് വിൽക്കാൻ തുടങ്ങി .ഇപ്പോഴത് അയ്യായിരത്തിലധികം പേനയായി കവിഞ്ഞിരിക്കുന്നു.
അതെ കാലിൽ വിരിഞ്ഞ ആ വിത്ത് പേനകളിലൂടെ ഇനി ഒരായിരം മരങ്ങൾ പൂക്കും.
അത് വിറ്റു കിട്ടിയ ലാഭത്തിൽ നിന്നും നല്ലൊരു വിഹിതം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നീക്കിവെക്കാനും അവൾ മറന്നില്ല.
ഉല്ലുവിന്റെ വീടിന്റെ അരക്ഷിതാവസ്ഥ കണ്ട് അവളുടെ കഴിവിനുള്ള അംഗീകാരമായി, നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സഹകരണത്തോടുകൂടി 'അക്ഷരവീട്'എന്ന പദ്ധതിയുടെ ഭാഗമായി വീട് നിർമ്മാണ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന സന്തോഷത്തിലുമാണ് ഉല്ലുവും കുടുംബവുമിപ്പോൾ.
ഇത്രയേറെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമുണ്ടായിട്ടും അവൾ വരച്ച ചിത്രങ്ങൾ വിറ്റ് ,സ്ഥിരവരുമാനമുണ്ടാക്കി കുടുംബത്തെയും , തനിക്ക് ചുറ്റുമുള്ള ഉല്ലുമാരെയും ,വിധവകളെയും എല്ലാം കണ്ടെത്തി അവരെയെല്ലാം സ്വയം പര്യാപ്തരാക്കി തനിക്കൊപ്പം വളരാൻ സാഹചര്യമുണ്ടാക്കലാണ് ഉല്ലുവിന്റെ ഇനിയുള്ള ലക്ഷ്യം.
അതിന് വേണ്ടിയുള്ള ആദ്യ ചുവടുവെപ്പെന്നോണം 'SHADE-The eighth colour of rainbow' എന്ന പേരിൽ നടത്തുന്ന ഏകാംക ചിത്രപ്രദർശനം തുടങ്ങിയിരിക്കുകയാണ് ഉല്ലുവും കൂട്ടുകാരുമിപ്പോൾ.500 ൽ അധികം ചിത്രങ്ങളാണ് ഇതുവരെ ആ മാന്ത്രിക കാലിൽ നിന്നും പകർത്തപ്പെട്ടിട്ടുള്ളത് എന്ന് അഭിമാനത്തോടെ ഓർക്കുന്നു.
തനിക്ക് ചുറ്റുമുള്ളവരെ സഹതാപത്തിന്റെ കണ്ണുകളിൽ നിന്നും മാറ്റി , അർഹതയുടെയും അതിശയോക്തിയുടെയും നോട്ടം കരസ്ഥമാക്കി പ്രകാശം പരത്തുന്ന പുഞ്ചിരിയോടെ മുന്നേറുകയാണിന്നവൾ.
ഭിന്നശേഷിക്കാരിയോ വയ്യാത്തവളോ വെറുമൊരു പെണ്ണോ അല്ല നമ്മളാരും, മരിച്ചു അടിസ്ഥാന മൂല്യബോധമുള്ള പരസ്പരം ആദരവുകൾ അർഹിക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മളോരോരുത്തരും എന്ന ലക്ഷ്യ ബോധ്യമാണ് ഞങ്ങൾക്ക് ഈ സമൂഹത്തിനു മുന്നിൽ തെളിയിക്കാൻ കഴിഞ്ഞത്.
കിട്ടുന്നതെന്തും അര്ഹതപ്പെട്ടവരോളം താഴ്ന്നിട്ടു അവശ്യമായത് പകുത്തു നൽകി നമ്മളോടൊപ്പം ഉയർത്താൻ നമുക്കെവർക്കുമകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കൂടുതൽ മുന്നേറുന്നു.
സ്നേഹം..
വായനയിൽ കൂടെ ചേർന്ന ഓരോ സഹയാത്രികയ്ക്കും❤
thasleena K P
Saturday, 12 September 2020
ഇഖ്‌റാ 0
ഇഖ്‌റാ വലിയൊരു ലോകമാണ്.. ഒരുപാട് മനുഷ്യന്മാരുടെ അനുഭവലോകം..
സ്നേഹത്തിന്റെ, കരുതലിന്റെ...
അങ്ങനെ ഞാൻ ഹൃദയത്തിൽ തൊട്ടറിഞ്ഞ കുറച്ചു ജീവിതങ്ങളെ ഓരോ ദിവസങ്ങളിലായി ഇവിടെ പരിചയപ്പെടുത്താം...
💚
Thursday, 20 August 2020
വെയിൽ
കടുത്ത വെയിൽ കാരണം തണലത്ത് കൂടെ അദ്ദേഹത്തെ കൊണ്ടുപോകാനൊരുങ്ങിയപ്പോൾ അദ്ദേഹം അയാളോട് പറഞ്ഞത്രേ, മകനെ എന്റെ ശരീരത്തിൽ സൂര്യപ്രകാശമേറ്റിട്ട് വർഷങ്ങളേറെയായിരിക്കുന്നു.
അപകടം സംഭവിച്ചു ഞാൻ വീടിനുള്ളിൽ ഏറെ നാളായി കിടപ്പിലാണ്.
എന്നെ വെയിലത്തു കൂടെ നടത്തൂ...
എന്ന്
Wednesday, 24 June 2020
വാടാനാം കുറുശി
കോഴിക്കോട്ടെയും വാടകവീട്ടിലെയും വിശേഷങ്ങൾ
---------
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ചോദിച്ചു , വാടാനാംകുറുശ്ശി മിസ്സ് ചെയ്യുന്നില്ലേന്ന്.
ആലോചിച്ചു നോക്കി, ഇല്ലാലോ.. മിസ്സ് ചെയ്യുന്നില്ലാലോ..അത്രേം ഇഷ്ടണ്ടായിരുന്ന ആ സ്ഥലത്തെ മനസിലോർത്തപ്പോൾ ഇത്തിരി പോലും നൊമ്പരവും ഗൃഹാതുരത്വവുമുണ്ടായില്ല.
പണ്ട് പുതുക്കോട്ന്ന് താമസം മാറുമ്പോഴും ഇങ്ങനായിരുന്നു. അതിനു മുന്നേ മണപ്പാടത്ത് നിന്ന് വീട് മാറുമ്പോഴും ഇച്ചിരി പോലും സങ്കടണ്ടായില്ല.അതിനും മുന്നേ തറവാട്ടിൽ നിന്നും പോരുമ്പോൾ മാത്രം മനസിലിത്തിരി നീറ്റലുണ്ടായിരുന്നു.
ഹാ..ഇതെല്ലാം ഓർക്കാനും കണക്ട് ചെയ്യാനുമുള്ള സമയവും സാഹചര്യവുമൊക്കെ ഇപ്പൊ പരിമിതപ്പെടുകയും ചെയ്തല്ലോ.
അല്ലേലും വാടക വീട്ടുകാർക്ക് എന്ത് വേദന ല്ലേ..
കയറിക്കൂടുമ്പോൾ തന്നെ ഏത് നിമിഷവും പടിയിറങ്ങി പോരേണ്ടി വരുമെന്ന് മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ടാകുമല്ലോ.
സ്നേഹത്തോടെ നട്ടുവളർത്തിയ നിമിഷങ്ങളെ അവിടെ തന്നെ ഉപേക്ഷിച്ചു പോരുമ്പോഴും ഓരോ വാടക വീട്ടുകാരനും ആദ്യമൊരു വിഷമമുണ്ടാകുമെങ്കിലും പിന്നീടോർക്കുമ്പോൾ ആത്മ സംതൃപ്തിയാണുണ്ടാവുക.അവൻ അവിടെ
ചിലവഴിച്ചതൊക്കെയും അവൻ നേടിയത് മാത്രമായിരുന്നല്ലോ. അതൊരിക്കലും നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തേണ്ടി വരികയുമില്ലല്ലോ.
അല്ലേലും നാഥന്റെ വിശാലമായ വാടക വീട്ടിൽ വാടക പോലും കൊടുക്കാതെ കഴിയുന്ന നമ്മളുടെ ജീവിതവും ഇങ്ങനെ തന്നെയാണല്ലോ പാകപ്പെടുത്തേണ്ടത്.
ന്നാലും രസമാണ് ജീവിതം;
ഉൾകൊള്ളലുകളിൽ വീർപ്പുമുട്ടാത്ത മനസ്സുണ്ടെങ്കിൽ.
വാടാനാംകുറുശ്ശി, എത്ര മനോഹരമായ ,അതോടൊപ്പം ഗൃഹാതുരത്വം തുളുമ്പുന്ന പേരുള്ളൊരു സ്ഥലം.
മയില് ,കുയില്, തവള, പാമ്പ്, പൂവ്,പൂമ്പാറ്റ, അണ്ണാൻ, ചീവീട്, പൂച്ച, തുമ്പി,മല, പുല്ല്, കാട്, പുളി, പേരക്കാ, മാങ്ങാ, കൂവ, മഞ്ഞൾ, കാന്താരി മുളക്, അസർമുല്ല,കാട്ടുമുല്ല, നുള്ളുമ്പഴം, ചക്കപ്പഴം, കീഴാർ നെല്ലി ,തുളസി, സൂര്യാസ്തമയം, ഉഷേച്ചി, ഉഷേച്ചിന്റെ പശു, മിന്നാ മിനുങ്, നീലാകാശം, നക്ഷത്രം..പിന്നെ റെയിൽവെ..
അത്രേം ഇഷ്ടപ്പെട്ടത് നുള്ളിപ്പെറുക്കിയാൽ ഇതായിരുന്നു വാടാനാംകുറുശ്ശി.
മറ്റൊരു തരത്തിൽ പറഞ്ഞാൽ വാടാനാംകുറുശ്ശിയെ മനോഹരമാക്കിയത് ഇവയെല്ലാമായിരുന്നു.
ഇപ്പൊ കോഴിക്കോടാണ്.
നേരമിരുട്ടുവോളം ഹോസ്പിറ്റൽ വരാന്തയിൽ പുഞ്ചിരികൾ അങ്ങോട്ടുമിങ്ങോട്ടും വാരിവിതറി, ഓടി ചാടി, പല പല ഭാഷകൾ, രുചികൾ, മനുഷ്യന്മാർ, പുതിയ പുതിയ അറിവുകൾ, മലർക്കെ തുറന്ന കവാടങ്ങൾ, ചാരിനിൽക്കാനുള്ള ചുമരുകൾ, ചേർത്തുപിടിക്കാനുള്ള ഹൃദയങ്ങൾ...
അങ്ങനെ അങ്ങനെ ജീവിതവും ചുറ്റുപാടും ഇങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുകയാണ്.
അല്ല, പടച്ചവൻ ഒരുക്കി തന്ന ഈ വഴികളും ദൂരങ്ങളും അതിന്റെ ഒഴുക്കിനൊപ്പം കൗതുകത്തോടെ നോക്കി കാണുകയാണ്, ആസ്വദിച്ചനുഭവിക്കുകയാണ്.
ഇവിടെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലാത്തത് കണ്ട് പലരും അന്വേഷിച്ചെത്തിയിരുന്നു. പ്രിയപ്പെട്ടവരേ, എഴുത്തും വരയും ഹൃദയങ്ങളെ തേടിയുള്ള യാത്രകളും ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളുമെല്ലാം ഇപ്പോഴും തുടരുന്നുണ്ട്. അത് പങ്കു വയ്ക്കാനുള്ള സമയം വളരെ പരിമിതപ്പെട്ടുപോയെന്നു മാത്രം.
കൂടാതെ, ദിനം തോറും തിരിച്ചറിവുകളാണ്, സ്ഥലമോ ആളുകളോ അല്ല, മറിച്ചു നിമിഷങ്ങളാണ് ജീവിതത്തെ ഏറ്റവും മനോഹരമാക്കുന്നത്.
പിന്നെ നേര് പറയാലോ, നിമിഷങ്ങൾ ഇപ്പോൾ അവന്റെയും എന്റെയും താളുകളിൽ പരസ്പരം കുറിച്ചിടുകയാണ്.
കുറെ നാൾ കഴിയുമ്പോൾ ഓർമകളിൽ നിന്നും തപ്പിയെടുക്കാമല്ലോ.
കേൾക്കാനും പറയാനും ആത്മമിത്രമായി അവൻ കൂടെയുള്ളത് വല്ലാത്തൊരു ആശ്വാസമാണ്. ആനന്ദമാണ്.
റബ്ബിനോട് നന്ദി.
ഇങ്ങനെ എന്നെ കരുതി വച്ചതിനു.
അതിനായി ഒത്തിരി പേരെ എപ്പോഴും ചുറ്റും വിന്യസിച്ചു തരുന്നതിന്.
സ്നേഹം
സുസുസുഹ്റ
Tuesday, 5 May 2020
Ias ശ്രീധന്യ
She is a wonderful human being, her family too😘😘
കഴിഞ്ഞ വർഷം യാദൃശ്ചികമായാണ് അവരുടെ വീട്ടിൽ എത്തിപ്പെടുന്നത്.. ജീവിതത്തിൽ ഇവരെയല്ലാതെ മറ്റാരെയെങ്കിലും ഇന്നേ വരെ നേരിട്ട് ചെന്ന് അഭിനന്ദിച്ചിട്ടുണ്ടോ എന്നറിയില്ല.
ഞങ്ങൾ ഒരു കൂട്ടം പെൺകുട്ടികളാണ് മലകേറി അന്ന് അവിടെ എത്തിയത്.
ഐ എ സ് എന്താണെന്നും എങ്ങനെയാണ് അതിനു പരിശ്രമിക്കേണ്ടതെന്നും ഇത്ര സുതാര്യമായി ഞങ്ങൾക്ക് പറഞ്ഞു തരാൻ അവർക്ക് കഴിഞ്ഞത് അവരുടെ ഉള്ളിലെ നല്ല മനസ്സ് മാത്രമാണ്.
സമയമുള്ളപ്പോൾ ഇനിയും വരണമെന്നും കൂടുതൽ പറഞ്ഞു തരാമെന്നും പറഞ്ഞിരുന്നു.
അമ്മയ്ക്കും അത്രക്ക് നല്ല പെരുമാറ്റവും സ്നേഹവുമായിരുന്നു.
അന്ന് ഞങ്ങൾക്ക് വെള്ളം മാറിക്കുടിച്ചു മഞ്ഞപ്പിത്തം ഒന്നും വരാതിരിക്കാൻ ചൂടാറിയ വെള്ളത്തിൽ ടാങ്ക് കലക്കിയാണ് അമ്മ കുടിക്കാൻ വെള്ളം തന്നത്. അച്ഛൻ എവിടുന്നോ ഒരു ചക്കയും ഒപ്പിച്ചു കൊണ്ട് തന്നു.
അന്നവിടെ ഒത്തിരി മാധ്യമപ്രവർത്തകർ അഭിമുഖത്തിന് വന്നിരുന്നു.
ചേച്ചി എല്ലാർക്കും ഒരുപോലെ മുഖം കൊടുത്തു കൊണ്ട് ഓടി നടക്കുവായിരുന്നു.
അച്ഛൻ മകൾക്ക് വേണ്ടിയുണ്ടാക്കിയ മൂലവത്തായ അമ്പും വില്ലും ഞങ്ങളെ കൊണ്ടും അഭ്യസിപ്പിക്കാൻ ആ കുടുംബം മറന്നില്ല. തിരിച്ചു പോരാൻ ഇറങ്ങുമ്പോഴുള്ള സംസാരത്തിനിടക്കു അച്ഛൻ എന്നോടൊരു കാര്യം ചോദിച്ചു.
"റാസിസം എന്താണെന്നു അറിയുമോ?"
ഞാൻ പറഞ്ഞു, 'അറിയാലോ വംശീയത.'
അപ്പോൾ അച്ഛൻ തിരുത്തി. 'എന്നാലത് മാത്രമല്ല.' അതിനെക്കാളുമുണ്ട് റാസിസത്തെ കുറിച്ച് മനസ്സിലാക്കാൻ.
മോളത് മനസ്സിലാക്കാൻ ശ്രമിക്കണം എന്ന് പറഞ്ഞു.
ആ നല്ല ദിനം വീണ്ടും ഓർക്കാൻ അവസരം നൽകിയ ശ്രീധന്യ ചേച്ചിയോട് ഒത്തിരി ഒത്തിരി ഇഷ്ടം🌻🦋❤️
Congratulations Sreedhanya Suresh Ias dear to dear Mam💎💎💎
Sunday, 3 May 2020
Sigh
ഉറക്കം കെടുത്തുന്ന തേങ്ങലുകളുമായ്
ചിരിക്കുന്ന മുഖപടങ്ങൾക്കടിയിലെ പുകമറകൾ പേറുന്ന എത്രയോ മനുഷ്യന്മാർ....
#smileday
Friday, 1 May 2020
മൂപ്പര് ഒരു പണിക്കും പോയില്ലെങ്കിലും കുഴപ്പല്യ.. എനിക്ക് എപ്പളും ന്റെ കണ്ണിന്റെ മുന്നില് ജീവനോടെ ണ്ടായാ മതി
മൂപ്പര് ഒരു പണിക്കും പോയില്ലെങ്കിലും കുഴപ്പല്ല്യ.. എനിക്ക് എപ്പളും ന്റെ കണ്ണിന്റെ മുന്നില് ജീവനോടെ ണ്ടായാ മതി
_____________________________
മറ്റെന്തോ ആവശ്യത്തിനായി തിരക്കിട്ട് മുകളിലേക്ക് ഓടുന്നതിനിടക്കാണ് മൂന്നാം നിലയിൽ വച്ച് ഒരു ഉമ്മ എന്നെ പിന്നിൽ നിന്നും വിളിക്കുന്നത്.
"മോളെ ആരേലും ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ടോ?"
"ഇല്ല ഉമ്മാ .ഞാനിവിടെത്തെ സ്റ്റാഫാണ്. എന്താ കാര്യം?"
ഞാൻ കാര്യമന്വേഷിച്ചു.
" മോളെ ഇവിടെ നോമ്പ് തുറക്കാനുള്ള ഭക്ഷണം കിട്ടുമോ?"
"ആ ഉമ്മാ, താഴെ A O യുടെ റൂമിൽ നിന്നും കൂപ്പൺ കിട്ടും. അതും കൊണ്ട് കുറച്ചു കഴിഞ്ഞു മെസ്സിന്റെ അവിടെ ചെന്നാൽ ഭക്ഷണം പാർസൽ കിട്ടും"
"ഉപകാരായി മോളെ, ഞാന് ന്റെ ഭർത്താവിന്റെ കൂടെ വന്നതാ, മൂപ്പർക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. ഡയാലിസിസ് കഴിഞ്ഞു വീടെത്തുമ്പോഴേക്ക് ബാങ്ക് കൊടുക്കും. പിന്നെ ക്ഷീണം ഒക്കെ മാറി ഭക്ഷണം ഉണ്ടാക്കുമ്പോഴേക്കും സമയം വൈകും, ഹോട്ടലുകളും അന്നേരം ഇണ്ടാവൂല്ലല്ലോ"
"അത് സാരല്യമ്മാ, രണ്ടാൾക്കുമുള്ള ഭക്ഷണം ഫ്രീയായിട്ടു കിട്ടും ട്ടാ..
ന്നിട്ട് എവിടെയാണ് ഇങ്ങളെ വീട്?"
"കുറച്ചു ദൂരെയാ, ഞങ്ങള് വണ്ടി വിളിച്ചു വരുന്നതാ.. ദിവസവും വണ്ടി ചാർജ് 1500 രൂപ ആകും.
സാധാരണ ബസിൽ ആയിരുന്നു വന്നിരുന്നത്. ഇപ്പൊ ബസില്ലല്ലോ.."
"അപ്പൊ ന്നാ ഇങ്ങളെ നാട്ടിലുള്ള ഡയാലിസിസ് സെന്ററിൽ പോകായിരുന്നില്ലേ ?"
"ഇക്കാക്ക് ഇവിടെ വരാനാണ് ഇഷ്ടം. ടെസ്റ്റിനും ഡയാലിസിസിനുമൊക്കെ ഇവിടെ ചാർജ് നല്ലോണം കുറവല്ലേ. പിന്നെ കുറേ കൊല്ലായി വരുന്നത് കൊണ്ട് ഇവിടുത്തെ ആൾക്കാരുമായും നല്ല കൂട്ടായി.പിന്നെ ഇവിടുത്തെ ഡോക്ടറെ തന്നെ കാണിച്ചാൽ മതീന്നാ മൂപ്പര് പറയാ"
"മ്ം , ന്നിട്ട് കൊറോണ ഒക്കെ ആയിട്ട് ഹോസ്പിറ്റലിൽ വരാൻ ങ്ങക്ക് പേടില്ലേ ?" ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.
"ഏയ്.. ആദ്യമൊക്കെ പേടിണ്ടായിരുന്നു.പിന്നെ മാസ്ക് ഇട്ട് വരും. കയ്യ് കഴുകും. വീട്ടിൽ എത്ത്യാ അപ്പൊ കുളിക്കും.
പിന്നെ ഈ ഡയാലിസിസ് വാർഡിന് അകത്തും പുറത്തും നോക്കിയേ..തിരക്കിന് ഒട്ടും കുറവില്ലല്ലോ.
നമ്മളെ നോക്കണ മക്കൾക്കും ഒരു ഒഴിവില്ലാല്ലോ.. ഓരൊക്കെ ഓടിപ്പായണത് കണ്ടില്ലേ.. ഞങ്ങളെ പോലെ ഇഷ്ടം പോലെ പേരുണ്ട് ഒരുപാട് ദൂരത്ത് നിന്നും ഇഖ്‌റാ ഹോസ്പിറ്റലിലേക്ക് വണ്ടിക്കൂലിം കൊടുത്തു വരുന്നത്."
എനിക്ക് അത് ശെരിയാണെന്നു തോന്നി.
"എന്നിട്ട് ഇങ്ങളെ ഇക്കാക് ഇപ്പൊ എങ്ങിനുണ്ട്.?"
"Alhamdulillah, ഡയാലിസിസ് കൃത്യായി ചെയ്യുന്നൊണ്ട് ഇങ്ങനെ പോകുന്നു."
"ഇക്ക ജോലിക്ക് പോകുന്നുണ്ടോ?"
"ആദ്യം പോയിരുന്നു. Welder ആയിരുന്നു."
"ആഹാ..ഇപ്പൊ മക്കള് ണ്ടാവും ല്ലേ കുടുംബം നോക്കാൻ..?"
"ഇല്ല മോളെ.. ഞങ്ങൾക്ക് മക്കളില്ല.
അതല്ലേ നോമ്പായിട്ടും ഞാൻ തന്നെ കൂടെ വരുന്നത്.
ബന്ധുക്കളൊക്കെ കൂടെ വരണോന്നു ചോദിക്കാറുണ്ട്. ഞാൻ വേണ്ടാന്ന് പറയും. മക്കളുണ്ടേൽ അവരെ ഇടക്കെങ്കിലും ഇക്കാന്റെ കൂടെ വിടായിരുന്നു ല്ലേ?"
കുറച്ചു നേരത്തേക്ക് എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
ആ മൗനത്തിന് വിരാമമിട്ട് കൊണ്ട് അവർ തുടർന്നു.
"മൂപ്പര് ഒരു പണിക്കും പോയില്ലെങ്കിലും കുഴപ്പല്യ.എനിക്ക് എപ്പളും ന്റെ കണ്ണിന്റെ മുന്നില് ജീവനോടെ ണ്ടായാ മതി. ഇങ്ങനെ മിണ്ടീം പറഞ്ഞും...
ഇക്കാക്ക് ദീർഘായുസ്സ് കിട്ടാൻ മോള് പ്രാർത്ഥിക്കണേ..?"
"തീർച്ചയായും ഉമ്മാ.. ഞാൻ പ്രാർത്ഥിക്കും.. ശെരി.. മ്മക്ക് ഇടക്കൊക്കെ കാണാം ട്ടൊ.
താഴെ പോയി കൂപ്പൺ മേടിക്കാൻ മറക്കണ്ടാ ട്ടൊ.."
അത്രേം പറഞ്ഞു ഞാൻ മുകളിലേക്ക് കയറി.
ആ ഉമ്മ അവസാനം പറഞ്ഞ വാക്ക് ഇപ്പോഴും മനസ്സിലിങ്ങനെ തൂങ്ങിയാടുകയാണ്.
സ്നേഹം
സു സു സുഹ്റ