Monday, 24 June 2019

വാതിൽ

ഇത്രേം മലർക്കെ തുറന്നു വെച്ചിട്ടും ഇവുടുന്നങ്ങ് കടക്കാനും പറ്റുന്നില്ല, ഇങ്ങോട്ടാരും വരുന്നുമില്ല.
മനുഷ്യന്മാരുടെ മുഖത്ത് നോക്കി സംസാരിക്കാൻ, ചിരിക്കാൻ ഒക്കെ കൊതിയാവുന്നു.

പകർച്ചവ്യാധി

നെഞ്ചിലെ നീറ്റൽ ഒരു തരം പകർച്ചവ്യാധിയാണ്,
പ്രിയപ്പെട്ടവരിൽ നിന്നും
പ്രിയപ്പെട്ടവരിലേക്ക് പകരുന്നത് .
#

Ammikkall

കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ കല്യാണം കഴിഞ്ഞു വരുന്ന വഴി പൊടുന്നനെ നല്ലൊരു മഴ പെയ്തപ്പോൾ  അയൽവാസികളൊക്കെ ഒന്നിവിടെ കൂടിയിരുന്നു.
ശക്തിയായ കാറ്റും മഴയും.
കൂടാതെ ഇവിടുത്തെ ബഹളവും.
എനിക്ക് വല്ലാത്ത സന്തോഷായി.
കുറെ നാളായി വീട്ടിലേക്ക് പുറത്ത് നിന്നും ആരെങ്കിലുമൊക്കെ വന്നിട്ട്.
'കല്യാണപ്പെണ്ണു ചമ്മന്തി അരക്കുമ്പോൾ അമ്മിക്കല്ലുമ്മന്നു തേങ്ങാ വാരി തിന്നിട്ടുണ്ടാവും, അതാണ് ഇമ്മാതിരി മഴ' , കൂട്ടത്തിൽ ആരോ ചിരിച്ചു കൊണ്ട് പറഞ്ഞു.
'അയ്യോ, മെല്ലെ പറ, ഓള് കേക്കണ്ട' എന്നും പറഞ്ഞു എല്ലാരും  കുടുകുടാ ചിരിക്കാൻ തുടങ്ങി.
ഞാനതും കേട്ട് അന്തം വിട്ട് നിൽക്കുമ്പോഴതാ അടുത്ത വർത്താനം,
'ആഹാ, സുഹ്റയ്ക്ക് നീണ്ട താടി ആണല്ലോ', എന്നും പറഞ്ഞു ന്റെ താടിയിൽ ഓമനിക്കുന്നു ഉഷേച്ചി.
ആ വാത്സല്യത്തിലിങ്ങനെ പുളകം കൊണ്ട് ഞാൻ പരിഭവം പറഞ്ഞു, 'പക്ഷെ കുഞ്ഞു നെറ്റിയാ ല്ലേ..'
'അതിനെന്താ, നീണ്ട താടിയുള്ളോര് ഫേമസ് ആകുംന്നാ..'
'ആഹാ..അങ്ങനെ ഒക്കെ ണ്ടോ..
ഏത് തരത്തിലാണാവോ..'
ഞാൻ ആശങ്കപ്പെട്ടു.
'ഏയ് എന്താ കുട്ടീ, ഈ പറയണേ..
ഇയ്യ് നല്ല പേരിലെന്നെ ഫേമസ് ആവുള്ളൂ.ഞങ്ങക്ക് ഒറപ്പാ..'
'ആഹാ..ന്നാ കുഴപ്പല്യ..'
ഞാനും സമാധാനിച്ചു.
പിന്നേം പിന്നേം മഴ പെയ്തോണ്ടിരുന്നു...🦋

Saturday, 22 June 2019

അതിഥി

ഇടങ്ങൾ പ്രിയമുള്ളതായി മാറുന്നത് ആതിഥേയന്റെ സ്വീകരണം കൊണ്ടത്രേ ,
എന്റെ ആതിഥേയനെത്ര  വിശാലതയുള്ളവൻ,
വിഭവ വൈവിഥ്യം  കൊണ്ടെന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു .
ക്ഷണിക്കപ്പെട്ട വിരുന്നുകാരി ഏറെ തൃപ്തിപ്പെട്ടിരിക്കുന്നു.

Suhara talash

കോഴിക്കോട്ടെ സാംസ്കാരിക സദസ്സുകളിലും പൊതുവേദികളിലും ഇന്ന് ഏറെ സുപരിചിതമായ ഒരു മുഖമുണ്ട്‌. ഒരു പൂച്ചക്കണ്ണിയുടേത്‌. അതിമനോഹരമായി ചിരിക്കാനറിയാവുന്ന തട്ടമിട്ടൊരു പൂച്ചക്കണ്ണി. അവൾ അവളെ സുഹറ എന്ന് വിളിച്ചു… കൂട്ടുകാരും നാട്ടുകാരും അവളെ സൂ.. സൂ.. എന്ന് വിളിച്ച്‌ തുടങ്ങി. അങ്ങനെ കോഴിക്കോട്ട്‌ അവൾ സു സു സുഹറയായി…

ഇന്നിപ്പൊ സുഹറയ്ക്ക്‌ മേൽവിലാസങ്ങൾ പലതാണ്. കൈവിരലുകളുടെ അഭാവത്തില്‍, കാലുകള്‍ കൊണ്ട് ജീവിതത്തിന് വ്യത്യസ്ത നിറങ്ങളേകിയ ഉമ്മുല്‍കുല്‍സു എന്ന ഉല്ലുവിനെ ലോകത്തിനു പരിചയപ്പെടുത്തുക വഴി സ്നേഹനിധിയായ സുഹറയെന്ന പെൺകുട്ടിയെ ലോകമറിഞ്ഞു. കൂടുവിട്ട്‌ കൂടു തേടി അലഞ്ഞ ഒരു ദേശാടനക്കിളിയായി പലയിടത്ത്‌ പാറി നടന്ന സുഹറ ചികഞ്ഞെടുത്തത്‌ ഒരുപാടൊരുപാട്‌ രത്നക്കൂട്ടമാണ്. വിലപിടിപ്പുള്ള രത്നക്കല്ലുകൾ പോലെ പല നിറങ്ങളിലുള്ളത്‌. തഴയപ്പെട്ടുപോയ സ്വപ്നങ്ങൾക്ക്‌ വീണ്ടും നിറം ചാർത്തിക്കൊടുത്ത്‌ ആ രത്നങ്ങളെ വെട്ടിത്തിളങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ട്‌ സുഹറ, ഉല്ലുവിനെപ്പോലെ ഒരുപാട്‌ ജീവിതങ്ങളെ. പലരെയും കണ്ട്‌ മുട്ടിയത്‌ യാത്രകളിലൂടെ. ചിലത്‌ ആകസ്മികം, മറ്റുചിലത്‌ അവിചാരിതം. ഇനിയുള്ള ചിലരെ തേടിച്ചെന്നിട്ടുമുണ്ട്‌ സുഹറ. എന്തെന്നാൽ സുഹറക്ക് ഒതുങ്ങിക്കൂടലിന്റെ മടുപ്പുകളെ മറികടന്ന് ഹൃദയങ്ങളെ തേടി അവയ്ക്കൊക്കെയും മേൽ വിലാസങ്ങൾ ചാർത്തിക്കൊടുക്കാനാണിഷ്ടം.

ഇന്നിപ്പൊ സുഹറ വാചാലയാവുകയാണ്. തന്റെ യാത്രകളെപ്പറ്റി കണ്ടുമുട്ടിയവരെപ്പറ്റി അവർക്ക്‌ അവൾ തണലായതിനെപ്പറ്റി തന്റെ തന്നെ ജീവിതയാത്രയെപ്പറ്റി.

ഇന്ന് (നവംബർ 27) വൈകീട്ട്‌ 6 മണിക്ക്‌ കോഴിക്കോട്‌ ചാലപ്പുറം ഇ. എസ്‌. ഐ ഹോസ്പിറ്റലിന് മുൻ വശത്തുള്ള മെന്റൽ ഹെൽത്ത്‌ ആക്ഷൻ ട്രസ്റ്റിൽ (MHAT) വെച്ച്‌ ‘തലാഷ്‌’ (TALAASH) എന്ന പേരിൽ റോട്ടറി സെന്റർ ഫോർ അർബ്ബൻ എൻഗേജ്‌മന്റ്‌ (R-CUE) ആണ് ഈ സംഭാഷണ പരിപാടി സംഘടിപ്പിക്കുന്നത്‌ .

സുന്ദരമായ ലോകത്തെ കാണാൻ ഏറെ ഇഷ്ടമാണ് സുഹറയ്ക്ക്‌. തന്റെ ജീവിതം മാറ്റുള്ളതാക്കുന്നത്‌ ഇത്തരം യാത്രകളാണെന്ന് സുഹറ വിശ്വസിക്കുന്നു. യാത്രകൾ വഴി ദൂരങ്ങളെ കീഴടക്കുന്നതിനേക്കാളും ഹൃദയങ്ങൾ കീഴടക്കാനാണ് സുഹറയ്ക്കിഷ്ടം. അതുകൊണ്ട്‌ തന്നെ ഹൃദയങ്ങൾ തേടിയുള്ള യാത്രകൾ എന്ന് തന്റെ യാത്രകളെ സുഹറ വിശേഷിപ്പിക്കുന്നു. ഇത്‌ വഴി സാമൂഹ്യമായ ശാക്തീകരണമാണ് (Social Empowerment) ഇവരുടെ ഉദ്ദേശ്യം. നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന എന്നാൽ മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്നവരെ തിരഞ്ഞ്‌ പിടിച്ച്‌ അവർക്ക്‌ ഏതെങ്കിലും തരത്തിലുള്ള ശേഷി കൈവരിക്കാൻ സഹായിച്ച്‌ മുഖ്യധാരാ മുഖങ്ങളുടെ ഒപ്പം ചേർത്ത് നിർത്തുക എന്നതും സുഹറയുടെ ലക്ഷ്യമാണ്.

എന്നാലും സ്വയം ആശയങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ താനനുഭവിക്കുന്ന അറച്ചു നിൽപ്പിനെ അഥവാ ശങ്കയെ ‘വിക്കാ’ യി സുഹറ കണക്കാക്കുന്നു. ആ ‘വിക്ക്‌’ ഇന്നും നില നിൽക്കുന്നതിനാൽ ആണ് താൻ ‘സു സു സുഹറ’ എന്ന രസാവഹമായ പേരു കൈക്കൊണ്ടതെന്നും അവർ പറയുന്നു.

പട്ടാമ്പി, വാടാനാംകുറിശ്ശിക്കാരി കെ. പി തസ്ലീന എങ്ങനെ സുഹറയായി എന്നത്‌ മുതൽ അവരുടെ ജീവിതം, തേടിനടക്കലുകളുടെ കഥകൾ, കണ്ട്‌ പരിചയപ്പെട്ട്‌ കൂടെക്കൂട്ടിയവരുടെ കഥകൾ ഇങ്ങനെ പലതിനെപ്പറ്റിയും അവർ ഇന്ന് വാചാലയാവുന്നു ഒപ്പം കൂടാനും കേൾക്കാനും നമുക്കും പോവാം ല്ലേ സു സൂ ന്റടുത്ത്

Friday, 21 June 2019

തുഴ

മനസ്സ് ഏതോ ഒരു ഒഴുക്കിൽ പോണു, തുഴയാതെ തന്നെ

Tuesday, 18 June 2019

മരം

പടർന്നു പന്തലിച്ച ചില്ലകളിലെ
തണലായിരുന്നു
നാം തേടിയത്.

ചില്ല തേടിയതോ,
പടരാനാവശ്യമായ
വായുവും വെളിച്ചവും !

#ബന്ധങ്ങൾ

Monday, 17 June 2019

നുര

ചില നേരത്ത് എന്റെ പാനപാത്രം
നിറഞ്ഞു കവിഞ്ഞെന്നു ഞാൻ ധരിക്കും,
നുണഞ്ഞു തുടങ്ങുമ്പോഴാണറിയുക-
അതിൽ സിംഹഭാഗവും
നുരയും പതയുമായിരുന്നെന്ന് !
#ബന്ധങ്ങൾ

Sunday, 16 June 2019

തയ്യാറെടുപ്പ്

തയ്യാറെടുക്കുകയാണ്,
ആഴിയിലേക്ക് ഊഴമിടാൻ

എല്ലായ്പ്പോഴും വെളിച്ചം ണമെന്നില്ല
ചിലപ്പോൾ ഇരുട്ടുള്ള ആഴിയിലേക്കും

ഇരുട്ടും വെളിച്ചവും അവർക്ക് കാണിക്കപ്പെട്ടു.
അധികമാളുകളും
വെളിച്ചത്തിലേക്ക് നടന്നു
ഇത്തിരി ആളുകൾ
ഇരുട്ടുള്ള ആഴിയിലേക്ക് ഊളിയിട്ടു.
പരസ്പരം കാണാൻ കഴിഞ്ഞവർ ആഴത്തിലേക്ക് മുങ്ങിയവനെ ഭീരുവെന്ന് ആക്ഷേപിച്ചു.
ഇരു കൂട്ടരെയും തിരിച്ചു വിളിയ്ക്കപ്പെട്ടു.
അടുത്തെത്തുമ്പോഴേക്ക്
വെളിച്ചമേന്തിയവന്റെ തിരി- കേടാറായിരുന്നു.
മുങ്ങിത്തപ്പിയവന്റെ കയ്യിൽ മുത്തും പവിഴവും ഭദ്രവുമായിരുന്നു !

വെളിച്ചം തന്നെയാക്കില്ല,
ചിലപ്പോഴൊക്കെ ഇരുട്ടുള്ള ആഴിയുമാകാം ലക്ഷ്യം
മുങ്ങിത്തപ്പിയാൽ മുത്തും പവിഴവും കിട്ടുന്നിടം

Friday, 14 June 2019

ബന്ധങ്ങൾ

നിനച്ചിരിക്കാത്ത മഴയിൽ മുളച്ചു പൊന്തിയതൊക്കെയും നട്ടുനനച്ചതിനേക്കാൾ വേഗത്തിൽ
കൊത്തിയെടുക്കപ്പെടും,
ദാക്ഷണ്യമൊട്ടുമില്ലാതെ തന്നെ !

#ബന്ധങ്ങൾ

സ്വപ്നം

എത്ര എത്ര അനുഭവങ്ങളാണ് സ്വപ്നമായിരുന്നെങ്കിൽ എന്ന് നിനച്ചു പോയത്, എത്ര എത്ര വേദനകളാണ് പ്രിയപ്പെട്ടവർ നമ്മളെ പറ്റിക്കാൻ, സർപ്രൈസ് തരാൻ ഒക്കെ ചെയ്യുന്നതാവും എന്ന് വിചാരിച്ചത്.വർഷങ്ങൾ അനുഭവിച്ചിട്ടും അനുഭവങ്ങളെല്ലാം ഇപ്പോഴും സ്വപ്നമാവേണേ എന്ന് നിനച്ചു കാത്തിരിക്കുന്നത്..

ഭൂതം

ഭൂതത്തിൽ ഉന്മാദിക്കുമ്പോളോർക്കുന്നില്ലല്ലോ ഭാവിയിലേക്കുള്ള
വിഷാദത്തിന്റെ വിത്തുകളാണിന്ന് നാം പാകിയതെന്നു.

Tuesday, 11 June 2019

Mazha

മുറ്റത്തും ചുറ്റിലും
വറ്റിയതൊക്കെയുമൊ-
രിറ്റു തുള്ളിയാൽ
കിളിർത്തപ്പോൾ,
നമ്മുടെയീ
കാത്തിരിപ്പു മാത്രമെന്തേ
വരണ്ടിരിപ്പൂ,നീണ്ടിരിപ്പൂ !

Monday, 10 June 2019

ഏകാന്തത

സ്വകാര്യത ഇഷ്ടപ്പെടുകയും
ഏകാന്തത ഇഷ്ടമില്ലാത്തതുമായ ഒരാൾക്ക് ഒരു മനുഷ്യ സാന്നിധ്യം എപ്പോഴും ആവശ്യമാണ്.

മൂടി

മുളച്ചു പൊന്തീട്ടുണ്ട്,
കുഴിച്ചു മൂടിയതിന്റെ പുറത്തൊക്കെയും !
തൽക്കാലത്തേക്കെങ്കിലും .

Sunday, 9 June 2019

വിശ്വാസം

വിശ്വാസം ആശ്വാസമാണ്,
അതിലൊരല്പം പ്രായോഗികതകൂടെയുണ്ടെങ്കിൽ
അല്ലെങ്കിൽ എല്ലാം നിശ്വാസമായി പോവും !

ദൃക്‌സാക്ഷി

എവിടെയോ പെയ്യുന്നൊരു മഴയും
ആരോ ആർക്കോ വേണ്ടി പാടിയ വരികളും ആ പ്രണയത്തിൽ ദൃക്‌സാക്ഷിയായി ഇവിടൊരാളും❤️

Monday, 3 June 2019

മൗനം

മൗനത്തോളം മൂർച്ചയേറിയൊരു ആയുധം
നോട്ടത്തോളം ശക്തിയേറിയൊരു പരിചയും അവളിലുണ്ടായിരുന്നു

പ്രണയം വരി

"വരികൾ എങ്ങനെയുണ്ട്?"
"ഗംഭീരം"
"വരികൾക്കിടയിലെ പ്രണയമോ?"
മൗനം . . .

ദാഹം

ദാഹിക്കുന്നവനിവിടെ
പാനീയമില്ലല്ലോ,
പാനപത്രത്തിന്റെ
പുറംമോഡിയിലത്രേ
നിറവിനുള്ള അളവുകോൽ !