കുട മാറ്റങ്ങൾ
ചുമരിന്റെ മൂലക്കല് ചാരി വച്ച കുടയിലേക്ക് മൂത്തമ്മാടെ മടിയിൽ ഇരുന്നുകൊണ്ട് ചാടിപിടിക്കാൻ ഹിറമോൾ കുറേനേരമായി ശ്രമിക്കുകയാണ്.
അന്നേരം മൂത്തമ്മ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു.
'മ്മച്ചിന്റെ കുട്ടിക്ക് കൊട ചൂടി മുറ്റത്ത്കൂടെ നടക്കണോ?
പണ്ടൊക്കെ ഞങ്ങള് കൊട കജ്ജില് പുടിച്ചാതെ പൊറത്ത്ക്ക് എറങ്ങൂലായിന്.'
അന്നേരം ഞാനെന്തോ ഓർത്തിട്ടെന്ന പോലെ മൂത്തമ്മാന്റെ മുഖത്തേക്ക് നോക്കി.
അതെ, ശെരിയാണ്.കുറച്ചു നാൾ പിന്നിലേക്ക് ഓർത്തെടുത്തപ്പോൾ കയ്യില് ഒരു കുഞ്ഞു ടവലും ജ്വല്ലറി പേഴ്‌സുംകൂടി ചുരുട്ടി പിടിച്ച് റോഡരികിലൂടെ കുടയും ചൂടി, തലയും താഴ്ത്തി നടന്ന് പോയിരുന്ന ഒരുപാട് പെണ്ണുങ്ങളെ ഓർമ വന്നു.
കഴിഞ്ഞുപോയ കാലത്തിലെ ചില മിന്നായങ്ങളുടെ നുരയും പതയും ഓർത്തെടുക്കാൻ കഴിഞ്ഞതിൽ ഞാനൊന്നു ആശ്ചര്യപ്പെട്ടു. അതെന്റെ കണ്ണുകളിൽ ,ചുണ്ടുകളിൽ,കവിളുകളിൽ സന്തോഷം പടർത്തി.
മൂത്തമ്മ ഗദ്ഗദത്തോടെ സംസാരം തുടർന്നു.
അതിന്റെ ഉള്ളടക്കമിങ്ങനെയായിരുന്നു.
'ഇന്നിപ്പോൾ മഴ പെയ്യുമ്പോൾ മാത്രമാണ് കുടചൂടുന്നത്.
അന്ന്, കുട ഒരു മറവായിരുന്നു. അന്യരുടെ തുറിച്ചു നോട്ടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, അന്യരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാതിരിക്കാൻ, വെയിലും മഴയും എതിരേൽക്കാൻ, വല്ല നായയെ പാമ്പോ എതിരെ വന്നാൽ ആട്ടി പായിപ്പിക്കാൻ, ബസിലും കല്യാണ വണ്ടിയിലും ആശുപത്രിയിലുമൊക്കെ സ്ഥലം പിടിക്കാൻ, പൊതുഇടങ്ങളിൽ ഇരിക്കുന്നതിന് തൊട്ടുമുന്നേ പൊടിയും വെള്ളവുമൊക്കെ തൽക്കാലത്തേക്ക് ഒന്ന് തൂക്കാൻ...അങ്ങനെ ഒരുപാട് ഉപകാരങ്ങളുണ്ടായിരുന്നു.'
സംസാരത്തിനിടക്ക് ഉമ്മ മൂലക്കലിരുന്ന ആ കുടയും കൊണ്ട് മുറ്റത്തേക്കിറങ്ങി.
കുടനിവർത്തി, അതിന്റെ പിടിയുടെ അറ്റം അയലിൽ കെട്ടിയിട്ടു. കുത്തനെ തൂങ്ങി കിടക്കുന്ന കുടയുടെ ഉൾവശത്ത് ഹിറമോളുടെയും ഹിമമോളുടെയും അലക്കിയ കുഞ്ഞുടുപ്പുകൾ ഉണങ്ങാനായി വിരിച്ചിട്ടു.
ശേഷം അകത്തേക്ക് കയറി വന്നു.
'ഇന്നിപ്പോൾ പാഞ്ഞുവരുന്ന വണ്ടികള് കാരണം കുട ചൂടി റോട്ടുമ്മക്കൂടെ നടക്കാൻ തന്നെ പേടിയാണ്. ഇനി വല്ലപ്പോഴും ഒന്ന് കയിൽപിടിച്ചാലോ അതെവിടേലും മറന്ന് വച്ചിട്ട് പോരും ചെയ്യും' ഉമ്മയും കൂട്ടിച്ചേർത്തു.
ശെരിയാണ് കുട കാലഘട്ടത്തിന്റെ മാറ്റങ്ങളുടെ അടയാളപ്പെടുത്തൽ തന്നെയാണ്.
കോരിച്ചൊരിയുന്ന മഴയത്ത് നിന്ന് സ്കൂളിലേക്ക് കയറിച്ചെല്ലുമ്പോൾ നഷ്ടപ്പെട്ട് പോകുമോയെന്നു പേടിച്ചു , നഷ്ടപ്പെട്ടാൽ ഇനി രണ്ട് കൊല്ലം കഴിഞ്ഞേ അടുത്ത കുട വാങ്ങിക്കാൻ വീട്ടിൽ തരമുള്ളൂ എന്ന് ഓർത്തിട്ട്, നനഞ്ഞ കുട നേരെ പ്ളാസ്റ്റിക് കവറിലേക്കിട്ടു പിന്നീട് അത് പുറത്തേക്ക് എടുക്കുമ്പോൾ പൂച്ചമൂത്രത്തോട് സാദൃശ്യമുള്ള ഒരു മണമുണ്ട്. അതുമൊരു കാലത്തിന്റെ അടയാളപ്പെടുത്തൽ തന്നെയായിരുന്നു.