ചിലപ്പോഴൊക്കെ എനിക്ക് പലതിനോടും പലരോടും കോംപ്ലക്സ് തോന്നാറുണ്ട്..
അതങ്ങനെ കത്തി കേറി കേറി ഓരോന്ന് ആലോചിച്ചു കൂട്ടി ഒരുതരം ലോണ്ലിനെസ്സ് ഫീൽ ചെയ്യും...
ഓടി ഓടി തളരാനുള്ള പ്രായമായിട്ടില്ലേലും വല്ലാതൊന്നു കിതക്കുമ്പോൾ തോന്നും അരികത്തൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന്..
കടമകളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും
ആലോചിച്ചാലോചിച്ചു തല പെരുകുമ്പോൾ തോന്നും എന്റെ ഈ നീണ്ട മുടി സ്നേഹത്തോടെ തലോടി തലോടി ഭംഗിയിലൊന്നു ഒതുക്കി തന്നു ഇവയോടൊക്കെ എങ്ങനെ നീതി പുലർത്താം എന്ന് മാർഗനിർദേശം തന്നു എന്നെ ആശ്വസിപ്പിക്കാൻ ഒരാൾ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഇടയ്ക്കിടെ ആലോചിച്ചു പോകും..
മൈഗ്രേൻ വന്നു വെളിച്ചവും ശബ്ദവും കേൾക്കുമ്പോൾ എനിക്ക് പൊട്ടിത്തെറിക്കാൻ തോന്നും..അന്നേരം എന്റെ അരികിൽ വന്നു ചൂടുള്ളതോ തണുപ്പുള്ളതോ ആയ വെള്ളം തുണിയിൽ മുക്കി എന്റെ നെറ്റിതടത്തിൽ വച്ച് ആ ടേബിൾ ഫാൻ എന്റെ തലക്ക് നേരെ തിരിച്ചു വച്ച് കുളിര്മയേകുന്ന സമാധാനമേകുന്ന കാറ്റും വചനവും നല്കാൻ ഒരാൾ അരികത്തുണ്ടായിരുന്നണെങ്കിലെന്നു കൊതിച്ചു പോകാറുണ്ട്...
കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ വീട്ടിൽ അതിഥിയായി ഓരോ തവണയും കടന്നു ചെല്ലുമ്പോഴും എന്നെ പോലെ ഒരതിഥി അല്ലെങ്കിൽ അതിഥികൾ ഇച്ചിരി സ്നേഹം പങ്കു വയ്ക്കാൻ ഈ വീട്ടിലും കയറി വന്നിരുന്നെങ്കിലെന്നു പ്രാർത്ഥനയോടെ കൊതിക്കും..
കയ്യിൽ കിട്ടുന്ന ഓരോ കുഞ്ഞിനേയും കൊഞ്ചിക്കുമ്പോൾ ആ നിഷ്കളങ്ക മുഖത്തെ പ്രകാശവും നിർവൃതിയും കണ്ടനുഭവിക്കുമ്പോൾ എനിക്ക് ഇത് കിട്ടാതെ പോയല്ലോ എന്നും ആ കടം എന്നോട് തീർക്കാൻ ഒരാൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്നും ഇടയ്ക്കിടെ തോന്നും..
ചില വീടുകളിലൊക്കെ പോകുമ്പോൾ അവിടുത്തെ പുരുഷന്മാർ തൊടിയിലെ കാര്യങ്ങൾ നോക്കുന്നതും വീട്ടിലേക്കുള്ള സാധനങ്ങൾ വേടിച്ചു കൊണ്ട് വരുന്നത് കാണുമ്പോഴും വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നത് കാണുമ്പോഴും വര്ഷങ്ങളായി ഉപ്പാക്കും ഇപ്പോൾ ഞങ്ങൾക്കും വല്ലാണ്ട് നഷ്‌ടമായ ആ മണ്ണിന്റെയും വീടിന്റെയും മഹിമയും ഒരുമയും ഓർത്തു ഉപ്പനോട് സഹതാപവും എന്നോട് നഷ്ടബോധവും തോന്നും..
ഓരോ കൈകളിലും മെഹന്ദി ഡിസൈൻ വരക്കുമ്പോഴും എന്റെ കയ്യിൽ വെറുതെ എങ്കിലും വട്ടത്തിലൊരു മൈലാഞ്ചി വച്ച് തരാൻ ഒരാളുണ്ടായില്ലല്ലോ എന്ന് പരിഭവിക്കും...
ഈ പരിഭവങ്ങളൊക്കെ ആരോടും ചോദിച്ചു വാങ്ങാനോ തട്ടിയെടുക്കാനോ തോന്നുന്നില്ല...മനസ്സറിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്ന് ഇങ്ങനെ അതി മോഹിക്കും...
ഇനി ഇതൊക്കെ വായിച്ചിട്ട് ചിലരൊക്കെ പറയും കല്യാണപ്രായമായി എന്ന്..
ഈ മോഹങ്ങളൊക്കെ നിറവേറ്റാനാണ് കല്യാണമെങ്കിൽ എനിക്കതിനോട് തീരെ താല്പര്യമില്ല..കാരണം ഇവയൊന്നും സ്ഥിരമായോ ഇച്ഛക്കാനുസരിച്ചോ നേടിയെടുക്കാനോ പിഴുതു മാറ്റാനോ പറ്റുന്നതല്ല..കല്യാണം കഴിക്കാൻ മാത്രമുള്ള പക്വതയും ധൈര്യവും ശ്രദ്ധയും എനിക്കിപ്പോഴും ആയിട്ടില്ല...
സ്വപ്ന സാക്ഷാത്കരത്തിൽ ആൺ പെൺ വേര്തിരിവില്ല..എങ്കിലും ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം എന്റെ ഉത്തരവാദിത്തങ്ങളാണ്.. അത് കൊണ്ട് തന്നെ അത് സമയബന്ധിതമായി നിറവേറ്റൽ എന്റെ ബാധ്യത കൂടിയാണ്..കൂടാതെ തന്നെ എന്നെ പോലെ ആരോഗ്യവും വിവരവും ഉള്ളവർ എന്നേക്കാൾ നന്നായി പ്രവർത്തിക്കുന്നത് ഞാൻ നേരിട്ട് കണ്ടത് കൊണ്ട് തന്നെ നാളെ പടച്ചോൻ അവരുമായി എന്നെ താരതമ്യം ചെയ്യുമ്പോൾ ഞാൻ മടപിടിച്ചവളായെന്നും അനുവദിച്ച ആരോഗ്യവും സമയവും ദുർവിനിയോഗിച്ചു എന്നും റബ്ബ് എന്നെ മുദ്ര കുത്തുന്നതിനെ ഞാൻ ഭയപ്പെടുന്നു..
കാഴ്ചകൾ കാണാൻ കണ്ണും കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ ഹൃദയവും ശബ്ദങ്ങളിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കാൻ ഇരു ചെവികളും അഴുക്കും സുഗന്ധവും വേർതിരിച്ചറിയാൻ മൂക്കും നല്ലതും കേട്ടതും തിരിച്ചറിഞ്ഞു അനുമോദിക്കാനും പ്രതികരിക്കാനും നാവും അക്ഷരങ്ങളും എനിക്ക് മുന്നിൽ വിശാലമായി തന്ന നാഥനോട് എനിക്ക് അളവറ്റ നന്ദിയും കടപ്പാടും നിര്വഹിക്കേണ്ടതുണ്ടു.
No comments:
Post a Comment