Friday, 20 October 2017

Nilav

ഈ നിലാവിങ്ങനെ നീങ്ങി കൊണ്ടിരിക്കുന്നു..
അതേ ശോഭയിൽ വീണ്ടും തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നു..

Complex

ചിലപ്പോഴൊക്കെ എനിക്ക് പലതിനോടും പലരോടും കോംപ്ലക്സ് തോന്നാറുണ്ട്..
അതങ്ങനെ കത്തി കേറി കേറി ഓരോന്ന് ആലോചിച്ചു കൂട്ടി ഒരുതരം ലോണ്ലിനെസ്സ് ഫീൽ ചെയ്യും...
ഓടി ഓടി തളരാനുള്ള പ്രായമായിട്ടില്ലേലും വല്ലാതൊന്നു കിതക്കുമ്പോൾ തോന്നും അരികത്തൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന്..

കടമകളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും
ആലോചിച്ചാലോചിച്ചു തല പെരുകുമ്പോൾ തോന്നും എന്റെ ഈ നീണ്ട മുടി സ്നേഹത്തോടെ തലോടി തലോടി ഭംഗിയിലൊന്നു ഒതുക്കി തന്നു ഇവയോടൊക്കെ എങ്ങനെ നീതി പുലർത്താം എന്ന് മാർഗനിർദേശം തന്നു എന്നെ ആശ്വസിപ്പിക്കാൻ ഒരാൾ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഇടയ്ക്കിടെ ആലോചിച്ചു പോകും..

മൈഗ്രേൻ വന്നു വെളിച്ചവും ശബ്ദവും കേൾക്കുമ്പോൾ എനിക്ക് പൊട്ടിത്തെറിക്കാൻ തോന്നും..അന്നേരം എന്റെ അരികിൽ വന്നു ചൂടുള്ളതോ തണുപ്പുള്ളതോ ആയ വെള്ളം തുണിയിൽ മുക്കി എന്റെ നെറ്റിതടത്തിൽ വച്ച് ആ ടേബിൾ ഫാൻ എന്റെ തലക്ക് നേരെ തിരിച്ചു വച്ച് കുളിര്മയേകുന്ന  സമാധാനമേകുന്ന കാറ്റും വചനവും നല്കാൻ ഒരാൾ അരികത്തുണ്ടായിരുന്നണെങ്കിലെന്നു കൊതിച്ചു പോകാറുണ്ട്...

കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ  വീട്ടിൽ  അതിഥിയായി ഓരോ തവണയും കടന്നു ചെല്ലുമ്പോഴും എന്നെ പോലെ ഒരതിഥി അല്ലെങ്കിൽ അതിഥികൾ ഇച്ചിരി സ്നേഹം പങ്കു വയ്ക്കാൻ ഈ വീട്ടിലും കയറി വന്നിരുന്നെങ്കിലെന്നു പ്രാർത്ഥനയോടെ കൊതിക്കും..

കയ്യിൽ കിട്ടുന്ന ഓരോ കുഞ്ഞിനേയും കൊഞ്ചിക്കുമ്പോൾ ആ നിഷ്കളങ്ക മുഖത്തെ പ്രകാശവും നിർവൃതിയും കണ്ടനുഭവിക്കുമ്പോൾ എനിക്ക് ഇത് കിട്ടാതെ പോയല്ലോ എന്നും ആ കടം എന്നോട് തീർക്കാൻ ഒരാൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്നും ഇടയ്ക്കിടെ തോന്നും..
ചില വീടുകളിലൊക്കെ പോകുമ്പോൾ അവിടുത്തെ പുരുഷന്മാർ തൊടിയിലെ കാര്യങ്ങൾ നോക്കുന്നതും വീട്ടിലേക്കുള്ള സാധനങ്ങൾ വേടിച്ചു കൊണ്ട് വരുന്നത് കാണുമ്പോഴും വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നത് കാണുമ്പോഴും വര്ഷങ്ങളായി ഉപ്പാക്കും ഇപ്പോൾ ഞങ്ങൾക്കും വല്ലാണ്ട് നഷ്‌ടമായ ആ മണ്ണിന്റെയും വീടിന്റെയും മഹിമയും ഒരുമയും ഓർത്തു ഉപ്പനോട് സഹതാപവും എന്നോട് നഷ്ടബോധവും തോന്നും..

ഓരോ കൈകളിലും മെഹന്ദി ഡിസൈൻ വരക്കുമ്പോഴും എന്റെ കയ്യിൽ വെറുതെ എങ്കിലും വട്ടത്തിലൊരു മൈലാഞ്ചി വച്ച് തരാൻ ഒരാളുണ്ടായില്ലല്ലോ എന്ന് പരിഭവിക്കും...

ഈ പരിഭവങ്ങളൊക്കെ ആരോടും ചോദിച്ചു വാങ്ങാനോ തട്ടിയെടുക്കാനോ തോന്നുന്നില്ല...മനസ്സറിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്ന് ഇങ്ങനെ അതി മോഹിക്കും...

ഇനി ഇതൊക്കെ വായിച്ചിട്ട് ചിലരൊക്കെ പറയും കല്യാണപ്രായമായി എന്ന്..
ഈ മോഹങ്ങളൊക്കെ നിറവേറ്റാനാണ് കല്യാണമെങ്കിൽ എനിക്കതിനോട് തീരെ താല്പര്യമില്ല..കാരണം ഇവയൊന്നും സ്ഥിരമായോ ഇച്ഛക്കാനുസരിച്ചോ നേടിയെടുക്കാനോ പിഴുതു മാറ്റാനോ പറ്റുന്നതല്ല..കല്യാണം കഴിക്കാൻ മാത്രമുള്ള പക്വതയും ധൈര്യവും ശ്രദ്ധയും എനിക്കിപ്പോഴും ആയിട്ടില്ല...
സ്വപ്ന സാക്ഷാത്കരത്തിൽ ആൺ പെൺ വേര്തിരിവില്ല..എങ്കിലും ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം എന്റെ ഉത്തരവാദിത്തങ്ങളാണ്.. അത് കൊണ്ട് തന്നെ അത് സമയബന്ധിതമായി നിറവേറ്റൽ എന്റെ ബാധ്യത കൂടിയാണ്..കൂടാതെ തന്നെ എന്നെ പോലെ ആരോഗ്യവും വിവരവും ഉള്ളവർ എന്നേക്കാൾ നന്നായി പ്രവർത്തിക്കുന്നത് ഞാൻ നേരിട്ട് കണ്ടത് കൊണ്ട് തന്നെ നാളെ പടച്ചോൻ അവരുമായി എന്നെ താരതമ്യം ചെയ്യുമ്പോൾ ഞാൻ മടപിടിച്ചവളായെന്നും അനുവദിച്ച ആരോഗ്യവും സമയവും ദുർവിനിയോഗിച്ചു എന്നും റബ്ബ് എന്നെ മുദ്ര കുത്തുന്നതിനെ ഞാൻ ഭയപ്പെടുന്നു..
കാഴ്ചകൾ കാണാൻ കണ്ണും കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ ഹൃദയവും ശബ്ദങ്ങളിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കാൻ ഇരു ചെവികളും അഴുക്കും സുഗന്ധവും വേർതിരിച്ചറിയാൻ മൂക്കും നല്ലതും കേട്ടതും തിരിച്ചറിഞ്ഞു അനുമോദിക്കാനും പ്രതികരിക്കാനും  നാവും അക്ഷരങ്ങളും എനിക്ക് മുന്നിൽ വിശാലമായി തന്ന നാഥനോട് എനിക്ക് അളവറ്റ നന്ദിയും കടപ്പാടും നിര്വഹിക്കേണ്ടതുണ്ടു.

Thursday, 19 October 2017

Mindeem പറഞ്ഞും

*മിണ്ടീം പറഞ്ഞും പാലക്കാടൻ മണ്ണിൽ ഒരു ദിനം*

"ഹലോ റഹീമ താത്ത എങ്ങനെ ഉണ്ടായിരുന്നു  നമ്മുടെ പരിപാടി.. ..ഉഷാറായിരുന്നോ..?"

"ആ മോളെ...അടിപൊളി ആയി അടിപൊളി ആയി...സൂപ്പർ ആയി.."

"ആഹാ..അതെയോ... ഞങ്ങളങ്ങിനെ പ്രത്യേകിച്ച് പ്ലാനിംഗ് ഒന്നുമില്ലാതെ നടത്തിയതായിരുന്നു.."

"അതെയോ..അതൊന്നും കുഴപ്പല്യ എന്നാലും സൂപ്പർ ആയി..ബദറു ഇക്കയുടെ പ്രസംഗവും സംസാരവും പാട്ടും സാന്ത്വനിപ്പിക്കലും, നിങ്ങൾ വളന്റിയേഴ്സിന്റെ ഓടി ചാടി വന്നുള്ള സഹായിക്ക
ക്കലും സ്നേഹത്തോടെയുള്ള പെരുമാറ്റവും..ഉല്ലുവിന്റെ കാല് കൊണ്ടുള്ള ചിത്രം വരയും അവരെ നടുവിലിരുത്തി നിങ്ങളൊക്കെ ഒപ്പന കളിച്ചതും എല്ലാം ഞങ്ങൾക്കെല്ലാവർക്കും നല്ല ഇഷ്ടായി..."

"ആഹാ ..
രാവിലെ തൊട്ട് വൈകുന്നേരം വരെ ഈ പാലക്കാടൻ ചൂടിൽ വീൽ ചെയറിൽ ഇരുന്ന് നിങ്ങൾക്കൊക്കെ വയ്യാണ്ടായിട്ടുണ്ടാവും ല്ലേ..?"

"ഏയ്..ഞങ്ങൾക്കെന്താ.. അവിടെ ഇരിക്കല്ലേ..നിങ്ങളല്ലേ ഓടി നടന്നു വയ്യാണ്ടായെ.. ഞങ്ങൾ നന്നായി എൻജോയ് ചെയ്തു..
എല്ലാരും നന്നായി പാടി. എനിക്കും പാടണമെന്നുണ്ടായിരുന്നു.. പക്ഷെ പിന്നെ എനിക്ക് കരച്ചിൽ നിർത്താൻ പറ്റൂല്ല..അതാ..."

"ആണോ..അത് സാരല്യ.. നമുക്ക് അടുത്ത പരിപാടി ആകുമ്പോഴേക്ക് ഉഷാറാക്കാ.. പിന്നെ സദ്യ എങ്ങിനെ ഉണ്ടായിരുന്നു...?"

"ആഹ്.. അടിപൊളി ആയിരുന്നു..പാലിയേറ്റിവിന്റെ പരിപാടിക്ക് മുന്നേ പോയിട്ടുണ്ടെലും അതിനെക്കാളുമൊക്കെ ഭക്ഷണം സൂപ്പർ ആയി..
ഇനി അടുത്ത പരിപാടി ഒക്കെ ഇത് പോലെ ഗംഭീരം ആക്കണം..നിങ്ങൾ തന്നെ നടത്തണം..അപ്പൊ ഇതിനേക്കാൾ കൂടുതൽ ആൾക്കാറുണ്ടാകും.."

"ഹഹ..ഞങ്ങൾ സത്യം പറഞ്ഞാൽ 25 പേരേയ expect ചെയ്തു വിളിച്ചത്..അതിൽ തന്നെ 20 പേര് വരുമെന്നാണ് കരുതിയത്..പക്ഷെ എല്ലാ കണക്കും തെറ്റിച്ചു 40 ഓളം രോഗികളാണ് എത്തിയത്.. alhamdulillah..
അവസാനം ആളുകൾ പോവാത്ത അവസ്ഥ ആയി .ല്ലേ..!"

"അതെ അതെ.. ..അതിനു ആൾക്കാർ എങ്ങനാ പോവാ..അത്രക്ക് നല്ല പരിപാടി ആയിരുന്നില്ലേ..സാധാരണ പരിപാടികളിൽ നിന്നൊക്കെ മാറി ഒട്ടും മുഷിപ്പിക്കാതെ ഒരു നല്ല പരിപാടി ആയിരുന്നു..സുന്ദരിക്ക് പൊട്ടു തൊടലും പാട്ടു പാടിയവർക്കൊക്കെ സമ്മാനം കിട്ടിയതും വയസ്സായവർക്കൊക്കെ ഒരുപാട് സന്തോഷായി.."

"ആഹാ..എന്നാ ശരി..ഞാൻ പിന്നെ വിളിക്കാം.."

"ശെരി മോളെ..."

*****

പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിന് കീഴിലുള്ള പാലിയേറ്റിവ് പേഷ്യൻറ്സിന് വേണ്ടി ഗ്രീൻ പാലിയേറ്റിവ്ന്റെ നേതൃത്വത്തിൽ *മിണ്ടീം പറഞ്ഞും* എന്ന പേരിൽ നടത്തിയ
സ്നേഹ സംഗമത്തിന് ശേഷം volunteer ഒരു പേഷ്യന്റിന്‌ കാൾ ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങളാണ് മുകളിൽ വായിച്ചത്...

നിങ്ങൾക്കറിയാമോ എന്നറിയില്ല..പൊതുവെ കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ നടത്തുന്ന പരിപാടികൾ പോലെ വിജയകരവും മികവുറ്റതും ക്രിയാത്മകമായ പങ്കാളിത്ത സഹകരണവുമുള്ളതൊന്നുമല്ല പാലക്കാടിന്റെ ഉൾഗ്രാമങ്ങളിൽ നടത്തുന്ന ഇത്തരം പ്രോഗ്രാമുകൾ..
ഗ്രീൻ പാലിയേറ്റിവ് അംഗങ്ങൾക്ക് ഇത് പുത്തരിയല്ലെങ്കിലും പരിപാടിക്ക് വന്ന ഓരോ അംഗങ്ങളുടെയും ഫീഡ് ബാക്ക് മനസ്സ് നിറക്കുന്നതും കൂടുതൽ പ്രചോദനമേകുന്നതുമായിരുന്നു..
പ്രാർത്ഥനകൾ കൊണ്ടും അകമഴിഞ്ഞ പ്രവർത്തന സഹകരണങ്ങൾ കൊണ്ടും ഇത്തരം സ്ഥലങ്ങളിലൊക്കെ ഇത് പോലെ മനോഹരമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച് സ്നേഹം പകർന്ന് മാറ്റങ്ങൾ ഉണ്ടാക്കാൻ, മുന്നേറ്റം കുറിക്കാൻ ഇതൊക്കെ എല്ലാവർക്കും പ്രചോദനമകട്ടെ എന്ന് ആശംസിക്കുന്നു...

നര

ഞാൻ തന്നെ നീട്ടി വളർത്തിയ എന്റെ നരകൾ...
ഇരുട്ടിനുള്ളിൽ ആ മുടികൾ മാത്രമിപ്പോൾ പ്രകാശിക്കുന്നു...
❤❤❤