Tuesday, 21 March 2023

കുടമാറ്റങ്ങൾ

കുട മാറ്റങ്ങൾ


ചുമരിന്റെ മൂലക്കല് ചാരി വച്ച കുടയിലേക്ക് മൂത്തമ്മാടെ മടിയിൽ ഇരുന്നുകൊണ്ട് ചാടിപിടിക്കാൻ ഹിറമോൾ കുറേനേരമായി ശ്രമിക്കുകയാണ്.
അന്നേരം മൂത്തമ്മ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു.
'മ്മച്ചിന്റെ കുട്ടിക്ക് കൊട ചൂടി മുറ്റത്ത്കൂടെ നടക്കണോ?
പണ്ടൊക്കെ ഞങ്ങള് കൊട കജ്ജില് പുടിച്ചാതെ പൊറത്ത്ക്ക് എറങ്ങൂലായിന്.'

അന്നേരം ഞാനെന്തോ ഓർത്തിട്ടെന്ന പോലെ മൂത്തമ്മാന്റെ മുഖത്തേക്ക് നോക്കി.
അതെ, ശെരിയാണ്.കുറച്ചു നാൾ പിന്നിലേക്ക് ഓർത്തെടുത്തപ്പോൾ കയ്യില് ഒരു കുഞ്ഞു ടവലും ജ്വല്ലറി പേഴ്‌സുംകൂടി ചുരുട്ടി പിടിച്ച് റോഡരികിലൂടെ കുടയും ചൂടി, തലയും താഴ്ത്തി നടന്ന് പോയിരുന്ന ഒരുപാട് പെണ്ണുങ്ങളെ ഓർമ വന്നു. 

കഴിഞ്ഞുപോയ കാലത്തിലെ ചില മിന്നായങ്ങളുടെ നുരയും പതയും ഓർത്തെടുക്കാൻ കഴിഞ്ഞതിൽ ഞാനൊന്നു ആശ്ചര്യപ്പെട്ടു. അതെന്റെ കണ്ണുകളിൽ ,ചുണ്ടുകളിൽ,കവിളുകളിൽ സന്തോഷം പടർത്തി.
മൂത്തമ്മ ഗദ്ഗദത്തോടെ സംസാരം തുടർന്നു.
അതിന്റെ ഉള്ളടക്കമിങ്ങനെയായിരുന്നു.
'ഇന്നിപ്പോൾ മഴ പെയ്യുമ്പോൾ മാത്രമാണ് കുടചൂടുന്നത്.
അന്ന്, കുട ഒരു മറവായിരുന്നു. അന്യരുടെ തുറിച്ചു നോട്ടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, അന്യരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാതിരിക്കാൻ, വെയിലും മഴയും എതിരേൽക്കാൻ, വല്ല നായയെ പാമ്പോ എതിരെ വന്നാൽ ആട്ടി പായിപ്പിക്കാൻ, ബസിലും കല്യാണ വണ്ടിയിലും ആശുപത്രിയിലുമൊക്കെ സ്ഥലം പിടിക്കാൻ, പൊതുഇടങ്ങളിൽ ഇരിക്കുന്നതിന് തൊട്ടുമുന്നേ പൊടിയും വെള്ളവുമൊക്കെ  തൽക്കാലത്തേക്ക് ഒന്ന് തൂക്കാൻ...അങ്ങനെ ഒരുപാട് ഉപകാരങ്ങളുണ്ടായിരുന്നു.'

സംസാരത്തിനിടക്ക് ഉമ്മ മൂലക്കലിരുന്ന ആ കുടയും കൊണ്ട് മുറ്റത്തേക്കിറങ്ങി.
കുടനിവർത്തി, അതിന്റെ പിടിയുടെ അറ്റം അയലിൽ കെട്ടിയിട്ടു. കുത്തനെ തൂങ്ങി കിടക്കുന്ന കുടയുടെ ഉൾവശത്ത് ഹിറമോളുടെയും ഹിമമോളുടെയും അലക്കിയ കുഞ്ഞുടുപ്പുകൾ ഉണങ്ങാനായി വിരിച്ചിട്ടു. 
ശേഷം അകത്തേക്ക് കയറി വന്നു.
'ഇന്നിപ്പോൾ പാഞ്ഞുവരുന്ന വണ്ടികള് കാരണം കുട ചൂടി റോട്ടുമ്മക്കൂടെ നടക്കാൻ തന്നെ പേടിയാണ്. ഇനി വല്ലപ്പോഴും ഒന്ന് കയിൽപിടിച്ചാലോ അതെവിടേലും മറന്ന് വച്ചിട്ട് പോരും ചെയ്യും' ഉമ്മയും കൂട്ടിച്ചേർത്തു.

ശെരിയാണ് കുട കാലഘട്ടത്തിന്റെ മാറ്റങ്ങളുടെ അടയാളപ്പെടുത്തൽ തന്നെയാണ്. 
കോരിച്ചൊരിയുന്ന മഴയത്ത് നിന്ന് സ്കൂളിലേക്ക് കയറിച്ചെല്ലുമ്പോൾ നഷ്ടപ്പെട്ട് പോകുമോയെന്നു പേടിച്ചു , നഷ്ടപ്പെട്ടാൽ ഇനി രണ്ട് കൊല്ലം കഴിഞ്ഞേ അടുത്ത കുട വാങ്ങിക്കാൻ വീട്ടിൽ തരമുള്ളൂ എന്ന് ഓർത്തിട്ട്, നനഞ്ഞ കുട നേരെ പ്ളാസ്റ്റിക് കവറിലേക്കിട്ടു പിന്നീട് അത് പുറത്തേക്ക് എടുക്കുമ്പോൾ പൂച്ചമൂത്രത്തോട് സാദൃശ്യമുള്ള ഒരു മണമുണ്ട്. അതുമൊരു കാലത്തിന്റെ അടയാളപ്പെടുത്തൽ തന്നെയായിരുന്നു.

Monday, 9 January 2023

വയനാട്

കുഞ്ഞിപൂമ്പാറ്റകളുടെ ആദ്യ യാത്ര.

ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ ദൂരയാത്രകളെല്ലാം നിർത്തിയിരുന്നു. വീട്, ജോലി സ്ഥലം, വല്ലപ്പോഴും ടൗണിലേക്കോ ബീച്ചിലേക്കോ ഉള്ള യാത്രയല്ലാതെ മറ്റൊരു യാത്രയുമുണ്ടായിരുന്നില്ല. മക്കളും കൂടെ ആയപ്പോൾ രണ്ടുപേരെയും കൊണ്ട് എങ്ങിനെയാ പുറത്തിറങ്ങുക, ആൾക്കൂട്ടത്തിൽ രണ്ടുപേരും ഒരുമിച്ചു കരഞ്ഞാൽ മുലപ്പാൽ കൊടുക്കാൻ എന്ത് ചെയ്യുംഎന്നൊക്കെയുള്ള ചിന്തകൾ കാരണം ,തത്കാലം കുഞ്ഞുങ്ങൾക്ക് ആറുമാസം തികയുന്നത് വരെ രണ്ട് വീടുകളിലേക്കും അല്ലാതെ മറ്റെങ്ങോട്ടേക്കും യാത്ര വേണ്ടെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ മക്കളെ socialise ചെയ്യണമെന്നും എല്ലാ environment ഉം ആയി നല്ല പോലെ പരിചയിച്ചു കൊണ്ടുപോകണമെന്നും ആഗ്രഹമുണ്ടായിരുന്നു. തൂക്കം തികയാതെ പ്രസവിച്ചത് കാരണം ജനന ശേഷമുള്ള ആദ്യത്തെ 40 ദിവസം സന്ദർശകരെ ഡോക്ടറുടെ നിർദ്ദേശാനുസരണം വിലക്കിയിരുന്നു. ഇനിയും ആളുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും അമിതമായി മാറ്റിനിർത്തുന്നത് ശരിയല്ലെന്ന് തോന്നി. മെല്ലെ മെല്ലെ ആണെങ്കികും അവരും ലോകം കാണണം. ഓരോ കാലവസ്ഥയോടും അന്തരീക്ഷത്തോടും ഇടപഴകി രോഗ പ്രതിരോധശക്തി കൂട്ടണം, ആളുകളെ കണ്ട് ധൈര്യമായി ഇടപഴകാൻ പരിചയിക്കണം , നല്ല മക്കളായി വരണം എന്നൊക്കെയുള്ള തീരുമാനത്തിൽ നിന്നും ഞങ്ങൾ ഇന്ന് ചുരം കയറി.വയനാട് ചുരം.

ആദ്യത്തെ യാത്ര തന്നെ മനോഹരമായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ 
മോമോസ് കഴിക്കണം, ചുരം കയറണം ഇത്ര മാത്രമേ പ്ലാൻ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ദൈവം പരിശുദ്ധനാണല്ലോ. യാത്രയെ പീസ് വില്ലേജിലേക്ക് നയിച്ചു.
ആദ്യത്തെ യാത്ര തന്നെ തേയില തോട്ടങ്ങൾക്കിടയിലൂടെ അഗതി മന്ദിരത്തിലേക്ക്. അവിടുത്തെ ശബ്ദത്തിലും ആള്കൂട്ടത്തിനിടയിലും അവർ പതറിയില്ല. എല്ലാം ആകാംഷയോടെ ഉറ്റുനോക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് ഞാൻ വിതുമ്പി കൊണ്ടിരുന്നു. 
ശേഷം പ്രിയപ്പെട്ട ഒരു കുടുംബത്തിലേക്ക് കയറി ചെന്നു. അവരുടെ സ്നേഹവും ആഥിത്യമര്യാദയും എന്റെ മനസ്സിനെ അക്ഷരാർത്ഥത്തിൽ കുളിർമ കൊള്ളിച്ചു. ഞങ്ങളുടെ ഹിറ മോളും ഹിമ മോളും മണ്ണിനെയും മനുഷ്യനെയും അറിഞ്ഞു, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വഴിയിൽ ആത്മാഭിമാനത്തോടെ ഈ ഭൂമിയിൽ വളരുന്നത് കാണാൻ നാഥൻ നമ്മളെ അനുഗ്രഹിക്കട്ടെ. ദൈവ പ്രീതി സമ്പാദിക്കുന്നവരിൽ നമ്മളും ഉൾപെടട്ടെ..
ലോകം എത്ര മനോഹരമാണല്ലേ?
ഉപാധികളില്ലാതെ സ്നേഹിക്കാനും ചേർത്തുപിടിക്കാനുള്ള അവസരങ്ങൾ നമുക്ക് കൂടെ കൂടെ ലഭിക്കട്ടെ.
❤️
Twins travel stories