Sunday, 4 December 2022

7days

ഗർഭകാലം വളരെ ക്ലേശകരമാണ്.എന്നാൽ പ്രതീക്ഷയുടേതുമാണ്.കുഞ്ഞു ജനിക്കുന്നതോടെ ഒരു സ്ത്രീയുടെ ലോകം തന്നെ മാറുന്നു.അവിടെ കാത്തിരിപ്പിന്റെ ആനന്ദമോ, കടന്നുപോയിക്കൊണ്ടിരിക്കുന്ന നിമിഷത്തിലുള്ള പ്രയാസങ്ങളോ അനുഭവപ്പെടുന്നില്ല. മറിച്ച്, ഭൂമിയോടൊപ്പം മറ്റൊരു വലിയ ലോകവും ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന പ്രതീതിയാണ്. 
എന്നെ സംബന്ധിച്ചിടത്തോളം ഗര്ഭകാലത്തുണ്ടായ ഹാപ്പി മൂഡ് അല്ല പ്രസവാനന്തരം അനുഭവപ്പെട്ടത്.ഏറെ ശാരീരിക പ്രയാസങ്ങളുണ്ടായിരുന്നിട്ടു കൂടി ഏറെ പാമ്പർ ചെയ്യപ്പെട്ട, blushed ആയ ഒരു സമയമായിരുന്നു ഗർഭകാലം. 
എന്റെ രണ്ടു കുഞ്ഞുങ്ങളെയും എനിക്ക് ജീവനോടെ കിട്ടുമോ, മാസം തികയാതെ പ്രസവിക്കേണ്ടി വരുമോ, പ്രസവത്തിൽ എനിക്കെന്തെങ്കിലും മോശമായത് സംഭവിക്കുമോ, കുട്ടികളെ nicu ൽ പ്രവേശിപ്പിക്കുമോ, എന്റെ മുലപ്പാൽ കുഞ്ഞുങ്ങൾ കുടിക്കുമോ, പാൽ കുടിക്കുമ്പോൾ കുഞ്ഞിന്റെ തരിപ്പിൽ പോകുമോ അങ്ങനെ തുടങ്ങി പല കാര്യങ്ങളിലും എനിക്ക് ആദി ആയിരുന്നു.
പക്ഷെ പ്രസവത്തോടെ അനുഭവിക്കേണ്ടി വന്നത് മറ്റ് പലതുമായിരുന്നു.
സിസേറിയൻ ചെയ്ത ഭാഗത്തെ സ്റ്റിച്ചിന്റെ വേദനയായിരുന്നു ഏറ്റവും ആദ്യം എന്നെ വേദനിപ്പിച്ചത്. മാസം തികയാതെ പ്രസവിച്ചതിനാലും കുഞ്ഞുങ്ങൾക്ക് തൂക്കകുറവ് ഉള്ളതിനാലും വേറെയും വേവലാതികൾ.
ശരീരഘടന പൂര്ണമാകാത്ത എന്റെ കുഞ്ഞിനെ കണ്ടു വേവലാതി ആയി. ആവശ്യമായ മുലപ്പാൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആദ്യത്തെ ദിവസം തന്നെ ഒത്തിരി പാൽ വരുമെന്ന എന്റേയോ, ചുറ്റുമുള്ളവരുടെയോ ചിന്തയിൽ നിന്നും അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ. കുഞ്ഞുങ്ങൾ കരയുന്നത് എന്റെ പാൽ വലിച്ചു കുടിക്കാൻ പറ്റാത്തത് കൊണ്ടോ, മുലപ്പാൽ തികയാത്തത് കൊണ്ടോ എന്ന ചിന്ത ഹോസ്പിറ്റലിലെ ബാത്‌റൂമിൽ കയറി ഭർത്താവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു തീർത്തു. ബെഡിൽ നിന്നും എഴുന്നേൽക്കാൻ റൂമിൽ ഉറങ്ങിക്കിടക്കുന്ന ഉമ്മമാരെ ഉണർത്തേണ്ടി വരുന്നതിൽ പിന്നെയും മനസ്സ് വേദനിച്ചു. ഏറെ പാല് കുടിച്ചതിനു ശേഷവും എത്ര നേരം പുറം കൊട്ടിക്കൊടുത്തിട്ടും കുഞ്ഞുങ്ങൾ ഏമ്പക്കം വിടാത്തത്തിലും ആദിയായി. ഇടക്കിടക്കുള്ള കുഞ്ഞുങ്ങളുടെ രക്തത്തിലെ ഷുഗർ കുറയുമ്പോൾ ഫോർമുല കൊടുക്കാൻ പറഞ്ഞുള്ള നഴ്സുമാരുടെ ഓടി വരവും, പൗഡർ കലക്കി കൊടുക്കുമ്പോളുള്ള കുട്ടികളുടെ കരച്ചിലും,അത് കൊടുക്കാനായി കുഞ്ഞിനെ കാലിൽ മേടി ഉറക്കമുണർത്തലും മനസിനെ വെപ്രാളത്തിലാക്കി. ഓരോ തവണ ടെസ്റ്റുകൾക്ക് കുഞ്ഞിന്റെ ചോര ശേഖരിക്കുമ്പോളുള്ള അവരുടെ കരച്ചിലും നെഞ്ചിൽ ഭാരം നിറച്ചു. തണുപ്പ് തട്ടുമ്പോഴേക്കും കുഞ്ഞുങ്ങളുടെ കൈകാലുകളുടെ ഉള്ളം നീല കളറാകും. ഇതിനെല്ലാം പുറമെ എന്റെ bp കുറയലും. ഇതായിരുന്നു എന്റെ പ്രസവ ശേഷമുള്ള ആദ്യത്തെ 7 ദിവസങ്ങൾ.

ബാക്കി പിന്നെ എഴുതാം.