കോഴിക്കോട്ടെയും വാടകവീട്ടിലെയും വിശേഷങ്ങൾ
---------
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ചോദിച്ചു , വാടാനാംകുറുശ്ശി മിസ്സ് ചെയ്യുന്നില്ലേന്ന്.
ആലോചിച്ചു നോക്കി, ഇല്ലാലോ.. മിസ്സ് ചെയ്യുന്നില്ലാലോ..അത്രേം ഇഷ്ടണ്ടായിരുന്ന ആ സ്ഥലത്തെ മനസിലോർത്തപ്പോൾ ഇത്തിരി പോലും നൊമ്പരവും ഗൃഹാതുരത്വവുമുണ്ടായില്ല.
പണ്ട് പുതുക്കോട്ന്ന് താമസം മാറുമ്പോഴും ഇങ്ങനായിരുന്നു. അതിനു മുന്നേ മണപ്പാടത്ത് നിന്ന് വീട് മാറുമ്പോഴും ഇച്ചിരി പോലും സങ്കടണ്ടായില്ല.അതിനും മുന്നേ തറവാട്ടിൽ നിന്നും പോരുമ്പോൾ മാത്രം മനസിലിത്തിരി നീറ്റലുണ്ടായിരുന്നു.
ഹാ..ഇതെല്ലാം ഓർക്കാനും കണക്ട് ചെയ്യാനുമുള്ള സമയവും സാഹചര്യവുമൊക്കെ ഇപ്പൊ പരിമിതപ്പെടുകയും ചെയ്തല്ലോ.
അല്ലേലും വാടക വീട്ടുകാർക്ക് എന്ത് വേദന ല്ലേ..
കയറിക്കൂടുമ്പോൾ തന്നെ ഏത് നിമിഷവും പടിയിറങ്ങി പോരേണ്ടി വരുമെന്ന് മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ടാകുമല്ലോ.
സ്നേഹത്തോടെ നട്ടുവളർത്തിയ നിമിഷങ്ങളെ അവിടെ തന്നെ ഉപേക്ഷിച്ചു പോരുമ്പോഴും ഓരോ വാടക വീട്ടുകാരനും ആദ്യമൊരു വിഷമമുണ്ടാകുമെങ്കിലും പിന്നീടോർക്കുമ്പോൾ ആത്മ സംതൃപ്തിയാണുണ്ടാവുക.അവൻ അവിടെ
ചിലവഴിച്ചതൊക്കെയും അവൻ നേടിയത് മാത്രമായിരുന്നല്ലോ. അതൊരിക്കലും നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തേണ്ടി വരികയുമില്ലല്ലോ.
അല്ലേലും നാഥന്റെ വിശാലമായ വാടക വീട്ടിൽ വാടക പോലും കൊടുക്കാതെ കഴിയുന്ന നമ്മളുടെ ജീവിതവും ഇങ്ങനെ തന്നെയാണല്ലോ പാകപ്പെടുത്തേണ്ടത്.
ന്നാലും രസമാണ് ജീവിതം;
ഉൾകൊള്ളലുകളിൽ വീർപ്പുമുട്ടാത്ത മനസ്സുണ്ടെങ്കിൽ.
വാടാനാംകുറുശ്ശി, എത്ര മനോഹരമായ ,അതോടൊപ്പം ഗൃഹാതുരത്വം തുളുമ്പുന്ന പേരുള്ളൊരു സ്ഥലം.
മയില് ,കുയില്, തവള, പാമ്പ്, പൂവ്,പൂമ്പാറ്റ, അണ്ണാൻ, ചീവീട്, പൂച്ച, തുമ്പി,മല, പുല്ല്, കാട്, പുളി, പേരക്കാ, മാങ്ങാ, കൂവ, മഞ്ഞൾ, കാന്താരി മുളക്, അസർമുല്ല,കാട്ടുമുല്ല, നുള്ളുമ്പഴം, ചക്കപ്പഴം, കീഴാർ നെല്ലി ,തുളസി, സൂര്യാസ്തമയം, ഉഷേച്ചി, ഉഷേച്ചിന്റെ പശു, മിന്നാ മിനുങ്, നീലാകാശം, നക്ഷത്രം..പിന്നെ റെയിൽവെ..
അത്രേം ഇഷ്ടപ്പെട്ടത് നുള്ളിപ്പെറുക്കിയാൽ ഇതായിരുന്നു വാടാനാംകുറുശ്ശി.
മറ്റൊരു തരത്തിൽ പറഞ്ഞാൽ വാടാനാംകുറുശ്ശിയെ മനോഹരമാക്കിയത് ഇവയെല്ലാമായിരുന്നു.
ഇപ്പൊ കോഴിക്കോടാണ്.
നേരമിരുട്ടുവോളം ഹോസ്പിറ്റൽ വരാന്തയിൽ പുഞ്ചിരികൾ അങ്ങോട്ടുമിങ്ങോട്ടും വാരിവിതറി, ഓടി ചാടി, പല പല ഭാഷകൾ, രുചികൾ, മനുഷ്യന്മാർ, പുതിയ പുതിയ അറിവുകൾ, മലർക്കെ തുറന്ന കവാടങ്ങൾ, ചാരിനിൽക്കാനുള്ള ചുമരുകൾ, ചേർത്തുപിടിക്കാനുള്ള ഹൃദയങ്ങൾ...
അങ്ങനെ അങ്ങനെ ജീവിതവും ചുറ്റുപാടും ഇങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുകയാണ്.
അല്ല, പടച്ചവൻ ഒരുക്കി തന്ന ഈ വഴികളും ദൂരങ്ങളും അതിന്റെ ഒഴുക്കിനൊപ്പം കൗതുകത്തോടെ നോക്കി കാണുകയാണ്, ആസ്വദിച്ചനുഭവിക്കുകയാണ്.
ഇവിടെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലാത്തത് കണ്ട് പലരും അന്വേഷിച്ചെത്തിയിരുന്നു. പ്രിയപ്പെട്ടവരേ, എഴുത്തും വരയും ഹൃദയങ്ങളെ തേടിയുള്ള യാത്രകളും ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളുമെല്ലാം ഇപ്പോഴും തുടരുന്നുണ്ട്. അത് പങ്കു വയ്ക്കാനുള്ള സമയം വളരെ പരിമിതപ്പെട്ടുപോയെന്നു മാത്രം.
കൂടാതെ, ദിനം തോറും തിരിച്ചറിവുകളാണ്, സ്ഥലമോ ആളുകളോ അല്ല, മറിച്ചു നിമിഷങ്ങളാണ് ജീവിതത്തെ ഏറ്റവും മനോഹരമാക്കുന്നത്.
പിന്നെ നേര് പറയാലോ, നിമിഷങ്ങൾ ഇപ്പോൾ അവന്റെയും എന്റെയും താളുകളിൽ പരസ്പരം കുറിച്ചിടുകയാണ്.
കുറെ നാൾ കഴിയുമ്പോൾ ഓർമകളിൽ നിന്നും തപ്പിയെടുക്കാമല്ലോ.
കേൾക്കാനും പറയാനും ആത്മമിത്രമായി അവൻ കൂടെയുള്ളത് വല്ലാത്തൊരു ആശ്വാസമാണ്. ആനന്ദമാണ്.
റബ്ബിനോട് നന്ദി.
ഇങ്ങനെ എന്നെ കരുതി വച്ചതിനു.
അതിനായി ഒത്തിരി പേരെ എപ്പോഴും ചുറ്റും വിന്യസിച്ചു തരുന്നതിന്.
സ്നേഹം
സുസുസുഹ്റ