Tuesday, 5 May 2020

Ias ശ്രീധന്യ

She is a wonderful human being, her family too😘😘

കഴിഞ്ഞ വർഷം യാദൃശ്ചികമായാണ് അവരുടെ വീട്ടിൽ എത്തിപ്പെടുന്നത്.. ജീവിതത്തിൽ ഇവരെയല്ലാതെ മറ്റാരെയെങ്കിലും ഇന്നേ വരെ നേരിട്ട് ചെന്ന് അഭിനന്ദിച്ചിട്ടുണ്ടോ എന്നറിയില്ല.
ഞങ്ങൾ ഒരു കൂട്ടം പെൺകുട്ടികളാണ് മലകേറി അന്ന് അവിടെ എത്തിയത്.
ഐ എ സ് എന്താണെന്നും എങ്ങനെയാണ് അതിനു പരിശ്രമിക്കേണ്ടതെന്നും ഇത്ര സുതാര്യമായി ഞങ്ങൾക്ക് പറഞ്ഞു തരാൻ അവർക്ക് കഴിഞ്ഞത് അവരുടെ ഉള്ളിലെ നല്ല മനസ്സ് മാത്രമാണ്.
സമയമുള്ളപ്പോൾ ഇനിയും വരണമെന്നും കൂടുതൽ പറഞ്ഞു തരാമെന്നും പറഞ്ഞിരുന്നു.
അമ്മയ്ക്കും അത്രക്ക് നല്ല പെരുമാറ്റവും സ്നേഹവുമായിരുന്നു.
അന്ന് ഞങ്ങൾക്ക് വെള്ളം മാറിക്കുടിച്ചു മഞ്ഞപ്പിത്തം ഒന്നും വരാതിരിക്കാൻ ചൂടാറിയ വെള്ളത്തിൽ ടാങ്ക് കലക്കിയാണ് അമ്മ കുടിക്കാൻ വെള്ളം തന്നത്. അച്ഛൻ എവിടുന്നോ ഒരു ചക്കയും ഒപ്പിച്ചു കൊണ്ട് തന്നു.
അന്നവിടെ ഒത്തിരി മാധ്യമപ്രവർത്തകർ അഭിമുഖത്തിന് വന്നിരുന്നു.
ചേച്ചി എല്ലാർക്കും ഒരുപോലെ മുഖം കൊടുത്തു കൊണ്ട് ഓടി നടക്കുവായിരുന്നു.
അച്ഛൻ മകൾക്ക് വേണ്ടിയുണ്ടാക്കിയ മൂലവത്തായ അമ്പും വില്ലും ഞങ്ങളെ കൊണ്ടും അഭ്യസിപ്പിക്കാൻ ആ കുടുംബം മറന്നില്ല. തിരിച്ചു പോരാൻ ഇറങ്ങുമ്പോഴുള്ള സംസാരത്തിനിടക്കു അച്ഛൻ എന്നോടൊരു കാര്യം ചോദിച്ചു.
"റാസിസം എന്താണെന്നു അറിയുമോ?"
ഞാൻ പറഞ്ഞു, 'അറിയാലോ വംശീയത.'
അപ്പോൾ അച്ഛൻ തിരുത്തി. 'എന്നാലത് മാത്രമല്ല.' അതിനെക്കാളുമുണ്ട് റാസിസത്തെ കുറിച്ച് മനസ്സിലാക്കാൻ.
മോളത് മനസ്സിലാക്കാൻ ശ്രമിക്കണം എന്ന് പറഞ്ഞു.
ആ നല്ല ദിനം വീണ്ടും ഓർക്കാൻ അവസരം നൽകിയ ശ്രീധന്യ ചേച്ചിയോട് ഒത്തിരി ഒത്തിരി ഇഷ്ടം🌻🦋❤️
Congratulations Sreedhanya Suresh Ias dear to dear Mam💎💎💎

Sunday, 3 May 2020

Sigh

ഉറക്കം കെടുത്തുന്ന തേങ്ങലുകളുമായ്
ചിരിക്കുന്ന മുഖപടങ്ങൾക്കടിയിലെ പുകമറകൾ പേറുന്ന എത്രയോ മനുഷ്യന്മാർ....

#smileday

Friday, 1 May 2020

മൂപ്പര് ഒരു പണിക്കും പോയില്ലെങ്കിലും കുഴപ്പല്യ.. എനിക്ക് എപ്പളും ന്റെ കണ്ണിന്റെ മുന്നില് ജീവനോടെ ണ്ടായാ മതി

മൂപ്പര് ഒരു പണിക്കും പോയില്ലെങ്കിലും കുഴപ്പല്ല്യ.. എനിക്ക് എപ്പളും ന്റെ കണ്ണിന്റെ മുന്നില് ജീവനോടെ ണ്ടായാ മതി
_____________________________

മറ്റെന്തോ ആവശ്യത്തിനായി തിരക്കിട്ട് മുകളിലേക്ക് ഓടുന്നതിനിടക്കാണ് മൂന്നാം നിലയിൽ വച്ച് ഒരു ഉമ്മ എന്നെ പിന്നിൽ നിന്നും വിളിക്കുന്നത്.
"മോളെ ആരേലും ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ടോ?"

"ഇല്ല ഉമ്മാ .ഞാനിവിടെത്തെ സ്റ്റാഫാണ്. എന്താ കാര്യം?"
ഞാൻ കാര്യമന്വേഷിച്ചു.

" മോളെ ഇവിടെ നോമ്പ് തുറക്കാനുള്ള ഭക്ഷണം കിട്ടുമോ?"

"ആ ഉമ്മാ, താഴെ A O യുടെ റൂമിൽ നിന്നും കൂപ്പൺ കിട്ടും. അതും കൊണ്ട് കുറച്ചു കഴിഞ്ഞു മെസ്സിന്റെ അവിടെ ചെന്നാൽ ഭക്ഷണം പാർസൽ കിട്ടും"

"ഉപകാരായി മോളെ, ഞാന് ന്റെ ഭർത്താവിന്റെ കൂടെ വന്നതാ, മൂപ്പർക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. ഡയാലിസിസ് കഴിഞ്ഞു വീടെത്തുമ്പോഴേക്ക് ബാങ്ക് കൊടുക്കും. പിന്നെ ക്ഷീണം ഒക്കെ മാറി ഭക്ഷണം ഉണ്ടാക്കുമ്പോഴേക്കും സമയം വൈകും, ഹോട്ടലുകളും അന്നേരം ഇണ്ടാവൂല്ലല്ലോ"

"അത് സാരല്യമ്മാ, രണ്ടാൾക്കുമുള്ള ഭക്ഷണം ഫ്രീയായിട്ടു കിട്ടും ട്ടാ..
ന്നിട്ട് എവിടെയാണ് ഇങ്ങളെ വീട്?"

"കുറച്ചു ദൂരെയാ, ഞങ്ങള് വണ്ടി വിളിച്ചു വരുന്നതാ.. ദിവസവും വണ്ടി ചാർജ് 1500 രൂപ ആകും.
സാധാരണ ബസിൽ ആയിരുന്നു വന്നിരുന്നത്. ഇപ്പൊ ബസില്ലല്ലോ.."

"അപ്പൊ ന്നാ ഇങ്ങളെ നാട്ടിലുള്ള ഡയാലിസിസ് സെന്ററിൽ പോകായിരുന്നില്ലേ ?"

"ഇക്കാക്ക് ഇവിടെ വരാനാണ് ഇഷ്ടം. ടെസ്റ്റിനും ഡയാലിസിസിനുമൊക്കെ ഇവിടെ ചാർജ് നല്ലോണം കുറവല്ലേ. പിന്നെ കുറേ കൊല്ലായി വരുന്നത് കൊണ്ട് ഇവിടുത്തെ ആൾക്കാരുമായും നല്ല കൂട്ടായി.പിന്നെ ഇവിടുത്തെ ഡോക്ടറെ തന്നെ കാണിച്ചാൽ മതീന്നാ മൂപ്പര് പറയാ"

"മ്ം , ന്നിട്ട് കൊറോണ ഒക്കെ ആയിട്ട് ഹോസ്പിറ്റലിൽ വരാൻ ങ്ങക്ക് പേടില്ലേ ?" ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.

"ഏയ്.. ആദ്യമൊക്കെ പേടിണ്ടായിരുന്നു.പിന്നെ മാസ്ക് ഇട്ട് വരും. കയ്യ് കഴുകും. വീട്ടിൽ എത്ത്യാ അപ്പൊ കുളിക്കും.
പിന്നെ ഈ ഡയാലിസിസ് വാർഡിന് അകത്തും പുറത്തും നോക്കിയേ..തിരക്കിന് ഒട്ടും കുറവില്ലല്ലോ.
നമ്മളെ നോക്കണ മക്കൾക്കും ഒരു ഒഴിവില്ലാല്ലോ.. ഓരൊക്കെ ഓടിപ്പായണത് കണ്ടില്ലേ.. ഞങ്ങളെ പോലെ ഇഷ്ടം പോലെ പേരുണ്ട് ഒരുപാട് ദൂരത്ത് നിന്നും ഇഖ്‌റാ ഹോസ്പിറ്റലിലേക്ക് വണ്ടിക്കൂലിം കൊടുത്തു വരുന്നത്."

എനിക്ക് അത് ശെരിയാണെന്നു തോന്നി.

"എന്നിട്ട് ഇങ്ങളെ ഇക്കാക് ഇപ്പൊ എങ്ങിനുണ്ട്.?"

"Alhamdulillah, ഡയാലിസിസ് കൃത്യായി ചെയ്യുന്നൊണ്ട് ഇങ്ങനെ പോകുന്നു."

"ഇക്ക ജോലിക്ക് പോകുന്നുണ്ടോ?"

"ആദ്യം പോയിരുന്നു. Welder ആയിരുന്നു."

"ആഹാ..ഇപ്പൊ മക്കള് ണ്ടാവും ല്ലേ കുടുംബം നോക്കാൻ..?"

"ഇല്ല മോളെ.. ഞങ്ങൾക്ക് മക്കളില്ല.
അതല്ലേ നോമ്പായിട്ടും  ഞാൻ തന്നെ കൂടെ വരുന്നത്.
ബന്ധുക്കളൊക്കെ കൂടെ വരണോന്നു ചോദിക്കാറുണ്ട്. ഞാൻ വേണ്ടാന്ന് പറയും.  മക്കളുണ്ടേൽ അവരെ ഇടക്കെങ്കിലും ഇക്കാന്റെ കൂടെ വിടായിരുന്നു ല്ലേ?"

കുറച്ചു നേരത്തേക്ക് എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
ആ മൗനത്തിന്‌ വിരാമമിട്ട് കൊണ്ട് അവർ തുടർന്നു.
"മൂപ്പര് ഒരു പണിക്കും പോയില്ലെങ്കിലും കുഴപ്പല്യ.എനിക്ക് എപ്പളും ന്റെ കണ്ണിന്റെ മുന്നില് ജീവനോടെ ണ്ടായാ മതി. ഇങ്ങനെ മിണ്ടീം പറഞ്ഞും...
ഇക്കാക്ക് ദീർഘായുസ്സ് കിട്ടാൻ മോള് പ്രാർത്ഥിക്കണേ..?"

"തീർച്ചയായും ഉമ്മാ.. ഞാൻ പ്രാർത്ഥിക്കും.. ശെരി.. മ്മക്ക് ഇടക്കൊക്കെ കാണാം ട്ടൊ.
താഴെ പോയി കൂപ്പൺ മേടിക്കാൻ മറക്കണ്ടാ ട്ടൊ.."

അത്രേം പറഞ്ഞു ഞാൻ മുകളിലേക്ക് കയറി.

ആ ഉമ്മ അവസാനം പറഞ്ഞ വാക്ക് ഇപ്പോഴും മനസ്സിലിങ്ങനെ തൂങ്ങിയാടുകയാണ്.

സ്നേഹം
സു സു സുഹ്റ