29 06 2017
വളരെ മനോഹരമായൊരു യാത്രാദിനമായിരുന്നു ഇന്നലെ കടന്ന് പോയത്.
ഒറ്റപ്പാലം - കാലിക്കറ്റ് റൂട്ടിൽ ,
അതും ജനറൽ കോമ്പർട്മെന്റിൽ ഒരു പക്ഷെ ആദ്യമായിട്ടാകും ഈ ഒറ്റയ്ക്കുള്ള ട്രെയിൻയാത്ര...
വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ഉപ്പയുടെയും ഉമ്മയുടെയും ഒരുപാട് ഉപദേശ നിർദ്ദേശങ്ങളുണ്ടായിരുന്നു..
ഡോറിനടുത്ത് ഇരിക്കരുത്...ഒറ്റയ്ക്കുള്ള സീറ്റിലെ ഇരുക്കാവൂ..ലേഡീസ് കോമ്പർട്മെന്റിൽ കയറിയാൽ മതി..ലേഡീസ് കിട്ടിയില്ലേൽ ഷൊർണൂരിൽ നിന്ന് ബോഗി മാറണം..
ബോധമില്ലാതെ ഉറങ്ങി പോകരുത്..
ഹിജഡകളുടെ ശല്യം ഉണ്ടാവാതിരിക്കാൻ സൂക്ഷിക്കണം..മഴക്കാലമാണ് കണ്ണിൽ കണ്ടതൊന്നും വാങ്ങിച്ചു കഴിക്കരുത്..അങ്ങനെ അങ്ങനെ..
ഒറ്റപ്പാലം സ്റ്റേഷൻ
ടിക്കറ്റ് എടുത്ത ശേഷം എന്റെ പ്രിയപ്പെട്ട പാൽപ്പേടാ വേടിക്കാൻ നാവിൽ വെള്ളമൂറി ഞാൻ മിൽമ ബൂത്ത് ലക്ഷ്യമാക്കി നടന്നു..പക്ഷെ സ്റ്റോക്ക് ഇല്ലായിരുന്നു..പകരം ഒരു മിൽക്ക് ചോക്ലേറ്റ് വേടിച്ചു ബാഗിന്റെ സൈഡിൽ നിക്ഷേപിച്ചു..
ട്രെയിൻ വന്നു..ഒപ്പം മഴയും.. സ്റ്റേഷനിൽ കൂടെ കാത്തു നിന്ന സ്ത്രീകൾ കയറിയ ബോഗിയിൽ മഴയും കൊണ്ട് ഓടിക്കയറി..
വിൻഡോ സീറ്റ് കിട്ടിയില്ല..
അതുകൊണ്ട് കിട്ടിയ സീറ്റിൽ പാതിമനസ്സോടെ ഇരുന്നു..നേരെ മുൻപിൽ ഒരു പെൺകുട്ടി കയ്യിൽ ഒരു സ്റ്റഡി ബുക്കുമായി ഇരിക്കുന്നുണ്ട്..വായനക്കിടയിലും എനിക്ക് നല്ലൊരു പുഞ്ചിരി അവൾ സമ്മാനിച്ചു.. കൂടെയുള്ള ഒരു അച്ഛൻ അവളോട് പോകുന്ന സ്ഥലത്തെ കുറിച്ചു അന്വേഷിക്കുന്നുണ്ട്..അവരുടെ സംഭാഷണത്തിൽ നിന്ന് ആ കുട്ടി ഗോവ ക്കും ഉടുപ്പിക്കും ഇടയിൽ എവിടെയോ ആണെന്ന് പഠിക്കുന്നതെന്നു മനസ്സിലായി..
ആ കുട്ടിയുടെ ഒക്കെ ഭാഗ്യം..മംഗലാപുരം ഇറങ്ങി അവിടുന്ന് 12 മണിക്കൂർ ബസ് യാത്ര ഉണ്ടത്രേ..
അതും ഉഡുപ്പി വഴിയൊക്കെ..
നല്ല മഴയായതിനാൽ വെള്ളം അകത്തേക്ക് ചീറ്റാതിരിക്കാൻ കൂടെയുള്ള ഒരു ഉപ്പാപ്പ doorum വിന്ഡോയും ഒക്കെ ക്ലോസ് ചെയ്തു..
പുറം കാഴ്ചകൾ കാണാൻ പറ്റാത്ത തിനാലും അകത്തു ആരും ഇപ്പോൾ കാര്യമായി സംസാരിക്കാത്തതിനാലും ഞാൻ കയ്യിലുള്ള യാത്ര മാസിക മെല്ലെ തുറന്നു..
ഷൊർണൂരിൽ നിന്ന് ട്രെയിൻ വീണ്ടും പുറപ്പെടുന്നത് വരെ ഞാൻ ആ ബുക്ക് അടച്ചു വച്ചില്ല,ഒരു കോഫി നുകരാൻ വേണ്ടിയല്ലാതെ!
ഓരോ താളും ഒരു തരം ആവേശമായിരുന്നു..മഴയും കാടും പുലികളും വെള്ളച്ചാട്ടവും അങ്ങനെ അങ്ങനെ ഒരുപാട് യാത്ര വിവരണങ്ങൾ..പുറത്തു തിമിർത്തു പെയ്യുന്ന മഴയുടെ താളം വായനക്ക് കൂടുതൽ മാറ്റുകൂട്ടി..
ഷൊർണൂരിൽ നിന്നും കുറെ അന്യ സംസ്ഥാന തൊഴിലാളികൾ കയറി..അവരുടെ ഉറക്കെയുള്ള സംസാരം വായനക്ക് തടസ്സം സൃഷ്ഠിച്ചപ്പോൾ ഞാൻ ബുക്ക് അടച്ച് വച്ച് തെല്ലൊരു നേരത്തേക്ക് കണ്ണടച്ചു മയക്കത്തിൽ പെട്ടുപോയി..
പിന്നെ കണ്ണ് തുറക്കുന്നത് കുറ്റിപ്പുറം എത്തിയപ്പോഴാണ്..അപ്പുറത്തെ കോമ്പർട്മെന്റിൽ നിന്നും കുറെ സ്ത്രീകൾ ഇറങ്ങുന്നത് കണ്ടു..പിന്നെ താമസിച്ചില്ല..സൈഡ് സീറ്റ് മോഹവുമായി സ്ഥലം മാറി..
അൽഹംദുലില്ലാഹ്...
സൈഡ് സീറ്റ് കിട്ടി..പക്ഷെ അപ്പോഴേക്ക് നിള പിന്നിട്ടിരുന്നു..
കര കവിഞ്ഞൊഴുകുന്ന നിളയും ദൂരെ കാണുന്ന കുറ്റിപ്പുറം പാലവും ഫോൺ കാമറയിൽ പകർത്തണമെന്നുണ്ടായിരുന്നു..ഹാ പോയത് പോയി..
ഷൊർണൂർ കടന്നതും മഴയൊക്കെ മാറിയിരുന്നു..പുറത്തെ കാഴ്ചകൾ അതി മനോഹരമാണ്..നീലാകാശവും തൂവെള്ള നിറത്തിലുള്ള മേഘ കെട്ടുകളും പച്ച വിരിച്ച പുൽമേടുകളും അവിടെ അലയുന്ന കന്നുകാലികളും അങ്ങ് ദൂരെ മേഘത്തിൽ പൊതിഞ്ഞ മലകളും മഴയിൽ കൂടുതൽ കറുത്ത് സുന്ദരിയായ റോഡുകളും എല്ലാം എല്ലാം യാത്രയെ കൂടുതൽ വർണാഭമാക്കി.
പലയിടത്തും വയലും തോട്ടവുമെല്ലാം വെള്ളത്തിലാണ്ട് പോയിരിക്കുന്നു.താഴ്ന്ന പ്രദേശ ങ്ങളിൽ ചില വീടിന്റെ തറക്കല്ലോളം മഴവെള്ളം കടന്നു കയറിയിരുന്നു.
ചിലയിടത്ത് ഇടവഴികൾ പോലും തോടായിരിക്കുന്നു. നടവഴികൾ നീര്ചാലുകളും.കുറെ നാളായി വറ്റി വരണ്ടു കിടന്ന ഭൂമിയിലേക്ക് വെറും 3 ദിവസം കൊണ്ട് പെയ്തു തീർത്ത മഴയ്ക്ക് ഇത്ര ശക്തമായ മാറ്റങ്ങൾ വരുത്താനാകുമോ എന്ന് ഒരു നിമിഷം ശങ്കിച്ചു പോയി..
മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ ചിലപ്പോഴൊക്കെ വല്ലാത്ത വെപ്രാളമാണ്..പക്ഷെ കടലുണ്ടി പുഴകണ്ടപ്പോൾ ഫോൺ കയ്യിലെടുക്കുന്നത് മൂലം മുന്നിൽ കാണുന്ന പുഴ കാഴ്ച ആസ്വദിക്കാൻ സമയം തികയാതെ പോകുമോ എന്ന ആശങ്കയിൽ പുഴയിലേക്കും കടലിലേക്കും ഞാൻ ആർത്തിയോടെ നോക്കിക്കൊണ്ടേയിരുന്നു..അത്രക്ക് മനോഹരമായിരുന്നു ആ കാഴ്ച..
പുറത്തെ കാഴ്ചകളുടെ വശ്യതക്ക് പുറമെ കയ്യിലിരിക്കുന്ന യാത്ര മാഗസിന്റെ അനുഭവ ലഹരി കൂടെ ആയപ്പോൾ ഈ തീവണ്ടി യാത്രക്ക് കൂടുതൽ മനോഹാരിതയും അനുഭൂതിയും നൽകി..
ആളുകൾ കൂടിയ സ്റ്റേഷനിൽ കൂടെ ട്രെയിൻ വേഗത്തിൽ ഓടുമ്പോൾ കുത്തിയൊലിക്കുന്ന ഒഴുക്കിൽ ഭാരമില്ലാതെ ഒഴുകിപ്പോകുന്ന, അല്ലെങ്കിൽ നീലാകാശത്തിൽ മേഘങ്ങൾക്കിടയിലൂടെ കുതിച്ചു പറക്കുന്ന പ്രതീതിയായിരുന്നു.സത്യം പറഞ്ഞാൽ കോഴിക്കോട് എത്തിയത് പോലും അറിഞ്ഞില്ല..
സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് കടക്കാൻ ആ കോണിപ്പടി കയറുമ്പോൾ ഉപ്പയും ഉമ്മയും തന്ന നിർദ്ദേശങ്ങൾ ഓരോന്നായി ഓർമ വന്നു..അവയൊക്കെ എത്രത്തോളം പാലിക്കപ്പെട്ടു എന്ന് കണക്കുകൂട്ടിയപ്പോൾ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.കൂടെ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ഒരു തേങ്ങലും.
അവരുടെ പ്രാർത്ഥനയും അല്ലാഹുവിന്റെ സംരക്ഷണവും ഉണ്ടെങ്കിൽ നമ്മൾ പിന്നെ എന്തിനെ ഭയക്കണം ല്ലേ...