നിളയോർമകൾ
"മ്മക്കൊക്കെ എന്നാല്ലെ തസ്ലീ ഈ പുഴയുടെ കളകളം ശബ്ദം കേട്ട് ഒന്ന് കണ്ണടച്ചു ഉറങ്ങാനാവാ...എന്ത് രസാല്ലേ പ്രകൃതീടെ ഭംഗി..എന്ത് രസണ്ട് ല്ലേ ഈ പുഴയിങ്ങനെ ഒഴുകുന്നത് കാണാൻ..ഈ കാറ്റ് കണ്ണിൽ തട്ടുമ്പോ ന്ത് സുഖാല്ലേ... കണ്ണടഞ്ഞു പോണു... ....."
ആമിയിങ്ങനെ ഗദ്ഗദം പറഞ്ഞു കൊണ്ടിരിക്കുകയാണ്..
സന്തോഷത്തിന്റെയും ആവേശത്തിന്റെയും പുഞ്ചിരി ആ ചുണ്ടുകളിൽ വിടർന്നിരുന്നു..
"ഇപ്പൊ നമ്മുടെ സുരക്ഷ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്..
ഒരുസം ഉത്തരവാദിത്തപ്പെട്ട പുരുഷൻ മ്മളെ ഏറ്റെടുക്കുമ്പോ മ്മക്ക് ഇതൊക്കെ ആസ്വദിച്ചു ധൈര്യമായിട്ടങ്ങനെ കിടന്നുറങ്ങാല്ലേ ഈ പുഴയുടെ തീരത്ത് സൂ..."
സന്തോഷത്തോടൊപ്പം തന്നെ അങ്ങനെ കിടന്നൊന്നുറങ്ങാൻ അവസരം കിട്ടുമോയെന്നുള്ള ആവലാതിയും ആ കണ്ണുകളിൽ കാണാമായിരുന്നു...
എന്തോ എനിക്ക് ഒന്നും പറയാൻ ആയില്ല..
പ്രകൃതിയുടെ ശാന്ത സുന്ദരമായ ശബ്ദം കേട്ട് എന്റെ ആത്മാവും മയക്കത്തെ തേടുന്നുണ്ടായിരുന്നു..
പിന്നെ ഓള്ടെ ഈ മോഹങ്ങളൊക്കെ ന്റേം പൂത്യോളല്ലേ..അല്ല..ന്റേം ഓൾടേം മാത്രല്ല..ചുറ്റുപാടിൽ അരക്ഷിതാവസ്ഥ നേരിടുന്ന ഓരോ പെണ്ണിന്റെയും കുന്നിക്കുരുവോളം പോലും വിലയില്ലാതെ പോയ കുന്നോളം വലിപ്പമുള്ള മോഹങ്ങൾ...
നല്ല പശ്ചിമ കാറ്റും കൊണ്ട് ചെറുതുരുത്തി കൊച്ചിൻ പാലത്തിനു താഴെ നിളയിലിങ്ങനെ ഇരിക്കുമ്പോൾ അനുഭവിച്ച അനുഭൂതി വാക്കുകളിൽ ഒതുക്കാനാവാത്തതാണ്..
ഒഴുകാൻ തുടങ്ങിയാൽ നിള വല്ലാത്തൊരു അനുഭൂതിയാണ്...ഒഴുക്കു നിലച്ചാൽ വല്ലാത്തൊരു വേദനയും...
കണ്ണിലുടക്കിയ ദൃശ്യങ്ങൾ ക്യാമറയിലേക്ക് പകർത്തിയും ഒഴുക്കു കടന്നു അപ്പുറം പോയി ആനയെ കുളിപ്പിക്കുന്നത് കണ്ടതുംആനയെ തൊട്ടതും അവനൊന്നു ചെറുതായി എണീറ്റപ്പോൾ പേടിച്ചു ദൂരേക്ക് ഓടിയതും ഫോട്ടോ എടുക്കുന്നതിനിടയിൽ പാറയിൽ വഴുക്കി വെള്ളത്തിൽ വീണതും ചുട്ടു പഴുത്ത മണൽ പരപ്പിലൂടെ നഗ്നപാതയിൽ നടന്നതും എല്ലാം എല്ലാം നിളയുടെ ഓർമകൾക്ക് കൂടുതൽ ഇമ്പമുള്ള താളം പകർന്നു തന്നു..
നല്ലൊരു മോരും അസ്സല് പനനൊങ്കും കഴിച്ചു തിരിച്ച് ബസ് കയറുമ്പോൾ ഒരുപാട് നാളത്തെ മോഹങ്ങൾ സാക്ഷാത്കരിക്കപ്പെട്ട നിർവൃതിയിലായിരുന്നു ഞങ്ങൾ രണ്ടു പേരും..ഈ യാത്ര ഇത്രക്ക് ഹൃദ്യവും സുരക്ഷിതവും ആക്കി തന്ന ദൈവത്തിനാണു തീർത്താൽ തീരാത്ത നന്ദിയും സ്തുതിയും കടപ്പാടും...